×
27 April 2024
0

വേണം വിദേശഭാഷാ പഠനത്തിനും പ്രാധാന്യം

ഇന്ന് വിദ്യാഭ്യാസ, തൊഴില്‍ മേഖലകളില്‍ ലോകത്താകമാനം ആഗോള ഗ്രാമം എന്ന ആശയത്തിന് പ്രസക്തിയേറുമ്പോള്‍ വിദേശഭാഷാ പഠനത്തിനും സാധ്യതയേറുന്നു. രസകരമാണ് ഭാഷാപഠനം. ഒപ്പം അവസരങ്ങളിലേക്കുളള നടപ്പാത കൂടിയാണ് അത്. പരമ്പരാഗത തൊഴിലുകൾക്കൊപ്പം പുതിയ ലോകത്തിലെ തൊഴിലുകളും ഭാഷാപഠനത്തിലൂടെ കൈയ്യെത്തിപ്പിടിക്കാൻ കഴിയും. ഒരു വിദേശ ഭാഷ കയ്യിലുണ്ടെങ്കിൽ ജോലി നിങ്ങളെ തേടി വരും. ഏതെങ്കിലുമൊരു തൊഴിലിൽ അല്ലെങ്കിൽ ജോലിയിൽ എത്തിപ്പെടാനുളള ഉപകരണമായി ഭാഷ പലപ്പോഴും മാറാറുണ്ട്. ഭാഷ കൈകാര്യം ചെയ്യാനും നന്നായി ആശയവിനിമയം നടത്താനുമുളള കഴിവ് ഒരു ജോലിയിലേക്കുളള ചവിട്ടുപടിയാണ്. ഭാഷ കൈകാര്യം ചെയ്യാൻ അറിയുന്നത് ആത്മവിശ്വാസം വർദ്ധിപ്പിക്കാനും സഹായിക്കും.

ഇംഗ്ലീഷ് സംസാരിക്കുന്ന അമേരിക്ക, യു.കെ., കാനഡ, ന്യൂസിലാന്റ്, ആസ്‌ട്രേലിയ എന്നിവിടങ്ങളില്‍ ഇംഗ്ലീഷ് ഭാഷാ പഠനത്തിനാണ് മുന്‍ഗണന. ഇംഗ്ലീഷ് സംസാരിക്കാത്ത രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കായി ഇംഗ്ലീഷ് പ്രാവീണ്യ പരീക്ഷകളുണ്ട്. അമേരിക്കയില്‍ ഉപരിപഠനത്തിനും തൊഴിലിനും TOEFL ( Test of English as a Foreign Language ) സ്‌കോറും മറ്റു രാജ്യങ്ങളില്‍ IELTS ( International English Testing System ), OET ( Operational English Tets ), BEC ( Business English Communication ), Lingua skills എന്നിവയിലേതെങ്കിലുമൊന്ന് ആവശ്യമാണ്. എന്നാല്‍, അന്താരാഷ്ട്രതലത്തില്‍ ഉദ്യോഗാര്‍ഥികള്‍ ഏറെയെത്തുന്ന യൂറോപ്യന്‍ രാജ്യങ്ങളിലും ചൈന, ജപ്പാന്‍ എന്നിവിടങ്ങളിലും അതത് രാജ്യത്തെ ഭാഷ സ്വായത്തമാക്കിയാല്‍ മാത്രമേ മികച്ച ഉപരിപഠന, തൊഴില്‍ സാധ്യതകള്‍ കൈവരിക്കാന്‍ സാധിക്കൂ. ഉന്നത വിദ്യാഭ്യാസ രംഗത്ത് ജര്‍മനി, ഫ്രാന്‍സ്, ജപ്പാന്‍, സ്‌പെയിന്‍, ചൈന, ഇറ്റലി എന്നിവിടങ്ങളില്‍ മികച്ച അവസരങ്ങള്‍ക്ക് ഭാഷാപ്രാവീണ്യം നിര്‍ബന്ധമാണ്.

ജര്‍മനി:

