×
31 March 2023
0

അഭിരുചിയറിഞ്ഞു മക്കൾ മുന്നേറട്ടെ.

എസ്എസ്എൽസി  പ്ലസ്‌ടു പരീക്ഷകൾ കഴിഞ്ഞതോടെ  മക്കളുടെ അടുത്ത പഠനത്തിന് ഏതു വഴി തെരഞ്ഞെടുക്കണമെന്ന കൺഫ്യൂഷനിലാണ് വീടുകളിൽ രക്ഷിതാക്കളും കുട്ടികളും 
 ഡോക്ടർ, എൻജിനിയർ, നഴ്സ്, അധ്യാപകൻ .... അങ്ങനെ പരമ്പരാഗത കോഴ്സുകൾ ഒരു വശത്ത്. 
ഫാഷൻ ടെക്നോളജി,​ ന്യൂ മീഡിയ ജേർണലിസം,​ ഡാറ്റ അനലിസ്റ്റ്, ഒക്ക്യൂപ്പേഷൻ തെറാപ്പി ... തുടങ്ങി ന്യൂജൻ കോഴ്സുകൾ മറുഭാഗത്ത്. 

അച്ഛനമ്മമാരുടെ ആഗ്രഹമോ മക്കളുടെ അഭിരുചിയോ; ഏതിനാണ് പ്രധാനം?

സൂക്ഷ്മതയോടെയും ആസൂത്രണത്തോടെയും വേണം പത്തും  പ്ളസ്ടുവും  കഴിഞ്ഞുള്ള പഠനത്തിന് കോഴ്സുകൾ തെരഞ്ഞെടുക്കാൻ.
ഏതു മേഖലയിലാണ് തന്‍റെ അഭിരുചിയും താത്‌പര്യവുമെന്ന് വിദ്യാർത്ഥികൾ  ആദ്യം മനസിലാക്കണം. പ്ലസ്ടു കഴിഞ്ഞുള്ള കോഴ്സിനെക്കുറിച്ചു മാത്രം ചിന്തിച്ച്,​ അതുകഴിഞ്ഞാവാം അടുത്തതെന്ന അർത്ഥശൂന്യമായ ആലോചനയല്ല വേണ്ടത്.
ആദ്യം മുതൽക്കു തന്നെ  കൃത്യമായ ലക്ഷ്യം ഉണ്ടാവണം . ആ ലക്ഷ്യത്തിലെത്താനുള്ള മാർഗമാവണം തിരഞ്ഞെടുക്കുന്ന ഉപരിപഠനം.

ഉപരിപഠനത്തിൽ മക്കളുടെ അഭിരുചിക്കു വേണം അച്ഛനമ്മമാർ മുൻഗണന നല്കാൻ. എം.ബി.ബി.എസ്, എൻജിനിയറിംഗ്, സിവിൽ സർവീസ്,​ അധ്യാപനം  തുടങ്ങിയ ആഗ്രഹങ്ങൾ അവരുടെ അഭിരുചികളുടെ ബഹിർസ്ഫുരണങ്ങളാകാം. ഒരു പ്രത്യേക വിഷയത്തിലുളള താത്‌പര്യം, അറിവ്,​ അല്ലെങ്കിൽ കഴിവ് ആർജ്ജിക്കാനുളള ഒരാളുടെ പ്രത്യേക സ്വഭാവവിശേഷമാണ് അഭിരുചി എന്ന് പറയുന്നത് . ഇത് ഓരോരുത്തരിലും വ്യത്യസ്തമാണ്.

