
ആർട്സ് വിഷയങ്ങൾ തേർഡ് ക്ലാസല്ല.
പ്ലസ്ടു കഴിഞ്ഞാൽ ബിഎ കോഴ്സിന് ചേരുകയാണെന്ന് പറഞ്ഞാൽ പലരും നെറ്റി ചുളിക്കുന്നു. മൂന്നാം ക്ലാസ് ബിരുദ കോഴ്സുകളായാണ് ഇന്നത്തെ പൊതുസമൂഹം BA കോഴ്സിനെ കാണുന്നത്. എന്നാൽ ഒന്നാം ക്ലാസ് പദവിയാണ് ഹുമാനിറ്റീസ് ബിരുദങ്ങൾക്കുള്ളത് എന്ന് അറിയുമ്പോഴാണ് ദൽഹിയിലെയും ഇന്ത്യയിലെ വിവിധ ഭാഗങ്ങളിലെയും പ്രീമിയർ സ്ഥാപനങ്ങളിൽ അഡ്മിഷൻ കിട്ടാൻ ആൾക്കാൾ നെട്ടോട്ടമോടുന്നത്.
ഇവിടെ ചില ആർട്സ് ബിരുദങ്ങളെ പരിചയപ്പെടുത്താം.
▪️ബി എ അറബിക്:
അറബി ഭാഷയുടെ ചരിത്രം ഉപയോഗം സംസ്കാരം എന്നിവയടങ്ങുന്ന മൂന്നുവർഷത്തെ ബിരുദ കോഴ്സ് ആണ് ബി എ അറബിക്. ഇതിൽ അറേബ്യൻ സമൂഹം, പദ്യം, ഗദ്യം, നാടകം, നോവലുകൾ, വ്യാകരണം, പ്രാദേശികഭാഷകൾ എന്നിവയെല്ലാം ഉൾപ്പെടുന്ന അറേബ്യൻ സാഹിത്യം ആണ് പ്രധാനമായും പഠിക്കുന്നത്. ബി എ അറബിക് കഴിഞ്ഞതിനുശേഷം ആവശ്യമായ മറ്റു കോഴ്സുകൾ കൂടി കഴിഞ്ഞാൽ അറേബ്യൻ മീഡിയ രംഗത്തും അധ്യാപന മേഖലയിലും അതുപോലെ ജിസിസി രാജ്യങ്ങളിലെ ഗവൺമെന്റ് പ്രൈവറ്റ് മേഖലകളിലും ഒരുപാട് തൊഴിൽ അവസരങ്ങളി ലേക്ക് അപേക്ഷിക്കാവുന്നതാണ്.
▪️ബി എ ഇംഗ്ലീഷ്:
ഇംഗ്ലീഷ് എന്ന ഭാഷയെ കുറിച്ചുള്ള വളരെ ആഴത്തിലുള്ള മൂന്നുവർഷത്തെ ബിരുദ പഠനം ആണ് ബിഎ ഇംഗ്ലീഷ്. ഇതിൽ പ്രധാനമായും ഇംഗ്ലീഷ് ഭാഷയിലുള്ള പരിജ്ഞാനം ഇംഗ്ലീഷ് ഭാഷയിലുള്ള കഥകൾ, കവിതകൾ, നോവലുകൾ നാടകങ്ങൾ, തുടങ്ങിയ സാഹിത്യങ്ങൾ, ഇംഗ്ലീഷ് ഭാഷയിൽ എഴുതാനും സംസാരിക്കാനും ഉള്ള കഴിവുകൾ മെച്ചപ്പെടുത്തൽ തുടങ്ങിയവയും അതുമായി ബന്ധപ്പെട്ട വിഷയങ്ങളും ആണ് പ്രധാനമായും പഠിക്കാനുള്ളത്. ബി എ ഇംഗ്ലീഷ് ബിരുദം പൂർത്തിയാക്കിയാൽ അധ്യാപന മേഖലയിലും മീഡിയ, അഡ്വെർടൈസ്മെന്റ്, പബ്ലിഷിംഗ് പോലുള്ള മേഖലയിലും തിളങ്ങാവുന്നതാണ്. ബിഎ ഇംഗ്ലീഷ് കഴിഞ്ഞവർക്ക് മാധ്യമരംഗത്ത് അനവധി അവസരങ്ങൾ ഉണ്ട്. ബി എ ഇംഗ്ലീഷിനു ശേഷം ഓരോരുത്തർക്കും ആവശ്യമായ കരിയറിലേക്ക് പോകുന്നതിനാവശ്യമായ പലതരത്തിലുള്ള പിജി ഡിപ്ലോമ കോഴ്സുകൾ തെരഞ്ഞെടുക്കാവുന്നതാണ്.
