×
23 May 2023
0

പത്തിന് ശേഷം പല വഴികൾ

പത്താം ക്ലാസ് പരീക്ഷാ ഫലം വന്നു കഴിഞ്ഞു. നാലു ലക്ഷത്തിലധികം പേർ എഴുതിയ ഈ പരീക്ഷയിൽ 99.7  ശതമാനം കുട്ടികൾ വിജയിച്ചു.അഭിനന്ദിക്കുന്നതോടൊപ്പം മികച്ച കരിയറിലെത്താൻ ആശംസകളും നേരുന്നു .

പത്തിനു ശേഷം ..?
മിക്ക കുട്ടികളിലും രക്ഷിതാക്കളിലും ഏറെ ആശങ്ക ഉയർത്തുന്ന ചോദ്യമാണിത്. നിരവധി ഓപ്ഷനുകൾ ഉള്ളതുകൊണ്ട് തന്നെ ആശങ്ക സ്വാഭാവികം. കുട്ടിയുടെ വ്യക്തിത്വ സവിശേഷതകൾ,സർഗ്ഗ സിദ്ധികൾ, അഭിരുചികൾ, താൽപര്യങ്ങൾ, നൈപുണികൾ തുടങ്ങിയവ പരിഗണിച്ച് ഏറ്റവും യോജിച്ച കോഴ്സ് തിരഞ്ഞെടുക്കാൻ സാധിച്ചാൽ വിജയം സുനിശ്ചിതം. ഇങ്ങനെ വിവിധ ഘടകങ്ങൾ പരിഗണിച്ച് തിരഞ്ഞെടുക്കാവുന്ന പ്രധാനപ്പെട്ട കോഴ്സുകളെ പരിചയപ്പെടാം. വിശദവിവരങ്ങൾക്ക് ബന്ധപ്പെട്ട വെബ്സൈറ്റുകൾ പരിശോധിക്കേണ്ടതാണ്.

ഹയർ  സെക്കണ്ടറി (പ്ലസ്ടു):
പത്തിനു ശേഷം ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ തെരഞ്ഞെടുക്കുന്ന മേഖലയാണിത് . സയൻസ്,കൊമേഴ്സ് ,ഹ്യൂമാനിറ്റീസ് സ്ട്രീമുകളിലായി 46 കോമ്പിനേഷനുകളുണ്ട്. പ്ലസ്ടുവിനു ശേഷം ഏതു വഴിക്ക് പോകണമെന്ന് മുൻകൂട്ടി മനസ്സിലാക്കി വേണം യോജിച്ച കോമ്പിനേഷനുകൾ തിരഞ്ഞെടുക്കാൻ. സയൻസ് വിഷയങ്ങൾ തിരഞ്ഞെടുത്താൽ പഠനഭാരം അല്പം കൂടുമെങ്കിലും തുടർ പഠന സാധ്യതകൾ നിരവധിയാണ്.
എഞ്ചിനീയറിംഗ്, മെഡിസിൻ,ശാസ്ത്രം തുടങ്ങിയ മേഖലകളിൽ പ്രവേശിക്കുവാൻ സയൻസ് സ്ട്രീം തന്നെ തിരഞ്ഞെടുക്കണം. 
മാനവികവിഷയങ്ങൾ, ഭാഷ,സാഹിത്യം തുടങ്ങിയവയിൽ തൽപരരായവർക്ക് ഹുമാനിറ്റീസ് സ്ട്രീം പരിഗണിക്കാം.
വാണിജ്യം, അക്കൗണ്ടിംഗ്, സാമ്പത്തിക ശാസ്ത്രം എന്നിവയാണ് കൊമേഴ്സ് സ്ട്രീമിലെ  പ്രധാന പാഠ്യവിഷയങ്ങൾ.
ഏകജാലക സംവിധാനം വഴിയാണ് അലോട്ട്മെൻറ്. ഓരോ ജില്ലകളിലേക്കും  പ്രത്യേകം അപേക്ഷ സമർപ്പിക്കണം. വെബ്സൈറ്റ് : hscap.kerala.gov.in.

