×
02 June 2026
0

അലൈഡ് ഹെൽത്ത് (പഴയ പാരാമെഡിക്കൽ) കോഴ്സുകൾ പഠിക്കാൻ ഒരുങ്ങുകയാണോ? ഫ്രാഞ്ചൈസികളും സബ് സെൻ്ററുകളും ഒരുക്കുന്ന ചതിക്കുഴികൾ അറിയാതെ പോകരുത്!

പ്രിയപ്പെട്ട രക്ഷിതാക്കളെ, വിദ്യാർത്ഥികളെ...

മുൻപൊക്കെ പ്ലസ് ടു സയൻസ് കഴിയുമ്പോൾ എം.ബി.ബി.എസ് (MBBS) അല്ലെങ്കിൽ ബി.ഡി.എസ് (BDS) എന്നതായിരുന്നു മിക്ക കുട്ടികളുടെയും സ്വപ്നം. എന്നാൽ ഇന്ന് കാലം മാറി. പുതിയ തലമുറയുടെ കരിയർ സങ്കൽപ്പങ്ങളും ഏറെ മാറിയിരിക്കുന്നു. ഇന്ന് ഏറ്റവും കൂടുതൽ തൊഴിൽ സാധ്യതകളുള്ള, കുട്ടികൾ ഏറ്റവും കൂടുതൽ അന്വേഷിക്കുന്ന ഒരു മേഖലയാണ് അലൈഡ് ഹെൽത്ത് സയൻസ് അഥവാ പാരാമെഡിക്കൽ കോഴ്സുകൾ. ബി.എസ്.സി നഴ്സിംഗ് മുതൽ മെഡിക്കൽ ലബോറട്ടറി ടെക്നോളജി (MLT), ഒപ്റ്റോമെട്രി, ഫിസിയോതെറാപ്പി, റേഡിയോളജി തുടങ്ങി അനവധി കോഴ്സുകൾ നമ്മുടെ മുന്നിലുണ്ട്. പഠിച്ചിറങ്ങിയാൽ നാട്ടിലായാലും ഗൾഫ് ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിലായാലും മികച്ച ശമ്പളത്തിൽ ജോലി കിട്ടുമെന്നതാണ് ഇതിൻ്റെ ഏറ്റവും വലിയ ആകർഷണം.

എന്നാൽ, കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലേറെയായി വിദ്യാഭ്യാസ കരിയർ മാർഗ്ഗനിർദ്ദേശ രംഗത്തെ മാറ്റങ്ങളെയും ശരിതെറ്റുകളെയും ഏറ്റവും അടുത്തറിയുന്ന ഒരാളെന്ന നിലയിൽ വളരെ സങ്കടത്തോടെ കാണുന്ന ഒരു കാര്യമുണ്ട്. ഈ തൊഴിൽ സാധ്യതകളെ ചൂഷണം ചെയ്യാൻ നമ്മുടെ നാട്ടിൽ ഇന്ന് കൂണുപോലെ മുളച്ചുപൊന്തുന്ന വ്യാജ സ്ഥാപനങ്ങളാണത്. വിദ്യാർത്ഥികളുടെ ഭാവിയും രക്ഷിതാക്കളുടെ വിയർപ്പിൻ്റെ വിലയായ ലക്ഷക്കണക്കിന് രൂപയും ഒറ്റയടിക്ക് ഇല്ലാതാക്കുന്ന വലിയൊരു മാഫിയ തന്നെ ഇന്ന് ഈ രംഗത്ത് സജീവമാണ്. ഒരു വാടക കെട്ടിടവും, വലിയൊരു ബോർഡും, കാണാൻ നല്ല ഭംഗിയുള്ള ബ്രോഷറുകളുമാകും ഇവരുടെ മൂലധനം. ഇവരെ കണ്ണടച്ച് വിശ്വസിക്കുന്നതിന് മുൻപ് ചില യാഥാർത്ഥ്യങ്ങൾ നമ്മൾ അറിഞ്ഞേ മതിയാകൂ.