▪️ബിഎ ഹിന്ദി:
ഹിന്ദി ഭാഷയിലും സാഹിത്യത്തിലും താല്പര്യമുള്ള വിദ്യാർഥികൾക്ക് തെരഞ്ഞെടുക്കാവുന്ന മൂന്നു വർഷത്തെ ബിരുദ കോഴ്സാണ് ബിഎ ഹിന്ദി. ഹിന്ദി ഭാഷയുടെ ഭാഷാശാസ്ത്രം, വ്യാകരണം, ഹിന്ദി സാഹിത്യത്തിലെ കഥകൾ, കവിതകൾ, നോവലുകൾ എന്നിവയുടെ വിശകലനങ്ങൾ തുടങ്ങിയവയെല്ലാം ബിഎ ഹിന്ദി കോഴ്സിന്റെ സിലബസിൽ ഉൾപ്പെടുന്നു. ബിഎ ഹിന്ദി കോഴ്സ് പൂർത്തിയാക്കിയതിനു ശേഷം ആവശ്യമായ മറ്റു യോഗ്യതകൾ കൂടി നേടിയാൽ അധ്യാപനം മാധ്യമപ്രവർത്തനം പോലുള്ള മേഖലകളിൽ ജോലി നോക്കാവുന്നതാണ്.
▪️ബി എ മലയാളം:
മലയാള ഭാഷയുടെ തുടക്കം, ചരിത്രം, ഭാഷാശാസ്ത്രം, മലയാള ഭാഷയിലുള്ള കഥകൾ, കവിതകൾ, നോവലുകൾ തുടങ്ങിയവയുടെ പഠനങ്ങൾ എന്നിവ ഉൾക്കൊള്ളുന്ന മൂന്നുവർഷത്തെ ബിരുദപഠനം ആണ് ബി എ മലയാളം. ബിരുദ പഠനത്തിനുശേഷം സ്കൂളുകളിലും കോളേജുകളിലും അധ്യാപകവൃത്തിക്ക് വേണ്ട മറ്റു യോഗ്യതകൾ കൂടി നേടിയാൽ സ്കൂൾ കോളേജ് തലങ്ങളിൽ അധ്യാപക ജോലിയിൽ ഏർപ്പെടാവുന്നതാണ്. അതേസമയം ബിരുദ പഠനത്തിനുശേഷം ജേർണലിസം മാസ് മീഡിയ കമ്മ്യൂണിക്കേഷൻ പോലുള്ള വിഷയങ്ങളിൽ പിജി ഡിപ്ലോമ നേടിയതിനുശേഷം ടിവി പത്ര മാധ്യമ രംഗങ്ങളിൽ ജോലി നോക്കാവുന്നതാണ്.
▪️ബി എ ഫ്രഞ്ച്
ഇംഗ്ലീഷിനോടൊപ്പം യുണൈറ്റഡ് നേഷൻസ് ഔദ്യോഗിക ഭാഷയായി ആയി അംഗീകരിച്ചിട്ടുള്ള ഭാഷയാണ് ഫ്രഞ്ച്. അമ്പതിലധികം രാജ്യങ്ങളിൽ ഫ്രഞ്ച് ഭാഷ സംസാരിക്കുന്നു. ഇന്ത്യയിലെയും വിദേശത്തെയും കോളേജുകൾ, യൂനിവേഴ്സിറ്റികൾ, പ്രൈവറ്റ് കോച്ചിംഗ് സെന്ററുകൾ, ഫ്രാൻസിൽ ഉള്ള മറ്റു രാജ്യങ്ങളുടെ എംബസികൾ, വിവിധ രാജ്യങ്ങളിൽ ഉള്ള ഫ്രഞ്ച് എംബസികൾ, ട്രാൻസ്ലേഷൻ ഓഫീസുകൾ, ടൂറിസം മേഖല, ഫ്രഞ്ച് മാധ്യമ സ്ഥാപനങ്ങൾ, എഡ്യൂക്കേഷൻ കൺസൾട്ടൻസികൾ പോലുള്ള മേഖലകളിലും വളരെയധികം തൊഴിൽ സാധ്യതയുള്ള മൂന്നുവർഷത്തെ ബിരുദ കോഴ്സാണ് ബിഎ ഫ്രഞ്ച്. പ്രധാനമായും ഫ്രഞ്ച് ഭാഷയിലെ അടിസ്ഥാനപരമായതും അഡ്വാൻസ്ഡ് ആയിട്ടുള്ളതുമായ ആശയവിനിമയം, ഫ്രഞ്ച് സാഹിത്യം, സിവിലൈസേഷൻ പോലുള്ള കാര്യങ്ങളാണ് ബിഎ ഫ്രഞ്ച് കോഴ്സിൽ പഠിക്കാനുള്ളത്.
▪️ബിഎ ജർമൻ:
ജർമ്മൻ ഭാഷയുടെ വ്യാകരണം ആശയവിനിമയം തുടങ്ങി ജർമ്മൻ സാഹിത്യത്തിലെ കഥകൾ കവിതകൾ നോവലുകൾ വരെ പഠനവിധേയമാക്കുന്ന മൂന്നു വർഷത്തെ ബിരുദ കോഴ്സ് ആണ് ബിഎ ജർമൻ. ജർമൻ ഒരു ഭാഷയായി പൂർത്തീകരിച്ചിട്ടുള്ള പ്ലസ് ടു വോ അതിനു തത്തുല്യമായ കോഴ്സോ ആണ് ഇതിലേക്ക് പ്രവേശനത്തിന് വേണ്ട യോഗ്യത. ജർമൻ ഭാഷ പഠിപ്പിക്കുന്ന സ്കൂളുകൾ, കോളേജുകൾ, പ്രൈവറ്റ് കോച്ചിംഗ് സെന്ററുകൾ, വിവിധ രാജ്യങ്ങളിൽ ഉള്ള ജർമ്മൻ എംബസികൾ, ജർമ്മനിയിൽ ഉള്ള വിവിധ രാജ്യങ്ങളുടെ എംബസികൾ, ജർമൻ മാധ്യമസ്ഥാപനങ്ങൾ എന്നിവിടങ്ങളിലെല്ലാം ബി എ ജർമൻ കോഴ്സ് കഴിഞ്ഞവർക്ക് തൊഴിലവസരങ്ങൾ ഉണ്ട്.