കൂടാതെ സി.ബി.എസ്.ഇ, കൗൺസിൽ ഫോർ ഇന്ത്യൻ സ്കൂൾ സർട്ടിഫിക്കറ്റ് എക്സാമിനേഷൻ (CIS CE), നാഷണൽ ഓപ്പൺ സ്കൂൾ (NIOS-  www.nios.ac.in) , കേരള ഓപ്പൺ സ്കൂൾ സ്കൂൾ (സ്കോൾ കേരള - scolekerala.org) എന്നിവ
വഴിയും പ്ലസ് ടു
പഠിക്കാനവസരമുണ്ട്.

വൊക്കേഷണൽ ഹയർ സെക്കണ്ടറി:
പ്ലസ് ടു പഠനത്തോടൊപ്പം  തിരഞ്ഞെടുക്കപ്പെട്ട ഏതെങ്കിലുമൊരു തൊഴിൽ മേഖലയിൽ പരിശീലനവും ലഭിക്കുന്ന കോഴ്സാണ് വൊക്കേഷണൽ ഹയർസെക്കണ്ടറി (VHSE).സ്വയം തൊഴിൽ കണ്ടെത്താനും ഈ കോഴ്സ് ഉപകരിക്കും. സയൻസ്, ഹുമാനിറ്റീസ്, കൊമേഴ്സ്' വിഷയങ്ങളിൽ  പഠിക്കാൻ അവസരമുണ്ട്.
ഹയർസെക്കണ്ടറിക്കാർക്ക് ലഭിക്കുന്ന എല്ലാ ഉപരിപഠന സാധ്യതകളും വൊക്കേഷണൽ  ഹയർസെക്കണ്ടറി വിദ്യാർഥികൾക്കും ലഭ്യമാണ്.കൂടാതെ നാഷണൽ സ്കിൽ ക്വാളിഫിക്കേഷൻ ഫ്രെയിം വർക്ക് (NSQF)
ൻ്റെ സ്കിൽ സർട്ടിഫിക്കറ്റും ലഭിക്കും .
വെബ്സൈറ്റ്: www.vhse.kerala.gov.in

ടെക്നിക്കൽ ഹയർസെക്കണ്ടറി:
ഐ.എച്ച്.ആർ.ഡി യുടെ കീഴിലുള്ള 15 ടെക്നിക്കൽ ഹയർ സെക്കൻണ്ടറി സ്കൂളുകളിൽ ഫിസിക്കൽ സയൻസ്, ഇൻ്റഗ്രേറ്റഡ്' സയൻസ് എന്നീ വിഭാഗങ്ങളിലായി പ്ലസ്ടുവിനോടൊപ്പം സാങ്കേതിക വിഷയങ്ങളും പഠിക്കാനവസരമുണ്ട്.ഇലക്ട്രോണിക്സ്,കമ്പ്യൂട്ടർ മേഖലകളിൽ  തൊഴിൽ നേടിയെടുക്കാൻ സഹായകരമായേക്കാം.
വെബ്സൈറ്റ് : www.ihrd.ac.in


അഫ്‌ളലുല്‍ ഉലമ കോഴ്‌സുകൾ:
കേരളത്തിലെ വിവിധ അറബിക് കോളേജുകളില്‍ രണ്ട് വര്‍ഷം ദൈര്‍ഘ്യമുള്ള അഫ്‌ളലുല്‍ ഉലമ പ്രിലിമിനറി കോഴ്‌സുകളുണ്ട്. ഈ കോഴ്‌സ് പ്ലസ്ടു ഹ്യുമാനിറ്റീസിന് തുല്യമായി അംഗീകരിച്ചിട്ടുണ്ട്.

