സംസാരിക്കാന്‍ പഠിപ്പിക്കാം കേള്‍ക്കാനും ബാച്ചിലര്‍ ഓഡിയോളജി & സ്പീച്ച് പാതോളജി
പൂർണ്ണമായോ ഭാഗികമായോ ശ്രവണ, സംസാരശേഷി ബുദ്ധിമുട്ടുകള് അനുഭവിക്കുന്നവരുടെ പ്രശ്‌നങ്ങൾ കണ്ടെത്തുകയും ചികിത്സിക്കുകയും, കൂടാതെ ഭിന്നശേഷിയുള്ളവരും ആശയവിനിമയ വൈദഗ്ധ്യം ഇല്ലാത്തവരുമായ ആളുകള്‍ക്കുള്ള കൗൺസിലിംഗും തെറാപ്പിയും എയ്ഡുകളുടെയും ഉപകരണങ്ങളുടെയും ഘടിപ്പിക്കലും, പരിപാലനവും തുടങ്ങിയ മേഖലകളിലെ ജോലിയാണ് ബാച്ചിലര്‍ ഓഡിയോളജി & സ്പീച്ച് പാതോളജി കോഴ്സ് പൂർത്തിയാക്കവർ ഏർപ്പെടുന്നത്. ഓഡിയോളജിയിലും സ്പീച്ചിലും കോഴ്‌സ് പൂർത്തിയാക്കിയ വ്യക്തി ഒരു ഓഡിയോളജിസ്റ്റ്, സ്പീച്ച് തെറാപ്പിസ്റ്റ്/പത്തോളജിസ്റ്റ് എന്നിങ്ങനെ അറിയപ്പെടുന്നു.കേൾവി, സംസാരം, ഭാഷ എന്നിവയുമായി ബന്ധപ്പെട്ട വർദ്ധിച്ചുവരുന്ന ആരോഗ്യപ്രശ്നങ്ങൾ രാജ്യത്തെ ഓഡിയോളജിസ്റ്റുകളുടെയും സ്പീച്ച് തെറാപ്പിസ്റ്റുകളുടെയും സാധ്യതകൾ വർദ്ധിപ്പിക്കുന്നുണ്ട്.
കേൾവി ശക്തി പരിശോധിക്കുകയും ആവശ്യമായ ശ്രവ്യ ഉപകരണങ്ങൾ നിർദ്ദേശിക്കുകയും ചെയ്യുന്ന സ്പെഷ്യലിസ്റ്റാണ് ഓഡിയോളജിസ്റ്റ്. സംസാരശേഷി, വിക്ക് ഈ മേഖലയിലാണ് കൂടുതൽ താല്പര്യമെങ്കിൽ സംസാര വൈകല്യങ്ങൾ പരിഹരിക്കുന്ന സ്പീച്ച് തെറാപ്പിസ്റ്റ് ആയി ജോലി ചെയ്യാം. ക്ഷമ, അനുകമ്പ, സഹാനുഭൂതി, സേവന മനസ്ഥിതി തുടങ്ങിയ സ്വഭാവഗുണങ്ങളുള്ളവര്‍ക്ക് മേഖലയില്‍ തിളങ്ങാനാകും. ഒന്നോ രണ്ടോ പ്രാവശ്യം പറഞ്ഞുകോടുക്കുന്നതിനോ ചെയ്ത് കാണിക്കുന്നതിനോ പകരം ഫലം കിട്ടുന്നത് വരെ ആവര്‍ത്തിച്ച് മടുപ്പില്ലാതെ കാര്യങ്ങള്‍ പറഞ്ഞും ചെയ്തും മനസ്സലിക്കിക്കൊടുക്കാനുള്ള ശേഷി ഒരു അത്യാവശ്യ ഘടകമാണ്.
