×
25 April 2024
0

കോഴ്‌സുകളും അംഗീകാരം നൽകേണ്ട ഏജൻസികളും

അധ്യാപകരും രക്ഷിതാക്കളും വിദ്യാർത്ഥികളും അറിയേണ്ടത്

മക്കളെ ആരൊക്കയോ ആക്കാൻ വെമ്പൽ കൊള്ളുന്നതിനിടക്ക് അറിഞ്ഞോ അറിയാതെയോ നാം ശ്രദ്ധിക്കാതെ പോകുന്ന ഒന്നുണ്ട്.  തിരഞ്ഞെടുക്കുന്ന കോഴ്സുകളുടെ അംഗീകാരം.  അംഗീകൃതമല്ലാത്ത കോഴ്സുകളിലെത്തപ്പെട്ടിട്ട് അവസാനം കബളിപ്പിക്കപ്പെട്ടുവെന്നറിയുബോൾ തളർന്ന് പോവുക സ്വാഭാവികം.  മക്കളുടെ അഭിരുചിയേക്കാളുപരി സമൂഹത്തിലെ മാന്യതക്ക് പ്രാധാന്യം കൊടുത്തു കൊണ്ട് കോഴ്സുകൾ തിരഞ്ഞെടുക്കുന്ന പ്രവണത ഏറി ഏറി വരുന്ന ഇക്കാലത്ത് ഇക്കാര്യത്തിനു പ്രസക്തിയേറുന്നു. 

അംഗീകാരത്തെപ്പറ്റി ചിന്തിക്കുമ്പോൾ ഏറെ ശ്രദ്ധിക്കാനുണ്ട്. ഓരോ കോഴ്സിനും പ്രത്യേകമായി അംഗീകൃത ഏജൻസിയുണ്ടെന്നറിയേണ്ടതുണ്ട്. എടുക്കുന്ന കോഴ്സിനും സ്ഥാപനത്തിനും പ്രത്യേകമായുള്ള അംഗീകാരം മാത്രമല്ല ആ പ്രത്യേക കോഴ്സ് നടത്തുവാൻ ആ സ്ഥാപനത്തിനു അംഗീകാരമുണ്ടോയെന്ന വസ്തുത കൂടി പരിശോധിക്കേണ്ടതുണ്ട്. കോഴ്സുകൾക്ക് നിശ്ചിത ഏജൻസി നൽകുന്ന അംഗീകാരം ഒരു പ്രത്യേക കാലയളവിലേക്ക് മാത്രമാണെന്നും അതിനു ശേഷം ആയത് പുതുക്കേണ്ടതുണ്ടെന്നും തിരിച്ചറിയുക. ഒരു പ്രത്യേക കോഴ്സിനു ഏജൻസി നൽകുന്ന അംഗീകാരം ഒരു നിശ്ചിത എണ്ണം സീറ്റുകൾക്കായി പരിമിതപ്പെടുത്തിയിരിക്കുന്നുവെന്നും അതിൽ കൂടുതൽ അഡ്മിഷൻ സ്വീകരിക്കുവാൻ പാടില്ലായെന്നും മനസ്സിലാക്കേണ്ടതുണ്ട്.  കോഴ്സുകൾ ഫുൾ ടെം ആണോ പാർട് ടെം ആണോ തുടങ്ങിയ കാര്യങ്ങളിലും അംഗീകാരം വേണ്ടതുണ്ട്.  കോഴ്സും കോളേജും മാത്രമല്ല ആ ഡിഗ്രി സമ്മാനിക്കുന്ന യൂണിവേഴ്സിറ്റിയുടെ അംഗീകാരവും പ്രസക്തമാണ്. 

വ്യത്യസ്ത കോഴ്സുകളും അംഗീകാരം നൽകേണ്ട ഗവണ്മെൻറ്റ് ഏജൻസികളും ഏതൊക്കെ എന്ന് മനസിലാക്കാം

1. ഇന്ത്യയിലെ എല്ലാ കേന്ദ്ര, സംസ്ഥാന യൂണിവേഴ്സിറ്റികളുടേയും, സ്വകാര്യ, കൽപ്പിത സർവ കലാശാലകളുടേയും അംഗീകൃത ഏജൻസി യൂണിവേഴ്സിറ്റി ഗ്രാൻറ്റ് കമ്മീഷൻ (UGC) ആണ്  മാത്രവുമല്ല വ്യാജ യൂണിവേഴ്സിറ്റികളുടെ വിവരങ്ങളും ഇതിൽ നിന്നറിയാം.  കേരളത്തിലെ അംഗീകാരമുള്ള  യൂണിവേഴ്സിറ്റികളെയും ഇന്ത്യയിലെ യൂണിവേഴ്സിറ്റികളെയും അറിയാൻ  (www.ugc.ac.in/) സന്ദർശിക്കുക.