സിവിൽ സർവീസാണ് ലക്ഷ്യമെങ്കിൽ പൊതുവിജ്ഞാനത്തിലും ഇംഗ്ലീഷ് ഭാഷയിലും പ്രാവീണ്യം വേണം. ബിരുദാനന്തര ബിരുദമോ പ്രൊഫഷണൽ ബിരുദമോ നേടിയ ശേഷം മാത്രം പൊതുവിജ്ഞാനം നേടുന്നതിന് പരിമിതികളുണ്ട്.
പല മേഖലകളെപ്പ​റ്റിയും നമ്മുടെ ധാരണ അപര്യാപ്തമോ വികലമോ ആയിരിക്കാം. അതാത് മേഖലയിൽ പ്രവർത്തിക്കുന്നവരുമായി  ഇടപെട്ട് വിവരങ്ങൾ ശേഖരിക്കണം. ജേർണലിസത്തിൻറെയും  ഫാഷൻ ഡിസൈനിംഗിന്റെയും എയർ ഹോസ്​റ്റസിന്റെയുമൊക്കെ 'ഗ്ലാമർ' കണ്ടു മോഹിച്ച് പോകുന്നവർ ജോലിയുടെ ഉത്തരവാദിത്തം മനസിലാക്കിക്കഴിയുമ്പോൾ പിന്തിരിയുന്ന പതിവ് ചുറ്റുവട്ടങ്ങളിൽ കാണുന്നുണ്ട് .

🔳നമ്മുടെ  കുട്ടികൾ  തിളങ്ങുന്ന രത്നങ്ങളാണ് 

വിദേശ രാജ്യങ്ങളിൽ  ഏഴാം ക്ലാസാവുമ്പോഴേ കുട്ടികളുടെ അഭിരുചികൾ  മനസിലാക്കി,​ അനുയോജ്യമായ ഉപരിപഠന മേഖലയിലേക്ക് തിരിച്ചുവിടുന്നു . ആ തിരഞ്ഞെടുപ്പുകൾ സ്വതന്ത്രവും ദീർഘവീക്ഷണങ്ങൾ ഉള്ളതും ആണ്. ഡെഡ് ലേർണിംഗ്‌ ലിവിങ് ലേർണിംഗ്‌ രീതികളെ അറിയാതെ ആണ് നമ്മുടെ മക്കൾ പഠിച്ചു വരുന്നത് 
നിത്യജീവിതത്തിൽ പിന്നീടൊരിക്കലും പ്രയോജനം ലഭിക്കാത്ത അനേകം വിഷയങ്ങളും പാഠഭാഗങ്ങളും മാർക്ക് കിട്ടാനായി നമ്മൾ പഠിക്കാറുണ്ട്. ഇതാണ് 'ഡെഡ് ലേണിംഗ്.' 
പഠിക്കുന്നത് നിത്യജീവിതത്തിൽ ഉപയോഗിക്കാനാവുന്ന സമ്പ്രദായമാണ്  'ലിവിംഗ് ലേണിംഗ്' . അഭിരുചിക്കനുസരിച്ച് തൊഴിൽ ലഭിച്ചില്ലെങ്കിൽ കുട്ടികളിൽ  നിരാശയായിരിക്കും വളർന്നു വരിക. അവർ  മാനസികമായും ശാരീരികമായും തളർന്നുപോകും. കുട്ടികളിലെ ജന്മസിദ്ധ വാസനകളെ  കണ്ടെത്താനും അതനുസരിച്ച് അവരുടെ വിദ്യാഭ്യാസഗതി തിരിച്ചുവിടാനും മാതാപിതാക്കൾക്കു സാധിക്കണം. നമുക്ക് നൽകപ്പെട്ട ഓരോ കുട്ടിയും ഓരോ രത്നമാണെന്ന് രക്ഷിതാക്കൾ  തിരിച്ചറിയണം.