കേരള കലാമണ്ഡലം ഹയര്‍സെക്കണ്ടറി കോഴ്‌സ്:ചെറുതുരുത്തിയിലെ കേരള കലാമണ്ഡലം കല്‍പിത സര്‍വകലാശാലയില്‍ ഏതെങ്കിലും ഒരു കലാ വിഷയം പ്രധാന വിഷയമായി ഹയര്‍സെക്കണ്ടറി പഠനം നടത്താം. പതിനാലോളം കലാ വിഷയങ്ങളുണ്ട്. പഠനത്തിന് സ്റ്റൈപ്പന്റും ലഭ്യമാണ്.                  
വെബ്സൈറ്റ്: www.kalamandalam.org

പോളിടെക്‌നിക് ഡിപ്ലോമ കോഴ്‌സുകള്‍:
ഏറെ ജോലി സാധ്യതയുള്ള തൊഴിലധിഷ്ഠിത കോഴ്‌സുകളാണ് പോളിടെക്‌നിക്കുകളിലുള്ള വിവിധ ഡിപ്ലോമ കോഴ്‌സുകള്‍. മൂന്ന് വര്‍ഷമാണ് കോഴ്‌സ് ദൈര്‍ഘ്യം. പത്താം ക്ലാസ് മാര്‍ക്കടിസ്ഥാനത്തിലാണ് പ്രവേശനം. സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ജനറല്‍ പോളിടെക്‌നിക്കുകള്‍ക്ക് പുറമെ ഐ.എച്ച്.ആർ.ഡിയുടെ കീഴിലുള്ള മോഡല്‍ പോളിടെക്‌നിക്കുകളുമുണ്ട്. എഞ്ചിനീയറിങ് മേഖലയിലെ വിവിധ കോഴ്‌സുകള്‍ക്ക് പുറമെ കൊമേഴ്‌സ്/ മാനേജ്‌മെന്റ് മേഖലയിലും ഡിപ്ലോമ കോഴ്‌സുകളുണ്ട്. ഡിപ്ലോമ പൂര്‍ത്തിയാക്കിയ കുട്ടികള്‍ക്ക് ലാറ്ററല്‍ എന്‍ട്രി പരീക്ഷ വഴി ബി.ടെക്കിനും (രണ്ടാം വര്‍ഷത്തില്‍) ചേരാവുന്നതാണ്.
വെബ്‌സൈറ്റ്: www.polyadmission.org, www.ihrd.ac.in

ഇന്‍ഡസ്ട്രിയല്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ട് (ITI)  കോഴ്‌സുകള്‍:
കേരളത്തില്‍ സര്‍ക്കാര്‍ മേഖലയിലും സ്വകാര്യ മേഖലയിലും വിവിധ ഏകവത്സര/ദ്വിവത്സര സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍ നല്‍കുന്ന നിരവധി ഐ.ടി.ഐ /ഐ.ടി.സി കളുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ കീഴിലുള്ള NCVT (National Council for Vocational Training)യുടെ അംഗീകാരമുള്ള കോഴ്‌സുകളും കേരള ഗവണ്‍മെന്റിന്റെ കീഴിലുള്ള SCVT (State Council of Vocational Training) യുടെ അംഗീകാരമുള്ള കോഴ്‌സുകളും ലഭ്യമാണ്. എഞ്ചിനീയറിങ് സ്ട്രീമിലുള്ള കോഴ്‌സുകളും നോണ്‍ എഞ്ചിനീയറിങ് സ്‌ട്രീമിലുള്ള കോഴ്‌സുകളുമുണ്ട്. ചില കോഴ്‌സുകള്‍ക്ക് (നോണ്‍ മെട്രിക് ട്രെയ്ഡ്) പത്താം ക്ലാസ് പരാജയപ്പെട്ടവര്‍ക്കും അപേക്ഷിക്കാവുന്നതാണ്.ഐ.ടി.ഐ പഠനം പൂർത്തിയാക്കിയവർക്ക് പോളിടെക്നിക്കുക ളിലെ മൂന്ന് വർഷ ഡിപ്ലോമ കോഴ്സിന് രണ്ടാം വർഷം നേരിട്ട് ചേരാൻ അവസരമുണ്ട് .
വെബ്‌സൈറ്റ്: www.dtekerala.gov.in

