×
27 June 2026
0

പരസ്യങ്ങളിലെ 'അമേരിക്കൻ' പള പളപ്പും യാഥാർത്ഥ്യവും: AI യുഗത്തിൽ വിദ്യാർത്ഥികൾ അറിയേണ്ട കരിയർ പാഠങ്ങൾ

പത്രത്താളുകൾ മറിക്കുമ്പോഴോ സോഷ്യൽ മീഡിയയിലൂടെ സ്ക്രോൾ ചെയ്യുമ്പോഴോ നമ്മുടെ കണ്ണിലുടക്കുന്ന ചില എഡ്യൂക്കേഷൻ പരസ്യങ്ങളുണ്ട്. "അമേരിക്കൻ സ്റ്റാൻഡേർഡിൽ നാട്ടിൽ പഠിക്കാം", "നാസയും (NASA) ഹാർവാർഡും നൽകുന്ന അംഗീകാരം", "AI അധിഷ്ഠിത കരിയർ" തുടങ്ങി വമ്പൻ വാഗ്ദാനങ്ങളുടെ ഒരു ഘോഷയാത്ര തന്നെ ഇത്തരം പരസ്യങ്ങളിൽ കാണാം. പുതിയ കാലത്തെ കോഴ്സുകളെക്കുറിച്ചുള്ള വിവരങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നത് നല്ല കാര്യമാണെങ്കിലും, പലപ്പോഴും ഇത്തരം പരസ്യങ്ങൾ വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും വലിയ രീതിയിൽ തെറ്റിദ്ധരിപ്പിക്കാറുണ്ട്.

ഒരു കരിയർ ഗൈഡ് എന്ന നിലയിൽ എനിക്ക് വിദ്യാർത്ഥികളോടും രക്ഷിതാക്കളോടും പറയാനുള്ളത് ഇതാണ്: നിങ്ങളുടെ യഥാർത്ഥ ലക്ഷ്യമെന്താണെന്നും നിങ്ങളുടെ വേരുകൾ എവിടെയാണെന്നും എപ്പോഴും ഓർമ്മിക്കുക (Remember who you are). AI-യുടെ ഈ പുതിയ കാലത്ത് കാലത്തിനൊത്ത കരിയർ തിരഞ്ഞെടുക്കാനും പുതിയ സ്കില്ലുകൾ പഠിക്കാനും തീർച്ചയായും നമ്മൾ ശ്രമിക്കണം. എന്നാൽ വലിയ പരസ്യവാചകങ്ങളും ഇംഗ്ലീഷ് വാക്കുകളും കണ്ട് തല മറന്ന് എണ്ണ തേക്കരുത്. ഈ അവകാശവാദങ്ങൾക്ക് പിന്നിലെ യാഥാർത്ഥ്യമെന്താണെന്നും, ശരിയായ കോഴ്സുകൾ എങ്ങനെ തിരഞ്ഞെടുക്കാമെന്നും നമുക്കൊന്ന് വിശദമായി പരിശോധിക്കാം.

1. എന്താണ് ഈ IACET അക്രഡിറ്റേഷൻ? നാസയുമായി ഇതിനെന്ത് ബന്ധം?:

വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പരസ്യങ്ങളിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഒരു തന്ത്രമാണ് അന്താരാഷ്ട്ര പേരുകൾ ചേർത്ത് വെക്കുക എന്നത്. IACET (International Accreditors for Continuing Education and Training) എന്നത് അത്തരത്തിൽ ഉപയോഗിക്കപ്പെടുന്ന ഒന്നാണ്. സത്യത്തിൽ എന്താണ് IACET?