▪️ബി എ ഉർദു
ദക്ഷിണേഷ്യയിൽ വളരെ അധികം ഉപയോഗിക്കപ്പെടുന്നതും ഇന്ത്യയിൽ വളരെ പ്രശസ്തമായതുമായ ഒരു ഭാഷയാണ് ഉറുദു. ഉറുദു സാഹിത്യത്തിലെ കഥകൾ കവിതകൾ നാടകങ്ങൾ നോവലുകൾ ഉറുദു ഭാഷയുടെ വ്യാകരണം ആശയവിനിമയം തുടങ്ങിയവയെല്ലാം ഉൾപ്പെടുന്ന മൂന്നുവർഷത്തെ ബിരുദ കോഴ്സാണ് ബിഎ ഉറുദു. ഉറുദു ഭാഷ പഠിപ്പിക്കുന്ന സ്കൂളുകൾ കോളേജുകൾ, ട്രാൻസിലേഷൻ, ടിവി പത്രം മാധ്യമ സ്ഥാപനങ്ങൾ പോലുള്ള മേഖലകളിൽ ബിഎ ഉറുദു കഴിഞ്ഞവർക്ക് നിരവധി തൊഴിലവസരങ്ങൾ ഉണ്ട്.
▪️ബിഎ തമിഴ്.
തമിഴ് സാഹിത്യവും തമിഴ് ഭാഷയുടെ വ്യാകരണം ആശയവിനിമയം തുടങ്ങിയവയെല്ലാം പഠിപ്പിക്കുന്ന മൂന്നുവർഷത്തെ ബിരുദ കോഴ്സ് ആണ് ബി എ തമിഴ്. തമിഴ് പത്ര മാധ്യമ സ്ഥാപനങ്ങൾ, തമിഴ് പഠിപ്പിക്കുന്ന സ്കൂളുകൾ, കോളേജുകൾ എന്നിവിടങ്ങളിലാണ് പ്രധാനമായും തൊഴിലവസരങ്ങൾ.
▪️ബിഎ കന്നഡ:
കന്നഡ പ്രധാന ഭാഷയായി ഉപയോഗിക്കുന്ന ടിവി പത്ര മാധ്യമ സ്ഥാപനങ്ങൾ കന്നഡ പഠിപ്പിക്കുന്ന സ്കൂളുകൾ കോളേജുകൾ തുടങ്ങി സർക്കാർ സർക്കാർ ഇതര മേഖലകളിൽ ഒരുപാട് തൊഴിൽ അവസരങ്ങളിലേക്ക് അപേക്ഷിക്കാൻ യോഗ്യത നൽകുന്ന മൂന്നു വർഷത്തെ ബിരുദ കോഴ്സ് ആണ് ബിഎ കന്നഡ. ഇതിൽ പ്രധാനമായും കന്നഡ സാഹിത്യം, കന്നട ഭാഷയുടെ വ്യാകരണം, ആശയവിനിമയം തുടങ്ങിയ കാര്യങ്ങളാണ് പഠിക്കാനുള്ളത്.
▪️ബി എ സംസ്കൃതം:
ലോകത്തിലെ തന്നെ ഏറ്റവും പ്രാചീന ഭാഷയായി കണക്കാക്കപ്പെടുന്ന സംസ്കൃതം പഠിക്കാൻ താൽപര്യമുള്ളവർക്ക് തെരഞ്ഞെടുക്കാവുന്ന
മൂന്നുവർഷത്തെ കോഴ്സ് ആണ് ബി എ സംസ്കൃതം. സംസ്കൃത അധ്യാപനം സംസ്കൃതം മുഖ്യ ഭാഷയായി ഉപയോഗിക്കപ്പെടുന്ന ടിവി പത്രമാധ്യമ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെല്ലാം തൊഴിലവസരങ്ങൾ നൽകുന്ന ഒരു കോഴ്സ് കൂടി ആണ് ബി എ സംസ്കൃതം. സംസ്കൃതഭാഷയിലെ വ്യാകരണം ആശയവിനിമയം സംസ്കൃത സാഹിത്യത്തിലെ കഥകൾ കവിതകൾ നാടകങ്ങൾ നോവലുകൾ തുടങ്ങിയവയെല്ലാം ഇതിൽ പാഠ്യവിഷയങ്ങളാണ്.
