പണി തേടുന്നവരോട് പറയുന്നത്, ഡിഗ്രി സർട്ടിഫിക്കറ്റ് അലമാരയിൽ വെച്ചോളൂ.... ഇനി കളി മാറുകയാണ്! കോഴ്‌സെറയുടെ 2026 ലെ റിപ്പോർട്ട് പറയുന്ന ചില കയ്ക്കുന്ന സത്യങ്ങൾ
നമ്മുടെയൊക്കെ നാട്ടിൽ പണ്ടുമുതലേ കേട്ട് വളരുന്ന ഒരു ഡയലോഗ് ഉണ്ട്, "മോനെ/മോളെ, നന്നായി പഠിച്ച് ഒരു ഡിഗ്രി വാങ്ങിയാൽ നിന്റെ ലൈഫ് സെറ്റായി!" എന്ന്. മികച്ച ഒരു കോളേജിൽ നിന്ന് ഉയർന്ന മാർക്കോടെയോ ഗ്രേഡോടെയോ (GPA) പാസ്സായാൽ പിന്നെ ജോലി നമ്മളെ തേടി വരും എന്നായിരുന്നു നമ്മുടെയൊക്കെ ഒരു വിശ്വാസം. എന്നാൽ, കാലം മാറിയത് നമ്മളിൽ പലരും അറിഞ്ഞിട്ടില്ല എന്നതാണ് സത്യം. ഇന്ന് നിങ്ങൾ ഏത് വലിയ കോളേജിൽ നിന്നാണ് പഠിച്ചിറങ്ങിയത് എന്നോ, നിങ്ങൾക്ക് എത്ര ശതമാനം മാർക്കുണ്ട് എന്നോ ചോദിക്കുന്ന കമ്പനികളുടെ എണ്ണം വളരെ കുറഞ്ഞുകൊണ്ടിരിക്കുകയാണ്.
പകരം ഇന്നത്തെ എച്ച്.ആർ (HR) മാനേജർമാർ ചോദിക്കുന്നത് ഒറ്റ ചോദ്യമാണ്: "നിങ്ങൾക്ക് എന്തൊക്കെ കാര്യങ്ങൾ പ്രായോഗികമായി ചെയ്യാൻ അറിയാം?"
ഈയൊരു വലിയ മാറ്റത്തെക്കുറിച്ച് വളരെ വ്യക്തമായി പറയുന്ന ഒന്നാണ് പ്രമുഖ ഓൺലൈൻ ലേണിങ് പ്ലാറ്റ്‌ഫോമായ കോഴ്‌സെറ (Coursera) പുറത്തുവിട്ട 'മൈക്രോ-ക്രെഡൻഷ്യൽസ് ഇംപാക്ട് റിപ്പോർട്ട് 2026'. ഇന്ത്യ ഉൾപ്പെടെ ഏഴ് രാജ്യങ്ങളിലെ വിദ്യാർത്ഥികൾ, ഐടി കമ്പനികൾ ഉൾപ്പെടെയുള്ള തൊഴിൽദാതാക്കൾ, വിദ്യാഭ്യാസ വിദഗ്ധർ എന്നിവരിൽ നിന്നൊക്കെ വിവരങ്ങൾ ശേഖരിച്ചാണ് അവർ ഈ റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്.
ഈ ലേഖനത്തിലൂടെ നമുക്ക് എന്താണ് ആ റിപ്പോർട്ടിലുള്ളത് എന്നും, നമ്മുടെ തൊഴിൽ വിപണി എങ്ങനെയാണ് മാറിക്കൊണ്ടിരിക്കുന്നത് എന്നും ഒന്ന് പരിശോധിച്ചാലോ?.