ലളിതമായി പറഞ്ഞാൽ, ജോലി ചെയ്യുന്നവർക്ക് അവരുടെ സ്കിൽ (Skill) വർദ്ധിപ്പിക്കാൻ നൽകുന്ന ഹ്രസ്വകാല ട്രെയിനിംഗുകൾക്കും (Continuing Education) വർക്ക്ഷോപ്പുകൾക്കും ഗുണനിലവാരം ഉറപ്പുവരുത്താൻ നൽകുന്ന ഒരു സർട്ടിഫിക്കേഷൻ മാത്രമാണിത്. ഇതൊരിക്കലും ഒരു പരമ്പരാഗത അക്കാദമിക് അല്ലെങ്കിൽ യൂണിവേഴ്സിറ്റി അംഗീകാരമല്ല. നാസയോ ഹാർവാർഡും പോലുള്ള വലിയ സ്ഥാപനങ്ങൾ അവരുടെ ചില ജീവനക്കാർക്ക് നൽകുന്ന വർക്ക്ഷോപ്പുകൾക്കോ ഹ്രസ്വകാല ട്രെയിനിംഗുകൾക്കോ ഈ സ്റ്റാൻഡേർഡ് ഉപയോഗിക്കുന്നുണ്ടാകാം. ആ ഒരു പേര് കടമെടുത്ത്, നമ്മുടെ നാട്ടിലെ ഒരു സ്വകാര്യ സ്ഥാപനം "നാസ അംഗീകരിച്ച ഇൻസ്റ്റിറ്റ്യൂട്ട്" എന്നോ "ഹാർവാർഡിന് തുല്യം" എന്നോ വരുത്തിത്തീർക്കുന്നത് വിദ്യാർത്ഥികളെ ആകർഷിക്കാനുള്ള വെറുമൊരു മാർക്കറ്റിംഗ് തന്ത്രം മാത്രമാണ്. ഒരു അക്കാദമിക് ബിരുദത്തിന് പകരം വെക്കാവുന്ന ഒന്നല്ല ഇത്തരം കണ്ടിന്യൂയിങ് എഡ്യൂക്കേഷൻ സ്റ്റാൻഡേർഡുകൾ.

2. 'അമേരിക്കൻ ഡിഗ്രി' എന്ന മിഥ്യയും യാഥാർത്ഥ്യവും:

പരസ്യങ്ങളിലെ "American PGDM" അല്ലെങ്കിൽ "American Diploma" എന്നൊക്കെ കാണുമ്പോൾ പലരും കരുതും ഇത് പൂർത്തിയാക്കിയാൽ വിദേശത്ത് ജോലിയോ വിസയോ എളുപ്പത്തിൽ കിട്ടുമെന്ന്. എന്നാൽ യാഥാർത്ഥ്യം മറ്റൊന്നാണ്. അമേരിക്കയിൽ ഔദ്യോഗികമായി ഒരു ബിരുദത്തിനോ സർട്ടിഫിക്കറ്റിനോ വിലയുണ്ടാകണമെങ്കിൽ US Department of Education അല്ലെങ്കിൽ CHEA (Council for Higher Education Accreditation) അംഗീകരിച്ച അക്രഡിറ്റേഷൻ ബോഡികളുടെ അംഗീകാരം വേണം.

നമ്മുടെ നാട്ടിലെ ഇത്തരം പ്രൈവറ്റ് ഇൻസ്റ്റിറ്റ്യൂട്ടുകൾ നൽകുന്ന "അമേരിക്കൻ" സർട്ടിഫിക്കറ്റുകൾ മിക്കവാറും ഏതെങ്കിലും സ്വകാര്യ ഏജൻസികൾ നൽകുന്ന വെറുമൊരു സ്കിൽ ട്രെയിനിങ് സർട്ടിഫിക്കറ്റുകൾ മാത്രമായിരിക്കും. നിങ്ങൾ വിദേശത്തേക്ക് ഉപരിപഠനത്തിന് പോകുമ്പോഴോ, വിസയ്ക്ക് അപേക്ഷിക്കുമ്പോഴോ, വിദേശ സർക്കാരുകളുടെ ഔദ്യോഗിക ജോലികൾക്ക് ശ്രമിക്കുമ്പോഴോ ഇതിന് യാതൊരു വിധ ഔദ്യോഗിക പരിഗണനയും ലഭിക്കില്ല. ചില സ്വകാര്യ കമ്പനികൾ നിങ്ങളുടെ ഇന്റർവ്യൂ പ്രകടനവും സ്കില്ലും നോക്കി ജോലി നൽകിയേക്കാം എന്നല്ലാതെ, ഇതൊരു ഇന്റർനാഷണൽ ഡിഗ്രിയാണെന്ന് തെറ്റിദ്ധരിക്കരുത്.