▪️ബി എ ഹിസ്റ്ററി:
ഇന്ത്യൻ ഹിസ്റ്ററി, മോഡേൺ ഹിസ്റ്ററി, പുരാതന സമൂഹത്തെയും സംസ്കാരത്തെയും കുറിച്ചുള്ള പഠനം, യൂറോപ്യൻ ചരിത്രം സമകാലിക ചരിത്രം തുടങ്ങിയവയെല്ലാം ഉൾപ്പെടുന്ന മൂന്നുവർഷത്തെ ബിരുദപഠനം ആണ് ബി എ ഹിസ്റ്ററി കോഴ്സ്. ബി എ ഹിസ്റ്ററി കോഴ്സിന് അഡ്മിഷൻ ലഭിക്കാൻ പ്ലസ് ടുവോ തത്തുല്യ പരീക്ഷയോ പാസായിരിക്കണം. ആർക്കിയോളജി ഡിപ്പാർട്ട്മെന്റ്, ഗവേഷണം അധ്യാപനം, ട്രാവൽ ആൻഡ് ടൂറിസം പോലുള്ള അനേകം മേഖലകളിൽ നിരവധി തൊഴിൽ സാധ്യതകൾ ഉണ്ട്.
▪️ബിഎ ജിയോഗ്രഫി:
ഭൂമിയെയും അതിലെ പല പ്രദേശങ്ങളെയും ഓരോ പ്രദേശങ്ങളുടെ സവിശേഷതകൾ (മണ്ണിന്റെ തരം, പ്രത്യേകതകൾ കാലാവസ്ഥ), നിവാസികൾ പ്രതിഭാസങ്ങൾ തുടങ്ങിയവയെക്കുറിച്ച് എല്ലാം പഠിക്കുന്ന പഠനശാഖയാണ് ജോഗ്രഫി. മൂന്നു വർഷമാണ് ബി എ ജോഗ്രഫി കോഴ്സിന്റെ ദൈർഘ്യം. ഗവൺമെന്റ്- ഗവൺമെന്റിതര മേഖലകളിലെ പ്രശസ്തമായ സ്ഥാപനങ്ങൾ, സ്കൂളുകൾ, കോളേജുകൾ, യൂണിവേഴ്സിറ്റികളിലും മറ്റും ഗവേഷണം, അർബൻ പ്ലാനിങ്, റിമോട്ട് സെൻസിംഗ് പോലുള്ള നിരവധി മേഖലകളിൽ അനേകം തൊഴിലവസരങ്ങൾ ബിഎ ജോഗ്രഫി കഴിഞ്ഞവർക്കുണ്ട്.
▪️ബി എ പൊളിറ്റിക്കൽ സയൻസ്
രാഷ്ട്രീയ സംവിധാനങ്ങൾ, ഓരോ മേഖലയിലും തീരുമാനമെടുക്കുന്നതിന്റെ പ്രക്രിയകൾ നടപടിക്രമങ്ങൾ, ഗവൺമെന്റിന്റെ എല്ലാ തലങ്ങളിലുമുള്ള സ്ഥാപനങ്ങളും നയങ്ങളും ഇന്ത്യൻ പാശ്ചാത്യ ചിന്തകരുടെ രാഷ്ട്രീയ ആശയങ്ങൾ വ്യത്യസ്ത രാഷ്ട്രീയങ്ങളെ കുറിച്ചുള്ള താരതമ്യപഠനം അന്താരാഷ്ട്ര ബന്ധങ്ങൾ പൊളിറ്റിക്കൽ തിയറി ഇന്ത്യയിലെ ഓരോ സംസ്ഥാനങ്ങളിലെയും വ്യത്യസ്ത രാഷ്ട്രീയം തുടങ്ങിയ നിരവധി സങ്കീർണമായ വിഷയങ്ങളെക്കുറിച്ചുള്ള ആഴത്തിലുള്ള പഠനം ആണ് മൂന്നുവർഷത്തെ ബി എ പൊളിറ്റിക്കൽ സയൻസ്. ബി എ പൊളിറ്റിക്കൽ സയൻസ് നോടൊപ്പം മറ്റു ചില അധിക യോഗ്യതകൾ കൂടി നേടിയാൽ വിദേശത്തും ഇന്ത്യയിലും സ്കൂളുകൾ കോളേജുകൾ എന്നിവിടങ്ങളിൽ അധ്യാപനം, ഗവേഷണം, പൊതുഭരണ, രാഷ്ട്രീയ നയതന്ത്ര മേഖലകൾ എന്നിവിടങ്ങളിലെല്ലാം അനേകം അവസരങ്ങൾ ഉണ്ട്.