നെട്ടൂര്‍ ടെക്‌നിക്കല്‍ ട്രെയിനിങ് ഫൗണ്ടേഷന്‍ (NTTF)  കോഴ്‌സുകള്‍:
NTTF  ന്റെ വിവിധ സെന്ററുകള്‍ നടത്തുന്ന സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍ക്കും ഡിപ്ലോമ കോഴ്‌സുകള്‍ക്കും യോഗ്യത എസ്.എസ്.എല്‍.സി ആണ്. കേരളത്തില്‍ തലശ്ശേരി, മലപ്പുറം എന്നിവിടങ്ങളില്‍ കേന്ദ്രങ്ങളുണ്ട്.
വെബ്‌സൈറ്റ്: www.nttftrg.com

ഫുഡ് ക്രാഫ്റ്റ് കോഴ്‌സുകള്‍:
കേരളത്തില്‍ പതിമൂന്ന് ഫുഡ്ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ ഹോട്ടല്‍ മാനേജ്‌മെൻ്റുമായി ബന്ധപ്പെട്ട വിവിധ കോഴ്സുകളുണ്ട്. ഒമ്പത് മാസത്തെ പഠനവും മൂന്ന് മാസത്തെ ഹോട്ടല്‍ വ്യവസായ പരിശീലനവുമടക്കം പന്ത്രണ്ട് മാസമാണ് കോഴ്‌സ്.
വെബ്‌സൈറ്റ്: www.fcikerala.org
ഡൽഹി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെൻറ് ആൻഡ് കാറ്ററിംഗ് ടെക്നോളജിയും ഈ മേഖലയിൽ വിവിധ ഡിപ്ലോമ കോഴ്സുകൾ നൽകുന്നുണ്ട്.(www.dihm.net)

ഡിപ്ലോമ ഇന്‍ സെക്രട്ടേറിയല്‍ പ്രാക്ടീസ്:
ടൈപ്പ്‌റൈറ്റിംഗും സ്റ്റെനോഗ്രാഫിയും പഠനവിഷയമായുള്ള രണ്ട് വര്‍ഷ ഡിപ്ലോമ കോഴ്‌സാണ് ഡിപ്ലോമ ഇന്‍ സെക്രട്ടേറിയൽ പ്രാക്ടീസ്. കേരളത്തില്‍ പതിനേഴ് ഗവെണ്‍മെന്റ് കോമേഴ്‌സ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ അവസരമുണ്ട്.
വെബ്‌സൈറ്റ്: www.dtekerala.gov.in

ജൂനിയര്‍ ഡിപ്ലോമ ഇന്‍ കോര്‍പറേഷന്‍ (ജെ.ഡി.സി):
സഹകരണ മേഖലയിലും സംഘങ്ങളിലും ജോലി ലഭിക്കാന്‍ വേണ്ട യോഗ്യതയാണ് പത്ത് മാസം ദൈര്‍ഘ്യമുള്ള ജെ.ഡി.സി കോഴ്‌സ്. കേരളത്തിൽ 16 കേന്ദ്രങ്ങളിലുണ്ട്.
വെബ്‌സൈറ്റ്: scu.kerala.gov.in

പ്ലാസ്റ്റിക് ടെക്‌നോളജി കോഴ്‌സുകള്‍:
പ്ലാസ്റ്റിക് വ്യവസായ കേന്ദ്രങ്ങളില്‍ ജോലിക്ക് പ്രാപ്തമാക്കുന്ന സാങ്കേതിക വിദ്യ പഠിപ്പിക്കുന്ന പ്രശസ്ത സ്ഥാപനമായ CIPET (Central Institute of Petrochemical Engineering & Technology) നടത്തുന്ന ഡിപ്ലോമ ഇന്‍ പ്ലാസ്റ്റിക് ടെക്‌നോളജി, ഡിപ്ലോമ ഇന്‍ പ്ലാസ്റ്റിക് മോള്‍ഡ് ടെക്‌നോളജി എന്നീ കോഴ്‌സുകള്‍ക്ക് എസ്.എസ്.എല്‍.സി ആണ് യോഗ്യത. മൂന്ന് വര്‍ഷം ദൈര്‍ഘ്യമുള്ള ഈ കോഴ്‌സുകള്‍ക്ക് പ്രവേശന പരീക്ഷയുണ്ട് .
വെബ്‌സൈറ്റ്: www.cipet.gov.in