3. ഒറിജിനൽ ഡിഗ്രി എവിടെ നിന്ന് വരും? (UGC & AICTE):

"B.Com Integrated with American PGDM" അല്ലെങ്കിൽ "BBA with AI Automation" എന്നൊക്കെ വലിയ അക്ഷരത്തിൽ പരസ്യങ്ങളിൽ കാണാം. ഇത് വായിക്കുമ്പോൾ ഇതൊരു പ്രത്യേക തരം അന്താരാഷ്ട്ര കോഴ്സാണെന്ന് നമ്മൾ തെറ്റിദ്ധരിക്കും. എന്നാൽ യഥാർത്ഥത്തിൽ ഇതിന് പിന്നിൽ പ്രവർത്തിക്കുന്ന ബിസിനസ്സ് തന്ത്രം വളരെ ലളിതമാണ്:

വിദൂര വിദ്യാഭ്യാസം (Distance Education): ഇത്തരം ഇൻസ്റ്റിറ്റ്യൂട്ടുകൾ നിങ്ങളെ ഏതെങ്കിലും ഒരു സാധാരണ ഇന്ത്യൻ യൂണിവേഴ്സിറ്റിയുടെ വിദൂര വിദ്യാഭ്യാസം അല്ലെങ്കിൽ ഓൺലൈൻ എഡ്യൂക്കേഷൻ വഴി B.Com അല്ലെങ്കിൽ BBA ഡിഗ്രിക്ക് എൻറോൾ ചെയ്യിക്കും. ഇതിന് വളരെ തുച്ഛമായ ഫീസ് മാത്രമേ വരികയുള്ളൂ.

സ്വകാര്യ സർട്ടിഫിക്കറ്റ്: അതോടൊപ്പം അവർ സ്വന്തമായി കുറച്ച് ക്ലാസുകൾ നൽകി അവരുടെ ഒരു പ്രൈവറ്റ് സർട്ടിഫിക്കറ്റ് (അതിниട്ടിരിക്കുന്ന പേരായിരിക്കും American PGDM എന്നത്) കൂടി നിങ്ങൾക്ക് നൽകും.

ഭീമമായ ഫീസ്: യൂണിവേഴ്സിറ്റി ഡിഗ്രിയുടെ ഫീസും തങ്ങളുടെ പ്രൈവറ്റ് സർട്ടിഫിക്കറ്റിന്റെ ഫീസും ചേർത്ത് ലക്ഷങ്ങളാണ് ഇവർ വിദ്യാർത്ഥികളിൽ നിന്ന് ഈടാക്കുന്നത്.

ഇന്ത്യയിൽ ഔദ്യോഗികമായി ഡിഗ്രിക്ക് തുല്യമായ PGDM (Post Graduate Diploma in Management) കോഴ്സ് നടത്തണമെങ്കിൽ AICTE (All India Council for Technical Education) അംഗീകാരം നിർബന്ധമാണ്. ഐ.ഐ.എമ്മുകൾ (IIM) ഉൾപ്പെടെയുള്ള മുൻനിര മാനേജ്മെന്റ് സ്ഥാപനങ്ങൾ ഇത്തരം അംഗീകാരമുള്ളവയാണ്. ഈ അംഗീകാരമില്ലാത്ത സ്ഥാപനങ്ങൾ നൽകുന്നവ വെറും പ്രൈവറ്റ് സർട്ടിഫിക്കറ്റ് കോഴ്സുകളായി മാത്രമേ നിയമപരമായി കണക്കാക്കാനാകൂ. ഒരു യഥാർത്ഥ യൂണിവേഴ്സിറ്റിയിൽ നിന്ന് (UGC അംഗീകാരമുള്ള) റെഗുലറായി പഠിച്ചിറങ്ങുന്ന ഡിഗ്രിക്ക് ലഭിക്കുന്ന വില ഇത്തരം ഡിസ്റ്റൻസ് + പ്രൈവറ്റ് സർട്ടിഫിക്കറ്റ് കോഴ്സുകൾക്ക് ലഭിക്കില്ല എന്നതാണ് സത്യം.