▪️ബി എ സോഷ്യോളജി
സങ്കീർണമായ മനുഷ്യസമൂഹത്തിന്റെ സംസ്കാരം, ബന്ധങ്ങൾ, സ്ത്രീ പുരുഷ മനശാസ്ത്രം, വംശം, വംശീയത, ലിംഗഭേദം, പ്രായം, വിദ്യാഭ്യാസം, സോഷ്യൽ സ്റ്റാറ്റസ് എന്നിവയെല്ലാം മനുഷ്യൻ എങ്ങനെ കൈകാര്യം ചെയ്യുന്നു, സാമൂഹിക ബന്ധങ്ങളും സാംസ്കാരിക ധാരണകളും വ്യക്തി കളുടെയും ഗ്രൂപ്പുകളുടെയും ജീവിതം, അനുഭവങ്ങൾ, മനോഭാവങ്ങൾ, പ്രവർത്തനങ്ങൾ എന്നിവയെ എങ്ങനെ സ്വാധീനിക്കുന്നു എന്നതിനെക്കുറിച്ചും എല്ലാം പഠിക്കുന്ന പഠനശാഖയാണ് സോഷ്യോളജി. സൈക്കോളജി ആന്ത്രോപോളജി പോലുള്ള പഠനശാഖകൾ എല്ലാം തന്നെ സോഷ്യോളജിയുടെ വിവിധ ഉപശാഖകൾ ആണ്. മൂന്ന് വർഷത്തെ ബി എ സോഷ്യോളജി കഴിഞ്ഞതിനുശേഷം ആവശ്യമുള്ള അധിക യോഗ്യതകൾ കൂടി നേടിയാൽ ഗവേഷണം, അധ്യാപനം, സോഷ്യൽ വർക്ക്, മനുഷ്യാവകാശ സംഘടനകൾ, മനുഷ്യാവകാശ കമ്മീഷൻ, യുവജനക്ഷേമ കമ്മീഷൻ പോലുള്ള മേഖലകളിൽ ഇന്ത്യയിലും വിദേശത്തും ഒരുപാട് തൊഴിൽ അവസരങ്ങൾ ഉണ്ട്.
▪️ബി എ ആർക്കിയോളജി ആൻഡ് മ്യൂസിയോളജി
പുരാതന കയ്യെഴുത്തുപ്രതികൾ കലാസൃഷ്ടികൾ ഉപകരണങ്ങൾ നാണയങ്ങൾ മൺപാത്രങ്ങൾ കെട്ടിടങ്ങൾ കല്ലറകൾ എന്നിവയിൽ നിന്നെല്ലാം കഴിഞ്ഞു പോയ കാലത്തെകുറിച്ചും അന്നത്തെ ജീവിത രീതികൾ, സംസ്കാരം എന്നിവയെ കുറിച്ചും അതോടൊപ്പം ഇത്തരം പുരാതനമായ തെളിവുകളും വസ്തുക്കളും ഭാവിയിലേക്ക് ഉപകരിക്കുന്ന രീതിയിൽ സൂക്ഷിച്ചു വെക്കേണ്ട രീതികളെ കുറിച്ചും പഠിക്കുന്ന ശാസ്ത്ര ശാഖയാണ് ആർക്കിയോളജി ആൻഡ് മ്യൂസിയോളജി. മൂന്നു വർഷമാണ് ഈ കോഴ്സിന് ദൈർഘ്യം. പുരാവസ്തു ഗവേഷണം, പുരാവസ്തുക്കളുടെ പരിപാലനം, മ്യൂസിയം ആർട്ട് ഗ്യാലറി എന്നിവയുടെ പരിപാലനം, അധ്യാപനം പോലുള്ള വിവിധ മേഖലകളിൽ നിരവധി തൊഴിലവസരങ്ങൾ ഈ കോഴ്സ് കഴിഞ്ഞവരെ കാത്തിരിക്കുന്നു.
▪️ബിഎ വെസ്റ്റേൺ ഏഷ്യൻ സ്റ്റഡീസ്
വെസ്റ്റേൺ ഏഷ്യൻ രാജ്യങ്ങളിലെ ചരിത്രം സംസ്കാരം എന്നിവക്ക് പ്രത്യേകം ഊന്നൽ നൽകിക്കൊണ്ടുള്ള മൂന്നു വർഷത്തെ ബിരുദ കോഴ്സ് ആണ് ബിഎ വെസ്റ്റ് ഏഷ്യൻ സ്റ്റഡീസ്. ഗവേഷണം ആർക്കിയോളജി അധ്യാപനം അഡ്മിനിസ്ട്രേഷൻ നയതന്ത്രജ്ഞൻ ടിവി പത്ര മാധ്യമ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെല്ലാം ബി എ ബെസ്റ്റ് നേഴ്സിങ് സ്റ്റഡീസ് കഴിഞ്ഞിട്ടുള്ളവർക്ക് തൊഴിൽ സാധ്യതകൾ ഉണ്ട്
▪️ബി എ എക്കണോമിക്സ്
സാമ്പത്തികവുമായി ബന്ധപ്പെട്ട നിർവചനം സ്വഭാവം വ്യാപ്തി ആശയങ്ങൾ ഉപയോഗം ഉൽപന്നങ്ങളുടെയും സേവനങ്ങളുടെയും ഉൽപ്പാദനം വിതരണം ഉപഭോഗം വിപണി കുത്തകാവകാശം പോലുള്ള കാര്യങ്ങളെ കുറിച്ചെല്ലാം ആഴത്തിൽ പഠിക്കുന്ന സാമൂഹ്യ ശാസ്ത്രം ആണ് മൂന്നുവർഷത്തെ ബിഎ ഇക്കണോമിക്സ് കോഴ്സ്. സാമൂഹ്യശാസ്ത്ര ബിരുദത്തിനുശേഷം ആവശ്യമായ മറ്റു യോഗ്യതകൾ കൂടി നേടിയാൽ ഗവേഷണം സാമ്പത്തികരംഗം അധ്യാപനം ബിസിനസ് അഡ്മിനിസ്ട്രേഷൻ തുടങ്ങിയ മേഖലകളിൽ നിരവധി തൊഴിലവസരങ്ങൾ ഉണ്ട്.
