×
02 April 2024
0

ചില പാരാമെഡിക്കൽ (അലൈഡ് ഹെൽത്ത്) കോഴ്‌സുകളെ പറ്റി

ആരോഗ്യമേഖലയില്‍ അതിനൂതനമായ രോഗനിര്‍ണയ, ചികിത്സാ സംവിധാനങ്ങളാണ് ദിനംപ്രതി സജ്ജമായിക്കൊണ്ടിരിക്കുന്നത്. വൈദ്യശാസ്ത്രവും സാങ്കേതികവിദ്യയും കൈകോര്‍ത്തുള്ള ഈ കുതിച്ചുചാട്ടത്തില്‍ വൈദ്യശാസ്ത്രരംഗത്ത് ജോലി ചെയ്യാന്‍ താല്‍പ്പര്യമുള്ള സാങ്കേതിക വൈദഗ്ധ്യമുള്ളവര്‍ക്കുള്ള തൊഴില്‍ സാധ്യതകള്‍ വളരെയധികമാണ്. അലൈഡ് ഹെല്‍ത്ത് സയന്‍സ് കോഴ്‌സുകള്‍ക്ക് ഇന്ന് സ്വീകാര്യതയേറുന്നതിന്റെ പ്രധാന കാരണവും ഇതുതന്നെ. ചികിത്സ, രോഗനിര്‍ണയം, രോഗമുക്തി, രോഗപ്രതിരോധം തുടങ്ങിയവയിലെല്ലാം ആവശ്യമായ മെഡിക്കല്‍ അനുബന്ധ സേവനങ്ങള്‍ നല്‍കുന്നതിന് വിദഗ്ധപരിശീലനം നേടിയവരാണ് അലൈഡ് ഹെല്‍ത്ത് പ്രൊഫഷണലുകള്‍. ഒരു രോഗിയുടെ ആരോഗ്യപരിപാലന കാര്യങ്ങളില്‍ ഡോക്ടര്‍മാര്‍, നഴ്സുമാര്‍, മറ്റ് ജീവനക്കാര്‍ എന്നിവര്‍ക്കൊപ്പം തന്നെ അലൈഡ് ഹെല്‍ത്ത് പ്രൊഫഷണലുകള്‍ക്കും വളരെ പ്രധാനമായ പങ്കുണ്ട്.

കോഴ്‌സുകളെ പറ്റി  ചുരുക്കത്തിൽ

ഫിസിയോ തെറാപ്പി (BPT , MPT):

വ്യായാമങ്ങള്‍, ഇലക്ട്രോ തെറാപ്പി, ഭാരങ്ങള്‍, പേശികളുടെ ചലനം, അള്‍ട്രാവയലറ്റ് രശ്മികള്‍, മസാജിംഗ് തുടങ്ങിയവ ഉപയോഗിച്ചുള്ള ചികിത്സാ രീതിയാണു ഫിസിയോ തെറാപ്പി. ശരീരഭാഗങ്ങളുടെയും പേശികളുടെയും ചലനത്തിനു വൈകല്യം സംഭവിച്ചവര്‍ക്കും ശരീരം തളര്‍ന്നു പോയവര്‍ക്കും മറ്റും ഏറെ പ്രാധാന്യമുള്ള ചികിത്സയാണിത്. ഫിസിയോ തെറാപ്പിസ്റ്റുകള്‍ സ്വതന്ത്രമായും ഡോക്ടര്‍മാരുടെ മേല്‍നോട്ടത്തിലും പ്രവര്‍ത്തിക്കാറുണ്ട്. സ്വകാര്യ പ്രാക്ടീസിംഗ് നടത്തുന്നവരും ഈ രംഗത്തു കുറവല്ല.

 ഒക്യുപ്പേഷണല്‍ തെറാപ്പി (BOT, MOT):

ശാരീരികവും മാനസികവുമായ വൈകല്യങ്ങളുള്ളവരെ ട്രെയിനിംഗിലൂടെയും ചികിത്സയിലൂടെയും സാധാരണ ജീവിതത്തിലെത്തിക്കുവാന്‍ സഹായിക്കുന്ന ശാഖയാണിത്.
ഓരോ രോഗിക്കും അയാളുടെ ശാരീരികവും മാനസികവും സാമൂഹികവും സാമ്പത്തികവുമായ അവസ്ഥകള്‍ക്കനുസൃതമായ ചികിത്സാസാമുറകള്‍ രൂപപ്പെടുത്തിയാണ് ഒക്യുപ്പേഷണല്‍ തെറാപ്പിസ്റ്റുകള്‍ പ്രവര്‍ത്തിക്കുന്നത്.