4. AI യുഗത്തിലെ പുതിയ ട്രെൻഡുകളും തൊഴിൽ സാധ്യതകളും:

"AI Agentic Automation", "Neuro Digital Marketing" തുടങ്ങിയ അത്യാധുനിക വാക്കുകൾ പരസ്യങ്ങളിൽ നിരത്തി വിദ്യാർത്ഥികളിൽ ഒരു തരം FOMO (Fear Of Missing Out - ഇത് പഠിച്ചില്ലെങ്കിൽ താൻ പിന്നിലായിപ്പോകുമോ എന്ന ഭയം) ഉണ്ടാക്കിയെടുക്കാൻ ഇൻസ്റ്റിറ്റ്യൂട്ടുകൾ ശ്രമിക്കാറുണ്ട്. AI യുഗത്തിൽ ഇത്തരം ടെക്നോളജികൾ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ് എന്നതിൽ സംശയമില്ല. എന്നാൽ അതിനർത്ഥം ലക്ഷങ്ങൾ കൊടുത്ത് ഇത്തരം പ്രൈവറ്റ് ഡിപ്ലോമകൾ ചെയ്താലേ കരിയറിൽ രക്ഷപ്പെടൂ എന്നല്ല.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI), ഡാറ്റാ സയൻസ് തുടങ്ങിയവ അടിസ്ഥാനപരമായി കമ്പ്യൂട്ടർ സയൻസിന്റെയും ഗണിതത്തിന്റെയും ഭാഗമാണ്. വെറുമൊരു ബി.കോം അല്ലെങ്കിൽ ബി.ബി.എ ചെയ്യുന്ന വിദ്യാർത്ഥിക്ക് കുറച്ച് ടൂളുകൾ (ഉദാഹരണത്തിന് ChatGPT, Midjourney പോലുള്ളവ) ഉപയോഗിക്കാൻ പഠിപ്പിക്കുന്നതിനെയാണ് പലപ്പോഴും ഇവർ "AI Automation" എന്ന് വിളിക്കുന്നത്. ഇത് യൂട്യൂബിൽ നിന്നോ അല്ലെങ്കിൽ കോഴ്സേറ (Coursera), യുഡെമി (Udemy) പോലുള്ള പ്ലാറ്റ്‌ഫോമുകളിൽ നിന്ന് വളരെ കുറഞ്ഞ ചിലവിലോ സൗജന്യമായോ ആർക്കും പഠിക്കാവുന്ന സ്കില്ലുകൾ മാത്രമാണ്. അതിനായി ഒരു വലിയ തുക മുടക്കി അടിസ്ഥാനമില്ലാത്ത "ഇന്റഗ്രേറ്റഡ് കോഴ്സുകൾക്ക്" ചേരേണ്ടതില്ല. നിങ്ങളുടെ ഫീൽഡിൽ AI എങ്ങനെ ഉപയോഗിക്കാം എന്ന പ്രാക്ടിക്കൽ അറിവാണ് കമ്പനികൾ നോക്കുന്നത്, അല്ലാതെ അതിൽ ഒരു സ്വകാര്യ സ്ഥാപനം തരുന്ന സർട്ടിഫിക്കറ്റല്ല.

