×
28 March 2023
0

KEAM 2023 : സംശയങ്ങൾക്ക് മറുപടി

കേരളത്തിലെ വിവിധ പ്രൊഫഷണൽ കോഴ്സുകളുടെ പ്രവേശനത്തിനുള്ള അപേക്ഷ (KEAM 2023) ഏപ്രിൽ 10 വൈകിട്ട് 5 മണി വരെ നൽകാവുന്നതാണ്.

അപേക്ഷയുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും 
പ്രധാനപ്പെട്ട സംശയങ്ങൾക്ക് മറുപടി പറയുകയാണിവിടെ.
വിശദവിവരങ്ങൾക്ക് പ്രോസ്പെക്ടസ് പരിശോധിക്കേണ്ടതാണ്.

ഇ.എസ്.ഐ.സി - ഐ.പി ക്വാട്ട വഴി കേരളത്തിൽ എം.ബി.ബി.എസ്  പ്രവേശനം സാധ്യമാണോ ?
അതെ. ഗവൺമെൻറ് മെഡിക്കൽ കോളേജ് പാരിപ്പള്ളി (കൊല്ലം) യിൽ  ഇ.എസ്.ഐ.സി - ഐ.പി ക്വാട്ടയിൽ 38 സീറ്റുകളുണ്ട്.ഈ സീറ്റിലേക്ക്  അലോട്ട്മെൻറ് നടത്തുന്നത് കേരള എൻട്രൻസ് കമ്മീഷണറല്ല.
നീറ്റ് യു.ജി 2023 യോഗ്യത നേടുകയും വാർഡ് ഓഫ് ഐ.പി സർട്ടിഫിക്കറ്റ് വാങ്ങുകയും ചെയ്ത വിദ്യാർത്ഥികൾ എം.സി.സി കൗൺസലിംഗിൽ പങ്കെടുത്ത് ഓപ്ഷൻ നൽകേണ്ടതാണ്.

എൻജിനീയറിംഗ് പ്രവേശനത്തിന് പ്ലസ് ടു മാർക്ക് പരിഗണിക്കുമോ .?
തീർച്ചയായും പരിഗണിക്കും. എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷയുടെ മാർക്കിന് 50 ശതമാനവും പ്ലസ് ടു രണ്ടാം വർഷ പരീക്ഷയിലെ ഫിസിക്സ്,കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങളിലെ സമീകരിച്ച (പ്രോസ്പെക്ടസ് വ്യവസ്ഥ പ്രകാരം) മാർക്കിന് 50 ശതമാനവും പരിഗണന നൽകിയാണ് എഞ്ചിനീയറിംഗ് റാങ്ക് ലിസ്റ്റ്  തയ്യാറാക്കുന്നത്. 

കഴിഞ്ഞവർഷം പ്ലസ് ടു പൂർത്തിയാക്കിയ വിദ്യാർത്ഥിയാണ്.എഞ്ചിനീയറിങ് റാങ്ക് ലിസ്റ്റിനായി പ്ലസ് ടു മാർക്ക് അപ്‌ലോഡ് ചെയ്യാൻ സാധിക്കുന്നില്ലല്ലോ ?
കീം അപേക്ഷയോടൊപ്പം പ്ലസ് ടു മാർക്ക് അപ് ലോഡ് ചെയ്യേണ്ടതില്ല.
എൻട്രൻസ് പരീക്ഷയുടെ സ്കോർ പ്രസിദ്ധപ്പെടുത്തിയ ശേഷം യോഗ്യത നേടിയവർ  ഓൺലൈനായി പ്ലസ് ടു മാർക്ക് അപ്‌ലോഡ് ചെയ്യാനായി എൻട്രൻസ് കമ്മീഷണർ  അറിയിപ്പ് പുറപ്പെടുവിക്കുന്നതാണ് .


