×
25 June 2024
0

വീണ്ടും ഓർമപ്പെടുത്തുന്നു. കോഴ്‌സുകളുടെ തിരഞ്ഞെടുപ്പിൽ അഭിരുചിയുടെ പ്രാധാന്യത്തെ മറന്നൊരു കളി നന്നല്ല.

പരീക്ഷാ ഫലങ്ങൾ വന്നു കഴിഞ്ഞു, പലയിടത്തും കോഴ്സുകൾ തുടങ്ങിക്കഴിഞ്ഞു, കോഴ്സുകൾക്ക് അപേക്ഷ വിളിച്ചു കൊണ്ടിരിക്കുന്നു. ഇതിനിടയിൽ പല രക്ഷിതാക്കളും മക്കളും തങ്ങൾക്കനുയോജ്യമായ കോഴ്‌സുകളെ തപ്പി നടക്കുകയാണ്. പെട്ടെന്ന് ജോലി കിട്ടുന്ന കോഴ്‌സ്, വലിയ ശമ്പളം കിട്ടുന്ന കോഴ്‌സ്‌, എളുപ്പത്തിൽ പഠിച്ചെടുക്കാവുന്ന കോഴ്‌സ് ഇങ്ങനെയൊക്കെ ആണ് പലരും തേടുന്നത്. കിട്ടിയ കോഴ്‌സിന് ചേർന്ന് സമയം തട്ടിമുട്ടി നീക്കാൻ ആഗ്രഹിക്കുന്നവരും ഉണ്ട്. ഇവരൊക്കെ മറന്നു പോകുന്ന പ്രധാന സംഗതിയാണ് അഭിരുചി എന്ന വാക്ക്. തൻ്റെ  അഭിരുചിക്കിണങ്ങുന്ന കോഴ്‌സിനാണോ ഞാൻ ചേർന്നത് എന്ന് ആലോചിക്കാൻ പോലും ആരും ഈ തിരക്കിനിടയിൽ ശ്രമിക്കുന്നില്ല.

നമുക്കിടയിൽ  ആരും മനസ്സിലാക്കാത്ത സംഗതിയാണ് അഭിരുചിയുടെ പ്രാധാന്യം, അഭിരുചിക്ക് അനുസരിച്ച് കോഴ്‌സുകള്‍ തെരഞ്ഞെടുക്കുന്നതു കൊണ്ടാണ് ജര്‍മനി, ഫിന്‍ലന്റ് പോലുള്ള രാജ്യങ്ങള്‍ മനുഷ്യവിഭവശേഷിയുടെ ഉപയോഗത്തിലും സമഗ്രവികസനത്തിലും മുന്നില്‍ നില്‍ക്കുന്നത് എന്നത് . അഭിരുചി, താൽപര്യം, തൊഴില്‍സാധ്യത എന്നീ ഘടകങ്ങളെ  കൃത്യമായി പരിഗണിച്ച് ഉപരിപഠനം നടത്തിയാല്‍ നമ്മുടെ മക്കൾക്ക് മികച്ച കരിയര്‍ ഉറപ്പാണ്. ഒപ്പം സന്തോഷകരവും സംതൃപ്തവും സമാധാനപരവുമായ ജീവിതവും ലഭിക്കും.

തനിക്ക് അഭിരുചിയില്ലാത്ത  കോഴ്‌സുകളില്‍ ചേരുന്ന തൊണ്ണൂറു ശതമാനം  കുട്ടികളും ആത്മസംഘര്‍ഷങ്ങളില്‍പെട്ട് പഠനം പാതിവഴിയില്‍ ഉപേക്ഷിക്കുന്ന സംഭവങ്ങള്‍ ഇന്ന് കേരളത്തില്‍ പെരുകിക്കൊണ്ടിരിക്കയാണ്. കുട്ടികള്‍ക്ക് അവരവരുടേതായ അഭിരുചിയും താല്പര്യങ്ങളും ലക്ഷ്യങ്ങളും സ്വപ്‌നങ്ങളുമുണ്ട്. അത് ചോദിച്ചറിഞ്ഞ് കണ്ടെത്തി അവരുടെ അഭിരുചിക്ക് ഇണങ്ങുന്ന കോഴ്‌സുകളാണ് രക്ഷിതാക്കൾ തെരഞ്ഞെടുക്കേണ്ടത്.