എന്താണ് ഈ ഫ്രാഞ്ചൈസി തട്ടിപ്പ്:

"പഠനത്തോടൊപ്പം ജോലി", "100% വിദേശ പ്ലേസ്മെൻ്റ്", "എളുപ്പത്തിൽ പാസാകാം" എന്നൊക്കെയുള്ള പരസ്യങ്ങൾ കാണുമ്പോൾ ആരായാലും ഒന്ന് ആകർഷിക്കപ്പെടും. കർണാടക, തെലങ്കാന, യു.പി, എം.പി എന്നിവിടങ്ങളിലെ ഏതോ സർവ്വകലാശാലകളുടെ ഫ്രാഞ്ചൈസികൾ എന്ന പേരിൽ കേരളത്തിലെ മുക്കിനുമുക്കിൽ പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ടുകൾ നടത്തുന്ന വിദ്യാഭ്യാസ കച്ചവടമാണിത്.

കുട്ടികൾ ഇവിടെ ഫീസ് നൽകി പഠിക്കുന്നു, പേരിന് മാത്രം എന്തെങ്കിലുമൊക്കെ പ്രാക്ടിക്കൽ ചെയ്യും, ഒടുവിൽ പഠനം പൂർത്തിയാകുമ്പോൾ അന്യസംസ്ഥാനത്തെ യൂണിവേഴ്സിറ്റിയുടെ ഒരു സർട്ടിഫിക്കറ്റും കയ്യിൽ കിട്ടും. കാണാൻ നല്ല അസ്സൽ സർട്ടിഫിക്കറ്റ്! എന്നാൽ ഒരു പി.എസ്.സി (PSC) ജോലിക്ക് അപേക്ഷിക്കാൻ ചെല്ലുമ്പോഴോ, വിദേശത്തേക്ക് പോകാൻ ശ്രമിക്കുമ്പോഴോ ആയിരിക്കും തങ്ങൾ എത്രത്തോളം വഞ്ചിക്കപ്പെട്ടു എന്ന് ആ പാവം കുട്ടികൾ തിരിച്ചറിയുന്നത്.

തട്ടിപ്പിൻ്റെ പുതിയ മുഖം: "അഫിലിയേറ്റഡ് കോളേജുകളുടെ സബ് സെൻ്റർ":

നേരിട്ട് യൂണിവേഴ്സിറ്റിയുടെ ഫ്രാഞ്ചൈസിയാണെന്ന് പറഞ്ഞാൽ നിയമപ്രശ്നം വരുമെന്നും കുട്ടികൾ തട്ടിപ്പ് കണ്ടുപിടിക്കുമെന്നും മനസ്സിലാകുമ്പോൾ ഇവർ ഇറക്കുന്ന മറ്റൊരു വലിയ നുണയാണ്, "ഞങ്ങൾ അന്യസംസ്ഥാനത്തെ ഇന്ന സർവ്വകലാശാലയുടെ കീഴിലുള്ള പ്രശസ്തമായ ഇന്ന കോളേജിൻ്റെ സബ് സെൻ്റർ (Sub-center) അല്ലെങ്കിൽ എക്സ്റ്റൻഷൻ സെൻ്റർ ആണ്" എന്നത്. കേൾക്കുമ്പോൾ രക്ഷിതാക്കൾക്കും കുട്ടികൾക്കും വളരെ വിശ്വസനീയമാണെന്ന് തോന്നും. പക്ഷേ ഇതിലെ നിയമപരമായ യാഥാർത്ഥ്യം എന്താണ്?

ഇന്ത്യയിലെ ഒരു സർവ്വകലാശാലയും തങ്ങളുടെ കീഴിലുള്ള അഫിലിയേറ്റഡ് കോളേജുകൾക്ക് മറ്റ് സംസ്ഥാനങ്ങളിലോ നഗരങ്ങളിലോ 'സബ് സെൻ്ററുകൾ' തുടങ്ങാൻ അനുമതി നൽകുന്നില്ല എന്നതാണ് പച്ചയായ സത്യം. ഒരു കോളേജിന് യൂണിവേഴ്സിറ്റി അഫിലിയേഷൻ നൽകുന്നത് അവരുടെ ആ പ്രത്യേക സ്ഥലത്തുള്ള കെട്ടിടം, ലൈബ്രറി, ലാബ് സൗകര്യങ്ങൾ, സ്വന്തം ആശുപത്രി, അധ്യാപകർ എന്നിവ നേരിട്ട് വന്ന് പരിശോധിച്ച് ബോധ്യപ്പെട്ടതിന് ശേഷമാണ്. അല്ലാതെ ആ കോളേജിൻ്റെ മാനേജ്മെൻ്റിന് എവിടെ വേണമെങ്കിലും വാടക കെട്ടിടമെടുത്തു ക്ലാസ്സ് നടത്താനുള്ള ലൈസൻസല്ല നൽകുന്നത്. മംഗലാപുരത്തോ ബാംഗ്ലൂരിലോ ഉള്ള ഒരു കോളേജിന് കൊച്ചിയിലോ കോഴിക്കോട്ടോ ഒരു വാടക കെട്ടിടമെടുത്ത് "ഇത് ഞങ്ങളുടെ സബ് സെൻ്റർ ആണ്, ഇവിടെ പഠിച്ചാലും ഞങ്ങളുടെ മെയിൻ ക്യാമ്പസിലെ സർട്ടിഫിക്കറ്റ് തരാം" എന്ന് പറയാൻ നിയമപരമായി യാതൊരു അവകാശവുമില്ല.

