×
05 December 2023
0

നൈപുണ്യ വികസനം [SKILL DEVELOPMENT] വിദ്യാർത്ഥികളിൽ എങ്ങനെ ഉറപ്പു വരുത്താം

പാഠ പുസ്‌തകങ്ങൾ പഠിച്ചാൽ മാത്രം ഒരു വിദ്യാർത്ഥിക്ക് വിജയത്തിലെത്താൻ കഴിയുമോ? .ഇല്ല എന്നായിരിക്കും ഉത്തരം .വൈവിധ്യമാർന്ന സാഹചര്യങ്ങളെ നേരിടാൻ അവരെ പ്രാപ്തരാക്കേണ്ടതുണ്ട് . ഓരോ മേഖലയിലെയും പ്രതിബന്ധങ്ങളെ ഫലപ്രദമായി നേരിടാൻ വിവിധങ്ങളായ നൈപുണ്യങ്ങൾ കരസ്ഥമാക്കുന്നതിലൂടെ വിദ്യാർത്ഥികൾക്ക് കഴിയും .വിവിധ നൈപുണ്യങ്ങളുടെ  വികസനം വിദ്യാർത്ഥികളുടെ വളർച്ചയ്ക്കും വിജയത്തിനും നിർണായകമാണ്. വൈജ്ഞാനികവും സാമൂഹികവും വൈകാരികവും ശാരീരികവുമായ നൈപുണ്യങ്ങൾ വളർത്തിയെടുക്കുന്നതിലൂടെ, ശോഭനമായ ഭാവിക്കായി വിദ്യാർത്ഥികൾ പ്രാപ്തരാകുന്നു

വിദ്യാർത്ഥികളിൽ നൈപുണ്യ വികസനത്തിന്റെ പ്രാധാന്യം

കഴിവുകൾ കണ്ടെത്തൽ:

വിദ്യാർത്ഥികളുടെ കഴിവുകൾ കണ്ടെത്തി വികസിപ്പിക്കുന്നത് അവരുടെ ആത്മവിശ്വാസം ഉയർത്താനും, ലക്ഷ്യത്തിലേക്കുള്ള പ്രയാണം എളുപ്പമാക്കാനും  അവരെ  സഹായിക്കുന്നു. വിവിധ സ്കിൽ ടെസ്റ്റുകളിലൂടെ ഓരോരുത്തരുടെയും പ്രാവീണ്യവും നൈപുണ്യവും മനസ്സിലാക്കാൻ കഴിയും. ഈ കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ പ്രത്യേക പരിശീലനം നൽകി ഓരോരുത്തരെയും ഉയർത്തിക്കൊണ്ട് വരാൻ മെൻറ്റർമാർ ഉൾപ്പടെ ഉള്ളവർക്ക് സാധിക്കും.

നിരന്തര പഠനം:

ക്ലാസ് മുറിക്കപ്പുറം തുടർച്ചയായ പഠനത്തിനും വ്യക്തിഗത വളർച്ചയ്ക്കുമുള്ള സഹായക ഘടകങ്ങളായി വിവിധ നൈപുണ്യങ്ങൾ പ്രവർത്തിക്കുന്നു. നിരന്തര പഠനത്തിലൂടെ വിഷയങ്ങൾക്കപ്പുറത്തുള്ള വിവിധ സാധ്യതകളെ കുറി ച്ച് അറിയാനും അത് വഴി നൈപുണ്യങ്ങൾ കരസ്ഥമാക്കാനും സാധ്യതകൾ തെളിയുന്നു. ഇതോടൊപ്പം ഓരോ നൈപുണ്യങ്ങളെ കുറിച്ച് കൂടുതൽ മനസ്സിലാക്കാനും അതിൽ കൂടുതൽ വൈദഗ്ധ്യം നേടാനും വിദ്യാർത്ഥികൾക്ക് കഴിയും.