ബി.ഫാമിന് ചേരാനാണ് ആഗ്രഹം. പ്ലസ്ടുവിന് ബയോളജിയില്ലാത്ത സയൻസ് കോമ്പിനേഷനായതുകൊണ്ട് പ്രയാസമാകുമോ ?
ബി.ഫാം പ്രവേശനത്തിന് ബയോളജി പഠിക്കണമെന്ന് നിർബന്ധമില്ല .മാത്തമാറ്റിക്സ് പഠിച്ചാലും മതി.
എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷയുടെ ഒന്നാം പേപ്പറാണ് (ഫിസിക്സ്,കെമിസ്ട്രി ) എഴുതേണ്ടത്. പരീക്ഷയിലെ മാർക്കടിസ്ഥാനത്തിൽ പ്രത്യേക റാങ്ക് ലിസ്റ്റ് തയ്യാറാക്കിയാണ് പ്രവേശന പരീക്ഷാ കമ്മീഷണർ അലോട്ട്മെൻറ് നടത്തുന്നത്. കീം അപേക്ഷ സമർപ്പിക്കുമ്പോൾ ഫാർമസി സ്ട്രീം തിരഞ്ഞെടുക്കാൻ മറക്കരുത്.

നീറ്റ് യു.ജി പരീക്ഷക്ക് അപേക്ഷിക്കാൻ വേണ്ടി തയ്യാറാക്കിയ നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റ് കൈവശമുണ്ട്. കീമിന് അപേക്ഷിക്കാൻ പ്രത്യേകം  നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റ് വാങ്ങേണ്ടതുണ്ടോ ?
വേണം .കേരളത്തിലെ വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി വില്ലേജ് ഓഫീസിൽ നിന്ന് ലഭിക്കുന്ന നോൺ ക്രിമിലിയർ സർട്ടിഫിക്കറ്റാണ് കീം അപേക്ഷയോടൊപ്പം  അപ്‌ലോഡ് ചെയ്യേണ്ടത്.
നീറ്റിന് അപ്‌ലോഡ് ചെയ്ത കേന്ദ്ര വിദ്യാഭ്യാസ ആവശ്യങ്ങൾക്കുള്ള നോൺ ക്രിമിലിയർ സർട്ടിഫിക്കറ്റ് സ്വീകാര്യമല്ല.

മെഡിക്കൽ കോഴ്സുകളോടാണ് താല്പര്യം. കീമിന് അപേക്ഷ നൽകുമ്പോൾ പരീക്ഷാകേന്ദ്രം തിരഞ്ഞെടുക്കാൻ സാധിക്കുന്നില്ലല്ലോ ?
മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്‌സുകളിലെ പ്രവേശനത്തിന് എൻട്രൻസ് കമ്മീഷണർ പരീക്ഷ നടത്തുന്നില്ല. പകരം നീറ്റ് യു.ജി.2023  പരീക്ഷയാണ് എഴുതേണ്ടത്. ഈ പരീക്ഷയുടെ റാങ്കടിസ്ഥാനത്തിലാണ് പ്രവേശന പരീക്ഷാ കമ്മീഷണർ അലോട്ട്മെൻറ് നടത്തുന്നത്.

ആർക്കിടെക്ചർ (ബി.ആർക്) പ്രവേശനത്തിന് എഞ്ചിനീയറിംഗ് പ്രവശന പരീക്ഷ എഴുതേണ്ടതുണ്ടോ? 
ഇല്ല.കീമിന് അപേക്ഷിച്ചാൽ മാത്രം മതി.ദേശീയതലത്തിൽ നടക്കുന്ന നാറ്റ (NATA 2023) പരീക്ഷയുടെ സ്കോറിനും പ്ലസ് ടുവിലെ മൊത്തം മാർക്കിനും തുല്യ പരിഗണന നൽകിയാണ് പ്രവേശന പരീക്ഷാ കമ്മീഷണർ റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നത്.

