×
24 March 2025
0

പത്തിന് ശേഷം പല വഴികൾ

പത്താം ക്ലാസിന്  ശേഷമെന്ത് എന്ന കാര്യത്തിൽ ആശങ്കകളുള്ള  വിദ്യാർഥികളും രക്ഷിതാക്കളും നിരവധിയുണ്ട്. വിശാലമായ പഠനാവസരങ്ങൾ ഉള്ളതുകൊണ്ട് തന്നെ ആശങ്കകൾ സ്വാഭാവികം. അഭിരുചി, താൽപര്യം, ഉപരിപഠന മേഖല, ജോലി സാധ്യത,വ്യക്തിത്വ സവിശേഷതകൾ തുടങ്ങിയവ പരിഗണിച്ച് വേണം ഇക്കാര്യത്തിൽ ഒരു തീരുമാനമെടുക്കാൻ .വിദ്യാർത്ഥികൾക്ക് പരിഗണിക്കാവുന്ന പ്രധാനപ്പെട്ട കോഴ്സുകളെ പരിചയപ്പെടാം.വിശദാംശങ്ങൾക്ക്  വെബ്സൈറ്റുകൾ സന്ദർശിക്കണം.

ഹയർ സെക്കൻഡറി (പ്ലസ് ടു):

ഭൂരിപക്ഷ വിദ്യാർത്ഥികളും  തിരഞ്ഞെടുക്കുന്ന ഹയർസെക്കൻഡറി മേഖലയിൽ സയൻസ്,കൊമേഴ്സ് , ഹ്യുമാനിറ്റീസ് എന്നീ മൂന്ന് സ്ട്രീമുകളിലായി 45 കോമ്പിനേഷനുകളുണ്ട്. ആറ് വിഷയങ്ങളാണ് പഠിക്കാനുള്ളത്. ഇംഗ്ലീഷും മറ്റൊരു ഭാഷയും നാല് ഒപ്ഷണൽ വിഷയങ്ങളും.
ഏകജാലക സംവിധാനം വഴിയാണ് അലോട്ട്മെൻറ്. ഓരോ ജില്ലകളിലേക്കും  പ്രത്യേകം അപേക്ഷ സമർപ്പിക്കണം.  (hscap.kerala.gov.in ).

കൂടാതെ സി.ബി.എസ്.ഇ, കൗൺസിൽ ഫോർ ഇന്ത്യൻ സ്കൂൾ സർട്ടിഫിക്കറ്റ് എക്സാമിനേഷൻ (CISCE), നാഷണൽ ഓപ്പൺ സ്കൂൾ (NIOS -  www.nios.ac.in) , കേരള ഓപ്പൺ സ്കൂൾ സ്കൂൾ (സ്കോൾ കേരള - scolekerala.org) എന്നിവ
വഴിയും പ്ലസ്ടു പഠിക്കാനവസരമുണ്ട്.

വൊക്കേഷണൽ ഹയർ സെക്കൻഡറി (വി.എച്ച്.എസ്.സി):

പ്ലസ് ടു പഠനത്തോടൊപ്പം ഏതെങ്കിലും തിരഞ്ഞെടുക്കപ്പെട്ട ഒരു തൊഴിൽ മേഖലയിൽ പരിശീലനത്തിനും സഹായിക്കുന്ന കോഴ്സാണ് വൊക്കേഷണൽ ഹയർസെക്കൻഡറി (VHSC). ഒരു തൊഴിലധിഷ്ഠിത കോഴ്സടക്കം ആറ് വിഷയങ്ങൾ. താൽപര്യമനുസരിച്ച്  സയൻസ്, ഹുമാനിറ്റീസ്, കൊമേഴ്സ്' വിഷയങ്ങൾ തിരഞ്ഞെടുക്കാം. പ്ലസ്ടുക്കാരുടെ  എല്ലാ ഉപരിപഠന സാധ്യതകളും വി.എച്ച്.എസ്.സി ക്കാർക്കും ലഭ്യമാണ്. 
നാഷണൽ സ്കിൽ ക്വാളിഫിക്കേഷൻ ഫ്രെയിം വർക്ക് (NSQF) ൻ്റെ സ്കിൽ സർട്ടിഫിക്കറ്റും ലഭിക്കും  (vhscap.kerala.gov.in)

ടെക്നിക്കൽ ഹയർസെക്കൻഡറി:

