×
14 February 2024
0

കരിയർ കൗൺസലിംഗ് എന്നത് ശാസ്ത്രീയമായ ഒരു വിലയിരുത്തലാണ്

കരിയർ കൗൺസിലിംഗിന് വളരെയധികം പ്രാധാന്യമുള്ള ഒരു കാലഘട്ടത്തിലൂടെയാണ് ഇന്ന് നമ്മൾ കടന്നു പോയിക്കൊണ്ടിരിക്കുന്നത്. മുമ്പൊക്കെ കുട്ടികൾക്ക് തിരഞ്ഞെടുക്കാനും മുന്നോട്ടു പഠിക്കാനും ഒരുപാട് ഓപ്ഷനുകൾ ഇല്ലായിരുന്നു, എന്നാൽ ഇന്ന് അതല്ല അവസ്ഥ. തിരഞ്ഞെടുക്കാൻ ഒരുപാടു തൊഴിൽ മേഖലകൾ ഉണ്ട്. ദിനംപ്രതി പുതിയവ കടന്നു വന്നു കൊണ്ടുമിരിക്കുന്നു. ഏത് സ്ട്രീം തിരഞ്ഞെടുക്കണമെന്ന് ആശയക്കുഴപ്പത്തിലായ ഒരു വിദ്യാർത്ഥിയോ അല്ലെങ്കിൽ തന്റെ കരിയർ ബ്രേക്കിനെക്കുറിച്ച് ആകുലപ്പെടുന്ന ഒരു പ്രൊഫഷണലോ ആകട്ടെ, അവർ നിർബന്ധമായും മുന്നോട്ടുള്ള യാത്രയിലേക്ക് കരിയർ കൗൺസിലിംഗ് ചെയ്യേണ്ടതുണ്ട്. 

ഇത് വിദ്യാർത്ഥികളെയും പ്രൊഫഷണലുകളെയും അവരുടെ സ്വപ്ന ജീവിതപാത തിരഞ്ഞെടുക്കാൻ സഹായിക്കുന്നു. മുമ്പ് പലരും അവരുടെ സുഹൃത്തുക്കളും കുടുംബാംഗങ്ങളും പറഞ്ഞതു കൊണ്ടോ കേട്ടറിഞ്ഞത് കൊണ്ടോ ഒക്കെയാണ് എൻജിനീയറിങ്, മെഡിസിൻ, നഴ്സിങ് തുടങ്ങിയവയൊക്കെ തിരഞ്ഞെടുത്തിരുന്നത്.

ഇപ്പോൾ അങ്ങനെയല്ല. പരിശീലനം ലഭിച്ച ഒരു കരിയർ കൗൺസിലറുടെ സഹായത്തോടെ, തങ്ങളുടെ സ്വപ്ന ജീവിത പാത തിരഞ്ഞെടുക്കാനും തങ്ങളുടെ അഭിരുചിക്കനുസരിച്ചുള്ളത് പിന്തുടരാനും കഴിയും. 28 വർഷത്തെ നിശബ്ദ സേവനത്തിലൂടെ ഉയരാം നമുക്ക് വാനോളം എന്ന ആശയത്തെ പ്രാവർത്തികമാക്കി പതിനായിരങ്ങൾക്ക് കൗൺസലിങ് സേവനം സൗജന്യമായി നൽകിയ സിജിയുടെ സേവനത്തെ പ്രയോജനപ്പെടുത്തിയവരാണ് മിക്കയിടത്തും നല്ലൊരു കരിയറിൽ എത്തപ്പെട്ടതായ് കണ്ട് കൊണ്ടിരിക്കുന്നത്.

ഇന്ത്യയിൽ ഏകദേശം 700 ദശലക്ഷത്തിനടുത്ത് വിദ്യാർത്ഥി യുവജനങ്ങളാണുള്ളത് എന്നാണ് കണക്ക്. ഇന്നത്തെ വിദ്യാർത്ഥി - യുവതയാണ് നാളെയുടെ ഭാവി വാഗ്ദാനങ്ങൾ. അവർക്ക് ശരിയായ സമയത്ത് ശരിയായ രീതിയിലുള്ള കരിയർ ഗൈഡൻസ് ശരിയും ശാസ്ത്രീയവുമായ രീതിയിലും ലഭിച്ചില്ലെങ്കിൽ, വിദ്യാർത്ഥി - യുവതകൾക്ക് വിഷമം നിറഞ്ഞ ഒരു കരിയർ ജീവിതമായിരിക്കും ഉണ്ടാകുക. അത് നമുക്കും ചുറ്റും ഒന്ന് കണ്ണോടിച്ച്‌ നോക്കിയാൽ ബോധ്യപ്പെടാവുന്ന ഒന്നാണ്. ഒരുപക്ഷെ ഇത് വായിക്കുന്ന നിങ്ങളും അതിനു ഇരയായിട്ടുണ്ടാവും.