മത്സര ക്ഷമത:

നല്ല പോലെ വികസിതമായ  വൈദഗ്ധ്യങ്ങൾ ഉന്നത വിദ്യാഭ്യാസ സാധ്യതകളിലും ഭാവിയിലെ ജോലി അവസരങ്ങളിലും വിദ്യാർത്ഥികളെ വേറിട്ടു നിർത്താൻ സഹായിക്കുന്നു. എല്ലാ രംഗത്തും കടുത്ത മത്സരം നിലനിൽക്കുന്നതിനാൽ മത്സരക്ഷമത നില നിർത്തുക എന്നത് വളരെ പ്രധാനമാണ്. പിന്തള്ളപ്പെട്ടു പോകാതിരിക്കാൻ വിവിധ പരിശീലനങ്ങളുടെ സഹായത്തോടെ നിരന്തരമായി അപ്ഡേറ്റ് ചെയ്യുന്നത് അത്യന്താപേക്ഷിതമാണ് .

നൈപുണ്യ വികസനത്തിൽ മെൻറ്ററിങ്ങിന്റെ പ്രാധാന്യം:

വിദ്യാർത്ഥികളുടെ വിജയത്തിന് സഹായകമായ ഉൾകാഴ്ചകളും അറിവുകളും പകർന്നു നൽകാൻ നല്ലൊരു മെന്ററിനു സാധിക്കും. ഉദാഹരണത്തിന്, പ്രത്യേക ടാസ്കുകൾ എങ്ങനെ നിർവഹിക്കാനാവുമെന്നും  ഉപയോഗപ്രദമായ നൈപുണ്യങ്ങൾ  എങ്ങനെ കരസ്ഥമാക്കാമെന്നും അവർക്കു നിർദ്ദേശിക്കാൻ കഴിയും. തങ്ങളുടെ കരിയർ രൂപപ്പെടുത്തി എടുക്കുന്ന കുട്ടികൾക്ക് ഇത്തരം നിർദ്ദേശങ്ങൾ അവരുടെ ഉത്തരവാദിത്തങ്ങൾ കൃത്യതയോടെ നിർവ്വ ഹിക്കാൻ സഹായകരമാവും.

വിവിധ തരം  നൈപുണ്യങ്ങൾ

ബുദ്ധിപരമായ  നൈപുണ്യങ്ങൾ  (Cognitive skills):

വെല്ലുവിളി നിറഞ്ഞ ടാസ്കുകൾ നേരിട്ടും  അന്വേഷണാധിഷ്ഠിത പഠനത്തിലൂടെയും വിമർശനാത്മക ചിന്ത, പ്രശ്‌നപരിഹാരം, വിശകലന കഴിവുകൾ എന്നിവ വികസിപ്പിക്കുക. ഉയർന്ന തൊഴിലുകൾ നേടുമ്പോൾ പെട്ടെന്നും കൃത്യമായും തീരുമാനങ്ങളെടുക്കേണ്ടി വരും. പ്രശ്നങ്ങൾ ശാസ്ത്രീയമായി കണ്ടെത്താനും വിശകലം ചെയ്യാനും ഫലപ്രദമായ പരിഹാരങ്ങൾ നിർദ്ദേശിക്കാനും അത് നടപ്പിൽ വരുത്താനും നല്ല വൈജ്ഞാനിക  നൈപുണ്യങ്ങൾ നേടിയ വ്യക്തികൾക്കെ സാധിക്കുകയുള്ളു.

സാമൂഹ്യ നൈപുണ്യങ്ങൾ (Social skills):

ഗ്രൂപ്പ് പ്രോജക്ടുകളിലൂടെയും , സംവേദനാത്മകചർച്ചകളിലൂടെയും സഹകരണം, ആശയവിനിമയം, സഹാനുഭൂതി, ടീം വർക്ക് എന്നിവ വളർത്തുക. സാമൂഹ്യ ജീവി എന്ന നിലക്ക് മനുഷ്യന് മറ്റുള്ളവരെ ഉൾക്കൊണ്ടു മാത്രമേ ഏത് രംഗത്തും ശോഭിക്കാൻ കഴിയുകയുള്ളു. ഒറ്റയ്ക്ക് ചെയ്യുന്നതിന് പകരം  പല ജോലികളും ടീം വർക്കിലൂടെ പെട്ടെന്നും നന്നായും ചെയ്യാൻ കഴിയും. സാമൂഹ്യ നൈപുണ്യങ്ങൾ കരസ്ഥമാക്കുന്നതിലൂടെ ഒരു നല്ല ടീം ലീഡറുടെ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാനും മറ്റുള്ളവരെ കൂടി സഹകരിപ്പിച്ചു കൊണ്ട് വെല്ലുവിളികൾ  നല്ല നിലയിൽ നേരിടാനും ഫലപ്രാപ്‌തി എളുപ്പത്തിൽ നേടാനുമുള്ള അവസരം ലഭിക്കുന്നു.