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ റിസോഴ്സ് ഡെവലപ്മെൻ്റിൻ്റെ (IHRD) കീഴിലുള്ള 15 ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂളുകളിൽ ഫിസിക്കൽ സയൻസ്, ഇൻ്റഗ്രേറ്റഡ്' സയൻസ് എന്നീ വിഭാഗങ്ങളിലായി പ്ലസ്ടുവിനോടൊപ്പം സാങ്കേതിക വിഷയങ്ങളും പഠിക്കാനവസരമുണ്ട്. ആറ് വിഷയങ്ങളാണുള്ളത്. ഇംഗ്ലീഷ് (Part1), കമ്പ്യൂട്ടർ സയൻസ് & ഐ.ടി (Part 2), സ്ട്രീമനുസരിച്ച് Part 3 യിൽ  നാലു സയൻസ് വിഷയങ്ങളും പഠിക്കണം. (www.ihrd.ac.in)

അഫ്ളലുൽ ഉലമ:

വിവിധ അറബിക് കോളേജുകളില്‍ രണ്ട് വര്‍ഷം ദൈര്‍ഘ്യമുള്ള അഫ്‌ളലുല്‍ ഉലമ പ്രിലിമിനറി കോഴ്‌സുകളുണ്ട്.പ്ലസ്ടു ഹ്യുമാനിറ്റീസിന് കോഴ്സിന് തുല്യമായി അംഗീകരിച്ച കോഴ്സാണിത്.

കേരള കലാമണ്ഡലം ഹയര്‍സെക്കണ്ടറി കോഴ്‌സ്:

ചെറുതുരുത്തിയിലെ കേരള കലാമണ്ഡലം കല്‍പിത സര്‍വകലാശാലയില്‍ ഏതെങ്കിലും ഒരു കലാ വിഷയം പ്രധാന വിഷയമായി ഹയര്‍സെക്കണ്ടറി പഠനം നടത്താം. പതിനാലോളം കലാ വിഷയങ്ങളുണ്ട്.  സ്റ്റൈപ്പൻ്റോടെ പഠിക്കാം. (www.kalamandalam.ac.in) .

പോളിടെക്‌നിക് ഡിപ്ലോമ കോഴ്‌സുകള്‍:

ഏറെ ജോലി സാധ്യതയുള്ള തൊഴിലധിഷ്ഠിത കോഴ്‌സുകളാണ് പോളിടെക്‌നിക്കുകളിലുള്ള വിവിധ ഡിപ്ലോമ കോഴ്‌സുകള്‍. മൂന്ന് വര്‍ഷമാണ് കോഴ്‌സ് ദൈര്‍ഘ്യം.മുപ്പതിൽ പരം ബ്രാഞ്ചുകളുണ്ട്.പത്താം ക്ലാസ് മാര്‍ക്കടിസ്ഥാനത്തിലാണ് പ്രവേശനം. കേൾവി പരിമിതിയുള്ളവർക്കും ചില ബ്രാഞ്ചുകളുണ്ട്. പെൺകുട്ടികൾക്ക് മാത്രമായും ചില പോളിടെക്നിക്കുകളുണ്ട്.സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ജനറല്‍ പോളിടെക്‌നിക്കുകള്‍ക്ക് പുറമെ ഐ.എച്ച്.ആർ.ഡിയുടെ കീഴിലുള്ള മോഡല്‍ പോളിടെക്‌നിക്കുകളുമുണ്ട്. എഞ്ചിനീയറിങ് കോഴ്‌സുകള്‍ക്ക് പുറമെ കൊമേഴ്‌സ്/ മാനേജ്‌മെന്റ് മേഖലയിലും ഡിപ്ലോമ കോഴ്‌സുകളുണ്ട്. ഡിപ്ലോമക്കാർക്ക് ലാറ്ററല്‍ എന്‍ട്രി പരീക്ഷ വഴി ബി.ടെക്കിനും (രണ്ടാം വര്‍ഷത്തില്‍) ചേരാവുന്നതാണ്. ചില പോളിടെക്നിക്കുകൾ മൂന്ന് വർഷം ദൈർഘ്യമുള്ള ഡിപ്ലോമ ഇൻ വൊക്കേഷൻ (D.Voc) കോഴ്സും നടത്തുന്നുണ്ട്. വെബ്‌സൈറ്റ്: www.polyadmission.org, www.ihrd.ac.in