സ്പീച് തെറാപ്പിസ്റ്റിനു പുനരധിവാസ കേന്ദ്രങ്ങൾ, ആശുപത്രികൾ, എന്നിവടങ്ങളിൽ ജോലി ചെയ്യുന്നതിന് പുറമെ സ്വതന്ത്രമായി ക്ലിനിക് തുടങ്ങുകയുമാവാം. ഓഡിയോളജിസ്റ്റിനു ശ്രവണ ഉപകരണ നിർമാണ കമ്പനികളിലും ഫിറ്റിംഗ് സെന്‍ററുകളിലും ജോലി ലഭിക്കും. BASLP (Bachelor of Audiology and Speech Language Pathology) എന്ന നാല് വർഷ കോഴ്സ് പൂർത്തിയാക്കി RCI (Rehabilitation Council of India)യിൽ രജിസ്റ്റർ ചെയ്യുകയുമാണ് വേണ്ടത്. ഉന്നത പഠനത്തിന് ബിരുദാനന്തര തലത്തിൽ ഏതെങ്കിലും ഒരു മേഖലയിൽ മാത്രമായോ (MASLP) അല്ലെങ്കിൽ ഓഡിയോളജിയൊ സ്പീച് തെറാപിയോ മാത്രമായോ പി ജി എടുക്കാവുന്നതാണ്. അത് കഴിഞ്ഞു അക്കാദമിക ത്സല്പര്യമുള്ളവർക്ക് ഗവേഷണത്തിലേക്കോ അധ്യാപനത്തിലേക്കോ തിരിയാം. ഈ രംഗത്ത് പഠനത്തിന് ഇന്ത്യയിൽ തെരഞ്ഞെടുക്കാവുന്ന മികച്ച സ്ഥാപനങ്ങളെ പരിചയപ്പെടാം.
ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച് ആൻഡ് ഹിയറിങ് മൈസൂർ
അലിയാവർ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച് ആൻഡ് ഹിയറിങ്ങിന്റെ മുബൈ, സെക്കന്തരാബാദ്, കൊൽക്കത്ത, നോയിഡ, എന്നീ കേന്ദ്രങ്ങൾ
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എംപവർമെന്റ് ഓഫ് പേഴ്സൺസ് വിത്ത് മൾട്ടിപ്പിൾ ഡിസെബിലിറ്റീസ്, തമിഴ്നാട്,
ക്രിസ്ത്യൻ മെഡിക്കൽ കോളേജ് വെല്ലൂർ,
കസ്തൂർബാ മെഡിക്കൽ കോളേജ് മണിപ്പാൽ,
ഡോക്ടർ എസ് ആർ ചന്ദ്രശേഖർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ് ബാംഗളൂർ, എന്നിവ അഖിലേന്ത്യാതലത്തിൽ കോഴ്സുകൾ പഠിക്കാനുള്ള ഉന്നത സ്ഥാപനങ്ങൾ ആണ്.
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ് തിരുവനന്തപുരം,
അമൃത ഇൻസ്റ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് കൊച്ചി,
ഇൻസ്റ്റിറ്റ്യൂട്ട് ഫോർ കമ്മ്യൂണിക്കേറ്റീവ് ആൻഡ് കോഗ്നിറ്റീവ് ന്യൂറോ സയൻസ് ഷൊർണൂർ,
മാർത്തോമാ കോളേജ് സ്പെഷ്യൽ എഡ്യൂക്കേഷൻ കാസർഗോഡ്,
ബേബി മെമ്മോറിയൽ കോളേജ് ഓഫ് അലയ്ഡ് മെഡിക്കൽ സയൻസ് കോഴിക്കോട്,
എ. ഡബ്ല്യൂ. എച്ച്. സ്പെഷ്യൽ കോളേജ് കല്ലായി, കോഴിക്കോട്
എന്നിവ കേരളത്തിൽ കോഴ്സ് പഠിക്കാൻ അവസരങ്ങൾ ഉള്ള സ്ഥാപനങ്ങളാണ്. കേരളത്തില്‍ യോഗ്യതാപരീക്ഷയുടെ മാര്‍ക്കിന്‍റ അടിസ്ഥാനത്തിലും, അഖിലേന്ത്യാ സ്ഥാപനങ്ങളില്‍ പ്രവേശന പരീക്ഷ വഴിയുമാണ് പ്രവേശനം. ഹയര്‍സെക്കന്‍ററി തലത്തില്‍ ഫിസിക്സ്, കെമിസ്ട്രി, കണക്ക് അല്ലെങ്കില്‍ ബയോളജി പഠിച്ചവര്‍ക്ക് അപേക്ഷിക്കാം.
റംലാബീവി. സി. കെ