🌈പരിഗണിക്കപ്പെടാൻ പലതുണ്ട്

മക്കളെ ഡോക്ടറും എൻജിനീയറുമാക്കാനാണ് ഭൂരിഭാഗം മാതാപിതാക്കൾക്കും ആഗ്രഹം. അവർ കുട്ടികളുടെ ബുദ്ധിവൈഭവമോ വാസനയോ കഴിവുകളോ പരിഗണിക്കാറില്ല. 
മക്കൾ ഏ​റ്റവും നല്ല നിലയിലെത്തണമെന്നാണ് അവരുടെ ആഗ്രഹം. 
തങ്ങൾക്കു  സാക്ഷാത്ക്കരിക്കാനാകാതെ പോയ മോഹങ്ങൾ രക്ഷിതാക്കളുടെ മനസിലുണ്ടായിരിക്കാം. തങ്ങൾക്കു നേടാൻ കഴിയാത്തതു കുട്ടികൾ വഴിയെങ്കിലും നേടാമെന്നു കരുതി അവരെ നിർബന്ധിക്കും. അതിനു പകരം,​ മക്കളുടെ  ജന്മവാസനയ്ക്കും താത്‌പര്യങ്ങൾക്കും മുൻതൂക്കം നൽകുക. 
തെരഞ്ഞെടുക്കുന്ന കോഴ്‌സ് തൻ്റെ  കുട്ടിക്ക് താങ്ങാനാവുന്നതാണോ  എന്നത് കണക്കിലെടുക്കണം. ബുദ്ധിശക്തിയിൽ എല്ലാവരും സമന്മാരല്ല. കണക്കിൽ വാസനയില്ലാത്ത കുട്ടിയെ നിർബപൂർവം എൻജിനിയറിംഗ് പഠിപ്പിച്ചാൽ ഫലമുണ്ടാവില്ല. മറിച്ച്, ഇഷ്ടമുള്ള വിഷയം തെരഞ്ഞെടുത്താൽ ഉന്നത നിലയിലെത്തും. മ​റ്റെല്ലാ ഘടകങ്ങളും ഒത്തുവന്നാലും ഉപരിപഠനത്തിന് വേണ്ടിവരുന്ന ചെലവും പരിഗണിക്കണം.

🖇ആഭിമുഖ്യം മുതൽ അഭിരുചി വരെ

മൂന്നു ഘട്ടങ്ങളായാണ് കുട്ടികളിൽ തൊഴിലിനോടുള്ള ആഭിമുഖ്യമുണ്ടാകുന്നത്. 

തങ്ങളാഗ്രഹിക്കുന്ന എന്തും ചെയ്യാൻ കഴിയുമെന്ന് കരുതുന്ന ആദ്യ ഘട്ടം 11 വയസു വരെയാണ്. 
കുട്ടികളുടെ ആഗ്രഹങ്ങളും ഇഷ്ടങ്ങളും ആരാധനയുമാണ് തൊഴിൽ മുൻഗണനകളായി മനസിൽ രൂപപ്പെടുക. 
കുട്ടികളെ നിരീക്ഷിച്ച്, അവർ സ്വമനസോടെയും താത്പര്യത്തോടെയും ചെയ്യുന്ന കാര്യങ്ങൾ മനസിലാക്കുകയാണ് മാതാപിതാക്കൾ ഈ ഘട്ടത്തിൽ ചെയ്യേണ്ടത്.

11 മുതൽ 17വയസ് വരെ ഉള്ളതാണ്  രണ്ടാംഘട്ടം. 

കുട്ടിയുടെ താത്‌പര്യം, കഴിവ്, മൂല്യബോധം എന്നിവയാണ് തൊഴിലിനോടുളള ആഭിമുഖ്യത്തിന്റെ അളവുകോൽ. 

17 വയസു മുതലുള്ള മൂന്നാം ഘട്ടത്തിൽ തൊഴിലിനു വേണ്ടിയുളള തയ്യാറെടുപ്പാണ്. 
വ്യക്തിപരമായ കഴിവുകളും കഴിവുകൾക്ക് അനുസൃതമായ വിദ്യാഭ്യാസ യോഗ്യതയും  നേടാനുള്ള ശ്രമവുമാണ് പ്രധാനം. 
രണ്ടും മൂന്നും ഘട്ടങ്ങളിൽ തൊഴിലിനെക്കുറിച്ചും മക്കളുടെ താത്‌പര്യങ്ങളെക്കുറിച്ചും മാതാപിതാക്കൾ അവരുമായി ചർച്ചചെയ്യണം. വിവിധ തൊഴിൽ മേഖലകളെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ച് മക്കൾക്കു നൽകണം. സാമൂഹ്യമായ മുൻവിധികൾ ആധാരമാക്കിയുളള തീരുമാനങ്ങൾ ഒഴിവാക്കുക. 
കോഴ്സുകളുടെ ഭാവി സാദ്ധ്യതകൾ, അനുബന്ധ തൊഴിൽ മേഖലകളിൽ ഉണ്ടാകാനിടയുള്ള വളർച്ച എന്നിവയെല്ലാം കണക്കിലെടുത്തു വേണം അച്ഛനമ്മമാർ തീരുമാനമെടുക്കാൻ.