2. എഞ്ചിനിയറിങ്ങ്, മാനേജ്മെൻറ്റ്, ഹോട്ടൽ മാനേജ്മെൻറ്റ്, അഗ്രിക്കൾച്ചറൽ മാനേജ്മെൻറ്റ്, എം സി എ, ഫാർമസി തുടങ്ങിയ കോഴ്സുകൾക്ക് അംഗീകാരം നൽകേണ്ടത ഏജൻസി AlCTE എന്ന ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എഡ്യുക്കേഷനാണ്. കൂടുതൽ അറിയാൻ (www.aicte-india.org/) സന്ദർശിക്കുക.

3. ഇന്ത്യയിലെ ആർകിടെക്ട് കോഴ്സുകൾക്കും സ്ഥാപനങ്ങൾക്കും അംഗീകാരം നൽകുന്നത് കൗൺസിൽ ഓഫ് ആർകിടെക്ചർ (COA) ആണ്.  പ്രൊഫഷണൽ ആർകിടെക്ട് ആയി പ്രവർത്തിക്കുവാൻ ഈ അംഗീകാരം ആവശ്യമാണ്. വിശദ വിവരങ്ങൾക്ക് (www.coa.gov.in/) സന്ദർശിക്കുക.

4. മെഡിക്കൽ കോഴ്സുകൾക്കും സ്ഥാപനങ്ങൾക്കും നാഷനൽ മെഡിക്കൽ കൗൺസിലിൻറ്റെ അംഗീകാരം ഉണ്ടോയെന്നാണു പരിശോധിക്കേണ്ടത്.  കൂടുതൽ വിവരങ്ങൾക്ക് nmc.org.in

5. ദന്ത സംബണ്ഡിയായ കോഴ്സുകൾക്ക് ഇന്ത്യൻ ദെന്തൽ കൗൺസിലിൻറ്റെ അംഗീകാരമാണു വേണ്ടത്. വിശദ വിവരങ്ങൾക്ക് (www.dciindia.gov.in)

6. ഹോമിയോയുമായി ബണ്ഡപ്പെട്ട കോഴ്സുകൾ, സ്ഥാപനങ്ങൾ തുടങ്ങിയവയുടെ അംഗീകാരം, ഹോമിയോപ്പതി മരുന്നുകളുടെ ഗുണ നിലവാരം എന്നിവ നിർണ്ണയിക്കുവാനുള്ള അധികാരം സെൻട്രൽ കൗൺസിൽ ഓഫ് ഹോമിയോപ്പതിയിൽ നിക്ഷിപ്തമാണു. വിവരങ്ങൾക്ക്  www.cchindia.com സന്ദർശിക്കുക.

7. ആയുർവേദം, സിദ്ധ, യുനാനി തുടങ്ങിയ ചികിത്സാ രീതികളുടെ നിലവാരം, ഇത് സംബണ്ഡിച്ച കോഴ്സുകൾ, സ്ഥാപനങ്ങൾ തുടങ്ങിയവയുടെ അംഗീകാരം എന്നിവ സെൻട്രൽ കൗൺസിൽ ഓഫ് ഇന്ത്യൻ മെഡിസിൻറ്റെ കീഴിൽ വരുന്നു.  വിശദ വിവരങ്ങൾക്ക് www.ccimindia.org/ കാണുക.  

8. ആയുർവേദ, യുനാനി, സിദ്ധ, നാച്ചുറോതി യോഗ എന്നിവയുടെയൊക്കെ കൺട്രോൾ ബോഡിയായി ആയുഷ് (Ayush) വകുപ്പിന് കേന്ദ്ര സർക്കാർ രൂപം കൊടുത്തിട്ടുണ്ട്.