ബിഎസ്‌സി  പ്രോസ്തറ്റിക് ആന്‍ഡ് ഓര്‍ത്തോട്ടിത് എന്‍ജിനീയറിംഗ്:

എന്‍ജിനീയറിംഗിന്‍റെയും മെഡിസിന്‍റെയും സംയോജനമാണ് ഈ ശാഖയെന്നു പറയാം. സാങ്കേതിക അറിവുകളും വൈദഗ്ദ്ധ്യവും ശുശ്രൂഷാരംഗത്തു പ്രയോഗിക്കുകയാണിവിടെ.
കൃത്രിമ അവയവങ്ങളുടെയും മറ്റു സഹായ ഉപകരണങ്ങളുടെയും യന്ത്രങ്ങളുടെയും നിര്‍മാണവും ഉപയോഗവുമാണ് ഈ ശാഖയുടെ പ്രായോഗികതലത്തിലുള്ളത്.

ബി.എസ്.സി & എം.എസ്.സി മെഡിക്കല്‍ ലബോറട്ടറി ടെക്നോളജി:

ക്ലിനിക്കല്‍ ലബോറട്ടറി ടെസ്റ്റുകള്‍ ഉപയോഗപ്പെടുത്തിയുള്ള രോഗനിര്‍ണയം, ചികിത്സ, പ്രതിരോധം എന്നിവയുമായി ബന്ധപ്പെട്ട ഒരു അലൈഡ് ഹെല്‍ത്ത് സ്‌പെഷ്യാലിറ്റിയാണ് മെഡിക്കല്‍ ലബോറട്ടറി ടെക്‌നോളജി. മെഡിക്കല്‍ ലബോറട്ടറി പ്രൊഫഷണലുകള്‍ക്ക് ജോലിസാധ്യതകള്‍ വളരെയേറെയാണ്. ആശുപത്രികള്‍, ക്ലിനിക്കുകള്‍, നഴ്സിംഗ് ഹോമുകള്‍, പൊതുജനാരോഗ്യ കേന്ദ്രങ്ങള്‍, കൊമേഴ്ഷ്യല്‍ ലബോറട്ടറികള്‍ എന്നിവയിലെല്ലാം യോഗ്യരായ ലബോറട്ടറി പ്രൊഫഷണലുകള്‍ക്ക് മികച്ച ജോലിസാധ്യതകളുണ്ട്.

എം.എസ്.സി ഡെഗ്ലൂട്ടോളജി ആന്റ് സ്വാളോയിങ് ഡിസോര്‍ഡര്‍:

ഭക്ഷണം വായില്‍ നിന്ന് ഇറക്കുന്നതിനും വിഴുങ്ങുന്നതിനുമുള്ള ബുദ്ധിമുട്ടുകള്‍ രോഗികളില്‍ സാധാരണയായി കണ്ടു വരുന്നുണ്ട്. ദഹനനാളത്തിലെ തകരാറുകള്‍ ഉള്‍പ്പെടെയുള്ള പല കാരണങ്ങള്‍ കൊണ്ടും ഇത്തരം ബുദ്ധിമുട്ടുകള്‍ ഉണ്ടാകാം. ശരിയായ വിലയിരുത്തലിലൂടെ ഈ പ്രശ്‌നങ്ങളുടെ യഥാര്‍ത്ഥ കാരണം കണ്ടെത്താനാകും. വിശദമായ ക്ലിനിക്കല്‍ പരിശോധന, വീഡിയോഫ്‌ളൂറോസ്‌കോപ്പി, എന്‍ഡോസ്‌കോപ്പിക് വിലയിരുത്തല്‍ തുടങ്ങിയ രീതികളുടെ ഉപയോഗവും ഇതില്‍ ഉള്‍പ്പെടുന്നു. ക്ലിനിക്കല്‍ ചര്‍ച്ചകള്‍, കേസ് വിശകലനങ്ങള്‍, ജേണല്‍ ക്ലബ്ബുകള്‍, വിദ്യാര്‍ത്ഥികള്‍ നയിക്കുന്ന സിമ്പോസിയങ്ങള്‍, തിയറി ലെക്ചറുകള്‍ എന്നിവയും 2 വര്‍ഷത്തെ ഈ ബിരുദാനന്തര ക്ലിനിക്കല്‍ പരിശീലന പരിപാടിയിലുണ്ട്.

