×
13 April 2024
0

നീറ്റ്-യുജി പരീക്ഷ നീന്തിക്കടക്കാം, വളരെ നീറ്റായും കൂളായും കൊണ്ട് തന്നെ

നീറ്റ് പരീക്ഷ (NEET Exam) എന്നത് ഇന്ത്യയിലെ പ്രധാനപ്പെട്ട സർക്കാർ മെഡിക്കൽ കോളേജുകളിലും സ്വകാര്യ മെഡിക്കൽ കോളേജുകളിലും എം.ബി.ബി.സ്, ബി.ഡി.എസ്, ബി.യു.എം.എസ്, ബി.എ.എം.എസ്
ബി വി എസ്സി തുടങ്ങിയ വിവിധ കോഴ്സുകളിലേക്ക് പ്രവേശനം നേടുന്നതിനായുള്ള ഒരു യോഗ്യതാ പരീക്ഷയാണ്. രജിസ്ട്രേഷൻ മുതൽ പരീക്ഷ നടത്തി ഫലം പുറത്തു വിടുന്നത് വരെയുള്ള നീറ്റ് പരീക്ഷയുടെ പൂർണമായും ഉള്ള ചുമതല  നാഷണൽ ടെസ്റ്റിംഗ് ഏജൻസി എന്ന സ്വതന്ത്ര സ്ഥാപനത്തിനാണ്.

▫എന്ത് കൊണ്ടാണ് നീറ്റിന് വളരെയധികം പ്രാധാന്യം ലഭിക്കുന്നതെന്നു ഒരു പക്ഷെ നിങ്ങൾ സംശയിച്ചേക്കാം.
 രാജ്യത്തെ സർക്കാർ-സ്വകാര്യ മേഖലകളിലെ മെഡിക്കൽ കോളേജുകളിൽ വിവിധ കോഴ്സുകളിലേക്ക് പ്രവേശനം നേടുന്നതിനുള്ള ഏകീകൃത യോഗ്യതാ പരീക്ഷയാണ് നീറ്റ് എന്നത് കൊണ്ടാണ് അതിനു ഇത്രത്തോളം പ്രാധാന്യം കൈവരുന്നത്. 
അതു കൊണ്ട് തന്നെ ഈ പരീക്ഷക്ക്‌ തയ്യാറെടുക്കുന്നതിലൂടെ രാജ്യത്തെ പ്രമുഖ മെഡിക്കൽ കോളേജുകളിൽ എം.ബി.ബി.സ്, ബി ഡി എസ് തുടങ്ങിയ വിവിധ കോഴ്സുകളിൽ പ്രവേശനം നേടി മികച്ച കരിയർ തിരഞ്ഞെടുക്കാനുള്ള അവസരമാണ് നിങ്ങൾക്ക് മുന്നിൽ തുറക്കുന്നത്.

മെഡിക്കൽ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനായി മുൻപ് അഖിലേന്ത്യാ തലത്തിൽ ഓൾ ഇന്ത്യ പ്രീ മെഡിക്കൽ ടെസ്റ്റിനോപ്പം മറ്റു പല പരീക്ഷകളും എഴുതണമായിരുന്നു. കൂടാതെ വിവിധ സംസ്ഥാനങ്ങളിൽ അവരുടേതായ പല പ്രവേശന പരീക്ഷകളും നില നിന്നിരുന്നു. എന്നാൽ ഇപ്പോൾ വിവിധങ്ങളായ ഈ പരീക്ഷകളൊക്കെ ഏകീകരിച്ചു നീറ്റ് കൊണ്ട് വന്നതിനാൽ മെഡിക്കൽ മേഖല തൊഴിലായി സ്വീകരിക്കാൻ ആഗ്രഹിക്കുന്ന ഏതൊരാൾക്കും ഈ ഒരു പരീക്ഷ മാത്രം എഴുതിക്കൊണ്ട് തങ്ങളുടെ സ്വപ്നത്തിലേക്കു മുന്നേറാൻ സാധിക്കുന്നു.

▫നീറ്റ് പരീക്ഷയെഴുതാൻ ഒരു വിദ്യാർത്ഥി താഴെ പറയുന്ന യോഗ്യതകൾ പൂർത്തിയാക്കിയിരിക്കണം

▪ 11,12 ക്ലാസ്സുകളിൽ ഭൗതികശാസ്ത്രം, രസതന്ത്രം, ജീവശാസ്ത്രം എന്നിവ പ്രധാന വിഷയങ്ങളായി എടുത്തിരിക്കണം
 ഒരു അംഗീകൃത ബോർഡിന് കീഴിൽ പഠിച്ച് 10+2 വിജയിച്ചിരിക്കണം.
വിദ്യാർഥികൾ 17 വയസ്സ് പൂർത്തിയാക്കിയവരായിരിക്കണം. മാക്സിമം ഏജ് ലിമിറ്റ് നിലവിലില്ല.