9. ഫാർമസി സംബന്ധമായ കോഴ്സുകൾക്ക് ഫാർമസി കൗൺസിൽ ഓഫ് ഇന്ത്യയുടേയും അതാത് സംസ്ഥാന ഫാർമസി കൗൺസിലിൻറ്റേയും അംഗീകാരമാവശ്യമുണ്ട്. ബിരുദ തലം വരെയുള്ള കോഴ്സുകളാണു ഇതിൻ്റെ പരിധിയിൽ വരുന്നത്.  (www.pci.nic.in/)

10. നേഴ്സിങ്ങിനുള്ള അംഗീകാരം നേടേണ്ടത് ഇന്ത്യൻ നേഴ്സിങ്ങ് കൗൺസിലിൻറ്റേയും അതാത് സംസ്ഥാന നേഴ്സിങ്ങ് കൗൺസിലിൻറ്റേയുമാണു. കൂടുതൽ വിവരങ്ങൾക്ക് (www.indiannursingcouncil.org/). 

11. പാരാമെഡിക്കൽ കോഴ്സുകൾക്ക് ഇന്ത്യൻ പാരാ മെഡിക്കൽ കൗൺസിലിൻറ്റേയും അതാത് സംസ്ഥാന പാരാ മെഡിക്കൽ കൗൺസിലിൻറ്റേയും അംഗീകാരമാവശ്യമുണ്ട്.  കൂടുതൽ അറിയാൻ (www.paramedicalcouncilofindia.org/) സന്ദർശിക്കുക.

12. അംഗ വൈകല്യമുള്ളവരെ കുറിച്ചുള്ള പഠന സംബന്ധമായ കോഴ്സുകൾക്ക് റീഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യയുടെ അംഗീകാരം അത്യന്താപേക്ഷിതമാണു. റീഹാബിലിറ്റേഷൻ, സ്പെഷ്യൻ എഡ്യുക്കേഷൻ എന്നിവയുമായി ബന്ധപ്പെട്ട കോഴ്സുകളും അധ്യാപക പരിശീലനവുമെല്ലാം ഈ കൗൺസിലിൻ കീഴിൽ വരുന്നു. വിശദ വിവരങ്ങൾക്ക്  (www.rehabcouncil.nic.in/) കാണുക.

13. അഭിഭാഷക വൃത്തിയുടെ ഔദ്യോഗിക പെരുമാറ്റച്ചട്ടം, ചിട്ടവട്ടങ്ങൾ തുടങ്ങിയവയുടെ നിലവാരം നിശ്ചയിക്കുക, അഭിഭാഷകരുടെ പെരുമാറ്റവുമായി ബന്ധപ്പെട്ട പരാതികളും മറ്റും പരിശോധിക്കുക, ശിക്ഷണ നടപടികൾ സ്വീകരിക്കുക എന്നതൊക്കെയാണു ബാർ കൗണിസിലിൻറ്റെ പ്രധാന അധികാരങ്ങൾ. രാജ്യത്തെ നിയമ വിദ്യാഭ്യാസത്തിൻറ്റെ നിലവാരം നിർണ്ണയിക്കുക, വിദ്യാർഥികൾക്ക് അഭിഭാഷകരായി സന്നത് എടുക്കുവാൻ ഉതകുന്ന നിയമ ബിരുദ വിദ്യാഭ്യാസം നൽകുവാൻ യൂണിവേഴ്സിറ്റികൾക്കും കോളേജുകൾക്കും വേണ്ട നിലവാരവും മാനദണ്ഡവും നിശ്ചയിക്കുക, അവയ്ക്ക് അംഗീകാരം നൽകുക തുടങ്ങിയവയും ബാർ കൗൺസിലിൻറ്റെ അധികാരത്തിൽപ്പെടുന്നു. കൂടുതൽ അറിയാൻ (www.barcouncilofindia.org/) സന്ദർശിക്കുക.

14. അഗ്രിക്കൾച്ചറൽ, അഗ്രിക്കൾച്ചറൽ എഞ്ചിനിയറിങ്ങ്, ഫിഷറീസ്, വെറ്റിനറി, ഫോറസ്ട്രി, ഹോർട്ടിക്കൾച്ചർ ആദിയായ കോഴ്സുകൾക്ക് ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രിക്കൾച്ചറൽ റിസേർച്ച് (ICAR) ആണു അംഗീകാരം നൽകേണ്ടത്.  കൂടുതൽ വിവരങ്ങൾക്ക് (www.icar.org.in/) സന്ദർശിക്കുക.