▪️ബിഎ ഇസ്‌ലാമിക് സ്റ്റഡീസ്
ഇസ്ലാം മതം, സംസ്കാരം, നാഗരികത, ഇസ്ലാമിക മാനവികത, ഇസ്ലാമിക ആത്മീയത ഇസ്ലാമിക നിയമങ്ങൾ ഇസ്ലാമിക സാമ്പത്തിക ശാസ്ത്രം ഇസ്ലാമും മറ്റു മതങ്ങളുമായുള്ള താരതമ്യപഠനം ഖുർആനിന്റെ വിശകലന പഠനം അറബി സാഹിത്യം എന്നിവയെക്കുറിച്ച് വളരെ ആഴത്തിൽ പഠിക്കുന്ന മൂന്നുവർഷത്തെ ബിരുദ കോഴ്സ് ആണ് ബി എ ഇസ്‌ലാമിക് സ്റ്റഡീസ്.
ഇസ്‌ലാമിക ഗവേഷണം, അഡ്മിനിസ്ട്രേഷൻ ട്രാൻസ്ലേഷൻ ഇസ്ലാമിക അധ്യാപനം പോലുള്ള മേഖലകളിൽ നിരവധി തൊഴിലവസരങ്ങൾ ബിഎ ഇസ്‌ലാമിക് സ്റ്റഡീസ് കഴിഞ്ഞിട്ടുള്ളവർക്ക് ലഭ്യമാണ്.
▪️ബി എ ഫിലോസഫി
അസ്ഥിത്വം അറിവ് മൂല്യങ്ങൾ യുക്തി മനസ്സ് ഭാഷ എന്നിവയുമായി ബന്ധപ്പെട്ട പൊതുവായതും അടിസ്ഥാനപരവുമായ പ്രശ്നങ്ങളെ കുറിച്ചുള്ള മൂന്നുവർഷത്തെ ബിരുദ പഠനമാണ് ബി എ ഫിലോസഫി. വിമർശനാത്മക ചിന്താശേഷി, ഭാഷാപരമായ കഴിവ് തുടങ്ങിയ കഴിവുകൾ വികസിപ്പിക്കാൻ ആഗ്രഹിക്കുന്നവർക്ക് ബി എ ഫിലോസഫി കോഴ്സ് തെരഞ്ഞെടുക്കാവുന്നതാണ്. അദ്ധ്യാപനം, കണ്ടന്റ് റൈറ്റിങ്ങ്, ജേർണലിസം മത പഠന കേന്ദ്രങ്ങൾ തത്വ ശാസ്ത്ര ഗവേഷണ കേന്ദ്രങ്ങൾ, പ്രസിദ്ധീകരണ സ്ഥാപനങ്ങൾ തുടങ്ങിയ മേഖലകളിലെല്ലാം നല്ല തൊഴിൽ സാധ്യത ഉണ്ട്.
▪️ബാച്ചിലർ ഓഫ് ഫിസിക്കൽ എജുക്കേഷൻ
കായിക മേഖലയിലും കായിക മത്സരങ്ങളിലും പങ്കെടുത്തിട്ടുള്ളവർക്കും അതിനോടു താല്പര്യമുള്ളവർക്കും അനുയോജ്യമായ മൂന്നുവർഷത്തെ ബിരുദ കോഴ്സാണ് ബാച്ചിലർ ഓഫ് ഫിസിക്കൽ എജുക്കേഷൻ. മനുഷ്യശരീരത്തിലെ കായികമായി വികസിപ്പിക്കുക, കായികമേഖലയിൽ തിളങ്ങാൻ താൽപര്യമുള്ളവർക്ക് അതിനുവേണ്ടുന്ന തരത്തിലുള്ള ട്രെയിനിങ്ങും മറ്റും നൽകുക എന്നതാണ് ഇത്തരം കോഴ്സ് കഴിഞ്ഞവർ പ്രധാനമായും ചെയ്യാറുള്ളത്.
പ്ലസ്ടുവിന് പുറമേ കായിക മത്സരങ്ങളിലും മറ്റും ഒരു വിദ്യാർഥി നേടിയിട്ടുള്ള നേട്ടങ്ങളെ കൂടി ഇത്തരം കോഴ്സുകളുടെ അഡ്മിഷനു വേണ്ടി പരിഗണിക്കാറുണ്ട്. ഡിഗ്രി കഴിഞ്ഞിട്ടുള്ള എന്നാൽ കായിക മത്സരങ്ങളിലും മറ്റും ഉയർന്ന നിലവാരം പുലർത്തുന്ന വിദ്യാർഥികൾക്ക് ഇത്തരം കോഴ്സുകളിലേക്ക് ലാറ്ററൽ എൻട്രി നൽകാറുണ്ട്.