ഇന്‍ഡസ്ട്രിയല്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ട് (ITI)  കോഴ്‌സുകള്‍:

സര്‍ക്കാര്‍,സ്വകാര്യ മേഖലകളിൽ  വിവിധ ഏക വർഷ/ രണ്ട് വർഷ സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍ നല്‍കുന്ന നിരവധി ഐ.ടി.ഐകളുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ കീഴിലുള്ള NCVT (National Council of Vocational Training) യുടെ അംഗീകാരമുള്ള കോഴ്‌സുകളും കേരള ഗവണ്‍മെന്റിന്റെ കീഴിലുള്ള SCVT (State Council of Vocational Training) യുടെ അംഗീകാരമുള്ള കോഴ്‌സുകളും ലഭ്യമാണ്. എഞ്ചിനീയറിങ് സ്ട്രീമിലുള്ള കോഴ്‌സുകളും നോണ്‍ എഞ്ചിനീയറിങ് സ്‌ട്രീമിലുള്ള കോഴ്‌സുകളുമുണ്ട്. ചില കോഴ്‌സുകള്‍ക്ക് (നോണ്‍ മെട്രിക് ട്രേയ്ഡ്) പത്താം ക്ലാസ് പരാജയപ്പെട്ടവര്‍ക്കും അപേക്ഷിക്കാവുന്നതാണ്. ഐ.ടി.ഐക്കാർക്ക്  പോളിടെക്നിക്കുക ളിലെ മൂന്ന് വർഷ ഡിപ്ലോമ കോഴ്സിന് രണ്ടാം വർഷം നേരിട്ട് ചേരാൻ അവസരമുണ്ട് . (www.det.kerala.gov.in )

നെട്ടൂര്‍ ടെക്‌നിക്കല്‍ ട്രെയിനിങ് ഫൗണ്ടേഷന്‍ (NTTF)  കോഴ്‌സുകള്‍:

NTTF  ന്റെ വിവിധ കേന്ദ്രങ്ങളിൽ സര്‍ട്ടിഫിക്കറ്റ് , ഡിപ്ലോമ കോഴ്‌സുകൾ പഠിക്കാം . കേരളത്തിൽ തലശ്ശേരിയിലും മലപ്പുറത്തുമാണ് കേന്ദ്രങ്ങൾ.
(www.nttftrg.com)

ഡിപ്ലോമ ഇന്‍ സെക്രട്ടേറിയല്‍ പ്രാക്ടീസ്:

ടൈപ്പ്‌റൈറ്റിങും സ്റ്റെനോഗ്രാഫിയും പഠനവിഷയമായുള്ള രണ്ട് വര്‍ഷ ഡിപ്ലോമ കോഴ്‌സ്. കേരളത്തില്‍ പതിനേഴ് ഗവെണ്‍മെന്റ് കോമേഴ്‌സ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ അവസരമുണ്ട്. (www.polyadmission.org)

പ്ലാസ്റ്റിക് ടെക്‌നോളജി കോഴ്‌സുകള്‍:

പ്ലാസ്റ്റിക് വ്യവസായ മേഖലയില്‍ ജോലിക്ക് പ്രാപ്തമാക്കുന്ന സാങ്കേതിക വിദ്യ പഠിപ്പിക്കുന്ന പ്രശസ്ത സ്ഥാപനമായ CIPET (Central Institute of Petrochemical Engineering & Technology) കൊച്ചി നടത്തുന്ന ഡിപ്ലോമ ഇന്‍ പ്ലാസ്റ്റിക് ടെക്‌നോളജി, ഡിപ്ലോമ ഇന്‍ പ്ലാസ്റ്റിക് മോള്‍ഡ് ടെക്‌നോളജി എന്നീ കോഴ്‌സുകള്‍ക്ക് എസ്.എസ്.എല്‍.സിയാണ് യോഗ്യത. മൂന്ന് വര്‍ഷം ദൈര്‍ഘ്യമുള്ള ഈ കോഴ്‌സുകള്‍ക്ക് പ്രവേശന പരീക്ഷയുണ്ട്. (www.cipet.gov.in )

ജൂനിയര്‍ ഡിപ്ലോമ ഇന്‍ കോര്‍പറേഷന്‍ (ജെ.ഡി.സി):

