×
10 June 2026
0

കരിയർ ടെസ്റ്റുകളിലെ 'ആനയും അമ്പഴങ്ങയും': തള്ളുകളും യാഥാർത്ഥ്യങ്ങളും നമുക്കൊന്ന് പൊളിച്ചടുക്കാം!

പത്താം ക്ലാസ്സോ പ്ലസ് ടുവോ ഒക്കെ കഴിയുമ്പോഴേക്കും നമ്മുടെ വീടുകളിൽ തുടങ്ങുന്ന ആ സ്ഥിരം ടെൻഷനില്ലേ? "കുട്ടി ഇനിയെന്ത് പഠിക്കും? അവനെ എഞ്ചിനീയറിംഗിന് വിടണോ അതോ ഡിഗ്രിക്ക് ചേർക്കണോ?" അയൽപക്കത്തെ പിള്ളേരൊക്കെ എൻട്രൻസിന് പോകുമ്പോൾ, നമ്മുടെ കുട്ടി എപ്പോഴും ഫോണിലും കുത്തിയിരിക്കുന്നത് കാണുമ്പോൾ ഏത് രക്ഷിതാവിനായാലും ഒന്ന് നെഞ്ചിടിപ്പ് കൂടും.

ഈയൊരു കൺഫ്യൂഷൻ മാറ്റാനാണ് പലരും 'കരിയർ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റുകളെ' അന്വേഷിച്ച് പോകുന്നത്. എന്നാൽ ഇവിടെയാണ് ഏറ്റവും വലിയ ചതിക്കുഴി കിടക്കുന്നത്. ഇന്ന് മാർക്കറ്റിൽ കാണുന്ന പല തരം ടെസ്റ്റുകളും ശരിക്കും പറഞ്ഞാൽ തമ്മിൽ യാതൊരു ബന്ധവുമില്ലാത്തവയാണ്. മൾട്ടിപ്പിൾ ഇൻ്റലിജൻസ് (MI), DMIT തുടങ്ങിയ പേരുകളിൽ വരുന്ന ടെസ്റ്റുകളും, തികച്ചും ശാസ്ത്രീയമായ DAT (Differential Aptitude Test) പോലെയുള്ള പരീക്ഷകളും തമ്മിലുള്ള വ്യത്യാസം ശരിക്കും ഒരു 'ആനയും അമ്പഴങ്ങയും' തമ്മിലുള്ള വ്യത്യാസമാണ്.

സംഭവം എന്താണെന്ന് വളരെ കാഷ്വലായി, എന്നാൽ കൃത്യമായി നമുക്കൊന്ന് നോക്കാം. ഇത് വായിച്ചു തീരുമ്പോഴേക്കും കരിയർ ഗൈഡൻസ് രംഗത്തെ പല 'തള്ളുകളും' നിങ്ങൾക്ക് എളുപ്പത്തിൽ പിടികിട്ടും!

ആദ്യം ഈ മൾട്ടിപ്പിൾ ഇൻ്റലിജൻസ് (MIAT) എന്താണെന്ന് നോക്കാം:

സംഭവം വളരെ സിമ്പിളാണ്. 1983-ൽ ഹോവാർഡ് ഗാർഡ്നർ എന്നൊരു പ്രശസ്തനായ മനഃശാസ്ത്രജ്ഞൻ ഉണ്ടായിരുന്നു. അതുവരെ ലോകം വിശ്വസിച്ചിരുന്നത്, കണക്കിലും സയൻസിലും നല്ല മാർക്ക് കിട്ടുന്നവനാണ് വലിയ 'ബുദ്ധിമാൻ' എന്നാണ്. ബാക്കിയുള്ളവരൊക്കെ എന്തിനോ വേണ്ടി ജനിച്ചവർ എന്ന മട്ടിലായിരുന്നു അന്നത്തെ ചിന്ത. ഗാർഡ്നർ വന്നിട്ട് പറഞ്ഞു, "ഹേയ്, അങ്ങനെയല്ല കാര്യങ്ങൾ. മനുഷ്യർക്ക് പലതരം ബുദ്ധിയുണ്ട്."