💚നീറ്റ് പരീക്ഷയുടെ പ്രാധാന്യത്തോടൊപ്പം നീറ്റിന് തയ്യാറെടുക്കുന്നതിന്റെ 5 ഗുണ ഗണങ്ങളെ നമുക്കൊന്ന് പരിശോധിക്കാം.

 1. ഇന്ത്യയിലെ മെഡിക്കൽ കോളേജുകളിലേക്ക് പ്രവേശനം നേടുന്നതിനുള്ള ഏക പ്രവേശന പരീക്ഷയാണ് നീറ്റ്. സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളിലേക്ക് അടക്കം മെഡിക്കൽ കോഴ്സുകൾക്കായുള്ള ഏകീകൃത പരീക്ഷ എന്നതാണ് നീറ്റിന്റെ പ്രധാനപ്പെട്ട ഒരു ഗുണം.
വിദേശത്ത് പഠിക്കാൻ പോകണമെങ്കിലും നീറ്റ് പാസാവണം.

ആത്മാർത്ഥമായി പരിശ്രമിക്കുന്ന ഏതൊരു വിദ്യാർത്ഥിക്കും മെഡിക്കൽ കോഴ്സുകൾക്ക് മികച്ച സ്ഥാപനങ്ങളിൽ പ്രവേശനം ലഭിക്കാൻ നീറ്റിലെ ഉന്നത വിജയം സാധ്യത കൂട്ടുന്നു എന്നതിനൊപ്പം യോഗ്യതയില്ലാത്തവർ പ്രവേശനം നേടുന്നത് തടയാനും റാങ്ക് ലിസ്റ്റുകളിലും പ്രവേശന പ്രക്രിയകളിലും നടന്നു കൊണ്ടിരിക്കുന്ന തട്ടിപ്പുകൾക്ക് അറുതി വരുത്താനും ഏകീകൃത മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ് കൊണ്ട് സാധിക്കുന്നുണ്ട്.

2. പ്രവേശനം നേടുക എന്ന ലക്ഷ്യം കൂടുതൽ കൃത്യവും വ്യക്തവുമാക്കുന്നു. വിദ്യാർത്ഥികളെ ആശയ കുഴപ്പത്തിലാക്കുന്ന ഒന്നിലധികം പരീക്ഷകൾക്ക് പകരം ഒറ്റ പരീക്ഷ കൊണ്ട് വന്നതിനാൽ വിദ്യാർത്ഥികളുടെ ലക്ഷ്യം കൂടുതൽ വ്യക്തമാകുകയും ആ ഒരൊറ്റ ലക്ഷ്യത്തിലേക്കു മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാനും അവർക്കു സാധിക്കുന്നു.

മെഡിക്കൽ കോളേജുകളിൽ പ്രവേശനം നേടാൻ ഒറ്റ കടമ്പ മാത്രം കടന്നാൽ മതി എന്നതിനാൽ വിദ്യാർത്ഥികൾക്ക് അവരുടെ ആശങ്കകൾ മാറുവാനും ഭാരം കുറയുവാനും അതു സഹായകരമാകുന്നു.

മാനസിക പിരിമുറുക്കങ്ങൾ ഒന്നുമില്ലാതെ സമാധാനത്തോടെ ഒരേയൊരു പരീക്ഷയിൽ ശ്രദ്ധ കേന്ദ്രീകരിച്ചു പഠിക്കുമ്പോൾ ഉയർന്ന മാർക്കോടെ വിജയിക്കാനുള്ള സാധ്യതയും വർധിക്കുന്നു.

3. അർഹരായ വിദ്യാർത്ഥികൾക്ക് ഒരിക്കലും അവസരം നഷ്ടപ്പെടുന്നില്ല; എല്ലാവർക്കും അവരവരുടെ കഴിവിനനുസരിച്ചു പരീക്ഷയിൽ തിളങ്ങാനുള്ള തുല്യാ വസരമാണ് നീറ്റിലൂടെ ലഭിക്കുന്നത്. ഓരോരുത്തർക്കും അവരുടെ നീറ്റ് റാങ്കിനനുസരിച്ചു ഏതൊരു സംസ്ഥാനത്തുമുള്ള ഇഷ്ടപ്പെട്ട കോളേജ് തിരഞ്ഞെടുക്കാനും സാധിക്കുന്നു.

4. ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താൻ വേണ്ടത്ര സമയം ഉണ്ട് മുൻപ് നടത്തിയിരുന്ന ഓൾ ഇന്ത്യ പ്രീ മെഡിക്കൽ ടെസ്റ്റ്‌ നു 3 മണിക്കൂറിൽ 200 ചോദ്യങ്ങൾക്കാണ് വിദ്യാർഥികൾ ഉത്തരമെഴുതേണ്ടിയിരുന്നത്. 
എന്നാൽ നീറ്റ് പരീക്ഷയിൽ ഇതേ സമയത്തിനുള്ളിൽ 180 ചോദ്യങ്ങൾക്കു മാത്രമാണ് വിദ്യാർഥികൾ ഉത്തരമെഴുതേണ്ടത്. ധൃതി കൂടാതെ എല്ലാ ചോദ്യങ്ങൾക്കും ശ്രദ്ധിച്ചു ഉത്തരം കണ്ടെത്താൻ ഇതിലൂടെ വിദ്യാർഥികൾക്കാകുന്നു.

5. സുതാര്യമായ പരീക്ഷാ പ്രക്രിയയാണ് നീറ്റിനുള്ളത്
സംസ്ഥാനങ്ങളും സ്വകാര്യ മെഡിക്കൽ കോളേജുകളും അവരവരുടേതായ രീതിയിൽ നടത്തുന്ന പ്രവേശന പരീക്ഷകൾ എപ്പോഴും ചോദ്യപ്പേപ്പർ ചോരുന്നതിലൂടെയും മറ്റു പരാതികൾ മൂലവും എപ്പോഴും വാർത്തകളിൽ ഇടം പിടിക്കാറുണ്ട്. (ചില്ലറ സ്ഖലിതങ്ങൾ നീറ്റിലും ഇടക്കാലത്ത് ഉണ്ടായിട്ടുള്ളത് മറച്ചു വെക്കുന്നില്ല) 

പല പരീക്ഷകളിലും പരീക്ഷ നടത്തുന്നവരുടെ താല്പര്യങ്ങളെ സംരക്ഷിക്കുന്ന രീതിയിലുള്ള ഇടപെടലുകളും സംഭവിക്കാറുണ്ട്. എന്നാൽ ഇത്തരത്തിലുള്ള എല്ലാ പരീക്ഷകളെയും ഏകീകരിച്ചു കൊണ്ട് നടപ്പിലാക്കിയ നീറ്റ് സുതാര്യവും വിശ്വസനീയവുമായ പ്രക്രിയയിലൂടെയാണ് നടക്കുന്നത്. 
എൻ.ടി.എ എന്ന സ്വതന്ത്രമായ സർക്കാർ ഏജൻസിയാണ് നീറ്റിന് ചുക്കാൻ പിടിക്കുന്നത് എന്നതിനാൽ ഒരു വിധത്തിലുള്ള തട്ടിപ്പുകൾക്കും പരാതികൾക്കും ഇടം കൊടുക്കാതെ പ്രവേശനം പൂർത്തിയാക്കാൻ ശ്രമിക്കുന്നുണ്ട്.

🔹 ചില സംശയങ്ങൾ

1. നീറ്റ് പരീക്ഷയിൽ വിജയം നേടി കഴിഞ്ഞാൽ തുടർന്നുള്ള നടപടികൾ എന്തൊക്കെയാണ്?

▫നീറ്റ് പരീക്ഷയുടെ കട്ട്‌ ഓഫ്‌ മാർക്ക്‌ നേടുന്നവർ തുടർന്നുള്ള പ്രവേശന നടപടികളിൽ പങ്കെടുക്കാൻ യോഗ്യത നേടുന്നു.