ഇവിടെ നടക്കുന്ന യഥാർത്ഥ തട്ടിപ്പ് വളരെ വലുതാണ്. കുട്ടികളെ കേരളത്തിലെ വാടക കെട്ടിടത്തിൽ പഠിപ്പിക്കുകയും, യൂണിവേഴ്സിറ്റിയിൽ രജിസ്റ്റർ ചെയ്യുന്ന സമയത്ത് ഈ കുട്ടികൾ മംഗലാപുരത്തെയോ യു.പിയിലെയോ മെയിൻ ക്യാമ്പസിൽ നേരിട്ട് പോയി പഠിക്കുന്ന കുട്ടികളാണെന്ന് കാണിച്ച് വ്യാജരേഖകൾ ഉണ്ടാക്കുകയുമാണ് ഇവർ ചെയ്യുന്നത്. എപ്പോഴെങ്കിലും യൂണിവേഴ്സിറ്റിയിൽ നിന്നോ കൗൺസിലിൽ നിന്നോ മെയിൻ ക്യാമ്പസിൽ ഒരു മിന്നൽ പരിശോധന നടന്നാൽ, അവിടെ ഇല്ലാത്ത ഈ കുട്ടികളുടെ അഡ്മിഷൻ ഒന്നാകെ റദ്ദാക്കപ്പെടും.

അംഗീകാരങ്ങളുടെ യഥാർത്ഥ മുഖം: നമ്മൾ അറിയേണ്ടത്:

ഈ ഫ്രാഞ്ചൈസികളും സബ് സെൻ്ററുകളും അവകാശപ്പെടുന്ന അംഗീകാരങ്ങൾക്ക് പിന്നിലെ സത്യാവസ്ഥ എന്താണെന്ന് ലളിതമായി നോക്കാം:

കേരള ആരോഗ്യ സർവ്വകലാശാലയുടെയോ (KUHS) ഡി.എം.ഇയുടെയോ (DME) അംഗീകാരം ഇവർക്കുണ്ടോ: ഒറ്റവാക്കിൽ പറയാം: ഇല്ല. കേരളത്തിൽ ഒരു മെഡിക്കൽ/പാരാമെഡിക്കൽ സ്ഥാപനം പ്രവർത്തിക്കണമെങ്കിൽ KUHS അഫിലിയേഷൻ നിർബന്ധമാണ്. വിശാലമായ ക്യാമ്പസ്, സ്വന്തമായി 150 മുതൽ 300 വരെ കിടക്കകളുള്ള ആശുപത്രി, യോഗ്യതയുള്ള പ്രൊഫസർമാർ എന്നിവയൊക്കെ ഉറപ്പുവരുത്തിയ ശേഷം മാത്രമേ KUHS അംഗീകാരം നൽകൂ. അതുപോലെ ഡിപ്ലോമ കോഴ്സുകൾക്ക് DME അല്ലെങ്കിൽ കേരള പാരാമെഡിക്കൽ കൗൺസിലിൻ്റെ അംഗീകാരം വേണം. അന്യസംസ്ഥാന സർവ്വകലാശാലകളുടെ പേരിലുള്ള ഈ വാടകക്കെട്ടിട സെൻ്ററുകൾക്ക് ഈ പറയുന്ന യാതൊരു അംഗീകാരവുമില്ല.