അദ്ദേഹം മനുഷ്യൻ്റെ ബുദ്ധിയെ പലതായി തിരിച്ചു:

നന്നായി സംസാരിക്കാനും എഴുതാനുമുള്ള ഭാഷാപരമായ ബുദ്ധി. കണക്കുകൾ കൂട്ടാനും പസിൽസ് സോൾവ് ചെയ്യാനുമുള്ള ലോജിക്കൽ ബുദ്ധി. പാട്ടിൻ്റെ താളവും ശ്രുതിയും എളുപ്പത്തിൽ പിടിച്ചെടുക്കുന്ന മ്യൂസിക്കൽ ബുദ്ധി. വഴികൾ പെട്ടെന്ന് ഓർമ്മ വെക്കാനും രൂപങ്ങളെ മനസ്സിലാക്കാനുമുള്ള സ്പേഷ്യൽ ബുദ്ധി. സ്പോർട്സിലും ഡാൻസിലുമൊക്കെ തിളങ്ങാൻ സഹായിക്കുന്ന കായിക ബുദ്ധി. ആളുകളുമായി എളുപ്പത്തിൽ കൂട്ടുകൂടാനും അവരെ മനസ്സിലാക്കാനുമുള്ള കഴിവ്.

ഇതിലെ യാഥാർത്ഥ്യം എന്താണ്?: ഒരു കുട്ടിക്ക് കണക്ക് കിട്ടുന്നില്ലെങ്കിൽ അവനെ 'മണ്ടൻ' എന്ന് മുദ്രകുത്താതെ, അവൻ്റെ കഴിവ് ചിലപ്പോൾ സ്പോർട്സിലോ പാട്ടിലോ ആയിരിക്കും എന്ന് ചിന്തിക്കാൻ ഈ തിയറി അധ്യാപകരെ ഒരുപാട് സഹായിച്ചു.

പക്ഷേ പണി പാളുന്നത് എവിടെയാണെന്നല്ലേ?: ഗാർഡ്നർ തന്നെ പലതവണ പറഞ്ഞിട്ടുള്ള ഒരു കാര്യമുണ്ട്: "ഇതൊരു സിദ്ധാന്തം (Theory) മാത്രമാണ്. അല്ലാതെ ഇതൊരു പരീക്ഷ വെച്ച് അളക്കാൻ പറ്റുന്ന കാര്യമല്ല." കുട്ടികളെ എളുപ്പത്തിൽ എങ്ങനെ പഠിപ്പിക്കാം എന്ന് തീരുമാനിക്കാനുള്ള ഒരു ടൂൾ മാത്രമാണിത്. അല്ലാതെ ഇതൊക്ക വെച്ച് ഒരു കുട്ടിയുടെ ഭാവി കരിയർ തീരുമാനിക്കുന്നത് ശുദ്ധ മണ്ടത്തരമാണ്.

വിരലടയാളം നോക്കി ഭാവി പ്രവചിക്കുന്ന മാജിക്! (DMIT തട്ടിപ്പ്):

ഇനി കാര്യത്തിലേക്ക് വരാം. ഈ ഗാർഡ്നറുടെ പേരും പറഞ്ഞ് ഇന്ന് നമ്മുടെ നാട്ടിൽ നടക്കുന്ന ഏറ്റവും വലിയ പകൽകൊള്ളയാണ് DMIT (Dermatoglyphics Multiple Intelligence Test).

നിങ്ങൾ കുട്ടിയുമായി ചെല്ലുമ്പോൾ അവർ കുട്ടിയുടെ പത്ത് വിരലുകളുടെയും അടയാളം ഒരു സ്കാനറിലൂടെ എടുക്കും. എന്നിട്ട് ഒരു കിടിലൻ ഡയലോഗ് അടിക്കും, "വിരലടയാളവും തലച്ചോറും തമ്മിൽ നേരിട്ട് കണക്ഷനുണ്ട്. ഈ വിരലടയാളം സ്കാൻ ചെയ്താൽ കുട്ടിയുടെ തലച്ചോറിൽ ഏത് ബുദ്ധിയാണ് കൂടുതൽ എന്ന് ഞങ്ങൾ പറഞ്ഞ് തരാം!"