ബി.എസ്.സി & എം.എസ്.സി കാര്‍ഡിയോവാസ്‌കുലര്‍ ടെക്‌നോളജി:

ഹൃദയ സംബന്ധമായ അസുഖങ്ങള്‍ കൈകാര്യം ചെയ്യുന്നതിനായി ഇന്ന് വിവിധ തരം ഉപകരണങ്ങള്‍, മെഷീനുകള്‍, കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍, ഫാര്‍മക്കോളജിക്കല്‍ ഏജന്റ്‌സ് എന്നിവ ഉപയോഗപ്പെടുത്തുന്നുണ്ട്. ഈ ഉപകരണങ്ങളും മെഷീനുകളും കൃത്യമായും സുരക്ഷിതമായും ഉപയോഗിക്കുന്നതിന് വൈദഗ്ദ്ധ്യം ആവശ്യമാണ്. അതോടൊപ്പം ഇവ കൈകാര്യം ചെയ്യുന്നതിനും അവയുടെ പതിവ് അറ്റകുറ്റപ്പണികള്‍ക്കും ശാസ്ത്രീയ തത്വങ്ങളെക്കുറിച്ചുള്ള വിപുലമായ അറിവും കൂടിയേ തീരു. 4 വര്‍ഷം ദൈര്‍ഘ്യമുള്ള കാര്‍ഡിയോവാസ്‌കുലര്‍ ടെക്നോളജിയിലെ ബിരുദ പ്രോഗ്രാമില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ക്ലിനിക്കല്‍ പ്രായോഗിക പരിശീലനം ഉള്‍പ്പെടെയാണ് ലഭ്യമാക്കുന്നത്.

ബി.എസ്.സി & എം.എസ്.സി ഡയാലിസിസ് ടെക്നിഷ്യൻ:

ഡയാലിസിസ് ചികിത്സ ആവശ്യമായി വരുന്ന രോഗികള്‍ക്ക് ഡയാലിസിസ് ചെയ്യുക, ഇതിനുള്ള ഉപകരണങ്ങളുടെ പ്രവര്‍ത്തനം നിയന്ത്രിക്കുക എന്നിവയാണ് ഡയാലിസിസ് ടെക്‌നോളജിസ്റ്റുകളുടെ ജോലി. വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകളിലും ഇവരുടെ സേവനം ആവശ്യമാണ്. ഒരു വര്‍ഷത്തെ ഇന്റേണ്‍ഷിപ്പോടു കൂടിയ ഈ ബിരുദ പ്രോഗ്രാമില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഡയാലിസിസ് രീതികള്‍, വൃക്കയുടെ പ്രവര്‍ത്തനത്തെപ്പറ്റിയുള്ള വൈദ്യശാസ്ത്രപരമായ അറിവ്, ഹെമറ്റോളജിക്കല്‍ വശങ്ങള്‍, പകര്‍ച്ചവ്യാധികള്‍, ഡയാലിസിസ് സംവിധാനങ്ങളും ഉപകരണങ്ങളും, വൃക്കസംബന്ധമായ തകരാറുകളുടെ സങ്കീര്‍ണതകള്‍, വൃക്ക മാറ്റിവയ്ക്കല്‍ തുടങ്ങിയ കാര്യങ്ങളെ സംബന്ധിച്ചുള്ള പാഠ്യപദ്ധതിയാണ് കോഴ്‌സിൽ ക്രമീകരിച്ചിരിക്കുന്നത്.