ഇത്തരം കോഴ്സുകൾ കഴിഞ്ഞവർക്ക് സ്കൂളുകൾ കോളേജുകൾ എന്നിവിടങ്ങളിൽ കായികാദ്ധ്യാപനം, ഫിറ്റ്നസ് സെന്ററുകൾ സ്പോർട്സുമായി ബന്ധപ്പെട്ട മാർക്കറ്റിംഗ് സ്ഥാപനങ്ങൾ, സ്പോർട്സ് ഉപകരണ നിർമ്മാണ മേഖല, സ്പോർട്സ് ജേണലിസം, ഇന്ത്യയിലും വിദേശത്തുമുള്ള വിവിധ ടീമുകളിൽ ട്രെയിനർ, കോച്ച് തുടങ്ങി നിരവധി തൊഴിലവസരങ്ങൾ ലഭ്യമാണ്.
▪️ഫൈൻ ആർട്സ് & പെർഫോമിംഗ് ആർട്സ്
കലാപരമായ അഭിരുചിയും സർഗാത്മകതയും ഉള്ളവർക്ക് തെരഞ്ഞെടുക്കാവുന്ന നല്ല കോഴ്സുകളാണ് ഇവ. ചിത്രകല, ശില്പകല അപ്ലൈഡ് ആർട്ട് തുടങ്ങിയ വിഷയങ്ങളിൽ ആണ് ഫൈൻ ആർട്സ് കോഴ്സുകൾ ഉള്ളത്. മൂന്നുവർഷം കൊണ്ടും നാലു വർഷം കൊണ്ടും പൂർത്തിയാക്കാവുന്ന തരത്തിലുള്ള ഫൈൻ ആർട്സ് കോഴ്സുകൾ ഉണ്ട്. അധ്യാപനം, ടെലിവിഷൻ മേഖല അഡ്വർടൈസിങ് കമ്പനികൾ വെബ്സൈറ്റ് ഡിസൈൻ കമ്പനികൾ പ്രസിദ്ധീകരണ മേഖല ആർട്ട് സ്റ്റുഡിയോ വസ്ത്രങ്ങളുടെ ഡിസൈൻ മേഖല എന്നിവിടങ്ങളിലെല്ലാം ഫൈൻ ആർട്സ് കഴിഞ്ഞ വിദ്യാർത്ഥികൾക്ക് തൊഴിൽ അവസരങ്ങൾ ഉണ്ട്.
സംഗീതം, നൃത്തം, വാദ്യോപകരണങ്ങൾ എന്നിവയിലാണ് പെർഫോമിംഗ് ആർട്സ് കോഴ്സുകൾ ഉള്ളത്. വ്യത്യസ്ത ശൈലിയിലുള്ള സംഗീതം, ഭരതനാട്യം, മോഹിനിയാട്ടം, കഥകളി വേഷം, കഥകളി സംഗീതം, പോലുള്ള വ്യത്യസ്ത നൃത്ത രൂപങ്ങൾ, വീണ, വയലിൻ, മൃദംഗം, തബല ചെണ്ട, പോലുള്ള വാദ്യോപകരണങ്ങൾ എന്നിവയിലെല്ലാം ഡിഗ്രി കോഴ്സുകൾ ലഭ്യമാണ്. സംഗീതം, വാദ്യോപകരണങ്ങൾ, നൃത്തം തുടങ്ങിയ ബിരുദം കഴിഞ്ഞവർക്ക് സംഗീത, നൃത്ത വിദ്യാലയങ്ങൾ, യൂണിവേഴ്സിറ്റികൾ എന്നിവിടങ്ങളിൽ അധ്യാപനം, മ്യൂസിക് പ്രൊഡക്ഷൻ കമ്പനികൾ, മീഡിയ കമ്പനികൾ, ഓർക്കസ്ട്രകൾ, നാടക കേന്ദ്രങ്ങൾ, സിനിമ മേഖല എന്നിവിടങ്ങളിലെല്ലാം വളരെ നല്ല അവസരങ്ങൾ ഉണ്ട്.
▪️ബി എ പബ്ലിക് അഡ്മിനിസ്ട്രേഷൻ
ഭരണം നടപടിക്രമങ്ങൾ പൊതു സംഘടനകൾ പൊതു സേവനങ്ങൾ ഭരണഘടന ചട്ടക്കൂട് സമത്വം നീതി സുരക്ഷ നിയമങ്ങൾ തുടങ്ങിയ ജനാധിപത്യ മൂല്യങ്ങൾ എന്നിവയുടെ ആഴത്തിലുള്ള പഠനം ആണ് മൂന്നുവർഷത്തെ ബി എ പബ്ലിക് അഡ്മിനിസ്ട്രേഷൻ കോഴ്സ്. ഈ ബിരുദം പൂർത്തിയാക്കിയവർക്ക് ഇന്ത്യൻ സിവിൽ സർവീസ് സാമ്പത്തിക വികസന കേന്ദ്രങ്ങൾ സ്കൂൾ കോളേജ് തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ലാൻഡ് റവന്യൂ ഡിപ്പാർട്ട്മെന്റ് പോലീസ് ഡിപ്പാർട്ട്മെന്റ് സെക്രട്ടറിയേറ്റ് തുടങ്ങിയ മേഖലകളിലെല്ലാം തന്നെ വളരെയധികം ജോലി സാധ്യതകൾ ഉണ്ട്.