ഹാന്റ്‌ലൂം ടെക്‌നോളജി കോഴ്‌സുകള്‍:
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ്‌ലൂം ടെക്‌നോളജി (IIHT) യുടെ കീഴില്‍ കണ്ണൂരിലടക്കം രാജ്യത്തെ പത്തോളം സെന്ററുകളില്‍ ഹാന്റ് ലൂം ടെക്‌നോളജിയുമായി ബന്ധപ്പെട്ട വിവിധ കോഴ്‌സുകളുണ്ട്. IIHT കണ്ണൂരിലെ കോഴ്‌സുകളുടെ വിവരങ്ങള്‍ www.iihtkannur.ac.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.

സിഫ്‌നെറ്റിലെ ക്രാഫ്റ്റ് കോഴ്‌സുകള്‍:
മത്സ്യവ്യവസായവുമായി ബന്ധപ്പെട്ട പരിശീലനം നല്‍കുന്ന കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ CIFNET (Central Institute of Fisheries Nautical and Engineering Training)  ന്റെ കൊച്ചിയിലടക്കം വിവിധ സെന്ററുകളില്‍ രണ്ടുവര്‍ഷം ദൈര്‍ഘ്യമുള്ള വെസല്‍ നാവിഗേറ്റര്‍, മറൈന്‍ ഫിറ്റര്‍ എന്നീ കോഴ്‌സുകളുണ്ട്. പ്രവേശന പരീക്ഷയുണ്ട്.
വെബ്‌സൈറ്റ്: cifnet.gov.in

ലൈബ്രറി സയന്‍സ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്:
തിരുവനന്തപുരത്തുള്ള സ്റ്റേറ്റ് സെൻട്രല്‍ ലൈബ്രറി നടത്തുന്ന ആറു മാസം ദൈര്‍ഘ്യമുള്ള സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് (CLISC) കോഴ്‌സിന് പത്താം ക്ലാസ് വിജയിച്ചവര്‍ക്ക് അപേക്ഷിക്കാം.
വെബ്‌സൈറ്റ്: statelibrary.kerala.gov.in

ഇഗ്നോ സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍:
ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റി പത്താം ക്ലാസ് യോഗ്യതയുള്ളവര്‍ക്കായി ആറുമാസം ദൈര്‍ഘ്യമുള്ള വിവിധ സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍ നടത്തുന്നുണ്ട്. എനര്‍ജി ടെക്‌നോളജി ആൻ്റ് മാനേജ്‌മെന്റ്, ഹെല്‍ത്ത് കെയര്‍, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, ഫസ്റ്റ് എയ്ഡ്, പെര്‍ഫോര്‍മിങ് ആര്‍ട്‌സ് തുടങ്ങിയ  മേഖലകളില്‍ കോഴ്‌സുകളുണ്ട്.
വെബ്‌സൈറ്റ്: www.ignou.ac.in

ഫൂട്ട് വെയര്‍ ഡിസൈനിംഗ് കോഴ്‌സുകള്‍:
സെന്‍ട്രല്‍ ഫൂട്‌വെയര്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ട് (CFTI) ചെന്നൈ നടത്തുന്ന പാദരക്ഷ രൂപകല്‍പന, നിര്‍മാണം തുടങ്ങിയവയുമായി ബന്ധപ്പെട്ട വിവിധ സര്‍ട്ടിഫിക്കറ്റ് കോഴ്സുകളുണ്ട്.
വെബ്‌സൈറ്റ്:  cftichennai.in

ചെയിന്‍ സര്‍വെ കോഴ്‌സ്:
ഡയറക്ടറേറ്റ് ഓഫ് സര്‍വേ ആന്റ് ലാന്റ് റെക്കോര്‍ഡ്‌സിന്റെ കീഴില്‍ മൂന്ന് മാസം ദൈര്‍ഘ്യമുള്ള ചെയിന്‍ സര്‍വേ (ലോവര്‍) കോഴ്‌സ് വിവിധ സര്‍ക്കാര്‍/സ്വകാര്യ ചെയിൻ സർവ്വേ സ്‌കൂളുകളില്‍ ലഭ്യമാണ്.
വെബ്‌സൈറ്റ്: dslr.kerala.gov.in