ബി.എസ്.സി അനസ്തേഷ്യ ടെക്‌നോളജി:

അനസ്തേഷ്യ നല്‍കുന്നതിനും നിരീക്ഷിക്കുന്നതിനും സഹായിക്കുന്ന ഒരു അലൈഡ് ഹെല്‍ത്ത് കെയര്‍ പ്രൊഫഷണലാണ് അനസ്തേഷ്യ ടെക്നോളജിസ്റ്റ്. ഇതിനു പുറമേ അനസ്തേഷ്യ നടപടികള്‍, ഉപകരണങ്ങളുടെ സാങ്കേതികവിദ്യ എന്നിവയെക്കുറിച്ച് വിപുലമായ അറിവും ഇവര്‍ക്കുണ്ടായിരിക്കും. ആശുപത്രികളില്‍ അനസ്‌തേഷ്യ വിഭാഗത്തിലും ഓപ്പറേഷന്‍ തിയറ്ററുകളിലും ഉള്‍പ്പെടെ ക്ലിനിക്കല്‍ പ്രാക്ടീസ് രംഗത്ത് അനസ്‌തേഷ്യ ടെക്‌നോളജിസ്റ്റിന് ഏറെ തൊഴില്‍ സാധ്യതകളുണ്ട്.

ബി.എസ്.സി കാര്‍ഡിയാക് പെര്‍ഫ്യൂഷന്‍ ടെക്‌നോളജി:

ഹൃദയ ശസ്ത്രക്രിയകളില്‍ ഒരു അവിഭാജ്യഘടകമാണ് പെര്‍ഫ്യൂഷനിസ്റ്റുകള്‍. ശസ്ത്രക്രിയകളില്‍ ഉപകരണങ്ങള്‍ വഴി രോഗിയുടെ രക്തചംക്രമണം നിയന്ത്രിക്കുകയാണ് ക്ലിനിക്കല്‍ പെര്‍ഫ്യൂഷനിസ്റ്റുകളുടെ ജോലി. പ്രൊഫഷണല്‍ പരിശീലനത്തിനായി കാര്‍ഡിയോവാസ്‌കുലാര്‍ പെര്‍ഫ്യൂഷന്‍ വിദ്യാര്‍ത്ഥിയെ അക്കാദമികമായും പ്രായോഗികമായും തയ്യാറാക്കുക എന്നതാണ് ബി.എസ്.സി കാര്‍ഡിയാക് പെര്‍ഫ്യൂഷന്‍ ടെക്‌നോളജി കോഴ്സ് കൊണ്ട് ഉദ്ദേശിക്കുന്നത്.

ബി.എസ്.സി എക്കോകാര്‍ഡിയോഗ്രാഫി ടെക്‌നോളജി:

ഉയര്‍ന്ന ഫ്രീക്വന്‍സി ശബ്ദതംരംഗങ്ങള്‍ ഉപയോഗപ്പെടുത്തി മനുഷ്യഹൃദയത്തിന്റെ സൂക്ഷ്മ ചിത്രം പകര്‍ത്തിയെടുക്കുകയും ഇതിലൂടെ ആരോഗ്യപ്രശ്‌നങ്ങള്‍ തിരിച്ചറിയുകയും ചെയ്യുകയുമാണ് ഒരു എക്കോകാര്‍ഡിയോളജി ടെക്നോളജിസ്റ്റിന്റെ ജോലി. അള്‍ട്രാസൗണ്ട് സാങ്കേതികവിദ്യ ഉപയോഗിച്ച് മനുഷ്യഹൃദയത്തിന്റെ അവസ്ഥ മനസ്സിലാക്കുന്നതിനും ഹൃദയം, പെരിഫറല്‍ രക്തക്കുഴലുകള്‍ എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ കണ്ടെത്തുന്നതിനും ചികിത്സിക്കുന്നതിനും എക്കോ-കാര്‍ഡിയോളജി ടെക്നോളജിസ്റ്റുകള്‍ കാര്‍ഡിയോളജിസ്റ്റുകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു.

ബിഎസ്.സി മെഡിക്കല്‍ റേഡിയോളജിക് ടെക്‌നോളജി:

മെഡിക്കല്‍ ഇമേജിംഗിലും കാന്‍സര്‍ ചികിത്സയിലും അത്യാധുനിക സാങ്കേതികവിദ്യയുടെ ഉപയോഗം കൈകാര്യം ചെയ്യുന്നതാണ് അലൈഡ് ഹെല്‍ത്ത് സയന്‍സിന്റെ ഈ ശാഖ. ഇതിന് റേഡിയോളജി, റേഡിയോ തെറാപ്പി & ന്യൂക്ലിയര്‍ മെഡിസിന്‍ എന്നിങ്ങനെ ഉപ സ്പെഷ്യാലിറ്റികള്‍ ഉണ്ട്