യു.ജി.സി (UGC) നിയമം പറയുന്നത് എന്ത്: ഇന്ത്യയിലെ യൂണിവേഴ്സിറ്റികളെ നിയന്ത്രിക്കുന്ന യു.ജി.സി നിയമം വളരെ വ്യക്തമാണ്. ഒരു സംസ്ഥാനത്തെ യൂണിവേഴ്സിറ്റിക്ക് (പ്രത്യേകിച്ച് പ്രൈവറ്റ് യൂണിവേഴ്സിറ്റികൾക്ക്) മറ്റൊരു സംസ്ഥാനത്ത് വന്ന് ഓഫ്-ക്യാമ്പസ് സെൻ്ററുകളോ ഫ്രാഞ്ചൈസികളോ തുടങ്ങാൻ യാതൊരു അധികാരവുമില്ല. ഇത് യു.ജി.സി നിയമങ്ങളുടെ പച്ചയായ ലംഘനമാണ്.

പി.എസ്.സി (PSC) അംഗീകരിക്കുമോ? സർക്കാർ ജോലി കിട്ടുമോ: ലക്ഷങ്ങൾ മുടക്കി ഒരു കോഴ്സ് പഠിക്കുന്നത് എന്തിനാണ്? നല്ലൊരു ജോലി നേടാൻ. എന്നാൽ ഈ കോഴ്സുകൾ പഠിച്ചാൽ കേരളത്തിൽ ഒരു സർക്കാർ ജോലിക്കും അപേക്ഷിക്കാൻ കഴിയില്ല. PSC വഴി ജോലി ലഭിക്കണമെങ്കിൽ നിങ്ങൾ പഠിച്ച സർട്ടിഫിക്കറ്റിന് കേരളത്തിലെ സർവ്വകലാശാലകളുടെ 'തുല്യതാ സർട്ടിഫിക്കറ്റ് (Equivalency)' ആവശ്യമാണ്. അനധികൃതമായി പ്രവർത്തിക്കുന്ന ഈ സെൻ്ററുകളുടെ സർട്ടിഫിക്കറ്റിന് കേരളത്തിലെ ഒരു യൂണിവേഴ്സിറ്റിയും തുല്യത നൽകില്ല.

NCAHP നിയമവും പ്രാക്ടിക്കലും: Allied Health വിദ്യാഭ്യാസ രംഗത്തെ ചൂഷണങ്ങൾ തടയാൻ കേന്ദ്ര സർക്കാർ കൊണ്ടുവന്ന നിയമമാണ് NCAHP ആക്ട്. ഈ നിയമപ്രകാരം പാരാമെഡിക്കൽ കോഴ്സുകൾ വിദൂര വിദ്യാഭ്യാസം (Distance Education) വഴിയോ ഫ്രാഞ്ചൈസികൾ വഴിയോ നടത്താൻ പാടില്ല. ഒരു നഴ്സോ ലാബ് ടെക്നീഷ്യനോ ഫിസിയോതെറാപ്പിസ്റ്റോ ആകേണ്ട കുട്ടി യഥാർത്ഥ രോഗികളെ നേരിട്ട് കണ്ടും ഉപകരണങ്ങൾ ഉപയോഗിച്ചും പരിശീലിക്കണം. വലിയ ആശുപത്രികൾ സ്വന്തമായി ഇല്ലാത്ത ഈ ചെറിയ സ്ഥാപനങ്ങൾക്ക് എങ്ങനെയാണ് മികച്ച ക്ലിനിക്കൽ ട്രെയിനിങ് നൽകാൻ കഴിയുക?

വിദേശത്ത് പോകാമെന്ന മോഹം: ഡാറ്റാ ഫ്ലോ (Dataflow) എന്ന കടമ്പ:

പല കുട്ടികളും ഈ കോഴ്സുകൾ തിരഞ്ഞെടുക്കുന്നത് ഗൾഫ് രാജ്യങ്ങളിൽ പോയി സെറ്റിലാകാം എന്നാഗ്രഹിച്ചാണ്. എന്നാൽ അവിടെയും ഈ സബ് സെൻ്റർ വിദ്യാഭ്യാസം വലിയൊരു ചതിക്കുഴിയായി മാറുന്നു.