🫵ഡിഗ്രി മാത്രം പോരാ, സ്കിൽ വേണം! (Skill-Based Hiring):
നിങ്ങൾ ഒന്ന് ചിന്തിച്ചു നോക്കൂ. ഒരു കമ്പനിയിലേക്ക് ഇന്റർവ്യൂവിന് രണ്ട് പേർ വരുന്നു. ഒരാൾ മികച്ച ഒരു യൂണിവേഴ്സിറ്റിയിൽ നിന്നും 90% മാർക്കോടെ പാസ്സായ ആളാണ്. പക്ഷെ, ഒരു കമ്പ്യൂട്ടർ പ്രോഗ്രാം സ്വന്തമായി എഴുതാൻ പറഞ്ഞാൽ അയാൾക്ക് അറിയില്ല. രണ്ടാമത്തെ ആൾക്ക് 60% മാർക്കേ ഉള്ളൂ, പക്ഷെ അയാൾ സ്വന്തമായി കോഡിങ് പഠിച്ച് ഒരു ആപ്പ് ഡെവലപ്പ് ചെയ്തിട്ടുണ്ട്. ഇന്നത്തെ കാലത്ത് കമ്പനികൾ തീർച്ചയായും ആ രണ്ടാമത്തെ ആളെയാകും ജോലിക്ക് എടുക്കുക. ഇതിനെയാണ് സ്കിൽ-ബേസ്ഡ് ഹയറിങ് (Skill-based hiring) എന്ന് വിളിക്കുന്നത്.
കോഴ്‌സെറയുടെ റിപ്പോർട്ട് പ്രകാരം, ഇന്ത്യയിലെ 89 ശതമാനം കമ്പനികളും എൻട്രി ലെവൽ (തുടക്കക്കാരുടെ) തസ്തികകളിലേക്ക് ആളെ എടുക്കുമ്പോൾ ഇപ്പോൾ ഈ രീതിയാണ് നോക്കുന്നത്. അതായത്, സർട്ടിഫിക്കറ്റിലെ മാർക്കിനേക്കാൾ അവർക്ക് വേണ്ടത് ആ ജോലിയെക്കുറിച്ചുള്ള നിങ്ങളുടെ പ്രായോഗിക അറിവാണ്. ഏറ്റവും രസകരമായ കാര്യം എന്താണെന്നാൽ, ഇക്കാര്യത്തിൽ അമേരിക്ക ഉൾപ്പെടെയുള്ള പല ആഗോള രാജ്യങ്ങളേക്കാളും വളരെ മുന്നിലാണ് ഇന്ത്യ!
നമ്മുടെ നാട്ടിലെ സ്റ്റാർട്ടപ്പ് സംസ്കാരവും, ഐടി മേഖലയിലെ കുതിച്ചുചാട്ടവുമാണ് ഇതിന് പ്രധാന കാരണം. കമ്പനികൾക്ക് ഇപ്പോൾ ആളുകളെ എടുത്ത് മാസങ്ങളോളം ട്രെയിനിങ് കൊടുക്കാൻ സമയമില്ല. ഇന്ന് ജോലിക്ക് കയറിയാൽ നാളെ മുതൽ പ്രൊജക്റ്റുകളിൽ വർക്ക് ചെയ്യാൻ കഴിയുന്ന 'Day-one ready' ആയ ആളുകളെയാണ് അവർക്ക് ആവശ്യം.
🎓എന്താണ് ഈ മൈക്രോ-ക്രെഡൻഷ്യൽസ്? എന്താണ് ഇതിന്റെ മാജിക്?:
ഈ റിപ്പോർട്ടിൽ ഏറ്റവും കൂടുതൽ തവണ ഉപയോഗിച്ചിരിക്കുന്ന ഒരു വാക്കാണ് 'മൈക്രോ-ക്രെഡൻഷ്യൽസ്'. പേര് കേട്ട് പേടിക്കേണ്ട, സംഭവം വളരെ സിമ്പിളാണ്. നമ്മൾ കോളേജിൽ പോയി മൂന്നോ നാലോ വർഷം പഠിച്ച് എടുക്കുന്ന ഡിഗ്രിക്ക് പകരമായോ, അല്ലെങ്കിൽ അതിനൊപ്പമോ ചെയ്യാവുന്ന ഹ്രസ്വകാല പ്രൊഫഷണൽ സർട്ടിഫിക്കറ്റ് കോഴ്സുകളെയാണ് ഇങ്ങനെ വിളിക്കുന്നത്.