ജര്‍മനിയില്‍ ഉപരിപഠനത്തിന് മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ചെലവ് കുറവാണ്. എന്നാല്‍, ജര്‍മനിയിലെത്താന്‍ ജര്‍മന്‍ ഭാഷ പഠിച്ചിരിക്കണം. ജര്‍മന്‍ പഠിച്ചവര്‍ക്ക് പ്രസിദ്ധീകരണങ്ങളില്‍ എഡിറ്ററാകാം. പരസ്യം, മാധ്യമം, ഗവേഷണം, അധ്യാപനം തുടങ്ങി നിരവധി മേഖലകളില്‍ തൊഴില്‍ ചെയ്യാം. യൂറോപ്പില്‍ ജര്‍മനി, ആസ്ട്രിയ, ബെല്‍ജിയം, ലക്‌സംബര്‍ഗ്, ലീഷ്‌ടെന്‍സ്റ്റിന്‍ തുടങ്ങിയ ആറു രാജ്യങ്ങളിലെ ഔദ്യോഗിക ഭാഷ ജര്‍മനാണ്. ഡെന്‍മാര്‍ക്ക്, ഹങ്കറി, കസാഖിസ്ഥാന്‍, യുക്രെയിന്‍, റൊമാനിയ, റഷ്യ, നമീബിയ, പോളണ്ട് എന്നീ രാജ്യങ്ങളിലും ജര്‍മന് ന്യൂനപക്ഷ ഭാഷാ പദവിയുണ്ട്. 16 വയസ് പൂര്‍ത്തിയാക്കിയ ആര്‍ക്കും ജര്‍മന്‍ പഠിയ്ക്കാം. ജര്‍മനിയില്‍ സര്‍ട്ടിഫിക്കേറ്റ്, ബിരുദ കോഴ്‌സുകള്‍ക്ക് പ്ലസ് ടു പൂര്‍ത്തിയാക്കിയവര്‍ക്ക് ചേരാം. ബിരുദധാരികള്‍ക്ക് ബിരുദാനന്തര പഠനം, ഡിപ്ലോമ കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം. ബി.എ, എം.എ, അഡ്വാന്‍സ്ഡ് ഡിപ്ലോമ പ്രോഗ്രാമുകളുണ്ട്.

കേരളത്തില്‍ സെന്റ് തോമസ് കോളേജ് കോട്ടയം, കേരള യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളില്‍ യഥാക്രമം ബി.എ., എം.എ., പ്രോഗ്രാമുകളുണ്ട്. എസ്.ആര്‍.എം. യൂണിവേഴ്‌സിറ്റി, ഗോയിഥെ ഇന്‍സ്റ്റിറ്റ്യൂട്ട് ( ചെന്നൈ, കൊല്‍ക്കത്ത, മുംബൈ, ഡല്‍ഹി, പുണെ ) എന്നിവിടങ്ങളില്‍ സര്‍ട്ടിഫിക്കേറ്റ് പ്രോഗ്രാമുകളുണ്ട്. സിംബയോസിസ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിന്‍ ആന്റ് ഇന്ത്യന്‍ ലാംഗ്വേജ് പൂണെ, സെന്റ് സ്റ്റീഫന്‍സ് കോളേജ് ഡല്‍ഹി, എം.ഐ.ടി. സ്‌കൂള്‍ഓഫ് ഫോറിന്‍ ലാംഗ്വേജ് പുണെ, യൂണിവേഴ്‌സിറ്റി ഓഫ് മുംബൈ എന്നിവിടങ്ങളിലും സര്‍ട്ടിഫിക്കേറ്റ് പ്രോഗ്രാമുകളുണ്ട്.

മഹാത്മാഗാന്ധി മെമ്മോറിയല്‍ കോളേജ് ഉഡുപ്പി, ഉസ്മാനിയ യൂണിവേഴ്‌സിറ്റി ഹൈദരബാദ്, ഹാന്‍സ് രാജ്‌കോളേജ് ഡല്‍ഹി, ആഷിന്‍ഡെ സര്‍ക്കാര്‍ കോളേജ് മഹാരാഷ്ട്ര, ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റി, പഞ്ചാബ് യൂണിവേഴ്‌സിറ്റി, സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി ഗുജറാത്ത് എന്നിവിടങ്ങളില്‍ ബിരുദ, ബിരുദാനന്തര പ്രോഗ്രാമുകളുണ്ട്.

ജര്‍മന്‍ഉപരിപഠനം പ്രോത്സാഹിപ്പിക്കുന്നത് ഡാഡ് ജര്‍മനിയാണ്. കൂടുതല്‍ വിവരങ്ങള്‍ www.daad.de നിന്നു ലഭിയ്ക്കും.


ഫ്രാന്‍സ്:

ഫ്രാന്‍സില്‍ ഉപരിപഠനത്തിനും തൊഴിലിനും ഫ്രഞ്ച് അറിഞ്ഞിരിക്കണം. ഫ്രഞ്ച് എംബസിയുടെ നേതൃത്വത്തിലുള്ള ഫ്രഞ്ച് കള്‍ച്ചറല്‍ സെന്ററുകള്‍ ( അലയന്‍സ് ഫ്രാന്‍സ് ) ആണ് കോഴ്‌സുകള്‍ നടത്തുന്നത്. ലോകത്തിലെ 29 രാജ്യങ്ങളില്‍ ഫ്രഞ്ച് ഔദ്യോഗിക ഭാഷയാണ്. ജര്‍മനും ഇംഗ്ലീഷും കഴിഞ്ഞാല്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ കൂടുതല്‍ പേരും സംസാരിക്കുന്ന ഭാഷയാണ് ്ഫ്രഞ്ച്. ഒരു വര്‍ഷത്തെ സര്‍ട്ടിഫിക്കേറ്റ് കോഴ്‌സ്, മൂന്ന് വര്‍ഷത്തെ ഡിപ്ലോമ, ബിരുദ ബിരുദാനന്തര, ഡോക്ടറല്‍ പ്രോഗ്രാമുകളുണ്ട്. പ്ലസ് ടൂ, ബിരുദം, ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയവര്‍ക്കുള്ള നിരവധി കോഴ്‌സുകളുണ്ട്. എയ്‌റോനോട്ടിക്ക്, ടെലി കമ്യൂണിക്കേഷന്‍, ഹോട്ടല്‍ മാനേജ്‌മെന്റ്, മീഡിയ, വിദ്യാഭ്യാസം, റീട്ടെയില്‍ , അദ്ധ്യാപനം, എംബസി, ടൂറിസം മേഖലകളില്‍ ഫ്രാന്‍സില്‍ തൊഴിലവസരങ്ങളുണ്ട്.

ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റി, കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാല, ഫ്രഞ്ച് കള്‍ച്ചറല്‍ കേന്ദ്രങ്ങള്‍, ആന്ധ്ര യൂണിവേഴ്‌സിറ്റി, ഡല്‍ഹി കോളേജ് ഓഫ് ആര്‍ട്‌സ് ആന്റ് സയന്‍സ്, തമിഴ്‌നാട് ഓപ്പണ്‍ യൂണിവേഴ്‌സിറ്റി, ഇംഗ്ലീഷ് ആന്റ് ഫോറിന്‍ ലാംഗ്വേജ് യൂണിവേഴ്‌സിറ്റി ഹൈദരബാദ ്എന്നിവിടങ്ങളില്‍ ഫ്രഞ്ച് കോഴ്‌സുകളുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.campusfrance.org, www.afindia.org

ജപ്പാന്‍:

ജപ്പാനില്‍ തൊഴിലിനും ഉപരിപഠനത്തിനും ജാപ്പനീസ് ഭാഷ അറിഞ്ഞിരിക്കണം. അഞ്ച് തലങ്ങളിലായി N5, N1
എന്നിങ്ങനെ ജാപ്പനീസ് പ്രാവീണ്യ ടെസ്റ്റുകളുണ്ട്. സര്‍ട്ടിഫിക്കേറ്റ്, ബിരുദ ഡിപ്ലോമ, ബിരുദാനന്തര, പി.എച്ച്.ഡി. പ്രോഗ്രാമുകളുണ്ട്. കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാല, ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റി, ഡല്‍ഹി യൂണിവേഴ്‌സിറ്റി, യൂണിവേഴ്‌സിറ്റി ഓഫ് മുംബൈ, ജെ.എന്‍.യു. ഡല്‍ഹി എന്നിവിടങ്ങളില്‍ ജാപ്പനീസ് കോഴ്‌സുകളുണ്ട്. ഏവിയേഷന്‍, ട്രാവല്‍ ആന്റ് ടൂറിസം, ഹോസ്പിറ്റാലിറ്റി, ഓട്ടോമൊബൈല്‍, ഷിപ്പിംഗ്, മീഡിയ, ഇലക്‌ട്രോണിക്‌സ്, ഐ.ടി. എന്നിവയില്‍ ജപ്പാനില്‍ സാധ്യതകളുണ്ട്. ലോകത്തെമ്പാടുമുള്ള ജാപ്പനീസ് കമ്പനികള്‍ ജാപ്പനീസ് അറിയുന്നവര്‍ക്ക് തൊഴില്‍ നല്‍കിവരുന്നു.


സ്‌പെയിന്‍:

ലോകത്തിലെ 17 ശതമാനം പേരും സംസാരിക്കുന്ന സ്പാനിഷ് ഭാഷ 21 രാജ്യങ്ങളിലെ ഔദ്യോഗിക ഭാഷയാണ്. അമേരിക്ക, ലാറ്റിനമേരിക്ക, സ്‌പെയിന്‍, യൂറോപ്യന്‍ രാജ്യങ്ങളില്‍ സ്പാനിഷ് ഭാഷയ്ക്ക് പ്രിയമേറിവരുന്നു.