ബി.എസ്.സി ഒപ്‌റ്റോമെട്രി:

കാഴ്ച സംബന്ധമായ രോഗങ്ങളുടെ നിര്‍ണയം, ചികിത്സ എന്നിവ കൈകാര്യം ചെയ്യുന്ന ഒരു ആരോഗ്യ പരിപാലന മേഖലയാണ് ഒപ്‌റ്റോമെട്രി. ലെന്‍സുകളും കണ്ണടകളും ഉള്‍പ്പെടെ കണ്ണിന്റെ കാഴ്ച മെച്ചപ്പെടുത്തുന്നതിനും ഒരു വ്യക്തിക്ക് അനുഭവപ്പെട്ടേക്കാവുന്ന എല്ലാത്തരം കാഴ്ച തടസ്സങ്ങളെയും നീക്കം ചെയ്യുന്നതിനുമുള്ള നേത്ര ഉപകരണങ്ങളെപ്പറ്റിയുള്ള പഠനമാണ് ഇതില്‍ പ്രധാനം. ഒപ്റ്റിഷ്യന്‍, ഒപ്‌റ്റോമെട്രിസ്റ്റ്, റിഫ്രാക്ഷനിസ്റ്റ്, ഒഫ്താല്‍മിക് അസിസ്റ്റന്റ് എന്നീ നിലകളില്‍ സേവനം നല്‍കുന്നതിന് ഒരു വിദ്യാര്‍ത്ഥിയെ പ്രാപ്തനാക്കുകയാണ് ബി.എസ്.സി ഒപ്‌റ്റോമെട്രി കോഴ്‌സിന്റെ ലക്ഷ്യം.

ബാച്ചിലര്‍ ഇന്‍ ഓഡിയോളജി ആന്‍ഡ് സ്പീച്ച് ലാംഗ്വേജ് പതോളജി ( ബിഎഎസ്എല്‍പി):

കേള്‍വിയും കേള്‍വി സംബന്ധമായ തകരാറുകളും കൈകാര്യം ചെയ്യുന്ന ശാസ്ത്രശാഖയാണ് ഓഡിയോളജി. സ്പീച്ച് ആന്‍ഡ് ലാംഗ്വേജ് പതോളജി കോഴ്‌സ് ശബ്ദം, സംസാരം, ഭാഷ എന്നിവയുടെ സാധാരണവും അസാധാരണവുമായ വശങ്ങള്‍ കൈകാര്യം ചെയ്യുന്നു. സ്പീച്ച് ലാംഗ്വേജ് പതോളജി വിദ്യാര്‍ത്ഥികള്‍ക്ക് വിവിധ ശബ്ദവൈകല്യങ്ങള്‍, സംസാര വൈകല്യങ്ങള്‍ എന്നിവ കൈകാര്യം ചെയ്യുന്നതിലാണ് മികച്ച പരിശീലനം നല്‍കുന്നത്. ഓഡിയോളജിസ്റ്റുകള്‍ക്കും സ്പീച്ച് ലാംഗ്വേജ് പതോളജിസ്റ്റുകള്‍ക്കും ഇന്ത്യയിലും വിദേശത്തും ഇന്ന് തൊഴില്‍ അവസരങ്ങള്‍ ഏറെയാണ്.

ബി.എസ്.സി & എം.എസ്.സി ഡയബറ്റിസ് സയന്‍സസ്:

പ്രമേഹബാധിതരുടെ എണ്ണം കൂടുന്നതിനനുസരിച്ച് ആരോഗ്യപരിപാലന രംഗത്തുള്ളവരുടെ ആവശ്യകതയും വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. പ്രമേഹരോഗികളെ പരിപാലിക്കുന്നതില്‍ ഡോക്ടര്‍മാരെ സഹായിക്കുന്ന ഡയബറ്റിക് എഡ്യൂക്കേറ്റര്‍മാര്‍ക്കുള്ള പരിശീലനമാണ് ഈ കോഴ്‌സിലൂടെ നല്‍കുന്നത്. രോഗികള്‍ക്ക് ഭക്ഷണക്രമത്തെക്കുറിച്ചുള്ള നിര്‍ദേശങ്ങള്‍ നല്‍കാനും ഇന്‍സുലിന്‍ തെറാപ്പിക്കുള്ള നടപടികള്‍ തുടങ്ങാനും മാനസിക പിന്തുണ നല്‍കാനുമെല്ലാം ഡയബറ്റിക് എഡ്യൂക്കേറ്റര്‍മാര്‍ക്ക് സാധിക്കും. മെഡിക്കല്‍ ന്യൂട്രീഷന്‍ തെറാപ്പി, പോഡിയാട്രിക് കെയര്‍, സ്ഥിതിവിവരക്കണക്കുകള്‍ എന്നിവയാണ് ഈ പ്രോഗ്രാമിന്റെ പാഠ്യപദ്ധതിയില്‍ പ്രധാനമായും ഉള്‍പ്പെടുന്നത്.