5. പി.എസ്.സി/ UPSC / SSC തൊഴിലുകളും ഉപരിപഠനവും: നാട്ടിലെ യാഥാർത്ഥ്യങ്ങൾ:

വിദ്യാർത്ഥികൾ ഏറ്റവും കൂടുതൽ ശ്രദ്ധിക്കേണ്ടത് കോഴ്സിന് ശേഷം എന്ത് എന്നതിനെക്കുറിച്ചാണ്. നിങ്ങൾ കേരളത്തിലോ ഇന്ത്യയിലോ ഒരു സർക്കാർ ജോലി (PSC, UPSC, Bank Tests) ലക്ഷ്യമിടുന്നുണ്ടെങ്കിൽ, അടിസ്ഥാന യോഗ്യതയായി ചോദിക്കുന്നത് UGC (University Grants Commission) അംഗീകാരമുള്ള ഒരു സർവകലാശാലയിൽ നിന്നുള്ള ബിരുദമാണ്.

നിങ്ങൾ ഇത്തരം സ്വകാര്യ ഇൻസ്റ്റിറ്റ്യൂട്ടുകളിൽ പഠിക്കുമ്പോൾ, അവർ നിങ്ങൾക്ക് ഏത് യൂണിവേഴ്സിറ്റിയുടെ ഡിഗ്രിയാണ് വാങ്ങി നൽകുന്നതെന്ന് കൃത്യമായി അന്വേഷിക്കണം. അത് കേരളത്തിന് പുറത്തുള്ള, അധികം അറിയപ്പെടാത്ത ഏതെങ്കിലും യൂണിവേഴ്സിറ്റിയുടെ ഡിസ്റ്റൻസ് ഡിഗ്രിയാണെങ്കിൽ, ഭാവിയിൽ കേരളത്തിലെ ചില യൂണിവേഴ്സിറ്റികളിൽ പി.ജി ചെയ്യാൻ പോകുമ്പോൾ 'ഇക്വലൻസി സർട്ടിഫിക്കറ്റ്' (Equivalency Certificate) കിട്ടാൻ വലിയ ബുദ്ധിമുട്ട് നേരിട്ടേക്കാം. അക്കാര്യങ്ങൾ അഡ്മിഷൻ എടുക്കുന്നതിന് മുൻപ് തന്നെ ഉറപ്പുവരുത്തണം. നിങ്ങളുടെ ലക്ഷ്യം സർക്കാർ ജോലിയോ നാട്ടിലെ ഉപരിപഠനമോ ആണെങ്കിൽ, മികച്ച കോളേജുകളിൽ റെഗുലറായി ഡിഗ്രി ചെയ്യുന്നതാണ് എപ്പോഴും സുരക്ഷിതം.

6. വിദ്യാർത്ഥികളും രക്ഷിതാക്കളും ചോദിക്കേണ്ട ചോദ്യങ്ങൾ:

ഇത്തരം ഗംഭീരൻ പരസ്യങ്ങൾ കണ്ട് അഡ്മിഷൻ എടുക്കാൻ പോകുന്നതിന് മുൻപ് ഇൻസ്റ്റിറ്റ്യൂട്ട് അധികാരികളോട് താഴെ പറയുന്ന ചോദ്യങ്ങൾ കൃത്യമായി ചോദിച്ചിരിക്കണം:

  1. ഏത് യൂണിവേഴ്സിറ്റിയുടെ ഡിഗ്രിയാണ് നൽകുന്നത്? ആ യൂണിവേഴ്സിറ്റിക്ക് നിലവിൽ UGC അംഗീകാരമുണ്ടോ? ഡിഗ്രി റെഗുലർ ആണോ അതോ ഡിസ്റ്റൻസ് (ODL) ആണോ?