15. മറൈൻ സംബന്ധമായ കോഴ്സുകൾക്കും സ്ഥാപനങ്ങൾക്കും കേന്ദ്ര ഷിപ്പിങ് മന്ത്രാലയത്തിൻ്റെ അംഗീകാരമാണാവശ്യം. വിശദ വിവരങ്ങൾക്ക് (www.dgshipping.gov.in/)

16. എയർക്രാഫ്റ്റ് മെയിൻറ്റനൻസ് എഞ്ചിനിയറിങ്ങ്, പൈലറ്റ് തുടങ്ങി വ്യോമയാന സംബന്ധമായ കോഴ്സുകൾക്കും സ്ഥാപനങ്ങൾക്കും ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻറ്റെ അഫിലിയേഷൻ ആവശ്യമാണ്. (www.dgca.nic.in/)

17. ട്രാവൽ ആൻഡ് ടൂറിസം സംബന്ധ.മായ കോഴ്സുകളുടെ അംഗീകൃത ഏജൻസി അയാട്ട (INTER NATIOANL AIR TRANSPORT ASSOCIATION) എന്ന ജനീവ ആസ്ഥാനമായി പ്രവർത്തിക്കുന്ന രാജ്യാന്തര ഏജൻസിയാണു.  വിവരങ്ങൾക്ക് (www.iata.org/Pages/default.aspx)

18. രാജ്യത്തെ അധ്യാപക പരിശീലന കോഴ്സുകൾക്ക് അംഗീകാരം നൽകുന്നതും ആവശ്യമായ നിർദ്ദേശങ്ങൾ നൽകുന്നതും നാഷണൽ കൗൺസിൽ ഫോർ ടീച്ചർ എഡ്യുക്കേഷനാണു.  അംഗീകാരമുള്ള കോഴ്സുകളെക്കുറിച്ചും സ്ഥാപനങ്ങളെക്കുറിച്ചും അറിയാൻ സന്ദർശിക്കുക (www.ncte-india.org/)

19. വിവിധ സർവ കലാശാലകളുടെ കീഴിൽ നടത്തുന്ന വിദൂര വിദ്യാഭ്യാസ കോഴ്സുകളുടെ നിലവാരം നിശ്ചയിക്കുന്ന യുജിസിയുടെ ഏജൻസിയാണു വിദൂര വിദ്യാഭ്യാസ കൗൺസിൽ.  കൂടുതൽ വിവരങ്ങൾക്ക് (www.deb.ugc.ac.in)

കൂടാതെ അംഗീകാരം നൽകുവാൻ അധികാരപ്പെട്ടിട്ടുള്ള സ്ഥാപനങ്ങളുടെ വെബ് സൈറ്റ് സന്ദർശിച്ചാൽ അംഗീകൃത സ്ഥാപനങ്ങളുടെ ലിസ്റ്റ് അറിയുവാൻ സാധിക്കുന്നതാണ്. ഒരു കോഴ്സിനെപ്പറ്റി ആലോചിക്കുമ്പോൾ തന്നെ അതുമായി ബണ്ഡപ്പെട്ട അംഗീകൃത ഏജൻസികളുടെ  അംഗീകാരം ഉറപ്പു വരുത്തിയാൽ പിന്നീട് ദു:ഖിക്കേണ്ടി വരില്ല. ഇത് സംബന്ധിയായി സംശയ ദുരീകരണങ്ങൾക്ക് പരിചയ സമ്പന്നരായ കരിയർ ഗൈഡുകളുടെ സേവനം പ്രയോജനപ്പെടുത്തണം.

Article By: Mujeebulla K.M
CIGI Career Team



Comments (0)

Write a Comment

Thank you for showing an interest in CIGI. You can reach out to us through multiple ways

Whatsapp or call us for any query

Visit us at

https://goo.gl/maps/wzt6ep5ZxTkiei8k9 Golf Link Rd, Chevayur, Kozhikode, Kerala 673017