മെഡിക്കൽ പ്രവേശനം ലഭിച്ചില്ലെങ്കിൽ എൻജിനീയറിംഗിന് ചേരണമെന്നുണ്ട് .
രണ്ടിനും പ്രത്യേകം അപേക്ഷകൾ സമർപ്പിക്കണോ
?
വേണ്ട.കേരള എൻട്രൻസ് കമ്മീഷണർക്ക് ഒരു അപേക്ഷ മാത്രമേ സമർപ്പിക്കാൻ പാടുള്ളൂ. അപേക്ഷിക്കുമ്പോൾ എഞ്ചിനീയറിംഗ്,ഫാർമസി,ആർക്കിടെക്ചർ,മെഡിക്കൽ ആൻഡ് മെഡിക്കൽ അനുബന്ധ കോഴ്സുകൾ  എന്നിവ തിരഞ്ഞെടുക്കാൻ അവസരമുണ്ട്. 

കീം അപേക്ഷാ സമർപ്പണവേളയിൽ അപ്ലിക്കേഷൻ നമ്പർ എഴുതി വെക്കാൻ മറന്നു പോയി. നമ്പർ എങ്ങിനെ ലഭിക്കും ? 
www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ  ' Forgot Application Number ' എന്ന ലിങ്കിൽ പേര്,ജനന തീയതി,രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ എന്നിവ നൽകിയാൽ അപ്പിക്കേഷൻ നമ്പർ മൊബെലിൽ മെസേജായി ലഭിക്കും.

എഞ്ചിനീയറിംഗ് റാങ്ക് ലിസ്റ്റിൽ ഇടം പിടിക്കാൻ മിനിമം മാർക്ക് നിബന്ധനയുണ്ടോ?
ഉണ്ട്, രണ്ട് പേപ്പറിലും 10 മാർക്ക് വീതം ലഭിക്കണം. പട്ടികവിഭാഗങ്ങൾ ഓരോ പേപ്പറിലും ഒരു ചോദ്യത്തിനെങ്കിലും ഉത്തരം നൽകിയിരിക്കണം.

ഇത്തവണ ഓപ്ഷൻ രജിസ്ട്രേഷന് ഫീസടക്കണമെന്നു കേട്ടു.എത്ര രൂപയാണ് അടക്കേണ്ടത് ?
കീം അപേക്ഷയോടൊപ്പം അപേക്ഷാ ഫീസ് മാത്രം അടച്ചാൽ മതി. ഓപ്ഷൻ രജിസ്ട്രേഷനുള്ള ഫീസിനെകുറിച്ച് വിശദ വിവരങ്ങൾ അറിവായിട്ടില്ല.പ്രവേശനം ലഭിക്കുന്ന വിദ്യാർത്ഥികൾക്ക്  അടക്കുന്ന തുക കോഴ്സ്ഫീസിൽ വക വെക്കുന്നതാണ്. പ്രവേശനം  ലഭിക്കാത്തവർക്ക് തുക മടക്കി ലഭിക്കുന്നതുമാണ്.

കീം അപേക്ഷയിൽ പ്ലസ്ടുവിന് സംസ്കൃതം പഠിച്ചിട്ടുണ്ടോ എന്ന് പ്രത്യേകം ചോദിക്കുന്നു ണ്ടല്ലോ.പഠിച്ചവർക്ക് എന്തെങ്കിലും മുൻഗണനയുണ്ടോ.?
ഉണ്ട്. ബി.എ.എം.എസ് (ആയുർവേദ ) പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റ് തയ്യാറാക്കുമ്പോൾ സംസ്കൃതം രണ്ടാം ഭാഷയായി  പഠിച്ചവർക്ക് നീറ്റ് യു.ജി  മാർക്കിനോട്  8 മാർക്ക് അധികമായി ചേർക്കുന്നതാണ്. 

ഞാൻ ക്ലാസ് വൺ ഓഫീസറാണ്. നോൺ ക്രിമിലെയറിൻ്റെ  പരിധിയിൽ വരികയില്ല.എങ്കിലും മൈനോറിറ്റി സർട്ടിഫിക്കറ്റ് (മുസ്ലിം) അപ് ലോഡ് ചെയ്യുന്നത് കൊണ്ട് മകൻ്റെ മെഡിക്കൽ  പ്രവേശനത്തിൽ പ്രയോജനമുണ്ടോ ?
ഉണ്ട്. മൈനോറിറ്റി സർട്ടിഫിക്കറ്റ് നൽകിയാൽ മകന്  മുസ്ലിം മൈനോരിറ്റി   സ്വാശ്രയ മെഡിക്കൽ കോളേജുകളിലെ 35% സീറ്റുകളിൽ റിസർവേഷൻ ലഭിക്കുന്നതാണ്.