ബി.എസ്.സി & എം.എസ്.സി റെസ്പിറേറ്ററി തെറാപ്പി:

അലൈഡ് ഹെല്‍ത്ത് സയന്‍സസിന്റെ ഒരു പുതിയ ശാഖയാണ് റെസ്പിറേറ്ററി തെറാപ്പി. കാര്‍ഡിയോ പള്‍മണറി അനുബന്ധ രോഗങ്ങളുള്ള രോഗികളുടെ രോഗനിര്‍ണയം, ചികിത്സ, മാനേജ്മെന്റ്, പരിചരണം തുടങ്ങിയ കാര്യങ്ങളില്‍ സാങ്കേതികവിദ്യയുടെ ശാസ്ത്രീയമായ പ്രയോഗമാണ് ഇതിലെ പഠനവിഷയം. ഒരു ആധുനിക ഹെല്‍ത്ത് കെയര്‍ ടീമില്‍ പ്രധാനപ്പെട്ട അംഗങ്ങളാണ് റെസ്പിറേറ്ററി തെറാപ്പിസ്റ്റുകള്‍. 

എം.എസ്.സി ക്ലിനിക്കല്‍ ന്യൂട്രീഷന്‍ ആന്‍ഡ് ഫുഡ് സയന്‍സസ്:

വ്യക്തികളുടെയും കുടുംബങ്ങളുടെയും പോഷകാഹാര പരിപാലനത്തിന് ഉത്തരവാദിത്തപ്പെട്ട ആരോഗ്യസംരക്ഷണ ടീമിലെ പ്രൊഫഷണല്‍ അംഗങ്ങളാണ് ഡയറ്റീഷ്യന്‍മാര്‍. ആരോഗ്യപരമായ എല്ലാ സാഹചര്യങ്ങളിലും ഗുണനിലവാരമുള്ള പോഷകാഹാരം ഉറപ്പാക്കുകയെന്നതാണ് ഇവരുടെ ദൗത്യം. ക്ലിനിക്കല്‍ പോഷകാഹാരക്രമത്തെ സംബന്ധിച്ചുള്ള ഈ പ്രോഗ്രാം ഭക്ഷണം, പോഷകാഹാരം, ബയോളജിക്കല്‍ സയന്‍സ് എന്നിവയില്‍ നേടിയിട്ടുള്ള അറിവിനെ അടിസ്ഥാനമാക്കിയുള്ളതാണ്. പോഷകാഹാര വിദ്യാഭ്യാസം, മാനേജ്‌മെന്റ്, പരിപാലനം എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു കൊണ്ടുള്ളതാണ് ഈ കോഴ്സ്.

ബി.എസ്.സി & എം.എസ്.സി എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നോളജി:

മിക്ക വികസിത രാജ്യങ്ങളിലെയും ആരോഗ്യ പരിരക്ഷാ സംവിധാനത്തിന്റെ നട്ടെല്ലായി മാറിയിരിക്കുന്ന എമര്‍ജന്‍സി മെഡിസിന്‍ എന്ന ആശയം ഇന്ത്യന്‍ മെഡിക്കല്‍ ലോകത്തിന് താരതമ്യേന പുതിയതാണ്. രോഗികളുടെ അസുഖങ്ങളുടെയും പരിക്കുകളുടെയും അടിയന്തരനിര്‍ണയവും തുടര്‍ നടപടികളുമാണ് ഇതില്‍ പ്രധാനം. ഇത്തരത്തില്‍ അടിയന്തരമായി രോഗികളെ കൈകാര്യം ചെയ്യുന്നതിന് ആവശ്യമായ അറിവും കഴിവുകളും അടിസ്ഥാനമാക്കിയുള്ള ഒരു പരിശീലന മേഖലയാണ് എമര്‍ജന്‍സി മെഡിസിന്‍. അപകടങ്ങളും പ്രകൃതിദുരന്തങ്ങളും വര്‍ധിച്ചുകൊണ്ടിരിക്കുന്ന ഇന്നത്തെ സാഹചര്യത്തില്‍ എമര്‍ജന്‍സി മെഡിസിന്‍ കാലഘട്ടത്തിന്റെ കൂടി ആവശ്യമായി മാറിയിരിക്കുന്നു