രണ്ടോ മൂന്നോ ദിവസം കഴിയുമ്പോൾ 50 പേജുള്ള, കണ്ടാൽ ആരും അമ്പരക്കുന്ന ഒരു കളർഫുൾ പുസ്തകം നിങ്ങളുടെ കയ്യിൽ വെച്ച് തരും. ഇതിനായി 2000 മുതൽ 10000 രൂപ വരെ ഫീസും വാങ്ങും. ഓഫർ പ്രഖ്യാപിച്ച് ആളെ കൂട്ടുന്നുമുണ്ട്.

സത്യം എന്താണെന്ന് കേട്ടോളൂ: ഇതൊരു തികഞ്ഞ തട്ടിപ്പാണ് (Pseudoscience). ശാസ്ത്രലോകം എപ്പോഴോ ചവറ്റകുട്ടയിൽ എറിഞ്ഞ കാര്യമാണിത്. വിരലടയാളയും മനുഷ്യൻ്റെ കരിയറും തമ്മിൽ യാതൊരു ബന്ധവുമില്ലെന്ന് ലോകമെമ്പാടുമുള്ള ശാസ്ത്രജ്ഞർ ആവർത്തിച്ചു പറയുന്നുണ്ട്.

പിന്നെ എങ്ങനെയാണ് ഈ റിപ്പോർട്ട് കണ്ട് രക്ഷിതാക്കൾ ഞെട്ടുന്നത്?: ആ വലിയ റിപ്പോർട്ട് ബുക്ക് ഒന്ന് തുറന്നു നോക്കൂ. അതിൽ എഴുതിയിരിക്കുന്നത് ഇങ്ങനെയാകും: "നിങ്ങളുടെ കുട്ടി ചിലപ്പോൾ നല്ല ദേഷ്യക്കാരനാകും, പക്ഷേ സ്നേഹം കൊടുത്താൽ വേഗം പാവമാകും.", "കുട്ടിക്ക് ചിലപ്പോൾ സ്വന്തമായി തീരുമാനങ്ങൾ എടുക്കാൻ ഇഷ്ടമാണ്."

ഇതൊക്ക വായിക്കുമ്പോൾ അച്ഛനും അമ്മയും കരുതും, "അടിപൊളി! എൻ്റെ കുട്ടിയെക്കുറിച്ച് എന്തൊരു കൃത്യമായാണ് ഇതിൽ പറഞ്ഞിരിക്കുന്നത്!" എന്ന്. ഒന്ന് ചിന്തിച്ചു നോക്കൂ... ഇതൊക്കെ ലോകത്തുള്ള ഏതാണ്ട് എല്ലാ കുട്ടികൾക്കും ചേരുന്ന കാര്യങ്ങളല്ലേ? ആർക്കും ചേരുന്ന കുറച്ചു പൊതുവായ കാര്യങ്ങൾ നല്ല ഇംഗ്ലീഷിൽ ഗ്രാഫുകളൊക്കെ വെച്ച് അവതരിപ്പിച്ച് ആളുകളെ വിശ്വസിപ്പിക്കുന്ന ഒരു സൈക്കോളജിക്കൽ ട്രിക്കാണിത്. അത്രയേ ഉള്ളൂ ഈ DMIT!

ഇവിടെയാണ് ഹീറോയുടെ എൻട്രി: യാഥാർത്ഥ്യബോധമുള്ള DAT:

ഇമ്മാതിരി തള്ളുകളെല്ലാം മാറ്റി വെച്ച് ശാസ്ത്രീയമായ രീതിയിലേക്ക് വരാം. യാഥാർത്ഥ്യബോധമുള്ളതും കൃത്യവുമായ ഒരു വഴി കാട്ടിത്തരുന്ന ശാസ്ത്രീയ ടെസ്റ്റാണ് DAT (Differential Aptitude Test). യഥാർത്ഥ കരിയർ കൗൺസിലർമാർ കാലങ്ങളായി വിശ്വസിക്കുന്ന ടൂളാണിത്.

