നീറ്റ് യുജി 2026 പുനഃപരീക്ഷാ ഫലം: കേരളത്തിന് ആശങ്കയും പ്രതീക്ഷയും
ദേശീയ പരീക്ഷാ ഏജൻസി (NTA) പുറത്തുവിട്ട നീറ്റ് യുജി പുനഃപരീക്ഷാ ഫലം വിശകലനം ചെയ്യുമ്പോൾ കേരളത്തിലെ മെഡിക്കൽ പ്രവേശനത്തെ ബാധിക്കുന്ന പ്രധാന നിരീക്ഷണങ്ങൾ താഴെ നൽകുന്നു:
▪️ ആദ്യ നിരയിൽ മലയാളി സാന്നിധ്യം കുറവ്: മുൻവർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ ദേശീയതലത്തിൽ ആദ്യ 100 റാങ്കിൽ ഒരു മലയാളി മാത്രമാണുള്ളത്. ഒ.ബി.സി (OBC-NCL) വിഭാഗത്തിൽ അഖിലേന്ത്യാ തലത്തിൽ 89-ാം റാങ്ക് നേടിയ നീരജ് ബി. (99.9955 പെർസെന്റയിൽ) ആണ് ഈ മികച്ച നേട്ടം കൈവരിച്ചത്.
▪️ വിവിധ വിഭാഗങ്ങളിലെ കനത്ത മത്സരം: ദേശീയതലത്തിൽ ഒ.ബി.സി (OBC-NCL) ആദ്യ 10 പേർ AIR 59-നുള്ളിലും, ജനറൽ-EWS വിഭാഗത്തിലെ ആദ്യ 10 പേർ AIR 212-നുള്ളിലuമാണ് ഇടംപിടിച്ചത്. പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗങ്ങളുടെ ആദ്യ പത്തുപേരുടെ പട്ടികയിലും മികച്ച നേട്ടങ്ങളുണ്ട്. എന്നാൽ ഈ ടോപ്പർ പട്ടികകളിലൊന്നും മലയാളി സാന്നിധ്യമില്ല.
▪️ ഭിന്നശേഷി വിഭാഗത്തിൽ വലിയ നേട്ടം: കേരളത്തിന് അഭിമാനമായി ഭിന്നശേഷി വിഭാഗത്തിൽ (PwBD Female) ദേശീയ തലത്തിൽ രണ്ടാം സ്ഥാനം മലയാളി വിദ്യാർത്ഥിനി കരസ്ഥമാക്കി. 99.58183 പെർസെന്റയിലോടെ അഖിലേന്ത്യാ തലത്തിൽ 8186-ാം റാങ്ക് നേടിയ ഫാത്തിമ ഹിബ എ. ആണ് ഈ നേട്ടം കൈവരിച്ചത്.
▪️ മാർക്കും സീറ്റും - യാഥാർത്ഥ്യം ഇതാണ്: 720-നും 550-നും ഇടയിൽ മാർക്ക് നേടിയവരുടെ എണ്ണം 89,341 ആണെന്ന പ്രചാരണം തെറ്റാണ്. യഥാർത്ഥത്തിൽ 500-ലധികം മാർക്ക് നേടിയവരുടെ ആകെ എണ്ണമാണ് 89,341. ഇന്ത്യയിലാകെ ഇത്തവണ മെഡിക്കൽ സീറ്റുകൾ 9,911 എണ്ണം വർദ്ധിച്ച് 1,36,939 ആയി മാറിയിട്ടുണ്ട്. അതിനാൽ 500-ന് മുകളിൽ മാർക്കുള്ള വിദ്യാർത്ഥികൾക്ക് ഏതെങ്കിലും മെഡിക്കൽ കോളേജിൽ സർക്കാർ/ സ്വാശ്രയ തലത്തിൽ ഒരു സീറ്റ് ഉറപ്പാക്കാനാവും.
▪️ പ്രവേശന സാധ്യതകളിലെ മാറ്റങ്ങൾ: ആദ്യ റാങ്കുകളിൽ കുട്ടികൾ കുറവായതിനാൽ എയിംസ് (AIIMS), ജിപ്മെർ (JIPMER), എ.എഫ്.എം.സി (AFMC) തുടങ്ങിയ മുൻനിര ദേശീയ സ്ഥാപനങ്ങളിലെ മലയാളി സാന്നിധ്യം ഇത്തവണ കുറഞ്ഞേക്കാം. എന്നാൽ AIR 2000-ന് ശേഷം മലയാളികളുടെ മികച്ച സാന്നിധ്യമുണ്ട്. ഇവർ അഖിലേന്ത്യാ കോട്ട ഒഴിവാക്കി സംസ്ഥാന കോട്ടയിലേക്ക് (85% State Quota) കൗൺസിലിംഗിന് എത്തുമ്പോൾ കേരളത്തിലെ തിരുവനന്തപുരം, കോഴിക്കോട് ഉൾപ്പെടെയുള്ള മുൻനിര സർക്കാർ മെഡിക്കൽ കോളേജുകളിലെ കട്ട്-ഓഫ് റാങ്ക് കുത്തനെ ഉയരാൻ സാധ്യതയുണ്ട്.
വിശദ വായനക്ക് താഴെ PDF കാണുക
നീറ്റ് യുജി 2026
Article By: Mujeebulla K.M
CIGI Career Team