🔹 അപ്പോൾ ചോദ്യമുയരും.... ആർക്കൊക്കെ വേണം കരിയർ കൗൺസലിങ്?..

▫കുട്ടികൾ പത്താം ക്ലാസിന് ശേഷം ശരിയായ സ്ട്രീം തിരഞ്ഞെടുക്കുന്നത് തങ്ങളുടെ കരിയറിലെ ഏറ്റവും പ്രധാനപ്പെട്ട ഘട്ടമാണ്. അവർ സയൻസ് സ്ട്രീം എടുക്കുകയാണെങ്കിൽ, അതിനുശേഷം കൊമേഴ്സിലേക്കോ ഹുമാനിറ്റീസിലേക്കോ കലകളിലേക്കോ മാറാനുള്ള ഓപ്ഷൻ അവർക്കുണ്ട്. എന്നാൽ അവർ കൊമേഴ്‌സ് തിരഞ്ഞെടുക്കുകയാണെങ്കിൽ അവർക്ക്  സയൻസിലേക്ക് തിരിച്ചുവരാൻ കഴിയില്ല. യുടേൺ ആഗ്രഹിച്ചാൽ നടക്കാത്ത ജംഗ്ഷനിലെത്തപ്പെട്ട പോലെ.

അതിനാൽ, തങ്ങൾക്ക് താൽപ്പര്യമുള്ളതും തങ്ങളുടെ കരിയർ താൽപ്പര്യത്തിന് അനുസൃതവുമായ ഒരു സ്ട്രീം തിരഞ്ഞെടുക്കുന്നത് അവർക്ക് വളരെ പ്രധാനമാണ്.

തങ്ങളുടെ കഴിവുകൾ, താൽപ്പര്യം, അഭിരുചി, വാല്യൂസ് എന്നിവ അടിസ്ഥാനമാക്കി തുടർപഠനത്തിനുള്ള ശരിയായ സ്ട്രീം തിരഞ്ഞെടുക്കാൻ നല്ലൊരു കരിയർ കൗൺസലർക്ക് അവരെ സഹായിക്കാനാകും.

▫12-ാം ക്ലാസ് എന്നത് ഒരു വിദ്യാർത്ഥിയുടെ കരിയർ ജീവിതത്തിലെ ഒരു ജംഗ്ഷൻ കൂടിയാണ്, അത് വളരെ നിർണായകവുമാണ്.
അവരുടെ തലയിൽ ബോർഡ് പരീക്ഷകളും മത്സര പരീക്ഷകളുടെ അടങ്ങാത്ത പിരിമുറുക്കവും ഉള്ളതിനാൽ, ബിരുദത്തിനായി ഏത് കരിയർ തിരഞ്ഞെടുക്കണമെന്ന് തീരുമാനിക്കുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യവുമാണ്. 
സയൻസ് അല്ലെങ്കിൽ ഹുമാനിറ്റീസ് അല്ലെങ്കിൽ കൊമേഴ്സ് തിരഞ്ഞെടുക്കുന്ന വിദ്യാർത്ഥികൾക്ക് വൈവിധ്യമാർന്ന നിരവധി ഓപ്ഷനുകൾ മുന്നിൽ ലഭ്യമാണ്. എന്നാൽ ശരിയായ സ്ട്രീം തിരഞ്ഞെടുക്കുക എന്നത് വളരെ പ്രധാനമാണ്.

ഉദാഹരണത്തിന്, +2 കണക്കെടുത്ത സയൻസ് വിദ്യാർത്ഥി എഞ്ചിനീയറിംഗിന് പോകാൻ തീരുമാനിച്ചേക്കാം. എന്നാൽ എഞ്ചിനീയറിംഗിലും കമ്പ്യൂട്ടർ സയൻസ്, മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്, സിവിൽ തുടങ്ങി നിരവധി വൈവിധ്യമാർന്ന ശാഖകളുണ്ട്. പല വിദ്യാർത്ഥികളും അഭിമുഖീകരിക്കുന്ന വെല്ലുവിളി ഇതിലേത് സ്ട്രീം തിരഞ്ഞെടുക്കണം എന്നുള്ളതാണ്?