  2. ഫീസ് ഘടന: യൂണിവേഴ്സിറ്റി ഡിഗ്രിക്ക് മാത്രമായി എത്ര രൂപയാണ് ഫീസ് വരുന്നത്? ഇൻസ്റ്റിറ്റ്യൂട്ട് നൽകുന്ന എക്സ്ട്രാ സർട്ടിഫിക്കറ്റിന് എത്ര രൂപയാണ്? (ഇത് ചോദിക്കുമ്പോൾ തന്നെ തട്ടിപ്പിന്റെ ഒരു വലിയ മുഖം വ്യക്തമാകും).

  3. AICTE അംഗീകാരം: നിങ്ങൾ നൽകുന്ന PGDM-ന് ഭാരത സർക്കാരിന്റെ AICTE അംഗീകാരമുണ്ടോ? അതോ വെറുമൊരു സ്കിൽ സർട്ടിഫിക്കറ്റ് മാത്രമാണോ?

  4. അലുമ്‌നി (Alumni): മുൻപ് ഇവിടെ പഠിച്ചിറങ്ങിയ വിദ്യാർത്ഥികളുടെ കോൺടാക്ട് നമ്പർ തരാമോ? എന്ന് ചോദിച്ച് അവരോട് സംസാരിച്ച് പ്ലേസ്മെന്റ് യഥാർത്ഥത്തിൽ നടക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തുക.

പറഞ്ഞ് വന്നത്:

വലിയ വാക്കുകൾ കൊണ്ടും ഡിസൈനുകൾ കൊണ്ടും ആളുകളെ തെറ്റിദ്ധരിപ്പിക്കുന്ന ഒരു കമ്പോളമായി വിദ്യാഭ്യാസ മേഖല മാറിക്കഴിഞ്ഞു. പുതിയ സ്കില്ലുകൾ പഠിക്കുന്നത് എപ്പോഴും നിങ്ങളുടെ കരിയറിന് ഗുണം ചെയ്യും. പ്രത്യേകിച്ച് AI പോലുള്ള മാറ്റങ്ങളെ ഉൾക്കൊണ്ട് മുന്നോട്ട് പോകുന്നതാണ് പുതിയ കാലത്തെ കരിയർ ഗൈഡൻസ്. എന്നാൽ, അടിസ്ഥാനപരമായ ഒരു യൂണിവേഴ്സിറ്റി ബിരുദത്തിന്റെ പ്രാധാന്യം കുറച്ചുകാണരുത്.

നിങ്ങളുടെ ഫൗണ്ടേഷൻ സ്ട്രോങ്ങ് ആയിരിക്കണം. നല്ലൊരു കോളേജിൽ നിന്ന് മികച്ച രീതിയിൽ ഒരു ഡിഗ്രി കരസ്ഥമാക്കുക. ഒപ്പം നിങ്ങളുടെ താല്പര്യത്തിനനുസരിച്ച് ഗ്ലോബൽ പ്ലാറ്റ്‌ഫോമുകളിൽ നിന്ന് (Coursera, EdX etc.) കുറഞ്ഞ ചിലവിൽ ഓൺലൈനായി പുതിയ സ്കില്ലില്ലുകൾ പഠിച്ചെടുക്കുക. അതാണ് യഥാർത്ഥ "സ്മാർട്ട്" വിദ്യാഭ്യാസം. പരസ്യങ്ങളിലെ പകിട്ട് കണ്ട് നിങ്ങളുടെ പണവും വിലപ്പെട്ട സമയവും പാഴാക്കാതിരിക്കുക. യാഥാർത്ഥ്യബോധത്തോടെ ചിന്തിക്കുക, കൃത്യമായ അന്വേഷണങ്ങളിലൂടെ മാത്രം നിങ്ങളുടെ കരിയർ തീരുമാനങ്ങൾ എടുക്കുക.

 


Article By: Mujeebulla K.M
CIGI Career Team



Comments (0)

Write a Comment

Thank you for showing an interest in CIGI. You can reach out to us through multiple ways

For career counseling and other Appointments - Book Now

Whatsapp or call us for any query