×
14 February 2025
0

നീറ്റ് യുജി 2025:സംശയം / മറുപടി

നീറ്റ് യു.ജി 2025 ൻ്റെ അപേക്ഷാ നടപടികൾ ആരംഭിച്ചു കഴിഞ്ഞു. മാർച്ച് 7 രാത്രി 11:50 നുള്ളിൽ neet.nta.nic.in വഴി അപേക്ഷ സമർപ്പിക്കണം. മെയ് നാലിനാണ് പരീക്ഷ.നീറ്റുമായി  ബന്ധപ്പെട്ട പ്രസക്തമായ  സംശയങ്ങൾക്ക്  മറുപടി നൽകുകയാണിവിടെ.

നീറ്റെഴുതാൻ മാർക്ക് നിബന്ധനയുണ്ടോ?

ഉണ്ട്.
ഫിസിക്സ്,കെമിസ്ട്രി, ബയോളജി/ ബയോടെക്നോളജി, ഇംഗ്ലീഷ് വിഷയങ്ങളെടുത്ത് പ്ലസ്ടു വിജയിക്കുകയും
ഫിസിക്സ്,കെമിസ്ട്രി, ബയോളജി/ ബയോടെക്നോളജി വിഷയങ്ങളിൽ മൊത്തം 50 ശതമാനം  മാർക്ക് ലഭിക്കുകയും വേണം. പട്ടിക,പിന്നോക്ക, ഭിന്നശേഷി വിഭാഗങ്ങൾക്ക് 40 ശതമാനം മാർക്ക് മതി.
ഇത്തവണ യോഗ്യതാ പരീക്ഷയെഴുതുന്നവർക്കും അപേക്ഷിക്കാം.

ഓപ്പൺ സ്കൂൾ വഴിയാണ് പ്ലസ് ടു പൂർത്തിയാക്കിയത്. നീറ്റ് വഴി പ്രവേശനം സാധ്യമാണോ? 

സാധ്യമാണ്. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പൺ സ്കൂളിംഗ് / സ്റ്റേറ്റ് ഓപ്പൺ   സ്കൂൾ വിദ്യാർത്ഥികൾക്ക് വ്യവസ്ഥകൾക്ക് വിധേയമായി 
നീറ്റിന് അപേക്ഷിക്കാമെന്നും ഇവരുടെ പ്രവേശനാർഹത ഈ വിഷയങ്ങളുമായി ബന്ധപ്പെട്ട  കോടതിവിധിക്ക് വിധേയമായിരിക്കുമെന്നും നീറ്റ് യു.ജി ഇൻഫർമേഷൻ ബ്രോഷറിൽ വ്യക്തമാക്കിയിട്ടുണ്ട്. 

മൂന്നുതവണ നീറ്റ്  പരീക്ഷയെഴുതി. ഇത്തവണ വീണ്ടും അപേക്ഷിക്കാമോ ?

അപേക്ഷിക്കാം. യോഗ്യതയുള്ളവർക്ക് എത്രതവണ വേണമെങ്കിലും പരീക്ഷയെഴുതാവുന്നതാണ്. ഉയർന്ന പ്രായപരിധിയുമില്ല.

നീറ്റ് പരീക്ഷയിൽ മാറ്റങ്ങളുണ്ടോ?

അതെ.പരീക്ഷ ഘടന, ചോദ്യങ്ങളുടെ എണ്ണം, പരീക്ഷാ ദൈർഘ്യം എന്നിവയിൽ സുപ്രധാന മാറ്റങ്ങളുണ്ട്. കോവിഡിന്  മുമ്പുണ്ടായിരുന്ന രീതി യിലാണ് ഇത്തവണ പരീക്ഷ. ഇതനുസരിച്ച് ഫിസിക്സ്,കെമിസ്ട്രി വിഷയങ്ങളിൽ 45 ചോദ്യങ്ങൾ വീതവും ബയോളജിയിൽ 90 ചോദ്യങ്ങളുമുണ്ടാകും. ചോയ്സുകളില്ല.  മൂന്ന് മണിക്കൂർ ദൈർഘ്യമുള്ള ഒബ്ജക്റ്റീവ് ടൈപ്പ് പരീക്ഷ. ഒ.എം.ആർ രീതിയിലുള്ള ഓഫ് ലൈൻ പരീക്ഷയാണ്. ശരിയുത്തരത്തിന് നാല് മാർക്ക്. ഉത്തരം തെറ്റിയാൽ  ഒരു മാർക്ക് വീതം നഷ്ടപ്പെടും.
ആകെ 180 ചോദ്യങ്ങൾക്ക്  720 മാർക്ക്. കൊവിഡ് കാലത്ത് ഫിസിക്സ്, കെമിസ്ട്രി ബോട്ടണി , സുവോളജി വിഷയങ്ങളിലെ  ചോദ്യങ്ങൾ എ,ബി വിഭാഗങ്ങളായി തിരിച്ച് ബി വിഭാഗം  ചോദ്യങ്ങൾക്ക് ചോയ്സ് നൽകിയിരുന്നു. 
കൂടാതെ പരീക്ഷാ ദൈർഘ്യം   20 മിനിറ്റ് വർദ്ധിപ്പിച്ച്  മൂന്നു മണിക്കൂർ 20 മിനിറ്റും ആക്കിയിരുന്നു.