സഹകരണ മേഖലയിലും സംഘങ്ങളിലും ജോലി ലഭിക്കാന്‍ വേണ്ട യോഗ്യതയാണ് പത്ത് മാസം ദൈര്‍ഘ്യമുള്ള ജെ.ഡി.സി കോഴ്‌സ്. കേരളത്തിൽ 16 കേന്ദ്രങ്ങളിലുണ്ട്. (scu.kerala.gov.in)

ഹാന്റ്‌ലൂം ടെക്‌നോളജി കോഴ്‌സുകള്‍:

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ്‌ലൂം ടെക്‌നോളജി (IIHT) യുടെ കീഴില്‍ കണ്ണൂരിലടക്കം രാജ്യത്തെ പത്തോളം കേന്ദ്രങ്ങളില്‍ ഹാന്റ് ലൂം ടെക്‌നോളജിയുമായി ബന്ധപ്പെട്ട വിവിധ കോഴ്‌സുകളുണ്ട്. IIHT കണ്ണൂരിലെ കോഴ്‌സുകളുടെ വിവരങ്ങള്‍ www.iihtkannur.ac.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.

സിഫ്‌നെറ്റിലെ ക്രാഫ്റ്റ് കോഴ്‌സുകള്‍:

മത്സ്യവ്യവസായവുമായി ബന്ധപ്പെട്ട പരിശീലനം നല്‍കുന്ന കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ CIFNET (Central Institute of Fisheries Nautical and Engineering Training)  ന്റെ കൊച്ചിയിലടക്കം വിവിധ കേന്ദ്രങ്ങളില്‍ രണ്ടുവര്‍ഷം ദൈര്‍ഘ്യമുള്ള വെസല്‍ നാവിഗേറ്റര്‍, മറൈന്‍ ഫിറ്റര്‍ എന്നീ കോഴ്‌സുകളുണ്ട്. പ്രവേശന പരീക്ഷയുണ്ട്. (cifnet.gov.in)

ഡിപ്ലോമ ഇൻ ഹോട്ടൽ മാനേജ്മെൻറ് & കാറ്ററിങ് ടെക്നോളജി (DHMCT):

മൂന്നാർ കാറ്ററിങ് കോളേജിലുള്ള ഈ നാല് വർഷ കോഴ്സിന് സാങ്കതിക വിദ്യാഭ്യാസ വകുപ്പിൻ്റെ അംഗീകാരമുണ്ട്.(www.polyadmission.org)

ലൈബ്രറി സയന്‍സ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്:

തിരുവനന്തപുരത്തുള്ള സ്റ്റേറ്റ് സെൻട്രല്‍ ലൈബ്രറി നടത്തുന്ന ആറു മാസം ദൈര്‍ഘ്യമുള്ള സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് (CLISc) കോഴ്സ്. ലൈബ്രറി സയൻസിൻ്റെ അടിസ്ഥാന പാഠങ്ങൾ,നിയമങ്ങൾ, ലൈബ്രറിയുടെ ഘടന, പ്രവർത്തനങ്ങൾ, സേവനങ്ങൾ തുടങ്ങിയവയെക്കുറിച്ച് പഠിക്കാം. (statelibrary.kerala.gov.in)

ഫൂട്ട് വെയര്‍ ഡിസൈനിംഗ് കോഴ്‌സുകള്‍:

സെന്‍ട്രല്‍ ഫൂട്‌വെയര്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ട് (CFTI) ചെന്നൈ നടത്തുന്ന പാദരക്ഷ രൂപകല്‍പന, നിര്‍മാണം തുടങ്ങിയവയുമായി ബന്ധപ്പെട്ട വിവിധ സര്‍ട്ടിഫിക്കറ്റ് കോഴ്സുകളുണ്ട്.(cftichennai.in)

ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റി (IGNOU) സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍:

പത്താം ക്ലാസ് യോഗ്യതയുള്ളവര്‍ക്കായി  IGNOU നടത്തുന്ന ആറുമാസം ദൈര്‍ഘ്യമുള്ള വിവിധ സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളുണ്ട്.  എനര്‍ജി ടെക്‌നോളജി & മാനേജ്‌മെന്റ്, ഹെല്‍ത്ത് കെയര്‍ , ഫസ്റ്റ് എയ്ഡ് , ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി,  പെര്‍ഫോര്‍മിങ് ആര്‍ട്‌സ് തുടങ്ങി വിവിധ മേഖലകളില്‍ കോഴ്സുകളുണ്ട് (www.ignou.ac.in).