▪️ബി എ ക്രിമിനോളജി:
കുറ്റകൃത്യങ്ങൾ, കുറ്റവാളിയുടെ പെരുമാറ്റം, ഇന്നത്തെ ക്രിമിനൽ നീതിന്യായ വ്യവസ്ഥ നേരിടുന്ന വെല്ലുവിളികൾ, സാമൂഹിക സാമ്പത്തിക രാഷ്ട്രീയ പശ്ചാത്തലത്തിൽ ക്രിമിനൽ നീതിന്യായ വ്യവസ്ഥ, സ്ഥാപനങ്ങൾ, ക്രിമിനൽ നീതിന്യായ വ്യവസ്ഥയിൽ നീതിയുടെ പങ്ക്, നിയമവാഴ്ച തുടങ്ങിയവയെക്കുറിച്ചുള്ള മൂന്നുവർഷത്തെ ബിരുദപഠനം ആണ് BA ക്രിമിനോളജി. ജയിലുകൾ, നിരീക്ഷണത്തിലിരിക്കുന്ന കുറ്റവാളികളുടെ മേൽനോട്ടം, സോഷ്യൽ വർക്ക്, സോഷ്യൽ അഡ്മിനിസ്ട്രേഷൻ, ചാരിറ്റി സ്ഥാപനങ്ങൾ, ടിവി പത്രമാധ്യമ സ്ഥാപനങ്ങൾ, കമ്മ്യൂണിറ്റി ഡെവലപ്മെന്റ് സ്ഥാപനങ്ങൾ എന്നീ മേഖലകളിലെല്ലാം ഈ കോഴ്സ് കഴിഞ്ഞവർക്ക് തൊഴിലവസരങ്ങൾ ഉണ്ട്.
▪️ബി എ സോഷ്യൽ വർക്ക്
ബി എസ് ഡബ്ല്യു (ബാച്ചിലർ ഓഫ് സോഷ്യൽ വർക്ക്)
പാവപ്പെട്ടവരെയും പ്രായമായവരെയും സഹായിക്കുന്നതിനും അവരുടെ ക്ഷേമം വർധിപ്പിക്കുന്നതിനും വേണ്ടിയുള്ള വിവിധ സേവനങ്ങൾ ആണ് സോഷ്യൽ വർക്ക് എന്നറിയപ്പെടുന്നത്. ഭവനരഹിത ദരിദ്രർ, അക്രമത്തിന് ഇരയായവർ, അധാർമികമായി അപമാനിക്കപ്പെട്ടവർ, ക്യാൻസർ എയ്ഡ്സ് തുടങ്ങിയ രോഗങ്ങളാൽ ബുദ്ധിമുട്ടുവർ പോലുള്ളവരെ സഹായിക്കാനും അവരെ മുഖ്യധാരയിലേക്ക് തിരിച്ചുകൊണ്ടുവരാനും താൽപര്യമുള്ളവർക്ക് ഏറ്റവും അനുയോജ്യമായ കോഴ്സ് ആണ് ബി എ സോഷ്യൽ വർക്ക് അല്ലെങ്കിൽ ബി എസ് ഡബ്ല്യു.
കൗൺസിലിംഗ് സെന്ററുകൾ ദുരന്ത നിവാരണ വകുപ്പുകൾ, സ്കൂൾ കോളേജ് പോലുള്ളവയിൽ അധ്യാപനം, ആരോഗ്യമേഖല, മനുഷ്യാവകാശ സംഘടനകൾ എൻജിഒകൾ പ്രായമായവരെ താമസിപ്പിക്കുന്ന സ്ഥാപനങ്ങൾ, ജയിലുകൾ, സ്വകാര്യ ക്ലിനിക്കുകൾ തുടങ്ങിയ മേഖലകളിലെല്ലാം തന്നെ വളരെയധികം തൊഴിലവസരങ്ങൾ ഉള്ള ഒരു കോഴ്സാണിത്
ഇനിയുമൊരുപാട് ഹുമാനിറ്റീസ് കോഴ്സുകളുണ്ട്. ഹുമാനിറ്റീസിൽ ബിരുദം കഴിഞ്ഞാൽ പിജിയും ഡോക്ടറേറ്റുമൊക്കെ പഠിച്ചെടുക്കാം. സ്കോളർഷിപ്പുകളുമുണ്ട്. ബിരുദം യോഗ്യതയായ ഏത് സർക്കാർ പരീക്ഷയുമെഴുതി സർക്കാർ ജോലിയിലും കയറാനുമാവും.
നമ്പർ വൺ പദവിയിൽ പരിഗണിക്കാവുന്ന കോഴ്സുകളിൽ പെട്ടതാണ് ആർട്സ് ബിരുദങ്ങൾ എന്ന് ചുരുക്കം.
Article By: Mujeebulla K.M
CIGI Career Team