ഉദാഹരണത്തിന്, മൂന്നു മാസം അല്ലെങ്കിൽ ആറു മാസം കൊണ്ട് പൂർത്തിയാക്കാവുന്ന ഗൂഗിളിന്റെയോ മൈക്രോസോഫ്റ്റിന്റെയോ ഒരു ഡാറ്റാ അനലിറ്റിക്സ് കോഴ്സ്. ഒരു വീഡിയോ ഗെയിമിൽ പവർ കൂട്ടാൻ നമ്മൾ എടുക്കുന്ന 'ബൂസ്റ്റർ പാക്കുകൾ' പോലെയാണിത്. നിങ്ങളുടെ ഡിഗ്രി സർട്ടിഫിക്കറ്റിനൊപ്പം ഈ ഒരു കോഴ്സ് കൂടി ഉണ്ടെങ്കിൽ നിങ്ങളുടെ വാല്യൂ പല മടങ്ങ് വർദ്ധിക്കും.
👁️കണക്കുകൾ സംസാരിക്കുമ്പോൾ:
ഉടൻ ജോലി: ഇത്തരം മൈക്രോ-ക്രെഡൻഷ്യൽ കോഴ്‌സുകൾ പൂർത്തിയാക്കിയ ഇന്ത്യയിലെ 91 ശതമാനം ബിരുദധാരികൾക്കും വെറും 12 മാസത്തിനുള്ളിൽ തന്നെ അവരുടെ മേഖലയിൽ ജോലി കിട്ടിയിട്ടുണ്ട് എന്ന് റിപ്പോർട്ട് പറയുന്നു.
മികച്ച പ്രകടനം: വെറുതെ ജോലി കിട്ടി എന്നല്ല, ഇങ്ങനെ ഈ ഷോർട്ട്-ടേം കോഴ്സുകൾ പഠിച്ച് ജോലിക്ക് കയറിയവർ കമ്പനിയിൽ എത്തിയ ആദ്യ വർഷം തന്നെ തകർപ്പൻ പ്രകടനമാണ് കാഴ്ചവെക്കുന്നത് എന്ന് 97 ശതമാനം തൊഴിൽദാതാക്കളും സമ്മതിക്കുന്നുണ്ട്. കാരണം, അവർ പഠിച്ചിരിക്കുന്നത് തിയറി മാത്രമല്ല, മറിച്ച് ആ ജോലി എങ്ങനെ ചെയ്യണം എന്ന് തന്നെയാണ്.
ഇന്ത്യയിൽ ഇപ്പോൾ ട്രെൻഡിങ് ആയിട്ടുള്ള ടോപ്പ് 10 കോഴ്സുകൾ:
ഏതൊക്കെ കോഴ്സുകൾക്കാണ് ഇന്ത്യയിൽ ഇപ്പോൾ ഏറ്റവും കൂടുതൽ ഡിമാൻഡ് ഉള്ളത് എന്ന് കോഴ്‌സെറ റിപ്പോർട്ട് കൃത്യമായി പറയുന്നുണ്ട്. വെറുതെ പേരുകൾ മാത്രം നോക്കാതെ, ഇവ ഓരോന്നും എന്താണെന്നും എന്തിനാണ് കമ്പനികൾ ഇവരെ അന്വേഷിക്കുന്നത് എന്നും താഴെ കൊടുക്കുന്നു:
1. ഗൂഗിൾ ഡാറ്റാ അനലിറ്റിക്സ് (Google Data Analytics):
ഇന്നത്തെ കാലത്ത് എല്ലാ കമ്പനികൾക്കും ഡാറ്റയാണ് ജീവൻ. ആളുകളുടെ താല്പര്യങ്ങൾ, ബിസിനസ്സ് ട്രെൻഡുകൾ തുടങ്ങിയ വലിയ ഡാറ്റകളെ വിശകലനം ചെയ്ത് ബിസിനസ്സ് തീരുമാനങ്ങൾ എടുക്കാൻ സഹായിക്കുന്നതാണ് ഈ കോഴ്സ്. ഗൂഗിൾ നൽകുന്ന ഈ കോഴ്സാണ് ഇപ്പോൾ ഡിമാൻഡിൽ ഒന്നാമത്.