ഗൾഫിൽ ആരോഗ്യ മേഖലയിൽ ജോലി ചെയ്യണമെങ്കിൽ DHA, MOH, Prometric തുടങ്ങിയ പരീക്ഷകൾ പാസാകണം. ഇതിന് മുൻപായി നിങ്ങളുടെ സർട്ടിഫിക്കറ്റുകൾ ഒറിജിനൽ ആണോ എന്ന് അവർ സൂക്ഷ്മമായി പരിശോധിക്കും. ഇതിനെയാണ് 'ഡാറ്റാ ഫ്ലോ (Dataflow)' എന്ന് പറയുന്നത്. അവർ നിങ്ങൾ പഠിച്ച യൂണിവേഴ്സിറ്റിയുമായി നേരിട്ട് ബന്ധപ്പെടും. നിങ്ങൾ പഠിച്ചത് മെയിൻ ക്യാമ്പസിലല്ല, മറിച്ച് കേരളത്തിലെ ഒരു സബ് സെൻ്ററിലാണെന്ന് അറിയുന്ന നിമിഷം ആ സർട്ടിഫിക്കറ്റ് അവർ വലിച്ചെറിയും. കാരണം, ലോകത്തൊരു രാജ്യവും റെഗുലർ അല്ലാത്ത മെഡിക്കൽ സർട്ടിഫിക്കറ്റുകൾ അംഗീകരിക്കില്ല. പോരാത്തതിന്, വ്യാജരേഖ ചമച്ചതിന് ഒരുപക്ഷെ നിങ്ങളെ കരിമ്പട്ടികയിൽ (Blacklist) ഉൾപ്പെടുത്താനും സാധ്യതയുണ്ട്. പിന്നെ ജീവിതത്തിൽ ഒരിക്കലും നിങ്ങൾക്ക് വിദേശത്ത് പോകാൻ കഴിഞ്ഞെന്ന് വരില്ല.

കൂടാതെ, കോഴ്സുകളുടെ പേരിലും തട്ടിപ്പുകൾ നടക്കുന്നുണ്ട്. സർക്കാർ നൽകുന്ന 2 വർഷത്തെ DMLT കോഴ്സിന് പകരം ഒരു വർഷത്തെ ചെറിയ സർട്ടിഫിക്കറ്റ് കോഴ്സ് നൽകി ചിലർ കുട്ടികളെ കബളിപ്പിക്കാറുണ്ട്. അതുപോലെ ബി.വോക് (B.Voc) എന്ന പേരിലും ഇന്ന് ധാരാളം കോഴ്സുകൾ നടക്കുന്നുണ്ട്. നൈപുണ്യ വികസനത്തിന് ബി.വോക് നല്ലതാണെങ്കിലും, പല മെഡിക്കൽ കൗൺസിലുകളും ഇതിന് കൃത്യമായ അംഗീകാരം നൽകിയിട്ടില്ല എന്നത് നമ്മൾ ഓർക്കണം. BSc പേരിട്ടും ഈ നൈപുണി കോഴ്സ് നടത്തുന്നുണ്ട്.

യഥാർത്ഥ സ്ഥാപനങ്ങളെ എങ്ങനെ കണ്ടെത്താം? ഒരു ചെക്ക്-ലിസ്റ്റ്:

നിങ്ങളോ നിങ്ങളുടെ പ്രിയപ്പെട്ടവരോ അലൈഡ് ഹെൽത്ത് കോഴ്സ് പഠിക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ, അഡ്മിഷൻ എടുക്കുന്നതിന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കുക:

  1. മെയിൻ ക്യാമ്പസിൽ പോയി പഠിക്കുക: അന്യസംസ്ഥാനങ്ങളിലെ നല്ല യൂണിവേഴ്സിറ്റികളിൽ നേരിട്ട് പോയി (Main Campus) റെഗുലർ ആയി അഡ്മിഷൻ എടുത്ത് പഠിക്കുന്നതിൽ യാതൊരു തെറ്റുമില്ല. എന്നാൽ അവരുടെ പേരിൽ കേരളത്തിൽ നടക്കുന്ന സബ് സെൻ്ററുകളിലോ ഫ്രാഞ്ചൈസികളിലോ ഒരിക്കലും ചേരരുത്.

