×
25 April 2024
0

എഞ്ചിനീയറിങ്ങ് ഫിസിക്സ് ഇങ്ങനെയുമുണ്ടൊരു ശാഖ എഞ്ചിനീയറിങ്ങിൽ

ശാസ്ത്രമേഖലയുടെ രാജാവാണു ഭൗതികശാസ്ത്രം. ക്ലാസിക്കൽ ശ്രേണിയിലുള്ള മെക്കാനിക്സ് മുതൽ ക്വാണ്ടം മെക്കാനിക്സ് വരെയായി വിശാല മേഖല. ഇതിന്റെ പ്രയോഗസാധ്യതകൾ സംബന്ധിച്ച കോഴ്സാണ് എൻജിനീയറിങ് ഫിസിക്സ്. എൻജിനീയറിങ്ങിനു വേണ്ടി പരുവപ്പെടുത്തിയിട്ടുള്ള ഭൗതികശാസ്ത്രശാഖ. 

ഇലക്ട്രോഡൈനമിക്സ്, തിൻ ഫിലിം ടെക്നോളജി, വാക്വം സയൻസ്, മെറ്റീരിയൽ സയൻസ്, സോളിഡ്– സ്റ്റേറ്റ് ഫിസിക്സ് തുടങ്ങി സാങ്കേതിക പ്രാധാന്യമേറെയുള്ള പഠനമേഖലകൾ ഇതിൽ ഉൾപ്പെടും. എൻജിനീയറിങ് ഫിസിക്സിൽ 60 ശതമാനത്തോളം ഇലക്ട്രോണിക്സ് ആൻ‍ഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ്ങും‌ ബാക്കി മറ്റ് അപ്ലൈ‍ഡ് ഫിസിക്സ് മേഖലകളുമാണ്.ഇന്ത്യയിൽ ഈ കോഴ്സ് ശ്രദ്ധിക്കപ്പെട്ടുവരുന്നതേയുള്ളൂ. എന്നാൽ പുതിയകാലത്ത്  നാനോടെക്നോളജി, മെറ്റീരിയൽ സയൻസ്, ഇലക്ട്രോണിക്സ് മേഖലകളിലുണ്ടായ കുതിച്ചുചാട്ടം എൻജിനീയറിങ് ഫിസിക്സിനെ ശ്രദ്ധാകേന്ദ്രമാക്കുന്നു. എൻജിനീയറിങ് മോഹത്തിനൊപ്പം ഫിസിക്സിനോട് അഗാധ പ്രണയവുമുണ്ടെങ്കിൽ കൈവയ്ക്കാൻ പറ്റിയ മേഖല.

വ്യത്യസ്ത സിലബസ്:

പരമ്പരാഗത എൻജിനീയറിങ് വിഭാഗങ്ങളേക്കാൾ തിയററ്റിക്കൽ ആണ് എൻജിനീയറിങ് ഫിസിക്സ്. കോർ വിഷയങ്ങളായ ഒപ്റ്റിക്സ്,  റിലേറ്റിവിറ്റി, ഫോട്ടോണിക്സ്, തെർമൽ ഫിസിക്സ് തുടങ്ങി സോളിഡ് സ്റ്റേറ്റ് ഫിസിക്സ് വരെ പഠിക്കാനുണ്ട്. ‌മൂന്നാം വർഷത്തിൽ‌ ഒട്ടേറെ വ്യത്യസ്ത ലാബുകളിൽ പരീക്ഷണങ്ങൾക്കുള്ള അവസരവുമുണ്ട്.

ഐഐഎസ്ടി, എൻഐടി കാലിക്കറ്റ്, ഐഐടിയുടെ ബോംബെ, ഡൽഹി, ഗുവാഹത്തി, മദ്രാസ് എന്നീ ക്യാംപസുകളിലെ എൻ‌ജിനീയറിങ് ഫിസിക്സ് കോഴ്സുകൾ പ്രശസ്തമാണ്. 
ഡൽഹി ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയിൽ കോഴ്സുണ്ട്. ഐഐടി ഹൈദരാബാദിലും ഈയിടെ കോഴ്സ് തുടങ്ങി. കേരളത്തിൽ രണ്ടു പ്രശസ്ത ക്യാംപസുകളിൽ എൻജിനീയറിങ് ഫിസിക്സ് പഠിക്കാം– ഐഐ എസ്ടി തിരുവനന്തപുരം, എൻഐടി കാലിക്കറ്റ്. ഐഐഎസ്ടിയിലേതു ഡ്യുവൽ ഡിഗ്രി കോഴ്സാണ്. എൻജിനീയറിങ് ഫിസിക്സിൽ ബിടെക്കും ആസ്ട്രോണമി ആൻഡ് ആസ്ട്രോഫിസിക്സ്, എർത്ത് സിസ്റ്റം സയൻസസ്, സോളിഡ് സ്റ്റേറ്റ് ഫിസിക്സ്, ഒപ്റ്റിക്കൽ എൻജിനീയറിങ് എന്നിവയിൽ ബിരുദാനന്തര ബിരുദവുമെടുക്കാം. കുറഞ്ഞ ചെലവിലുള്ള പഠനവും ഐഎസ്ആർഒയിൽ ജോലി കിട്ടാനുള്ള സാധ്യതയും കോഴ്സിനെ വേറിട്ടതാക്കുന്നു.

ഉപരിപഠനം, ഗവേഷണം:

പഠനശേഷം നല്ലൊരു ശതമാനവും ഉപരിപഠന, ഗവേഷണ മേഖലകളിലേക്കു തിരിയും. ‌മികച്ച വിദേശ സർവകലാശാലകളിലേക്കുതന്നെ വഴി തുറക്കുന്നുണ്ടെന്ന് എൻഐടി കാലിക്കറ്റ് അധികൃതർ പറയുന്നു. പകുതിപ്പേരും ബിടെക്കിനു ശേഷം നേരിട്ട് പിഎച്ച്ഡിക്ക് (മാസ്റ്റേഴ്സ് ഇല്ലാതെ) അഡ്മിഷൻ നേടുന്നവരാണ്. സോഫ്റ്റ്‌വെയർ, ഇലക്ട്രോണിക്, ഫൈബർ ഒപ്റ്റിക് കമ്പനികളിൽ ജോലി ലഭിക്കുന്നവരും കുറവല്ല. രാജ്യത്ത് ഏറിവരുന്ന ഗവേഷണ അവസരങ്ങളും മെറ്റീരിയൽ സയൻസ്, ഫോട്ടോണിക്സ് തുടങ്ങിയ മേഖലകളിൽ സ്വകാര്യമേഖലയിലുണ്ടാകുന്ന കുതിച്ചുചാട്ടവും എൻജിനീയറിങ് ഫിസിക്സിന് അനുകൂല ഘടകങ്ങളാണ്.

Article By: Mujeebulla K.M
CIGI Career Team



Comments (0)

Write a Comment

Thank you for showing an interest in CIGI. You can reach out to us through multiple ways

Whatsapp or call us for any query

Visit us at

https://goo.gl/maps/wzt6ep5ZxTkiei8k9 Golf Link Rd, Chevayur, Kozhikode, Kerala 673017