2. ഗൂഗിൾ എഐ (Google AI):
എ.ഐ (Artificial Intelligence) ആണല്ലോ ഭാവിയുടെ ടെക്നോളജി. എ.ഐ ടൂളുകളുടെ ഉപയോഗവും അടിസ്ഥാന കാര്യങ്ങളും പഠിപ്പിക്കുന്ന ഈ കോഴ്സിന് നിലവിൽ ആവശ്യക്കാർ ഏറെയാണ്.
3. ഗൂഗിൾ ഐടി ഓട്ടോമേഷൻ വിത്ത് പൈത്തൺ (Google IT Automation with Python):
സമയലാഭത്തിനും മനുഷ്യരുടെ അധ്വാനം കുറയ്ക്കാനും പൈത്തൺ പ്രോഗ്രാമിംഗ് ഉപയോഗിച്ച് ഐടി ടാസ്ക്കുകൾ ഓട്ടോമാറ്റിക് ആക്കാൻ പഠിപ്പിക്കുന്ന കോഴ്സാണിത്.
4. ഗൂഗിൾ ഡിജിറ്റൽ മാർക്കറ്റിംഗ് & ഇ-കൊമേഴ്സ് (Google Digital Marketing & E-commerce):
എല്ലാവരും ഓൺലൈൻ ഷോപ്പിങ്ങിലേക്ക് മാറിയതോടെ ഓൺലൈൻ വഴി സാധനങ്ങൾ വിൽക്കുന്നതും പരസ്യം ചെയ്യുന്നതും പഠിക്കാൻ വലിയ ഡിമാൻഡ് ആയി. എല്ലാ ചെറിയ ബിസിനസ്സുകൾക്കും ഇന്ന് ഒരു ഡിജിറ്റൽ മാർക്കറ്റർ അത്യാവശ്യമാണ്.
5. ഗൂഗിൾ സൈബർ സെക്യൂരിറ്റി (Google Cybersecurity):
ഓൺലൈൻ ഇടപാടുകൾ കൂടിയതോടെ തട്ടിപ്പുകളും വർദ്ധിച്ചു. ഹാക്കർമാരിൽ നിന്നും ഇന്റർനെറ്റ് തട്ടിപ്പുകളിൽ നിന്നും കമ്പനികളുടെ ഡാറ്റയെ സംരക്ഷിക്കാൻ പഠിപ്പിക്കുന്ന സുപ്രധാന കോഴ്സാണിത്.
6. ഗൂഗിൾ പ്രോജക്ട് മാനേജ്മെന്റ് (Google Project Management):
ഒരു വലിയ പ്രോജക്ട് എങ്ങനെ കൃത്യസമയത്ത്, ചിലവ് ചുരുക്കി പ്ലാൻ ചെയ്ത് തീർക്കാം എന്ന് പഠിക്കുന്നത് കമ്പനികളിലെ കാര്യക്ഷമത വർദ്ധിപ്പിക്കാൻ വളരെ പ്രധാനമാണ്.
7. ഗൂഗിൾ യു.എക്സ് ഡിസൈൻ (Google UX Design):
നല്ല യൂസർ എക്സ്പീരിയൻസ് (UX) ഇല്ലെങ്കിൽ ആപ്പുകളും വെബ്സൈറ്റുകളും പരാജയപ്പെടും. മൊബൈൽ ആപ്പുകളും വെബ്സൈറ്റുകളും ആളുകൾക്ക് എളുപ്പത്തിൽ ഉപയോഗിക്കാൻ പാകത്തിൽ മനോഹരമായി ഡിസൈൻ ചെയ്യാനാണ് ഇതിൽ പഠിപ്പിക്കുന്നത്.
8. ഐ.ബി.എം ഡാറ്റാ സയൻസ് (IBM Data Science):
വലിയ കോർപ്പറേറ്റ് കമ്പനികൾക്ക് ഡാറ്റ സയന്റിസ്റ്റുകളെ ആവശ്യമുണ്ട്. ഡാറ്റ അനലിറ്റിക്സിന്റെ കുറച്ചുകൂടി അഡ്വാൻസ്ഡ് ആയ രൂപമാണിത്. ഐ.ബി.എം നൽകുന്ന ഈ കോഴ്സിന് ലോകമെമ്പാടും വലിയ സ്വീകാര്യതയുണ്ട്.