ചെയിന്‍ സര്‍വെ കോഴ്‌സ്:

ഡയറക്ടറേറ്റ് ഓഫ് സര്‍വേ &  ലാന്റ് റെക്കോര്‍ഡ്‌സിന്റെ കീഴില്‍ മൂന്ന് മാസം ദൈര്‍ഘ്യമുള്ള ചെയിന്‍ സര്‍വേ (ലോവര്‍) കോഴ്‌സ് വിവിധ സര്‍ക്കാര്‍/ സ്വകാര്യ ചെയിൻ സർവ്വേ സ്‌കൂളുകളില്‍   പഠിക്കാം .ഭൂമി അളക്കുന്നതും സ്കെച്ചുകൾ തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട പരിശീലനമാണ് ലഭിക്കുക. (dslr.kerala.gov.in)

ഹോമിയോപ്പതിക് ഫാര്‍മസി:

തിരുവനന്തപുരം, കോഴിക്കോട് ഹോമിയോ മെഡിക്കൽ  കോളേജുകളില്‍ ലഭ്യമായ ഒരു വര്‍ഷ ഫാര്‍മസി കോഴ്‌സാണ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ഹോമിയോപ്പതിക് ഫാര്‍മസി (CCP-HOMEO) . അൻപത് ശതമാനം മാര്‍ക്കോടെയുള്ള എസ്.എസ്.എൽ.സി യാണ് യോഗ്യത.(lbscentre.in)

ആയുര്‍വേദ പാരാമെഡിക്കല്‍ കോഴ്‌സുകള്‍:

വിവിധ സര്‍ക്കാര്‍/ സ്വകാര്യ ആയുര്‍വേദ കോളേജുകളില്‍ ഒരു വര്‍ഷ കാലയളവിലുള്ള ആയുര്‍വേദ തെറാപ്പിസ്റ്റ്, ആയുര്‍വേദ നഴ്‌സിങ് , ആയുര്‍വേദ ഫാര്‍മസി കോഴ്‌സുകളുണ്ട്. (www.ayurveda.kerala.gov.in)

ടെക്സ്റ്റയിൽസ് മേഖലയിലെ കോഴ്‌സുകള്‍:

വസ്ത്രങ്ങള്‍, ഫാഷന്‍ തുടങ്ങിയ മേഖലകളില്‍ അപ്പാരല്‍ ട്രെയിനിങ് &  ഡിസൈന്‍ സെന്റര്‍ (ATDC) വിവിധ കോഴ്‌സുകള്‍ നടത്തുന്നുണ്ട്. പാറ്റേൺ മേക്കിങ് & കാഡ്, ഗാർമെൻറ് കൺസ്ട്രക്ഷൻ ടെക്നിക്സ്, ഗാർമെൻറ് ടെസ്റ്റിംഗ് & ക്യു.സി, മെഷീൻ മെയിൻറനൻസ് മെക്കാനിക്ക് തുടങ്ങിയ സർട്ടിഫിക്കറ്റുകൾ നേടാം. തിരുവനന്തപുരം, കണ്ണൂര്‍ എന്നിവയാണ് കേരളത്തിലെ പഠന കേന്ദ്രങ്ങള്‍ (atdcindia.co.in). കേരള സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ഗവണ്‍മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിംഗിന്റെ വിവിധ സെന്ററുകളില്‍ ഫാഷന്‍ ഡിസൈന്‍ & ഗാര്‍മെന്റ് ടെക്‌നോളജി കോഴ്‌സുണ്ട്. രണ്ട് വര്‍ഷ കോഴ്സാണ് (polyadmission.org/gifd).