പൊതുവിഭാഗത്തിൽ 50 ശതമാനം നേടിയവരും പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളിലും ഓ.ബി. സി വിഭാഗത്തിലും പെട്ടവരിൽ 40 ശതമാനം നേടിയവരും നീറ്റ് കൗൺസിലിങ് നടപടികളിലേക്ക് കടക്കുകയും പ്രവേശനം പൂർത്തിയാക്കുകയും ചെയ്യുന്നു. 
സംവരണ വിഭാഗത്തിന് പുറത്തുള്ളവർക്ക് 600-620 മാർക്കിന് മുകളിലെങ്കിലും നേടിയാൽ മാത്രമേ ഏതെങ്കിലുമൊരു സർക്കാർ മെഡിക്കൽ കോളേജിലേക്ക് പ്രവേശനം ഉറപ്പിക്കാനാകൂ.
എന്നാൽ ഓരോ വർഷവും വിദ്യാർത്ഥികൾ കൂടുതൽ മാർക്ക്‌ നേടിക്കൊണ്ടിരിക്കുന്നതിനാൽ ഇനിയുള്ള പരീക്ഷകളിൽ കഴിയുന്നത്ര മികച്ച പ്രകടനം നടത്തിയാൽ മാത്രമേ ഉന്നതമായ സ്ഥാപനങ്ങളിൽ സീറ്റ്‌ ഉറപ്പിക്കാൻ സാധിക്കുകയുള്ളൂ.

2. എത്ര മണിക്കൂറാണ് നീറ്റിന് തയ്യാറെടുക്കുന്ന ഒരു വിദ്യാർത്ഥി ഉറങ്ങേണ്ടത്?

▫നീറ്റിന് മാത്രമല്ല ഏതൊരു മത്സര പരീക്ഷയ്ക്കും തയ്യാറെടുക്കുന്ന ഒരാൾ ഒരു ദിവസം കുറഞ്ഞത് 6-7 മണിക്കൂറെങ്കിലും ഉറങ്ങേണ്ടത് അത്യാവശ്യമാണ്. അതു മനസ്സിനും ശരീരത്തിനും വിശ്രമം നൽകുകയും അതിലൂടെ കൂടുതൽ കാര്യക്ഷമതയോടെ പഠിക്കാനും സാധിക്കുന്നു.

ശരീരത്തിനും മനസ്സിനും വേണ്ടത്ര വിശ്രമം അനുവദിക്കാത്തത് പല തരത്തിലുമുള്ള അസുഖങ്ങൾക്കും കാരണമാകാൻ സാധ്യതയുണ്ട്.
 അതുകൊണ്ട് നീറ്റിൽ ഉന്നത വിജയം ആഗ്രഹിക്കുന്ന ഏതൊരാളും ദിവസത്തിൽ 7 മണിക്കൂർ ഉറക്കം ഉറപ്പു വരുത്താൻ ശ്രദ്ധിക്കണം.

3. നീറ്റിൽ 720 മാർക്ക് നേടുക സാധ്യമാണോ?

▫തീർച്ചയായും നിങ്ങൾക്ക് 720/720 മാർക്ക്‌ നേടാൻ സാധിക്കും.
ചരിത്രത്തിൽ ആദ്യമായി  2020 ൽ ഷോയബ് അഫ്താബ്, ആകാൻഷാ സിംഗ് എന്നീ വിദ്യാർഥികൾ മുഴുവൻ മാർക്കും നേടിക്കൊണ്ട് അഖിലേന്ത്യ തലത്തിൽ യഥാക്രമം ഒന്നും രണ്ടും റാങ്കുകൾ കരസ്ഥമാക്കുകയുണ്ടായി. പിന്നീടുള്ള വർഷങ്ങളിലും ഇത് ആവർത്തിക്കപ്പെട്ടു.
അതുകൊണ്ട് അവരെപ്പോലെ കഠിനധ്വാനം ചെയ്യുന്ന ആർക്കും നീറ്റിൽ മുഴുവൻ മാർക്ക് നേടി ഉന്നതവിജയം കൈപ്പിടിയിലൊതുക്കാൻ സാധിക്കും

ആത്മാർത്ഥമായ ലക്ഷ്യബോധമുള്ള കഠിന പ്രയത്നം നിങ്ങൾ നടത്തിയാൽ നീറ്റിൽ ഉന്നത റാങ്ക് നേടി മികവിൻ്റെ പര്യായമായ മെഡിക്കൽ കോളേജുകളിൽ സർക്കാർ ഫീസിൽ പഠനം നടത്താൻ നിങ്ങൾക്കാവും. അതിന്നാവണം നീറ്റ് അഭിമുഖീകരിക്കുന്ന ഓരോരുത്തരുടെയും സ്വപ്നവും പരിശ്രമവും.

Article By: Mujeebulla K.M
CIGI Career Team


 



Comments (0)

Write a Comment

Thank you for showing an interest in CIGI. You can reach out to us through multiple ways

Whatsapp or call us for any query

Visit us at

https://goo.gl/maps/wzt6ep5ZxTkiei8k9 Golf Link Rd, Chevayur, Kozhikode, Kerala 673017