ആയുര്‍വേദ പാരാമെഡിക്കല്‍ കോഴ്‌സുകള്‍:

വിവിധ സര്‍ക്കാര്‍/ സ്വകാര്യ ആയുര്‍വേദ കോളേജുകളില്‍ ഒരു വര്‍ഷ കാലയളവിലുള്ള ആയുര്‍വേദ തെറാപ്പിസ്റ്റ്, ആയുര്‍വേദ ഫാര്‍മസി, ആയുര്‍വേദ നഴ്‌സിങ് കോഴ്‌സുകളുണ്ട്.
വെബ്‌സൈറ്റ്: www.ayurveda.kerala.gov.in

ഹോമിയോപ്പതിക് ഫാര്‍മസി:
തിരുവനന്തപുരം, കോഴിക്കോട് ഹോമിയോ കോളേജുകളില്‍ ലഭ്യമായ ഒരു വര്‍ഷം കാലയളവിലുള്ള ഫാര്‍മസി കോഴ്‌സാണ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ഹോമിയോപ്പതിക് ഫാര്‍മസി (CCP-HOMEO) . അൻപത് ശതമാനം മാര്‍ക്കോടെയുള്ള പത്താം ക്ലാസ് വിജയമാണ് യോഗ്യത.
വെബ്‌സൈറ്റ്: lbscentre.in

വസ്ത്ര മേഖലയിലെ കോഴ്‌സുകള്‍:
അപ്പാരല്‍ ട്രെയിനിങ് ആന്റ് ഡിസൈന്‍ സെന്റര്‍ (ATDC) വസ്ത്രങ്ങള്‍, ഫാഷന്‍ തുടങ്ങിയ മേഖലകളില്‍ വിവിധ കോഴ്‌സുകള്‍ നടത്തുന്നുണ്ട്. തിരുവനന്തപുരം, കൊച്ചി, കണ്ണൂര്‍ എന്നിവയാണ് കേരളത്തിലെ പഠന കേന്ദ്രങ്ങള്‍.
വെബ്‌സൈറ്റ്: atdcindia.co.in
കേരള സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ഗവണ്‍മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിംഗിന്റെ വിവിധ സെന്ററുകളില്‍ ഫാഷന്‍ ഡിസൈന്‍ ആന്റ് ഗാര്‍മെന്റ് ടെക്‌നോളജി കോഴ്‌സുണ്ട്. രണ്ട് വര്‍ഷമാണ് കോഴ്‌സ് ദൈര്‍ഘ്യം.
വെബ്‌സൈറ്റ്: dtekerala.gov.in
www.sittrkerala.ac.in

ഡയറക്ടര്‍ ജനറല്‍ ഓഫ് ഷിപ്പിംഗിൻ്റെ  അംഗീകൃത സ്ഥാപനങ്ങളിലെ ആറു മാസം ദൈർഘ്യമുള്ള പ്രീ-സീ ട്രെയിനിങ് കോഴ്സ് (www.dgshipping.gov.in),

കണ്ടിന്യുയിങ് എജ്യുക്കേഷൻ സെല്ലുകളുടെ ഭാഗമായി വിവിധ പോളി ടെക്നിക്കുകളിലുള്ള കമ്പ്യൂട്ടർ ഹാർഡ്‌വെയർ, ഓട്ടോകാഡ്,ടാലി, മൊബൈൽ ഫോൺ സർവീസിങ്,ഫയർ ആൻഡ് സേഫ്റ്റി, ഷിപ്പിംഗ് ആൻഡ് ലോജിസ്റ്റിക്സ്, ഫൈബർ ഒപ്റ്റിക്സ് & ഡിജിറ്റൽ സെക്യൂരിറ്റി തുടങ്ങിയ വിഷയങ്ങളിലുള്ള  ഹൃസ്വകാല കോഴ്‌സുകൾ (cpt.ac.in),

ബി.എസ്.എൻ.എൽ നടത്തുന്ന സർട്ടിഫൈഡ് ഒപ്റ്റിക്കൽ ഫൈബർ ടെക്നീഷ്യൻ കോഴ്സ് (rttctvm.bsnl.co.in) തുടങ്ങിയവയും ജോലി സാദ്ധ്യതയുള്ളവയാണ് .