ബി.എസ്.സി & എം.എസ്.സി ന്യൂറോ ഇലക്ട്രോഫിസിയോളജി:

വൈദ്യശാസ്ത്രത്തില്‍ അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന ഒരു മേഖലയാണ് ന്യൂറോ ടെക്നോളജി. ന്യൂറോ സയന്‍സസ്, സെല്ലുലാര്‍ എഞ്ചിനീയറിംഗ്, സിഗ്നല്‍ പ്രോസസ്സിംഗ് എന്നിവ ഇതുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇലക്ട്രോഫിസിയോളജി നടപടിക്രമങ്ങള്‍ മനസ്സിലാക്കാനും അവ നിര്‍വഹിക്കാനും ഒരു ന്യൂറോ ടെക്‌നോളജിസ്റ്റിനെ പ്രാപ്തമാക്കുന്ന വിധത്തിലുള്ളതാണ് ഈ കോഴ്സ്. രോഗികളെ വിലയിരുത്തുന്നതിനും വിവിധ ഇലക്ട്രോ ഡയഗ്നോസ്റ്റിക് നടപടിക്രമങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനും അവ നടപ്പിലാക്കുന്നതിനുമുള്ള പരിശീലനം ഈ കോഴ്സിലൂടെ ലഭിക്കും. സ്ലീപ്പ് സ്റ്റഡീസ്, ഓട്ടോണമിക് ഫംഗ്ഷന്‍ ടെസ്റ്റുകള്‍, അപസ്മാരത്തിന്റെ ശസ്ത്രക്രിയയ്ക്ക് മുമ്പുള്ള വിലയിരുത്തല്‍, ഇ.ഇ.ജി നിരീക്ഷണം തുടങ്ങിയവയിലും വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം നല്‍കുന്നു.

ബി.എസ്.സി & എം.എസ്.സി ഫിസിഷ്യന്‍ അസിസ്റ്റന്റ്:

എല്ലാ മെഡിക്കല്‍ സ്‌പെഷ്യാലിറ്റികളിലും രോഗനിര്‍ണയം, ചികിത്സ എന്നിവയില്‍ അനുബന്ധ സേവനങ്ങള്‍ നല്‍കുന്നതിന് ഔപചാരികമായി പരിശീലനം നേടുന്നവരാണ് ഫിസിഷ്യന്‍ അസിസ്റ്റന്റുമാര്‍. ഇവര്‍ മെഡിക്കല്‍ ഹിസ്റ്ററി എടുക്കുകയും, രോഗികളുടെ പ്രാഥമിക പരിശോധന നടത്തുകയും, ലബോറട്ടറി പരിശോധനകള്‍ക്കും എക്‌സ്-റേകള്‍ക്കും നിര്‍ദേശം നല്‍കുകയും രോഗനിര്‍ണയത്തിനും ചികിത്സയ്ക്കുമായി ഡോക്ടര്‍മാരെ സഹായിക്കുകയും ചെയ്യുന്നു.  ഇന്ത്യയിൽ ഈ കരിയർ വ്യാപകമായിട്ടില്ല 

ഇനിയുമുണ്ട് കോഴ്‌സുകൾ, പഠനാവസരം നൽകുന്ന സ്ഥാപനങ്ങളെപ്പറ്റിയുള്ള വിശദവിവരങ്ങൾക്ക് ഗൂഗിൾ സേർച്ച് തന്നെ മുന്നിലുള്ള വഴി. 

Article By: Mujeebulla K.M
CIGI Career Team


 Comments (0)

Write a Comment

Thank you for showing an interest in CIGI. You can reach out to us through multiple ways

Whatsapp or call us for any query

Visit us at

https://goo.gl/maps/wzt6ep5ZxTkiei8k9 Golf Link Rd, Chevayur, Kozhikode, Kerala 673017