ഇവിടെയൊക്കെയാണ് കരിയർ കൗൺസലിംഗ് ഉപകാരപ്പെടുന്നത്. പരിചയ സമ്പന്നനായ കരിയർ വിദഗ്ദൻ്റെ കരിയർ കൗൺസലിംഗിലൂടെ വിദ്യാർത്ഥികൾക്ക് നിലവിൽ ലഭ്യമായ കരിയർ ഓപ്ഷനുകൾ എന്തൊക്കെ എന്ന് മനസ്സിലാക്കാനും ഏറ്റവും അനുയോജ്യമായ തൊഴിൽ പാത എങ്ങനെ തിരഞ്ഞെടുക്കാമെന്നും ഒക്കെ അറിയാനാവും. അത് കൊണ്ട് തിടുക്കപ്പെട്ട് തീരുമാനമെടുക്കുന്നതിനു പകരം ഒരു നല്ല . കരിയർ കൗൺസലറുടെ വിദഗ്ധ മാർഗനിർദേശം സ്വീകരിക്കുക എന്നത് ഈ ഘട്ടത്തിൽ പ്രധാനമാണ്.

ശരിയായ കരിയർ കൗൺസലിംഗിന് വിധേയരാകുകയും ശരിയായ മാർഗ്ഗനിർദ്ദേശം നേടുകയും ചെയ്യുന്ന വിദ്യാർത്ഥികൾ അവരുടെ പ്രൊഫഷണൽ ജീവിതത്തിലും വ്യക്തിജീവിതത്തിലും വളരെ സന്തുഷ്ടരാണെന്നത് തെളിയിക്കപ്പെട്ട വസ്തുതയാണ്. 

🔲നമുക്ക് ഒരു അസുഖം വന്നു പെട്ടാൽ നമ്മൾ എന്താണ് ചെയ്യുക? നമ്മൾ ആ മേഖലയിലെ വിദഗ്ദ്ധനായ ഒരു ഡോക്ടറുടെ അടുത്തേക്കാണ് പോകുക. അതുപോലെ, തങ്ങളുടെ കരിയറുമായി ബന്ധപ്പെട്ട് ആശയക്കുഴപ്പം നേരിടുകയാണെങ്കിൽ നമ്മൾ എന്തുചെയ്യണം? ആ മേഖലയിൽ വിദഗ്ധനായ ഒരു കരിയർ കൗൺസലറെ  സന്ദർശിക്കണം. സിജി (CIGI) എന്ന എൻജിഒ യുടെ പരിചയ സമ്പന്നരായ കരിയർ കൗൺസിലർമാരുടെ സേവനം ഏത് നാട്ടിലും ഇന്ന് ലഭ്യമാണ്. (കൂടുതലറിയാൻ www.cigi.org വെബ്സൈറ്റ് സന്ദർശിക്കയോ ഓഫീസിലേക്ക്         +91 80866620040495 2351377 ൽ വിളിക്കയോ ചെയ്യാം).

💧ഒരു കരിയർ കൗൺസലർ സംസാരങ്ങളിലൂടെ നിങ്ങളുടെ ശക്തിയും ദൗർബല്യവും മനസ്സിലാക്കുകയും അഭിരുചി താത്പര്യം കഴിവ് എന്നിവ പരസ്പര പൂരകമാക്കി നിങ്ങൾക്ക് ഏറ്റവും അനുയോജ്യമായ മികച്ച കരിയർ തിരഞ്ഞെടുക്കാനുള്ള വിദഗ്ധ മാർഗനിർദേശം നൽകുകയും ചെയ്യും. എവിടെയും ദീർഘകാല വീക്ഷണത്തോടെ  കരിയർ ആസൂത്രണം ചെയ്യേണ്ടത് അത്യാവശ്യമാണ്. വിദ്യാഭ്യാസത്തിന്റെ പടവുകൾ ഓരോന്ന് കയറാനും നല്ലൊരു കരിയർ കൗൺസലിംഗ് പ്രധാനമാണ്. കേരള സർക്കാരിൻ്റെ ഹയർസെക്കൻ്ററി വകുപ്പ് ഈ ആവശ്യത്തിനായി CG&AC വകുപ്പ് ഉണ്ടാക്കുകയും അതിലേക്ക് ഓരോ സ്കൂളിലും പ്രാപ്തരായ അധ്യാപകരെ ചുമതലപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. കേരള സർക്കാരിൻ്റെ എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചുകളിലും, യൂണിവേഴ്സിറ്റി എംപ്ലോയ്മെൻ്റ് ബ്യൂറോകളിലും വൊക്കേഷൻ ഗൈഡൻസ് ഓഫീസർമാരുടെ സേവനങ്ങളും കരിയർ ഗൈഡിങ്ങിനായി ലഭ്യമാണ്.

Article By: Mujeebulla K.M
CIGI Career Team



Comments (0)

Write a Comment

Thank you for showing an interest in CIGI. You can reach out to us through multiple ways

For career counseling and other Appointments - Book Now

Whatsapp or call us for any query