വൈകാരിക നൈപുണ്യങ്ങൾ (Emotional skills)

ഓരോ സാഹചര്യത്തെയും അതിന്റെ മെറിറ്റ് അനുസരിച്ച്‌  സമചിത്തതയോടെ നേരിടാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കേണ്ടതുണ്ട്. തൊഴിൽ രംഗത്തും സാമൂഹ്യ രംഗത്തും ശോഭിക്കാൻ സമചിത്തതയോടെയുള്ള സമീപനങ്ങൾ അത്യന്താപേക്ഷിതമാണ്. പ്രശ്നങ്ങളോട് കൃത്യമായ പ്രതികരണവും സഹജീവികളോടുള്ള സഹാനുഭൂതിയോടെ ഉള്ള ഇടപെടലുകളും വ്യക്തിത്വ വികസനത്തിൽ വളരെ പ്രാധാന്യമുള്ളതാണ്.  ബോധവൽക്കരണം, സാമൂഹിക-ചലനാത്മക പഠന പരിപാടികൾ എന്നിവയിലൂടെ സ്വയം അവബോധം, പ്രതികരണ ശേഷി, വൈകാരിക നിയന്ത്രണം, സഹാനുഭൂതി  എന്നിവ കെട്ടിപ്പടുക്കാനുള്ള പ്രാവീണ്യം നേടാൻ കഴിയണം

ശാരീരിക നൈപുണ്യങ്ങൾ (Physical skills):

കായികക്ഷമത, ഏകോപനം,  ആവശ്യമായ വ്യായാമങ്ങൾ ,ആരോഗ്യകരമായ ശീലങ്ങൾ എന്നിവ സ്പോർട്സ്, ഔട്ട്ഡോർ പ്രവർത്തനങ്ങൾ, കളികൾ എന്നിവയിലൂടെ പ്രോത്സാഹിപ്പിക്കുക. വിദ്യാർത്ഥികളുടെ ആത്മവിശ്വാസം വർധിപ്പിക്കാൻ ശാരീരിക നൈപുണ്യം വഴി സാധ്യമാകും. ആരോഗ്യമുള്ള ശരീരം ആരോഗ്യമുള്ള മനസ്സിന് അത്യന്താപേക്ഷിതമാണ്. ശാരീരിക ക്ഷമത വര്ധിപ്പിക്കാനുതകുന്ന വിവിധ പ്രവർത്തനങ്ങൾക്കുള്ള അവസരം വിദ്യാർത്ഥികൾക്ക് നൽകണം.

നൈപുണ്യ വികസനത്തിനുള്ള മാർഗങ്ങൾ  

അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കുക:

വെല്ലുവിളികൾ ഏറ്റെടു ക്കുന്നതിനും അവരുടെ സർഗ്ഗാത്മകത പ്രകടിപ്പിക്കുന്നതിനും വിദ്യാർത്ഥികൾക്ക് സുഖവും സൗകര്യവും സുരക്ഷിതത്വവും  അനുഭവഭേദ്യമായ  ക്ലാസ് റൂം അന്തരീക്ഷം ലഭ്യമാക്കുക. ഈ രംഗത്ത്  അധ്യാപകർ പ്രത്യേക ശ്രദ്ധ ഊന്നേണ്ടതുണ്ട് .സ്വയം വളരാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കാൻ അധ്യാപകർക്ക് കഴിയണം .ചുറ്റുപാടുകൾ നിരീക്ഷിക്കാനും അത് വഴി സ്വന്തമായ അഭിപ്രായങ്ങൾ രൂപപ്പെടുത്താനും പഠിതാക്കൾക്ക് കഴിയണം. കരിയർ  രംഗത്ത്  തീരുമാനങ്ങളെടുക്കാൻ ഇത്തരം നിരീക്ഷണങ്ങൾ വിദ്യാർത്ഥികളെ കഴിവുള്ളവരാക്കും.