മൾട്ടിപ്പിൾ ഇൻ്റലിജൻസ് പോലെയുള്ള ഒരു 'തിയറി' അല്ല DAT. ഇതൊരു പക്കാ എക്സാം ആണ്. കൃത്യമായ സമയപരിധിയുള്ള, ശരിയും തെറ്റുമുള്ള ഉത്തരങ്ങളുള്ള ഒരു പരീക്ഷ. ചോദ്യങ്ങൾ വായിച്ച് കുട്ടി തന്നെ ഉത്തരങ്ങൾ കണ്ടെത്തണം. അവിടെ കുട്ടിയുടെ യഥാർത്ഥ കഴിവുകളാണ് അളക്കപ്പെടുന്നത്.

കുട്ടിക്ക് അക്ഷരങ്ങളും വാക്യങ്ങളും മനസ്സിലാക്കാനുള്ള കഴിവ് (Verbal Reasoning), കണക്കുകൾ ചെയ്യാനുള്ള കഴിവ് (Numerical Ability), പുതിയ കാര്യങ്ങൾ പെട്ടെന്ന് പഠിച്ചെടുക്കാനുള്ള കഴിവ് (Abstract Reasoning), യന്ത്രങ്ങളും ഉപകരണങ്ങളും എങ്ങനെ പ്രവർത്തിക്കുന്നു എന്ന് മനസ്സിലാക്കാനുള്ള കഴിവ് (Mechanical Reasoning) എന്നിവയൊക്കെയാണ് DAT കൃത്യമായി അളക്കുന്നത്.

MI ടെസ്റ്റുകളിൽ "നിനക്ക് കണക്ക് ഇഷ്ടമാണോ?" എന്ന് ചോദിക്കുമ്പോൾ, DAT-ൽ കുറച്ചു കണക്കുകൾ നിശ്ചിത സമയത്തിനുള്ളിൽ ചെയ്യാൻ കൊടുക്കും. അതിൽ കിട്ടുന്ന മാർക്ക് വെച്ചാണ് കഴിവ് തീരുമാനിക്കുന്നത്. ഒന്ന് വെറും താല്പര്യമാണ്, മറ്റേത് യഥാർത്ഥ കഴിവാണ്.

നമ്മുടെ സ്വന്തം സിജിയും (CIGI) വിശ്വസ്തരായ കൗൺസിലർമാരും:

കേരളത്തിൽ കരിയർ ഗൈഡൻസിനെക്കുറിച്ച് പറയുമ്പോൾ ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നാണ് സിജി (CIGI) നടത്തുന്ന CDAT (CIGI Differential Aptitude Test). ഇതിന് ഇത്രയും പോപ്പുലാരിറ്റി കിട്ടാൻ കൃത്യമായ കാരണങ്ങളുണ്ട്:

നമ്മുടെ നാടിന് പറ്റിയ സാധനം: അമേരിക്കയിലെ കുട്ടികൾക്ക് കൊടുക്കുന്ന ടെസ്റ്റ് നമ്മുടെ നാട്ടിലെ കുട്ടികൾക്ക് കൊടുത്താൽ ശരിയാകില്ല. എന്നാൽ CDAT നമ്മുടെ നാട്ടിലെ കുട്ടികളുടെ സാംസ്കാരിക പശ്ചാത്തലത്തിനും പാഠ്യപദ്ധതിക്കും അനുസരിച്ച് പ്രത്യേകം ഡിസൈൻ ചെയ്തതാണ്. തള്ളലില്ല, യാഥാർത്ഥ്യം മാത്രം: നിങ്ങളെ സുഖിപ്പിക്കാൻ വേണ്ടി വ്യാജ റിപ്പോർട്ടുകൾ നൽകുന്നതിന് പകരം, സിജി നൽകുന്നത് വളരെ ലളിതമായ ബാർ ഗ്രാഫുകളുള്ള റിപ്പോർട്ടാണ്. കുട്ടിക്ക് കണക്കിൽ കഴിവില്ലെങ്കിൽ ഗ്രാഫ് താഴെ തന്നെ നിൽക്കും. അത് തുറന്ന് പറയാൻ അവർക്ക് മടിയില്ല. മനുഷ്യരുടെ സംസാരം: ടെസ്റ്റ് റിസൾട്ട് കയ്യിൽ കൊടുത്ത് പറഞ്ഞുവിടുകയല്ല അവർ ചെയ്യുന്നത്. പരിശീലനം ലഭിച്ച എക്സ്പെർട്ട് കൗൺസിലർമാർ, കുട്ടിയോടും അച്ഛനമ്മമാരോടും നേരിട്ടിരുന്ന് സംസാരിക്കും. കുട്ടിയുടെ താല്പര്യങ്ങളും സാമ്പത്തിക ചുറ്റുപാടുകളും ഒക്കെ പരിഗണിച്ച ശേഷമാണ് അവർ അനുയോജ്യമായ കോഴ്സുകൾ നിർദ്ദേശിക്കുന്നത്.