9. ഐ.ബി.എം എഐ എഞ്ചിനീയറിംഗ് (IBM AI Engineering):
ചാറ്റ്ജിപിടി പോലുള്ളവ വന്നതോടെ എ.ഐ മേഖലയിൽ കുതിച്ചുചാട്ടമുണ്ടായി. സ്വന്തമായി എ.ഐ മോഡലുകൾ നിർമ്മിക്കാനും പ്രോഗ്രാം ചെയ്യാനും പഠിക്കുന്ന ഈ കോഴ്സിന് വലിയ സ്കോപ്പ് ആണ് ഉള്ളത്.
10. മൈക്രോസോഫ്റ്റ് പവർ ബി.ഐ ഡാറ്റാ അനലിസ്റ്റ് (Microsoft Power BI Data Analyst):
മിക്ക ബിസിനസ്സുകളും നിലവിൽ ഉപയോഗിക്കുന്ന മികച്ചൊരു ഡാറ്റാ ടൂൾ ആണ് Power BI. മൈക്രോസോഫ്റ്റിന്റെ ഈ ടൂൾ ഉപയോഗിച്ചുള്ള ഡാറ്റ അനാലിസിസ് പഠിക്കുന്നതും ജോലിക്കുള്ള സാധ്യതകൾ വർദ്ധിപ്പിക്കും.
ഈ കോഴ്സുകളുടെ ലിസ്റ്റ് കണ്ടാൽ നിങ്ങൾക്ക് ഒരു കാര്യം വ്യക്തമായി മനസ്സിലാകും. എല്ലാം ഐടി, ഡാറ്റ, എ.ഐ, ഇന്റർനെറ്റ് എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങളാണ്. ലോകം അങ്ങോട്ടാണ് സഞ്ചരിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം കോഴ്സുകൾ പഠിക്കുന്നത് ഒരിക്കലും നഷ്ടമാകില്ല.
കോളേജ് സർട്ടിഫിക്കറ്റിനേക്കാൾ വില ഗൂഗിളിന്റെ സർട്ടിഫിക്കറ്റിനോ?:
ഇതൊരു വലിയ ചോദ്യമാണ്. നിങ്ങൾ ഒരു സാധാരണ ആർട്സ് അല്ലെങ്കിൽ സയൻസ് കോളേജിൽ നിന്ന് പഠിച്ച ഒരു വിഷയത്തിന്റെ സർട്ടിഫിക്കറ്റ് കൊണ്ടുപോകുന്നതിനേക്കാൾ വില ഗൂഗിളോ ഐ.ബി.എമ്മോ നൽകുന്ന ഒരു സർട്ടിഫിക്കറ്റിന് കിട്ടുന്നുണ്ടോ? ഉത്തരം "ഉവ്വ്" എന്നാണ്.
ഇതിനെയാണ് ഇൻഡസ്ട്രി-പാർട്ണർ കോഴ്‌സുകൾ (Industry-partnered courses) എന്ന് വിളിക്കുന്നത്. അതായത്, അതാത് വ്യവസായ മേഖലയിലെ വമ്പന്മാർ തന്നെ നേരിട്ട് പഠിപ്പിക്കുന്ന കോഴ്സുകൾ.
95 ശതമാനം തൊഴിൽദാതാക്കളും പറയുന്നത്, ഒരു സാധാരണ അക്കാദമിക് സ്ഥാപനം നൽകുന്ന സർട്ടിഫിക്കറ്റിനേക്കാൾ അവർ വില കൽപ്പിക്കുന്നത് ഗൂഗിൾ, മൈക്രോസോഫ്റ്റ്, മെറ്റാ, ഐ.ബി.എം പോലുള്ള ഇൻഡസ്ട്രി പാർട്ണർമാർ നൽകുന്ന മൈക്രോ-ക്രെഡൻഷ്യലുകൾക്ക് ആണെന്നാണ്.