വൈവിധ്യമാർന്ന പഠന അവസരങ്ങൾ നൽകുക:

വ്യത്യസ്‌ത പഠന ശൈലികളും താൽപ്പര്യങ്ങളും മനസ്സിലാക്കി വൈവിധ്യമാർന്ന അനുഭവങ്ങളും പ്രോജക്റ്റുകളും പാഠ്യേതര പ്രവർത്തനങ്ങളും നൽകുക. അഭിരുചികൾ മനസ്സിലാക്കി പഠിതാക്കളെ  ബോധവത്കരിക്കാനും അവർക്കു ശോഭിക്കാൻ കഴിയുന്ന മേഖലകളിൽ പ്രാഗൽഭ്യം തെളിയിക്കാൻ അവർക്കു അവസരം നൽകാനും കഴിയണം.

സ്വയം അവലോകനവും  ലക്ഷ്യ ക്രമീകരണവും പ്രോത്സാഹിപ്പിക്കുക:

സ്വയം അവലോകനം പ്രോത്സാഹിപ്പിക്കുകയും യാഥാർഥ്യബോധത്തോടെ ലക്‌ഷ്യം നിർണയിക്കാനും അതിന്റെ പുരോഗതി  കൃത്യമായി വിലയിരുത്താനും വ്യക്തിഗത വളർച്ച   ഉറപ്പു വരുത്താനും വിദ്യാർത്ഥികളെ സഹായിക്കുക. വിദ്യാർത്ഥികളുടെ ശേഷി മനസ്സിലാക്കി , കരസ്ഥമാക്കാൻ കഴിയുന്ന തരത്തിലുള്ള സ്‌കില്ലുകൾ അവർക്കു നൽകാൻ കഴിയണം . അത് വഴി  കഴിവുകൾ പരമാവധി ഉപയോഗപ്പെടുത്താൻ അവർക്കു അവസരം ലഭിക്കും.

നൈപുണ്യം വികസിപ്പിക്കുന്നതിലെ വെല്ലുവിളികൾ

പരിമിതമായ വിഭവങ്ങൾ:

നൈപുണ്യ വികസനത്തിനുള്ള വിവിധ പശ്ചാത്തല സൗകര്യങ്ങളൊരുക്കാനും നല്ല പരിശീലകരെ ലഭ്യമാക്കാനും വലിയ സാമ്പത്തിക പിന്തുണ അനിവാര്യമാണ്. സമൂഹത്തിന്റെ പങ്കാളിത്തവും പിന്തുണയും തേടിക്കൊണ്ടും നൂതന സാങ്കിതിക വിദ്യയുടെ സഹായം വഴി ചെലവുകൾ ചുരുക്കിയും വിഭവലഭ്യതയിലെ കുറവ് പരിഹരി ക്കാവുന്നതാണ്. വിവിധ എൻ ജി ഒ കൾ സി എസ് ആർ ഫണ്ടുകൾ  മുതലായവയുടെ സഹായവും ഈ വിഷയത്തിൽ തേടാവുന്നതാണ്.

വ്യക്തിഗത  ദൗർബല്യങ്ങളും  വൈദഗ്ധ്യങ്ങളും:

വൈവിധ്യമാർന്ന പഠന ആവശ്യങ്ങൾ, കഴിവുകൾ, സാംസ്കാരിക പശ്ചാത്തലങ്ങൾ എന്നിവ ഉൾക്കൊണ്ട്  അധ്യാപന രീതിയിൽ ആവശ്യമായ മാറ്റങ്ങൾ കൊണ്ട് വരുക. ഭിന്നശേഷി ക്കാർ, പഠന വൈകല്യമുള്ള കുട്ടികൾ, മാനസിക വെല്ലുവിളി നേരിടുന്നവർ എന്നീ വിഭാഗക്കാർക്ക് പ്രത്യേക പരിഗണന  നൽകണം. വിവിധ മാനസിക ശാരീരിക വെല്ലുവിളികൾ നേരിടുന്നവരെ  പരിശീലനങ്ങളിലൂടെ മറ്റുള്ളവർക്കൊപ്പമെത്തിക്കാൻ ശ്രമിക്കണം