ബി.എസ് സി നഴ്സിംഗ് പൂർത്തിയാക്കിയ മകൾക്ക് എം.ബി.ബി.എസ് പ്രവേശനത്തിന് റിസർവേഷനുണ്ടോ?
നഴ്സിംഗ് കോഴ്സ്  പൂർത്തിയാക്കിയാൽ പോര.സംസ്ഥാന ഗവൺമെൻ്റ് സർവീസിലുള്ള നഴ്സുമാർക്കാണ്  ഒരു എം.ബി.ബി.എസ് സീറ്റ് റിസർവ് ചെയ്തിട്ടുള്ളത് .  എന്നാൽ ബി.എ.എം.എസ്, ബി.എച്ച്.എം.എസ് കോഴ്സുകൾ പൂർത്തിയാക്കിയവർക്ക് എം.ബി.ബി.എസിന് പ്രത്യേകം സീറ്റുകളുണ്ട് .

എൻ്റെ മാതാപിതാക്കൾ വ്യത്യസ്ത സമുദായക്കാരാണ്.അച്ഛൻ നായർ സമുദായവും അമ്മ ഈഴവയും.എനിക്ക് പിന്നാക്ക സംവരണത്തിന് അർഹതയുണ്ടോ ?
തീർച്ചയായും അർഹതയുണ്ട്.മാതാപിതാക്കളിൽ ഒരാൾ പിന്നാക്ക ജാതിയിൽ പെടുകയാണെങ്കിൽ സംവരണത്തിന് അർഹതയുണ്ട്.വില്ലേജ് ഓഫീസിൽ നിന്ന് ലഭിക്കുന്ന നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റ് അപ് ലോഡ് ചെയ്യാൻ മറക്കരുത് .

എൻറെ വീട് 1000 സ്ക്വയർ ഫീറ്റിൽ കൂടുതലായതുകൊണ്ട് തഹസിൽദാരിൽ നിന്ന് ഇ.ഡബ്ല്യു.എസ് സർട്ടിഫിക്കറ്റ് ലഭിച്ചിരുന്നില്ല. പഞ്ചായത്ത് പരിധിയിൽ  താമസിക്കുന്ന എനിക്ക് കീം വഴിയുള്ള പ്രവേശനത്തിന് വില്ലേജ് ഓഫീസിൽ നിന്ന്  ഇ.ഡബ്ല്യു.എസ് സർട്ടിഫിക്കറ്റ് ലഭിക്കാൻ സാധ്യതയുണ്ടോ?
സാധ്യതയുണ്ട്. കീമിന് അപേക്ഷിക്കുമ്പോൾ കേരളത്തിലെ പഠനാവശ്യങ്ങൾക്കുള്ള  ഇ.ഡബ്ല്യു.എസ് സർട്ടിഫിക്കറ്റാണ് വേണ്ടത്.അതിൻ്റെ നിബന്ധനകൾ കുറച്ചുകൂടെ ലളിതമാണ്.
ജനറൽ വിഭാഗത്തിൽ പെട്ട, നാല് ലക്ഷത്തിൽ താഴെ വാർഷിക വരുമാനമുള്ള, ആകെ  രണ്ടരയേക്കറിൽ താഴെ മാത്രം ഭൂമി കൈവശമുള്ള, പഞ്ചായത്ത് പരിധിയിൽ താമസിക്കുന്ന
അപേക്ഷകർക്ക് സർട്ടിഫിക്കറ്റ് ലഭിക്കുന്നതാണ്.

-അൻവർ മുട്ടാഞ്ചേരി.
 



Comments (0)

Write a Comment

Thank you for showing an interest in CIGI. You can reach out to us through multiple ways

Whatsapp or call us for any query

Visit us at

https://goo.gl/maps/wzt6ep5ZxTkiei8k9 Golf Link Rd, Chevayur, Kozhikode, Kerala 673017