ഡയറക്ടർ ജനറൽ ഓഫ് ഷിപ്പിംഗിൻ്റെ  അംഗീകൃത സ്ഥാപനങ്ങളിലെ ആറു മാസം ദൈർഘ്യമുള്ള പ്രീ -സീ ട്രെയിനിങ് കോഴ്സ് (dgshipping.gov.in) കണ്ടിന്യൂയിങ് എജുക്കേഷൻ സെല്ലുകളുടെ ഭാഗമായി വിവിധ പോളിടെക്നിക്കുകളിലുള്ള മൊബൈൽ ഫോൺ സർവീസിങ്, കമ്പ്യൂട്ടർ ഹാർഡ് വെയർ, ഫയർ & സേഫ്റ്റി, ഷിപ്പിങ് & ലോജിസ്റ്റിക്സ്, ഫൈബർ ഒപ്റ്റിക്സ് & ഡിജിറ്റൽ സെക്യൂരിറ്റി, ഓട്ടോകാഡ്,ടാലി തുടങ്ങിയ വിഷയങ്ങളിലുള്ള ഹ്രസ്വകാല കോഴ്സുകൾ (cpt.ac.in), ബി.എസ്.എൻ.എൽ നടത്തുന്ന സർട്ടിഫൈഡ് ഒപ്റ്റിക്കൽ ഫൈബർ ടെക്നീഷ്യൻ കോഴ്സ്  (rttctvm.bsnl.co.in) തുടങ്ങിയവയും പരിഗണിക്കാം.കെ.ജി.സി.ഇ (കേരള ഗവെൺമെൻ്റ് സർട്ടിഫിക്കറ്റ് എക്സാമിനേഷൻ), കെ.ജി.ടി.ഇ (കേരള ഗവെൺമെൻ്റ് ടെക്നിക്കൽ എക്സാമിനേഷൻ) എന്നിവ നടത്തുന്ന വിവിധ കോഴ്സുകളും ജോലി സാധ്യതയുള്ളവയാണ് (www.dtekerala.gov.in).
നാഷണല്‍ സ്‌കില്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം (nstiwtrivandrum.dgt.gov.in), കേരള സ്‌റ്റേറ്റ് സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് പ്രിന്റിങ് ആന്റ് ട്രെയിനിങ് (www. captkerala.com) , എല്‍.ബി.എസ് (lbscentre.in), അസാപ്പ് (asapkerala.gov.in), കെല്‍ട്രോണ്‍ (ksg.keltron.in), റൂട്രോണിക്‌സ് (keralastaterutronix.com), ഐ.എച്ച്.ആര്‍.ഡി (www.ihrd.ac.in), സിഡിറ്റ് (tet.cdit.org), സ്റ്റെഡ് കൗൺസിൽ (stedcouncil.com), ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് കണ്‍സ്ട്രക്ഷന്‍, കൊല്ലം (www.iiic.ac.in) , ജന്‍ ശിക്ഷണ്‍ സന്‍സ്ഥാന്‍ (jss.gov.in) തുടങ്ങിയ സ്ഥാപനങ്ങളും എസ്.എസ്.എൽ.സി യോഗ്യതയുള്ളവർക്ക് വിവിധ കോഴ്‌സുകള്‍ നല്‍കുന്നുണ്ട്. കേരള കാർഷിക സർവ്വകലാശാലയുടെ കീഴിൽ  കൃഷിയുമായി ബന്ധപ്പെട്ട  6 മാസം ദൈർഘ്യമുള്ള വിവിധ ഇ-കൃഷി പാഠശാല ഓൺലൈൻ കോഴ്സുകളും (celkau.in) ലഭ്യമാണ്.സാംസ്‌കാരിക വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ആറന്‍മുളയിലെ വാസ്തു വിദ്യാ ഗുരുകുലത്തില്‍ ചുമര്‍ ചിത്ര രചനയില്‍ (മ്യൂറല്‍ പെയിന്റിങ്) ഒരു വര്‍ഷത്തെ കോഴ്‌സുണ്ട്. (vasthuvidyagurukulam.com). സ്‌കോൾ-കേരള നടത്തുന്ന ഡിപ്ലോമ ഇൻ ഡൊമിസിലിയറി നഴ്‌സിംഗ് കെയർ കോഴ്സും (www.scolekerala.org) പരിഗണിക്കാവുന്നതാണ്.കൂടാതെ വിവിധ സ്വകാര്യ സ്ഥാപനങ്ങളിലും  ജോലി സാധ്യതയുള്ള പല കോഴ്‌സുകളും പഠിക്കാനവസരമുണ്ട്.

Article By: Anver Muttancheri
CIGI Career Team



Comments (0)

Write a Comment

Thank you for showing an interest in CIGI. You can reach out to us through multiple ways

For career counseling and other Appointments - Book Now

Whatsapp or call us for any query