പരീക്ഷയിൽ  മലയാളത്തിൽ ചോദ്യപേപ്പർ ലഭ്യമാണോ ?

ലഭ്യമാണ്.കേരളത്തിലും ലക്ഷദ്വീപിലും പരീക്ഷയെഴുതുന്ന വർക്കാണ് മലയാള ചോദ്യപേപ്പർ ലഭിക്കുക.
അപേക്ഷയിൽ മലയാളഭാഷ തിരഞ്ഞെടുക്കണമെന്ന് മാത്രം.

നീറ്റ് അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. കേരളത്തിലെ മെഡിക്കൽ പ്രവേശനത്തിന് പ്രത്യേക അപേക്ഷ നൽകണോ ?

തീർച്ചയായും വേണം. കേരളത്തിലെ മെഡിക്കൽ, മെഡിക്കൽ അനുബന്ധ പ്രവേശനത്തിന്  നീറ്റ് യു.ജി എഴുതുന്നതോടൊപ്പം  കേരളാ പ്രവേശന പരീക്ഷാ കമ്മീഷണർക്ക് പ്രത്യേകം അപേക്ഷയും (കീം) നൽകേണ്ടതുണ്ട്. ഈ വർഷത്തെ  കേരളത്തിലെ പ്രൊഫഷണൽ കോഴ്സ് പ്രവേശനത്തിൻ്റെ വിജ്ഞാപനം വന്നിട്ടില്ല.

എയിംസിൽ പഠിക്കണമെന്നാണാഗ്രഹം.പ്രത്യേകം അപേക്ഷിക്കണോ?

വേണ്ട. എയിംസ്,ജിപ്മർ തുടങ്ങിയ പ്രീമിയർ സ്ഥാപനങ്ങളിലെ  പ്രവേശനം നീറ്റ്  റാങ്കടിസ്ഥാനത്തിൽ എം.സി.സി കൗൺസിലിങ് വഴിയാണ്. കൗൺസിലിംഗിൽ പങ്കെടുത്ത്  മുൻഗണനയനുസരിച്ച് ഒപ്ഷനുകൾ നൽകിയാൽ മതി.

കുവൈത്തിൽ പഠിക്കുന്ന മലയാളി വിദ്യാത്ഥിയാണ്. കുവൈത്തിൽ പരീക്ഷ എഴുതാൻ അവസരമുണ്ടോ?

ഉണ്ട്. കുവൈത്ത്, ദുബായ്, അബൂദാബി,ദോഹ, മസ്കറ്റ്, റിയാദ്, ഷാർജ അടക്കം വിദേശത്ത്  14 പരീക്ഷാ കേന്ദ്രങ്ങളുണ്ട്. അപേക്ഷയിൽ പ്രസൻ്റ് /പെർമനൻ്റ്  അഡ്രസായി കുവൈത്ത് അഡ്രസ്സ് നൽകിയാൽ മാത്രമേ അവിടെ കേന്ദ്രം തിരഞ്ഞെടുക്കാൻ പറ്റുകയുള്ളൂ.

വിദേശത്ത് പരീക്ഷയെഴുതാൻ കൂടുതൽ ഫീസടക്കണോ?