🪜തീരുമാനങ്ങൾ എടുക്കാൻ സിജി നിങ്ങൾക്കൊപ്പമുണ്ട്

കോഴിക്കോട് ചേവായൂരിൽ കേന്ദ്ര ആസ്ഥാനമുള്ള സെന്റർ ഫോർ ഇൻഫർമേഷൻ & ഗൈഡൻസ് ഇന്ത്യ (സിജി) എന്ന 26 വർഷത്തെ സേവന പാരമ്പര്യമുള്ള സ്ഥാപനത്തിന് നിങ്ങളുടെ മക്കളുടെ അഭിരുചി അറിഞ്ഞു മാർഗ്ഗ നിർദേശങ്ങൾ നൽകാനാവും. ഓരോ വർഷവും പതിനായിരങ്ങളാണ് സിജിയുടെ സേവനം തേടുന്നത്. അഭിരുചി നിർണ്ണയിക്കാൻ CDAT അപ്റ്റിട്യൂഡ് ടെസ്റ്റും തുടർന്നു പരിചയ സമ്പന്നരായ കരിയർ കൗൺസലർമാരുടെ കൗൺസലിങും ആണ് നൽകുന്നത്. ഒപ്പം കോഴ്‌സുകൾ, സ്ഥാപനങ്ങൾ എന്നിവയെ കുറിച്ചുള്ള സമഗ്രമായ അറിവുകളും സിജി പകർന്നു കൊടുക്കുന്നു. ലോകം വികസിച്ചു കൊണ്ടിരിക്കുന്നതിനോടൊപ്പം സിജിയും ലോകത്ത്തിന്റെ വിവിധ ഭാഗങ്ങളിൽ എത്തിയിട്ടുണ്ട്. നൂറു കണക്കിന് കരിയർ കൗണ്സലർമാരാണ് നാട്ടിലും മറുനാട്ടിലും വിദേശങ്ങളിലുമായി കരിയർ സംബന്ധമായ അറിവുകൾ തികച്ചും സൗജന്യമായി പകർന്നു കൊണ്ടിരിക്കുന്നത്. അഭിരുചി പരീക്ഷ നടത്തുന്നതിന് മാത്രമായി ഒരു നോമിനൽ ഫീസ് വാങ്ങുന്നുണ്ട്. CDAT അഭിരുചി പരീക്ഷയെ പറ്റിയും അതിന്റെ നടപടിക്രമങ്ങളെയും പറ്റി അറിയുന്നതിന് www.cigicareer.com എന്ന വെബ്‌സൈറ്റ് സന്ദർശിക്കാവുന്നതാണ്. ലോകത്തിന്റെ ഏതു കോണിൽ വെച്ചും തികച്ചും സൗകര്യപ്രദമായ സമയത്തു നിങ്ങൾക്ക് ടെസ്റ്റും കൗൺസലിങ്ങും പൂർത്തിയാക്കാവുന്നതാണ്. നേരിട്ട് കൗൺസലിംഗ് വേണമെന്നുള്ളവർക്ക് സിജി ആസ്ഥാനത്തു സംവിധാനങ്ങൾ ഒരുക്കിയിട്ടുമുണ്ട്.

സ്വയം തിരിച്ചറിയുവാനും , ചിന്തിക്കുവാനും , തീരുമാനിക്കാനും, ആ  തീരുമാനം നടപ്പിലാക്കുവാനുമുള്ള വഴികൾ കാണിക്കുകയാണ് സിജി സിജി ചെയ്യുന്നത്. നടപ്പിലാക്കേണ്ടത് നിങ്ങളാണ്. നിങ്ങളിലാണ് രാജ്യത്തിന്റെ പ്രതീക്ഷകളും.

മുജീബുല്ല കെ എം 
സിജി കരിയർ ഗൈഡ് 
00971509220561



Comments (0)

Write a Comment

Thank you for showing an interest in CIGI. You can reach out to us through multiple ways

Whatsapp or call us for any query

Visit us at

https://goo.gl/maps/wzt6ep5ZxTkiei8k9 Golf Link Rd, Chevayur, Kozhikode, Kerala 673017