ഇതിന് ഒരു പ്രധാന കാരണമുണ്ട്. ഉദാഹരണത്തിന്, നിങ്ങൾ ക്ലൗഡ് കമ്പ്യൂട്ടിങ് പഠിക്കുന്നത് ആമസോണിൽ നിന്നോ ഗൂഗിളിൽ നിന്നോ ആണെങ്കിൽ, അവർ ലോകത്ത് നിലവിൽ ഉപയോഗിക്കുന്ന ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് നിങ്ങളെ പഠിപ്പിക്കുന്നത്. എന്നാൽ ചിലപ്പോഴെങ്കിലും നമ്മുടെ യൂണിവേഴ്സിറ്റികളിലെ സിലബസുകൾ അഞ്ചോ പത്തോ വർഷം പഴയതാകാം.
81 ശതമാനം കമ്പനികളുടെയും എച്ച്.ആർ മാനേജർമാർ പറയുന്നത്, ഇത്തരം ഇൻഡസ്ട്രി കോഴ്സുകൾ ചെയ്ത ഒരു വിദ്യാർത്ഥി ഇന്റർവ്യൂവിന് വന്നാൽ അവരുടെ കഴിവ് അളക്കാൻ വളരെ എളുപ്പമാണ് എന്നാണ്. അവർക്ക് കൃത്യമായി എന്തറിയാം എന്ന് ആ സർട്ടിഫിക്കറ്റ് തന്നെ വിളിച്ചു പറയുന്നുണ്ടാകും. അതുകൊണ്ട് റിക്രൂട്ട്‌മെന്റ് പ്രക്രിയകൾ വളരെ വേഗത്തിൽ പൂർത്തിയാക്കാൻ സാധിക്കും.
🫵കോളേജുകൾക്കും യൂണിവേഴ്സിറ്റികൾക്കും ഉള്ള വലിയ മുന്നറിയിപ്പ്!:
ഈ റിപ്പോർട്ട് വിദ്യാർത്ഥികൾക്ക് മാത്രമല്ല, വലിയ വലിയ യൂണിവേഴ്സിറ്റികൾക്കും കോളേജ് മാനേജ്മെന്റുകൾക്കും വലിയൊരു വാണിങ് സൈറൺ ആണ് നൽകുന്നത്.
കാലങ്ങളായി നമ്മൾ പഠിച്ചു വരുന്ന ആ പഴയ തിയറി സിലബസുകളിൽ മാത്രം കടിച്ചുതൂങ്ങി കിടക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇനി നിലനിൽപ്പില്ല. അതിവേഗം മാറുന്ന തൊഴിൽ വിപണിക്ക് അനുയോജ്യമായ ഇത്തരം ഹ്രസ്വകാല പ്രൊഫഷണൽ കോഴ്സുകൾ കോളേജുകൾ അവരുടെ കരിക്കുലത്തിന്റെ ഭാഗമാക്കണം. ഉദാഹരണത്തിന്, ഒരു ബി.കോം പഠിക്കുന്ന വിദ്യാർത്ഥിക്ക് അതിനോടൊപ്പം തന്നെ ഡിജിറ്റൽ മാർക്കറ്റിങ്ങോ ഡാറ്റാ അനലിറ്റിക്സോ പഠിക്കാനുള്ള അവസരം കോളേജ് ഒരുക്കി നൽകണം.
റിപ്പോർട്ടിൽ പങ്കെടുത്ത പകുതിയോളം (50%) ഉന്നത വിദ്യാഭ്യാസ രംഗത്തെ വിദഗ്ധരും സമ്മതിക്കുന്ന ഒരു വലിയ സത്യമുണ്ട്: സിലബസ് കാലോചിതമായി പരിഷ്കരിക്കാത്തതും വ്യവസായ അധിഷ്ഠിതമായ (Industry-aligned) കോഴ്സുകൾ വിദ്യാർത്ഥികൾക്ക് ലഭ്യമാക്കാത്തതും സ്ഥാപനങ്ങളുടെ വിശ്വാസ്യതയെ വല്ലാതെ ബാധിക്കും. മാത്രമല്ല, ആ കോളേജിൽ നിന്ന് പഠിച്ചിറങ്ങുന്ന വിദ്യാർഥികളുടെ ക്യാമ്പസ് പ്ലേസ്‌മെന്റുകളെയും (Campus Placements) ഇത് സാരമായി ബാധിക്കും. ഐടി കമ്പനികൾ പ്ലേസ്‌മെന്റിന് വരുമ്പോൾ അവർ ആദ്യം ചോദിക്കുക "നിങ്ങളുടെ കുട്ടികൾ പുതിയ ടെക്നോളജി പഠിച്ചിട്ടുണ്ടോ?" എന്നാകും. ഇല്ലെങ്കിൽ അവർ തിരിഞ്ഞു നടക്കും.