അതെ.വിദേശത്ത് പരീക്ഷയെഴുതാൻ  9500 രൂപയാണ് ഫീസ്. എന്നാൽ ഇന്ത്യയിൽ പരീക്ഷയെഴുതാൻ 
1700 രൂപ മതി. (ജനറൽ-ഇ.ഡബ്ല്യു.എസ് /ഒ.ബി.സി വിഭാഗക്കാർക്ക് 1600 രൂപയും പട്ടിക / ഭിന്നശേഷി/ തേർഡ് ജെൻഡർ വിഭാഗങ്ങൾക്ക് 1000 രൂപയും മാത്രം ) .

നീറ്റ് റാങ്കടിസ്ഥാനത്തിൽ ദേശീയതലത്തിലുള്ള വിവിധ കൗൺസിലിംഗ് പ്രക്രിയകളെ പരിചയപ്പെടുത്താമോ?

ദേശീയ തലത്തിൽ മൂന്ന് കൗൺസിലിംഗ് പ്രക്രിയകളാണുള്ളത്.

1. എം.ബി.ബി.എസ് / ബി.ഡി.എസ് കോഴ്സുകളുടെയും  ചില കേന്ദ്ര സ്ഥാപനങ്ങളിലെ  ബി.എസ് സി  നഴ്സിങ് പ്രോഗ്രാ മുകളുടെയും   പ്രവേശനത്തിന് എം.സി.സി (മെഡിക്കൽ കൗൺസലിംഗ് കമ്മിറ്റി )  നടത്തുന്ന അലോട്ട്മെൻറ് പ്രക്രിയ.

2. ബി.എ.എം.എസ് /ബി.എച്ച്.എം.എസ് /ബി.എസ്.എം.എസ് / ബി.യു.എം.എസ് കോഴ്സുകളുടെ പ്രവേശനത്തിന് എ.എ.സി.സി.സി (ആയുഷ് അഡ്മിഷൻസ് സെൻട്രൽ കൗൺസലിംഗ് കമ്മറ്റി ) നടത്തുന്ന അലോട്ട്മെൻ്റ് പ്രക്രിയ.

3. ബി.വി.എസ് സി & എ.എച്ച് (വെറ്ററിനറി ) പ്രോഗ്രാമിലെ 15 ശതമാനം ഓൾ ഇന്ത്യ ക്വാട്ടാ സീറ്റുകളിലേക്ക്  വി.സി.ഐ (വെറ്ററിനറി കൗൺസിൽ ഓഫ് ഇന്ത്യ)  നടത്തുന്ന അലോട്ട്മെൻറ് പ്രക്രിയ വിദ്യാർത്ഥികൾ താൽപര്യമനുസരിച്ച് ഓരോ കൗൺസിലിംഗ് പ്രക്രിയകളിലും പ്രത്യേകം രജിസ്റ്റർ ചെയ്ത് ഒപ്ഷനുകൾ സമർപ്പിക്കേണ്ടതാണ്.

പ്ലസ് ടു കേരളത്തിലാണ് പഠിച്ചത്. തമിഴ്നാട്ടിലെ ഗവൺമെൻറ് കോളേജുകളിൽ എം.ബി.ബി.എസ് പ്രവേശനം സാധ്യമാണോ ?

സാധ്യമാണ്. ഇന്ത്യയിലെ എല്ലാ ഗവൺമെൻറ് മെഡിക്കൽ കോളേജുകളിലെയും 15 ശതമാനം സീറ്റുകൾ ഓൾ ഇന്ത്യാ ക്വാട്ടയാണ്. പ്രവേശനത്തിനായി എം.സി.സി  കൗൺസിലിംഗ് പ്രക്രിയയിൽ പങ്കെടുത്ത് ഓപ്ഷൻ നൽകിയാൽ മതി. എന്നാൽ മറ്റു സംസ്ഥാനങ്ങളിലെ സ്വകാര്യ മെഡിക്കൽ  കോളേജുകളിലെ മാനേജ്മെൻ്റ് / എൻ.ആർ.ഐ സീറ്റുകൾ ലഭ്യമാകണമെങ്കിൽ അതാത് സ്റ്റേറ്റിലെ അലോട്ട്മെൻറ് ഏജൻസിക്ക് പ്രത്യേകം അപേക്ഷ നൽകേണ്ടതുണ്ട്.

ഇ.എസ്.ഐ.സി ഐ.പി സംവരണം ലഭിക്കാൻ നീറ്റ്  അപേക്ഷാ വേളയിൽ എന്തെങ്കിലും ചെയ്യേണ്ടതുണ്ടോ?