സമയ ക്രമീകരണങ്ങൾ:

പരിമിതമായ സമയത്തിനുള്ളിൽ പഠന അവസരങ്ങൾ പരമാവധിയാക്കാൻ നൈപുണ്യ വികസനം  ദിനചര്യകളിലും പാഠ്യപദ്ധതിയിലും ഉൾപ്പെടുത്തുക. പാഠ്യ പദ്ധതിയിൽ ഇത്തരം വിഷയങ്ങൾ ഉൾപ്പെടുത്തിയാൽ വിദ്യാഭ്യാസ രംഗത്തും കരിയർ രംഗത്തും വിപ്ലവകരമായ മാറ്റങ്ങൾക്കു അത് കാരണമാകും. സമയത്തിന്റെ ദൗർലഭ്യത കൃത്യമായ പ്ലാനിങ്ങിലൂടെ മറികടക്കാൻ  കഴിഞ്ഞാൽ മാത്രമേ നൈപുണ്യ വികസനം പോലുള്ള കൂടുതൽ വിഷയങ്ങൾ സിലബസ്സിൽ ഉൾക്കൊള്ളിക്കാൻ കഴിയുകയുള്ളു

മൂല്യ നിർണയവും വിലയിരുത്തലും

നൈപുണ്യ വികസനം വിലയിരുത്തുന്നതിന്റെ പ്രാധാന്യം:

നിരന്തരമായ അവലോകനം, പുരോഗതി വിലയിരുത്തുന്നതിനും തിരുത്തലിനുള്ള മേഖലകൾ തിരിച്ചറിയു ന്നതിനും ആവശ്യമായ നിർദ്ദേശങ്ങൾ രൂപപ്പെടു ത്തുന്നതിനും സഹായകരമാവുന്നു. ഇത്തരം നിരന്തരമായ അവലോകങ്ങളിലൂടെ മാത്രമേ ഉദ്ദേശിക്കുന്ന ഫലസിദ്ധിയിലെത്താൻ  കുട്ടികൾക്ക് സാധ്യമാവുകയുള്ളു 

കഴിവുകൾ വിലയിരുത്തുന്നതിനുള്ള രീതികൾ:

വിദ്യാർത്ഥികളുടെ വളർച്ചയുടെയും വൈദഗ്ധ്യത്തിന്റെയും തെളിവുകൾ ശേഖരിക്കുന്നതിന്ശാസ്ത്രീയ രീതികൾ , നിരന്തരമായി അപ്ഡേറ്റ് ചെയ്യപ്പെടുന്ന വ്യക്തിഗത വിവരങ്ങൾ , സ്വയം വിലയിരുത്തൽ  എന്നീ മാര്ഗങ്ങൾ ഉപയോഗിക്കുക. പ്രത്യേക സോഫ്റ്റ് വെയറുകളുടെയും  പരിശീലനങ്ങളുടെടെയും സഹായത്തോടെ ഇത്തരം വിലയിരുത്തലുകൾ നടത്താവുന്നതാണ്

നൈപുണ്യവികസനത്തിലൂടെ  വിദ്യാർത്ഥികൾക്ക് കരിയർ  രംഗത്തെ വിജയത്തിലേക്ക് കൂടുതൽ മുന്നേറാനും അവരുടെ കഴിവുകൾ   ഫലപ്രദമായി പ്രകടിപ്പിക്കാനും അവസരം ലഭിക്കുകയും  നിരന്തര പഠനത്തിനായി പ്രേരിപ്പിക്കപ്പെടുകയും ചെയ്യും. അത് വഴി അവർ സ്വപ്നം കാണുന്ന  ഉന്നത സ്ഥാനങ്ങളിൽ എത്തി ചേരാൻ അവർക്കു സാധ്യതയേറുമെന്നത് അവിതർക്കിതമാണ്.

Article By: Zubair Konikkal
CIGI Career Team



Comments (0)

Write a Comment

Thank you for showing an interest in CIGI. You can reach out to us through multiple ways

For career counseling and other Appointments - Book Now

Whatsapp or call us for any query