പല പ്രമുഖ കോളേജുകളും ഇപ്പോൾ തന്നെ കോഴ്‌സെറ പോലുള്ള പ്ലാറ്റ്‌ഫോമുകളുമായി ടൈ-അപ്പ് ചെയ്ത് വിദ്യാർത്ഥികൾക്ക് സൗജന്യമായി ഇത്തരം മൈക്രോ-ക്രെഡൻഷ്യലുകൾ എടുക്കാനുള്ള അവസരം ഉണ്ടാക്കി കൊടുക്കുന്നുണ്ട് എന്നത് വളരെ പോസിറ്റീവ് ആയ ഒരു കാര്യമാണ്.
🔖 വിദ്യാർത്ഥികളും രക്ഷിതാക്കളും ഇനി എന്ത് ചെയ്യണം?:
ഇതൊക്കെ വായിക്കുമ്പോൾ ഒരുപക്ഷെ നിങ്ങൾ ചിന്തിക്കുന്നുണ്ടാകും, അപ്പോൾ പിന്നെ ഡിഗ്രി പഠിക്കേണ്ടേ എന്ന്. അങ്ങനെയല്ല! അടിസ്ഥാന വിദ്യാഭ്യാസം എന്ന നിലയിൽ ഒരു ബിരുദം (Degree) എപ്പോഴും നല്ലതാണ്. അത് നിങ്ങളുടെ ചിന്താശേഷിയും ലോകവിവരവും വർദ്ധിപ്പിക്കും. എന്നാൽ, വെറുമൊരു ഡിഗ്രി സർട്ടിഫിക്കറ്റ് മാത്രം വെച്ച് ഒരു കമ്പനിയുടെ വാതിലിൽ പോയി മുട്ടിയാൽ പണ്ടത്തെ പോലെ എളുപ്പത്തിൽ വാതിൽ തുറക്കില്ല എന്നതാണ് യാഥാർഥ്യം.
അതുകൊണ്ട്, കാര്യങ്ങൾ കുറച്ചു സീരിയസായി ആയി പറയട്ടെ
-
ട്രെൻഡ് മനസ്സിലാക്കുക: ലോകം എങ്ങോട്ടാണ് പോകുന്നത് എന്ന് നോക്കുക. ഇപ്പോൾ ഡാറ്റയും ആർട്ടിഫിഷ്യൽ ഇന്റലിജൻസും ആണ് താരം. നിങ്ങളുടെ ഫീൽഡ് ഏതാണെങ്കിലും (അത് അക്കൗണ്ടിങ് ആകട്ടെ, മെക്കാനിക്കൽ എഞ്ചിനീയറിംഗ് ആകട്ടെ, എച്ച്.ആർ ആകട്ടെ) അവിടെ എ.ഐ എങ്ങനെ ഉപയോഗിക്കാം എന്ന് പഠിക്കുക.
-
ഡിഗ്രിക്കൊപ്പം സ്കിൽ: കോളേജിൽ പോയി ഡിഗ്രി പഠിക്കുന്ന ആ മൂന്നോ നാലോ വർഷം വെറുതെ കളയാതിരിക്കുക. അതിനൊപ്പം തന്നെ ഓൺലൈൻ ആയി ഇത്തരം മൈക്രോ-ക്രെഡൻഷ്യലുകൾ സ്വന്തമാക്കുക. കോഴ്‌സെറ, യുഡെമി (Udemy), എഡ്എക്സ് (edX) തുടങ്ങി നിരവധി പ്ലാറ്റ്‌ഫോമുകൾ ഇതിനായി ലഭ്യമാണ്.
