
കമ്യൂണിറ്റി സർട്ടിഫിക്കറ്റ് ലഭിക്കാൻ
ചോദ്യം: ഞാൻ കേരളത്തിൽ താമസിക്കുന്നവനാണ്. എന്‍റെ മാതാപിതാക്കളുടെ എസ്എസ്എൽസി സർട്ടിഫിക്കറ്റുകൾ നഷ്ടപ്പെട്ടു, ഞാൻ മുസ്ലീം സമുദായത്തിൽ പെട്ടവനാണ്. ജോലിക്ക് അപേക്ഷിക്കുന്നതിന് കമ്മ്യൂണിറ്റി അല്ലെങ്കിൽ ജാതി സർട്ടിഫിക്കറ്റ് നൽകേണ്ടത് നിർബന്ധമായതിനാൽ എനിക്ക് കമ്മ്യൂണിറ്റി അല്ലെങ്കിൽ ജാതി സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് എന്തെങ്കിലും ബദൽ മാർഗ്ഗമുണ്ടോ?
ഉത്തരം:
EDistrict പോർട്ടൽ വഴിയും വില്ലേജ് ഓഫീസ് മുഖേനയും താങ്കൾക്ക് അല്ലെങ്കിൽ താങ്കളുടെ രക്ഷിതാക്കൾക്ക് അപേക്ഷ സമർപ്പിക്കാം
അറിയേണ്ട ചില സംഗതികൾ
1. അപേക്ഷകൻറെ എസ്എസ്എൽസി സർട്ടിഫിക്കറ്റിൽ കേരള സിലബസ്സിൽ ജാതി രേഖപ്പെടുത്തിയിട്ടുണ്ടാകും. അത് കൊണ്ട് മാതാപിതാക്കളുടെ എസ്എസ്എൽസി സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടു പോയിട്ടുണ്ട് എങ്കിൽ അപേക്ഷകൻറെ എസ്എസ്എൽസി സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യുക.
2. അപേക്ഷകന് എസ്എസ്എൽസി സർട്ടിഫിക്കറ്റ് ഇല്ല എങ്കിൽ തന്നെ സ്വന്തമായിട്ട് ഒരു അഫിഡവിറ്റ് തയ്യാറാക്കി (ഞാൻ ഇസ്ലാം / മുസ്ലിം വിഭാഗത്തിൽ പരമ്പരാഗതമായി ജനിച്ചു ജീവിച്ചു വളർന്ന് വരികയാണ് എന്നുള്ള ഒരു അഫിഡവിറ്റ്) വില്ലേജ് ഓഫീസർ മുൻപാകെ നൽകണം.
കഴിയുമെങ്കിൽ രണ്ടു അയൽ സാക്ഷികളെ കൂടി കൊണ്ടു വന്നിട്ട് അവരുടെ ഓരോരുത്തരുടെയും സാക്ഷിമൊഴി വെള്ളപേപ്പറിൽ രേഖപ്പെടുത്തണം.
വില്ലേജ് ഓഫീസർ മുമ്പാകെ ഇന്ന വില്ലേജിൽ ഇന്ന വാർഡിൽ ഇന്ന വീട്ടിൽ താമസിക്കുന്ന ഇന്നയാൾ ബോധിപ്പിക്കുന്ന സാക്ഷി മൊഴി എന്ന് എഴുതി താഴെ ഇപ്രകാരം എഴുതണം
ഇന്ന വില്ലേജിൽ ഇന്ന വാർഡിൽ ഇന്ന വീട്ടിൽ താമസിക്കുന്ന ഈ പറയുന്ന ആൾ എനിക്ക് നേരിട്ട് അറിയാവുന്ന ആളും അദ്ദേഹവുമായി നല്ല ബന്ധം പുലർത്തുന്ന ആളുമാണ് . ഇദ്ദേഹം ജനനം മുതൽ ഇസ്ലാം മുസ്ലിം മത വിഭാഗത്തിൽ ജനിച്ചു ജീവിചു വളർന്നുവരുന്ന കുടുംബമാണ്. ഇദ്ദേഹം ഇസ്ലാമിലെ ആചാരാനുഷ്ഠാനങ്ങൾ അനുസരിച്ച് ജീവിച്ച വളർന്നുവരുന്ന ആളാണ് എന്ന് ഞാൻ ബോധിപ്പിച്ചുകൊള്ളുന്നു.
ഇങ്ങനെ ഒരു അയല് സാക്ഷിയുടെ ഒരു സ്റ്റേറ്റ്മെന്റ് രേഖപ്പെടുത്തിയിട്ട് വില്ലജ് ഓഫീസർ മുമ്പാകെ ഒപ്പിട്ടു കൊടുക്കണം.
അത് പോലെ തന്നെ ഏതെങ്കിലും ഒരു മുസ്ലിം സംഘടനകളുടെയോ മഹല്ലുകളുടെയോ ഒരു കത്ത് അവരുടെ ലെറ്റർപാഡിൽ ഇന്ന വില്ലേജിൽ ഇന്ന വാർഡിൽ ഇന്ന വീട്ടിൽ താമസിക്കുന്ന ഈ പറയുന്ന ആൾ ഇസ്ലാം / മുസ്ലിം മത വിഭാഗക്കാരൻ ആണ് എന്ന് രേഖപ്പെടുത്തി ഹാജരാക്കണം .
ഹാജരാക്കിയ രേഖകളുടെ വെളിച്ചത്തിൽ, സൂക്ഷ്മ പരിശോധന നടത്തി താങ്കൾക്ക് സർട്ടിഫിക്കറ്റ് അനുവദിക്കപ്പെടുന്നതാണ്.