കേരള കാർഷിക സർവ്വകലാശാലയുടെ കീഴിൽ  കൃഷിയുമായി ബന്ധപ്പെട്ട  6 മാസം ദൈർഘ്യമുള്ള വിവിധ ഇ-കൃഷി പാഠശാല ഓൺലൈൻ കോഴ്സുകളും (celkau.in) ലഭ്യമാണ്.

കെ.ജി.സി.ഇ (കേരള ഗവെൺമെൻ്റ് സർട്ടിഫിക്കറ്റ് എക്സാമിനേഷൻ) , കെ.ജി.ടി.ഇ (കേരള ഗവെൺമെൻ്റ് ടെക്നിക്കൽ എക്സാമിനേഷൻ) എന്നിവ നടത്തുന്ന  ജോലി സാധ്യതയുള്ള വിവിധ കോഴ്സുകളുണ്ട് (www.dtekerala.gov.in).

നാഷണല്‍ സ്‌കില്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം (nstiwtrivandrum.dgt.gov.in), കേരള സ്‌റ്റേറ്റ് സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് പ്രിന്റിങ് ആന്റ് ട്രെയിനിങ് (www. captkerala.com) , എല്‍.ബി.എസ് (lbscentre.in), കെല്‍ട്രോണ്‍ (ksg.keltron.in) റൂട്രോണിക്‌സ് (keralastaterutronix.com), അസാപ് (asapkerala.gov.in), ഐ.എച്ച്.ആര്‍.ഡി (www.ihrd.ac.in), സിഡിറ്റ് (tet.cdit.org) , ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് കണ്‍സ്ട്രക്ഷന്‍, കൊല്ലം (www.iiic.ac.in) , ജന്‍ ശിക്ഷണ്‍ സന്‍സ്ഥാന്‍ (jss.gov.in), സ്റ്റെഡ് കൗൺസിൽ (stedcouncil.com) തുടങ്ങിയ സ്ഥാപനങ്ങളും പത്താം ക്ലാസ് പൂർത്തിയാക്കിയവര്‍ക്കായി വിവിധ  കോഴ്‌സുകള്‍ നടത്തുന്നുണ്ട്. സാംസ്‌കാരിക വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ആറന്‍മുളയിലെ വാസ്തു വിദ്യാ ഗുരുകുലത്തില്‍ ചുമര്‍ ചിത്ര രചനയില്‍ (മ്യൂറല്‍ പെയിന്റിങ്) ഒരു വര്‍ഷത്തെ കോഴ്‌സുണ്ട്.
(vasthuvidyagurukulam.com). കൂടാതെ പല സ്വകാര്യ സ്ഥാപനങ്ങളും  ജോലി സാധ്യതയുള്ള നിരവധി കോഴ്‌സുകള്‍ നൽകുന്നുണ്ട്. ഇത്തരം കോഴ്സുകൾ തിരഞ്ഞെടുക്കുമ്പോൾ സ്ഥാപനങ്ങളുടെ നിലവാരം , ജോലി സാധ്യത, അധ്യാപകരുടെ യോഗ്യത, ഭൗതിക സൗകര്യങ്ങൾ,ഫീസ് ,കോഴ്സ് പഠിച്ചിറങ്ങിയ വർക്ക് ലഭിച്ച അവസരങ്ങൾ തുടങ്ങിയ ഘടകങ്ങൾ പരിശോധിക്കാൻ മറക്കരുത് .

- പി.കെ.അൻവർ മുട്ടാഞ്ചേരി 
 



Comments (0)

Write a Comment

Thank you for showing an interest in CIGI. You can reach out to us through multiple ways

Whatsapp or call us for any query

Visit us at

https://goo.gl/maps/wzt6ep5ZxTkiei8k9 Golf Link Rd, Chevayur, Kozhikode, Kerala 673017