-
പ്രായോഗികമായി ചെയ്തു നോക്കുക: ഒരു കോഴ്സ് കഴിഞ്ഞ് സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്ത് ഫോണിൽ വെച്ചിട്ട് കാര്യമില്ല. പഠിച്ച കാര്യങ്ങൾ വെച്ച് സ്വന്തമായി എന്തെങ്കിലും ചെയ്തു നോക്കുക. ഒരു വെബ്സൈറ്റ് ഉണ്ടാക്കുക, ഡാറ്റ അനലൈസ് ചെയ്ത് നോക്കുക, അല്ലെങ്കിൽ ഗ്രാഫിക്സ് ഡിസൈൻ ചെയ്യുക. ഇന്റർവ്യൂവിന് പോകുമ്പോൾ "ഞാൻ ഈ കോഴ്സ് ചെയ്തു" എന്ന് പറയുന്നതിനേക്കാൾ പവർ ഉണ്ട്, "ഞാൻ ഈ കോഴ്സ് വെച്ച് ഈ ഒരു പ്രൊജക്റ്റ് ഉണ്ടാക്കി" എന്ന് പറയുന്നതിന്!
-
ലിങ്ക്ഡ്ഇൻ (LinkedIn) ഉപയോഗിക്കുക: നിങ്ങൾ ഇത്തരം കോഴ്സുകൾ ചെയ്യുമ്പോൾ അത് തീർച്ചയായും നിങ്ങളുടെ പ്രൊഫഷണൽ പ്രൊഫൈലുകളിൽ അപ്ഡേറ്റ് ചെയ്യുക. എച്ച്.ആർ മാനേജർമാർ ഇന്ന് ആളുകളെ കണ്ടുപിടിക്കുന്നത് ലിങ്ക്ഡ്ഇൻ വഴിയാണ്. ഗൂഗിളിന്റെയോ മൈക്രോസോഫ്റ്റിന്റെയോ ഒരു പ്രൊഫഷണൽ ബാഡ്ജ് നിങ്ങളുടെ പ്രൊഫൈലിൽ കിടക്കുന്നത് കാണുമ്പോൾ തന്നെ നിങ്ങൾക്ക് കിട്ടുന്ന റെസ്പെക്ട് വേറെയാണ്.
അതായത് രമണാ..............:
കാലം മാറി, കഥ മാറി!
ഉയർന്ന മാർക്കും, പഠിച്ച കോളേജിന്റെ വലിയ പേരും കാണിച്ച് ജോലി നേടാവുന്ന കാലം ഇന്ത്യയിൽ അവസാനിക്കുകയാണ് എന്ന് കോഴ്‌സെറയുടെ 2026 റിപ്പോർട്ട് അടിവരയിട്ട് പറയുന്നു. ഏത് മേഖലയിലാണോ നിങ്ങൾ തൊഴിൽ ആഗ്രഹിക്കുന്നത്, ആ മേഖലയിലെ ഏറ്റവും പുതിയ അറിവുകളും അത് ചെയ്യാനുള്ള യഥാർത്ഥ നൈപുണ്യവും (Practical Skills) നേടുക എന്നത് മാത്രമാണ് ഇനി ജോലി കിട്ടാനുള്ള എളുപ്പവഴി.
അതുകൊണ്ട്, നിങ്ങളുടെ റെസ്യൂമെ ഒന്നുകൂടി എടുത്ത് നോക്കുക. അതിൽ അക്കാദമിക് യോഗ്യതകൾക്ക് താഴെ 'സ്കിൽസ്' എന്ന് പറഞ്ഞൊരു ഭാഗം ഇല്ലേ? അവിടെ എഴുതി ചേർക്കാൻ തക്കവണ്ണം നിങ്ങൾ പുതിയ കാലത്തിന് അനുസരിച്ച് എന്ത് പഠിച്ചു എന്ന് സ്വയം ചോദിക്കുക. ഉത്തരമില്ലെങ്കിൽ, ഇന്നേ തുടങ്ങിക്കോളൂ! പുതിയ കാര്യങ്ങൾ പഠിക്കാൻ, അതും ലോകോത്തര കമ്പനികളിൽ നിന്ന് നേരിട്ട് പഠിക്കാൻ, നിങ്ങളുടെ കയ്യിലിരിക്കുന്ന സ്മാർട്ട്‌ഫോണോ ലാപ്‌ടോപ്പോ മാത്രം മതി.
Article By: Mujeebulla K.M
CIGI Career Team