അവസാനമായി ഒരു കാര്യം കൂടെ!:

എത്ര വലിയ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് നടത്തിയാലും ചില കടുത്ത സത്യങ്ങൾ നമ്മൾ മറക്കരുത്. ഒരു ടെസ്റ്റും നിങ്ങളുടെ കുട്ടിയുടെ അന്തിമ വിധി എഴുതുന്നില്ല.

നമ്മുടെ തലച്ചോറിന് ഏത് പ്രായത്തിലും പുതിയ കാര്യങ്ങൾ പഠിച്ച് മാറാനുള്ള കഴിവുണ്ട്. ഇന്ന് ഒരു കാര്യത്തിൽ കഴിവ് കുറവാണെങ്കിലും, നിരന്തരമായ ട്രെയിനിങ് കൊടുത്താൽ ഏത് കഴിവും നേടിയെടുക്കാം. അതിനേക്കാളൊക്കെ വലുതാണ് കുട്ടിയുടെ പാഷനും കഠിനാധ്വാനവും. കഴിവ് കുറവാണെങ്കിലും, രാപ്പകലില്ലാതെ അധ്വാനിക്കാൻ തയ്യാറുള്ള ഒരു കുട്ടിയെ തോൽപ്പിക്കാൻ ഒരു ടെസ്റ്റിനും കഴിയില്ല. അതുപോലെ ജോലിസ്ഥലത്ത് പിടിച്ചുനിൽക്കാൻ ബുദ്ധിശക്തിയേക്കാൾ ആവശ്യം മറ്റുള്ളവരോട് നല്ല രീതിയിൽ ഇടപെടാനുള്ള വൈകാരിക ബുദ്ധിയാണ് (EQ).

ചുരുക്കി പറഞ്ഞാൽ, പ്ലസ് ടു കഴിയുമ്പോൾ കരിയർ പ്ലാൻ ചെയ്യാൻ DAT പോലെയുള്ള ശാസ്ത്രീയമായ ടെസ്റ്റുകളെ ആശ്രയിക്കുന്നത് നല്ലതാണ്. അത് നിങ്ങളുടെ കുട്ടി ഇപ്പോൾ എവിടെ നിൽക്കുന്നു എന്ന് കാട്ടിത്തരും. പക്ഷേ, വിരലടയാളം നോക്കി ഭാവി പ്രവചിക്കുന്ന തട്ടിപ്പുകാരുടെ അടുത്തേക്ക് പോയി പൈസയും കളഞ്ഞ് ആവശ്യമില്ലാത്ത ടെൻഷനും തലയിലേറ്റരുത്. കുട്ടിയുടെ യഥാർത്ഥ കഴിവിനെ മനസ്സിലാക്കുക, അവർക്ക് ശരിയായ വഴികാട്ടിയാവുക!

Article By: Mujeebulla K.M
CIGI Career Team



Comments (0)

Write a Comment

Thank you for showing an interest in CIGI. You can reach out to us through multiple ways

For career counseling and other Appointments - Book Now

Whatsapp or call us for any query