  2. വെബ്സൈറ്റ് നോക്കാൻ മടിക്കരുത്: കേരളത്തിലാണ് പഠിക്കുന്നതെങ്കിൽ, കോളേജ് പറയുന്ന സർവ്വകലാശാലയുടെയോ ബോർഡിൻ്റെയോ (KUHS, DME) വെബ്സൈറ്റിൽ കയറി നോക്കുക. അഫിലിയേറ്റഡ് കോളേജുകളുടെ ലിസ്റ്റിൽ ഇവരുടെ പേരുണ്ടോ എന്ന് സ്വയം ഉറപ്പുവരുത്തുക.

  3. നേരിട്ട് സന്ദർശിക്കുക: പരസ്യങ്ങളിലെ ഭംഗി കണ്ട് മയങ്ങാതെ, കോളേജിൽ നേരിട്ട് പോയി അവിടുത്തെ ലാബുകളും പഠനസൗകര്യങ്ങളും ആശുപത്രി സംവിധാനങ്ങളും കാണുക.

  4. പഴയ ബാച്ച് കുട്ടികളോട് സംസാരിക്കുക (Alumni): ആ കോളേജിൽ പഠിക്കുന്നവരോടോ പഠിച്ചിറങ്ങിയവരോടോ സംസാരിച്ചാൽ അവിടുത്തെ യഥാർത്ഥ അവസ്ഥയും പ്ലേസ്മെൻ്റിൻ്റെ സത്യാവസ്ഥയും നിങ്ങൾക്ക് കൃത്യമായി മനസ്സിലാകും.

ഒരു ഓർമ്മപ്പെടുത്തൽ:

കരിയർ ഗൈഡൻസ് എന്നത് വെറുമൊരു ബിസിനസ്സല്ല; അതൊരു വലിയ സാമൂഹിക പ്രതിബദ്ധതയാണ്, ഒരു സേവനമാണ്. ഓരോ കുട്ടിയുടെയും അഭിരുചി മനസ്സിലാക്കി, തികച്ചും ശാസ്ത്രീയമായ രീതിയിൽ വേണം അവരെ വഴിനയിക്കാൻ. DMIT പോലുള്ള അശാസ്ത്രീയമായ ടൂളുകൾ ഉപയോഗിച്ചും, കമ്മീഷൻ കിട്ടാൻ വേണ്ടി തട്ടിപ്പ് സ്ഥാപനങ്ങളിലേക്ക് കുട്ടികളെ തള്ളിവിടുന്ന ഏർപ്പാടും ഇന്ന് വ്യാപകമാണ്. ഇതിനെതിരെ നമ്മൾ ജാഗ്രത പാലിച്ചേ മതിയാകൂ.

ഒരു ആരോഗ്യ പ്രവർത്തകനാകുക എന്നത് വലിയൊരു ഉത്തരവാദിത്തമാണ്. മനുഷ്യൻ്റെ ജീവനുമായി ബന്ധപ്പെട്ട കാര്യങ്ങളാണത്. ശരിയായ അടിസ്ഥാന സൗകര്യങ്ങളോ യഥാർത്ഥ പരിശീലനമോ ഇല്ലാതെ കുറുക്കുവഴികളിലൂടെ സർട്ടിഫിക്കറ്റ് നേടുന്നത് ആ കുട്ടിയുടെ ഭാവിയെ മാത്രമല്ല, നമ്മുടെ സമൂഹത്തിൻ്റെ ആരോഗ്യത്തെ കൂടി അപകടത്തിലാക്കും. അതിനാൽ, വാഗ്ദാനങ്ങളിൽ മയങ്ങാതെ, "സബ് സെൻ്റർ", "ഓഫ് ക്യാമ്പസ്" എന്നൊക്കെയുള്ള വ്യാജ പേരുകൾ തിരിച്ചറിഞ്ഞ്, കൃത്യമായി അന്വേഷിച്ച് നല്ല സ്ഥാപനങ്ങളിൽ മെയിൻ ക്യാമ്പസിൽ മാത്രം പഠിക്കുക.

നിങ്ങളുടെ സ്വപ്നങ്ങളും കരിയറും സുരക്ഷിതമായിരിക്കട്ടെ!

Article By: Mujeebulla K.M
CIGI Career Team



Comments (0)

Write a Comment

Thank you for showing an interest in CIGI. You can reach out to us through multiple ways

For career counseling and other Appointments - Book Now

Whatsapp or call us for any query