ഒരു വര്‍ഷത്തെ സര്‍ട്ടിഫിക്കേറ്റ്/ ഡിപ്ലോമ, മൂന്നു വര്‍ഷ ബിരുദ, ബിരുദാനന്തര പ്രോഗ്രാമുകളുണ്ട്. ജെ.എന്‍.യു. ഡല്‍ഹി, യൂണിവേഴ്‌സിറ്റിഓഫ് മദ്രാസ്, ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റി ,ജാമിയ മിലിയ ഇസ്ലാമിയ ഡല്‍ഹി, അമിറ്റി സ്‌കൂള്‍ ഓഫ് ലാംഗ്വേജ്, യൂണിവേഴ്‌സിറ്റി ഓഫ് ഹൈദരബാദ് എന്നിവിടങ്ങളില്‍ സ്പാനിഷ് ഭാഷാ പഠന സാധ്യതകളുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.in.emb-japan.go.jp

ചൈനീസ്:

ലോകത്തില്‍ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള ചൈനയില്‍ മന്‍ഡാരിന്‍ എന്ന പേരിലാണ് ചൈനീസ് ഭാഷ അറിയപ്പെടുന്നത്. ചൈന ഇലക്‌ട്രോണിക്‌സ്, ഐ.ടി. നിര്‍മാണ മേഖലകളില്‍ മുന്നേറുമ്പോള്‍ മികച്ച തൊഴില്‍ ലഭിക്കാന്‍ ചൈനീസ് ഭാഷ അറിഞ്ഞിരിക്കണം.

മൈസൂര്‍ യൂണിവേഴ്‌സിറ്റി, ഡൂണ്‍ യൂണിവേഴ്‌സിറ്റി, ഡെറാഡൂണ്‍ യൂണിവേഴ്‌സിറ്റി, യൂണിവേഴ്‌സിറ്റി ഓഫ് ഡല്‍ഹി, ജെ.എന്‍.യു., ഇംഗ്ലീഷ് ആന്റ് ഫോറിന്‍ ലാംഗ്വേജ് ഹൈദരബാദ് എന്നിവിടങ്ങളില്‍ ചൈനീസ് ഭാഷയില്‍ ഉപരിപഠനം നടത്താം. പ്ലസ് ടു പൂര്‍ത്തിയാക്കിയവര്‍ക്ക് ്‌ചൈനീസ് ഭാഷ പഠിയ്ക്കാം. ചൈനയില്‍ മെഡിക്കല്‍ പഠനം നടത്തുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികളും ചൈനീസ് ഭാഷ പഠിച്ചുവരുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് www.fmprc.gov.cn, www.udemy.com

ഇറ്റലി:

ഇറ്റലി, സ്വിറ്റ്‌സര്‍ലാന്റ്, വത്തിക്കാന്‍ സിറ്റി, സ്ലോവേനിയ, ക്രോയേഷ്യ എന്നിവിടങ്ങളിലെ ഔദ്യോഗിക ഭാഷ ഇറ്റാലിയനാണ്. ഇറ്റാലിയനില്‍ അ1, അ2, ആ1, ആ2, ഇ1, ഇ2 നിലവാരത്തിലുള്ള പ്രാവീണ്യ പരീക്ഷകളുണ്ട്. ഒരു വര്‍ഷത്തെ സര്‍ട്ടിഫിക്കറ്റ്, മൂന്നു വര്‍ഷ ബിരുദ, രണ്ടു വര്‍ഷ ബിരുദാനന്തര പ്രോഗ്രാമുകളുണ്ട്. ഡല്‍ഹിയിലെ ഇറ്റാലിയന്‍ എംബസി കള്‍ച്ചറല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് കോഴ്‌സ് നടത്തിവരുന്നു. യൂണിവേഴ്സ്റ്റി ഓഫ് ഡല്‍ഹി, ജെ.എന്‍.യു., യൂണിവേഴ്‌സിറ്റി ഓഫ് മുംബൈ, സെന്റ് സ്റ്റീഫന്‍സ് കോളേജ് ഡല്‍ഹി, ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റി, യൂണിവേഴ്‌സിറ്റി ഓഫ് മദ്രാസ് എന്നിവിടങ്ങളില്‍ ഇറ്റാലിയന്‍ കോഴ്‌സുകളുണ്ട്.

വിദേശ ഭാഷ പഠിച്ചവര്‍ക്ക് കോണ്‍സുലേറ്റുകളിലൂടെ എംബസികളില്‍ പരിഭാഷകരാകാം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.excelacademy.co.in, www.ambnewdelhi.esteri.it

Article By: Mujeebulla K.M
CIGI Career Team



Comments (0)

Write a Comment

Thank you for showing an interest in CIGI. You can reach out to us through multiple ways

Whatsapp or call us for any query

Visit us at

https://goo.gl/maps/wzt6ep5ZxTkiei8k9 Golf Link Rd, Chevayur, Kozhikode, Kerala 673017