ആഗ്രഹത്തെക്കാള്‍ അഭിരുചിക്കാണ്  പ്രധാന്യം കൊടുക്കേണ്ടത്. 
ഒരു പ്രത്യേക വിഷയത്തിലുള്ള ഒരാളുടെ നൈസര്‍ഗികമായ താല്പര്യത്തെയും അതില്‍ കൂടുതല്‍ കഴിവാര്‍ജിക്കാനുള്ള അയാളുടെ സ്വാഭാവികമായ അഭിവാഞ്ചയെയും അഭിരുചി എന്ന് പറയാം. 
ഏതെങ്കിലും പ്രത്യേകരംഗത്ത് സാമര്‍ത്ഥ്യമോ നേട്ടമോ കൈവരിക്കാന്‍ സഹായിക്കുന്ന സവിശേഷ കഴിവാണത്. 
ഓരോരുത്തരുടെ കഴിവും താല്പര്യവും പഠനരീതിയും വ്യത്യസ്തമായിരിക്കും. ഹൈസ്‌കൂള്‍ തലത്തിലെത്തിയ കുട്ടിക്ക് സ്വയം നിരീക്ഷിച്ച് തങ്ങളുടെ അഭിരുചി ഏത് മേഖലയിലാണെന്ന് കണ്ടെത്താനാകും. കൂടാതെ അഭിരുചി കണ്ടെത്താനുള്ള ശാസ്ത്രീയ മാര്‍ഗങ്ങളുമുണ്ട്. [ഇരുപത്തി എട്ട് വർഷമായി കരിയർ ഗൈഡൻസ് രംഗത്ത് നിസ്വാർത്ഥമായ സേവനങ്ങൾ നടത്തി മുന്നേറുന്ന, പതിനായിരങ്ങൾക്ക് ദിശാ ബോധം നൽകിയ കോഴിക്കോട് ആസ്ഥാനമായ സിജി നടത്തുന്ന സിഡാറ്റ് എന്ന അഭിരുചി പരീക്ഷയിലൂടെയും തുടർന്ന് നടക്കുന്ന കൗണ്സലിങ്ങിലൂടെയും ഏതൊരു വിദ്യാർത്ഥിക്കും തനിക്കിണങ്ങുന്ന മേഖല എന്തെന്ന് കണ്ടെത്താൻ സാധിക്കും. ടെസ്റ്റ് നടത്താനും കൗണ്സലിങ്ങിനുമായി 80866 64001 എന്ന നമ്പറിൽ വിളിക്കാവുന്നതാണ്.]

കുട്ടികളെ സംബന്ധിച്ച് ഒരാള്‍ക്ക് സയന്‍സാണെങ്കില്‍ മറ്റാരാള്‍ക്ക് കണക്കായിരിക്കും ഇഷ്ടവിഷയം. ചിലര്‍ക്ക് സാഹിത്യമാകാം. അവര്‍ അതില്‍ മിടുക്കരും ആകും. ബുദ്ധിശക്തിയിലെ ഈ വൈവിധ്യം തിരിച്ചറിഞ്ഞാല്‍ അതിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ ശോഭിക്കാന്‍ കഴിയുന്ന പഠനമേഖലകളിലേക്കും തുടര്‍ന്ന് തൊഴില്‍മേഖലകളിലേക്കും നീങ്ങാന്‍ കഴിയും. 
അഭിരുചി കണ്ടെത്തി നീങ്ങുമ്പോള്‍ പഠനത്തില്‍ മാത്രമല്ല ജീവിതത്തിലും വിജയവും സംതൃപ്തിയും നേടാനാകും. പഠനവും ജോലിയും ഒരു ‘പാഷന്‍’ ആയി മാറുമ്പോഴാണ് ജീവിതം ആസ്വാദ്യകരമാകുന്നത്. പരമ്പരാഗത കോഴ്‌സുകള്‍ കൂടാതെ കൂടുതല്‍ തൊഴില്‍സാധ്യതകളുള്ള പുത്തന്‍ കോഴ്‌സുകളും കണ്ടെത്തി പഠിക്കുവാന്‍ ശ്രദ്ധിക്കണം. വിദ്യയാര്‍ജിക്കുന്നതിനൊപ്പം തൊഴില്‍ നൈപുണ്യംകൂടി സ്വായത്തമാക്കുകയെന്ന നയസമീപനമാണ്  പുതിയ രീതിയിലെ  വിദ്യാഭ്യാസത്തിന്റെ വഴി. ലഭ്യമായ തൊഴിലവസരങ്ങളെ കൂട്ടിയിണക്കുന്നതിനും പുതിയവ സൃഷ്ടിക്കുന്നതിനുമാവശ്യമായ വൈദഗ്ധ്യം നല്‍കുന്ന പുത്തന്‍ രീതികള്‍ പാഠ്യക്രമത്തില്‍ ഉള്‍പ്പെടുത്തിയാണ് ഉന്നതവിദ്യാഭ്യാസരംഗം ഇന്ന് മുന്നോട്ടുപോകുന്നത്. ടെക്‌നോളജിയെ പഠനത്തിലും ജീവിതസന്ദര്‍ഭങ്ങളിലും പ്രയോജനപ്പെടുത്താനുള്ള അറിവും കഴിവും ശേഷിയുമാണ് നമുക്കുണ്ടാകേണ്ടത്. തൊഴിലിലേക്കുള്ള വഴിയാണ് ഉപരിപഠനത്തിലൂടെ തുറക്കേണ്ടത്.
ആധുനികജീവിതത്തിന്റെ വൈവിധ്യത്തിന് അനുസരിച്ച് കോഴ്‌സുകളും തൊഴിലുകളും നിരവധിയാണ്. അവയില്‍ യോജിച്ചത് ഏതെന്ന് കണ്ടെത്തണം. പഠിക്കാനുള്ള മികവ് തെളിയിച്ച സ്ഥാപനത്തില്‍ പ്രവേശനം തേടണം. വിജയകരമായി കോഴ്‌സ് പൂര്‍ത്തിയാക്കി പഠിച്ചതിന് അനുസരിച്ച് തൊഴില്‍ കിട്ടുകയും ചെയ്യുമ്പോഴാണ് മക്കളുടെ  പഠനം അര്‍ത്ഥവത്താകുന്നത്.