ഇല്ല. ഇ.എസ്.ഐ.സിയിൽ (എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷൂറൻസ് കോർപ്പറേഷൻ) നിന്ന് വാർഡ് ഓഫ്  ഇൻഷേർഡ് പേഴ്സൺ  സർട്ടിഫിക്കറ്റ് വാങ്ങി  എം.സി.സി കൗൺസിലിംഗിൽ പങ്കെടുത്ത് ഓപ്ഷൻ നൽകിയാൽ മതി.
രാജ്യത്തെ  വിവിധ ഇ.എസ്. ഐ.സി മെഡിക്കൽ/ ഡെൻ്റൽ കോളേജുകളിലെ ഇ.എസ്.ഐ.സി  ഐ. പി സംവരണ സീറ്റുകളിലേക്കാണ് പ്രവേശനം ലഭിക്കാറുള്ളത്. കേരളത്തിൽ കൊല്ലം മെഡിക്കൽ കോളേജിലാണ് ഇ.എസ്.ഐ സീറ്റുകളുള്ളത് (38 എണ്ണം).

എ.എഫ്.എം.സി (ആംഡ് ഫോഴ്സ് മെഡിക്കൽ കോളേജ് ) പ്രവേശനത്തിന് നീറ്റ് അപേക്ഷാ വേളയിൽ രജിസ്റ്റർ ചെയ്യേണ്ടതുണ്ടോ?

വേണ്ട. എം.സി.സി ഓപ്ഷൻ രജിസ്ട്രേഷൻ വേളയിൽ എ.എഫ്.എം.സിയിലേക്ക് കൂടി ഓപ്ഷൻ നൽകിയാൽ മതി.ഇപ്രകാരം എ.എഫ്.എം.സി യിലേക്ക് താൽപര്യം പ്രകടിപ്പിച്ചവരുടെ പട്ടിക ഡയറക്ടറേറ്റ് ജനറൽ  ഓഫ് ഹെൽത്ത് സർവീസസ്, എ.എഫ്.എം.സി ക്ക് കൈമാറും. ഈ പട്ടികയിൽ നിന്ന് നിശ്ചിത എണ്ണം കുട്ടികളെ നീറ്റ് യു.ജി സ്കോറനുസരിച്ച് ഷോർട്ട് ലിസ്റ്റ് ചെയ്യും. തുടർന്ന് ഇവർക്കായി പൂനെയിൽ വെച്ച് പ്രത്യേകം സ്ക്രീനിങ് ടെസ്റ്റ് നടത്തും. മെഡിക്കൽ പരിശോധനയുമുണ്ടാകും .115 ആൺകുട്ടികൾക്കും  30 പെൺകുട്ടികൾക്കു മാണ്  കഴിഞ്ഞ വർഷം  സെലക്ഷൻ ലഭിച്ചത്.

മിലിറ്ററി നഴ്സിംഗ് പ്രവേശനത്തിന് നീറ്റ് സ്കോർ പരിഗണിക്കുമോ?
 
അതെ,
മിലിറ്ററി നഴ്സിംഗ് സർവീസിലെ ബി.എസ് സി നഴ്സിംഗ് പ്രവേശനത്തിന് നീറ്റ് സ്കോർ പരിഗണിക്കാറുണ്ട്. നീറ്റ് യോഗ്യത നേടിയവർ വിജ്ഞാപനം വരുന്നതിനനുസരിച്ച്  www.joinindianarmy.nic.in വഴി പ്രത്യേകം അപേക്ഷിക്കണം. കൂടാതെ ചില  കേന്ദ്ര സ്ഥാപനങ്ങളിലെ ബി.എസ് സി (ഓണേഴ്സ് ) നഴ്സിംഗ് , ജിപ്മറിലെ പാരാമെഡിക്കൽ പ്രോഗ്രാമുകൾ തുടങ്ങിയവയുടെ പ്രവേശനത്തിനും നീറ്റ് സ്കോർ പരിഗണിക്കാറുണ്ട്.

Article By: Anver Muttancheri
CIGI Career Team



Comments (0)

Write a Comment

Thank you for showing an interest in CIGI. You can reach out to us through multiple ways

For career counseling and other Appointments - Book Now

Whatsapp or call us for any query