വിദ്യാര്‍ത്ഥിയുടെ അഭിരുചി, താല്പര്യം, മനോഭാവം, ലക്ഷ്യം, നൈപുണ്യശേഷി, ജോലിസാധ്യത, ഉപരിപഠന സാധ്യത, കോഴ്‌സിന്റെ ദൈര്‍ഘ്യം, കുടുബത്തിന്റെ സാമ്പത്തികനില എന്നിവക്കനുസരിച്ചാണ് കോഴ്സുകളെ‍ തെരഞ്ഞെടുക്കേണ്ടത്. വരും കാല തൊഴിൽ മേഖലക്കിണങ്ങുന്ന കോഴ്‌സിനെ തിരഞ്ഞെടുക്കാനാണ് മുൻഗണന നൽകേണ്ടത്.
അഭിരുചിയില്ലാത്ത മേഖല തെരഞ്ഞെടുത്താല്‍ പഠനം ഇടക്ക് ഉപേക്ഷിക്കേണ്ടി വരാം. മാനസികപ്രശ്‌നങ്ങള്‍, ആത്മസംഘര്‍ഷം, കുറ്റബോധം, വിവിധ അഡിക്ഷനുകള്‍, ദേഷ്യം, അക്രമവാസന, നിരാശ തുടങ്ങിയ പ്രശ്‌നങ്ങളും ഉണ്ടാകാം. 
രക്ഷിതാക്കള്‍ ശാഠ്യം പിടിച്ച് അവരുടെ ആഗ്രഹം കുട്ടികളുടെമേല്‍ അടിച്ചേല്പിക്കാന്‍ ശ്രമിച്ചാല്‍ കാര്യങ്ങള്‍ തകിടംമറിയും. മക്കളെ നാം പരീക്ഷണമൃഗങ്ങളാക്കാന്‍ ശ്രമിക്കരുത്. താല്പര്യമില്ലാത്ത കോഴ്‌സുകളില്‍ ചേര്‍ന്ന് അവസാനം തൊഴില്‍ കണ്ടെത്താനാകാതെയും മനസിനിണങ്ങിയ തൊഴില്‍ ചെയ്യാന്‍ കഴിയാതെയും വന്നാല്‍ ജീവിതം പരാജയമാവും. അംഗീകാരങ്ങളില്ലാത്ത കോഴ്‌സുകളിൽ ചേർന്ന് ജീവിതം കട്ടപ്പുകയായ ആയിരങ്ങൾ നമുക്ക് ചുറ്റിലുമുണ്ട്. അവരുടെ ജീവിതങ്ങൾ നമുക്ക് പാഠമാകുകയും വേണം. ഒരു ദീർഘവീക്ഷണം ഇക്കാര്യത്തിൽ ഓരോ രക്ഷിതാക്കളിലും  മക്കളിലും ഉണ്ടാവണം എന്നോർമ്മിപ്പിക്കുകയാണ്.

Article By: Mujeebulla K.M
CIGI Career Team



Comments (0)

Write a Comment

Thank you for showing an interest in CIGI. You can reach out to us through multiple ways

Whatsapp or call us for any query

Visit us at

https://goo.gl/maps/wzt6ep5ZxTkiei8k9 Golf Link Rd, Chevayur, Kozhikode, Kerala 673017