എല്ലാ മാറ്റങ്ങളും നമ്മളിൽ നിന്ന് തന്നെയുണ്ടാവട്ടെ
ഒരു മഴ പെയ്യുന്ന സായാഹ്നത്തിൽ, റോഡിലെ കുഴിയിൽ കെട്ടിക്കിടക്കുന്ന ചെളിവെള്ളം ഒരു വാഹനം ചീറിപ്പായുമ്പോൾ നമ്മുടെ ദേഹത്തേക്ക് തെറിച്ചാൽ, ആ നിമിഷം നമ്മൾ എന്തായിരിക്കും ചിന്തിക്കുക?
ആ വണ്ടിയോടിച്ചയാളുടെ അശ്രദ്ധയെ നമ്മൾ ശപിക്കും, റോഡിലെ കുഴിയടക്കാത്ത അധികാരികളെ കുറ്റപ്പെടുത്തും. എന്നാൽ, നമ്മൾ തന്നെ ഡ്രൈവിംഗ് സീറ്റിലിരിക്കുമ്പോൾ, വഴിയരികിൽ നിൽക്കുന്ന ഒരു കാൽനടയാത്രക്കാരന്റെ ദേഹത്ത് വെള്ളം തെറിപ്പിക്കാതിരിക്കാൻ നമ്മൾ എത്രത്തോളം ജാഗ്രത കാണിക്കാറുണ്ട്?
വളരെ ലളിതമെന്ന് തോന്നാവുന്ന ഈയൊരു ചോദ്യത്തിലുണ്ട്,
മനുഷ്യരായ നമ്മൾ അനുദിനം ജീവിച്ചു തീർക്കുന്ന ഏറ്റവും വലിയ വിരോധാഭാസം.
ലോകം മുഴുവൻ മാറണം, ചുറ്റുമുള്ളവർ തിരുത്തപ്പെടണം എന്ന് നിരന്തരം ആഗ്രഹിക്കുന്ന നമ്മൾ, ആ മാറ്റത്തിന്റെ തുടക്കം സ്വന്തം ഉള്ളിൽ നിന്നാകണം എന്ന് പലപ്പോഴും സൗകര്യപൂർവ്വം മറന്നുകളയുന്നു.
നമ്മുടെ കണ്ണുകൾക്ക് പ്രകൃതി നൽകിയിരിക്കുന്ന ഒരു പ്രത്യേകതയുണ്ട്; അവയ്ക്ക് എപ്പോഴും പുറത്തേക്ക് മാത്രമേ നോക്കാനാകൂ.
സ്വന്തം മുഖത്തെ ഒരു ചെറിയ പാടുപോലും കാണണമെങ്കിൽ നമുക്കൊരു കണ്ണാടിയുടെ സഹായം കൂടിയേ തീരൂ. ഈ ശാരീരികമായ പരിമിതി നമ്മുടെ മനസ്സിനും ചിന്തകൾക്കും കൂടിയുണ്ട് എന്നതാണ് യാഥാർത്ഥ്യം.
അതുകൊണ്ടുതന്നെ, അന്യരുടെ തെറ്റുകളും പോരായ്മകളും കണ്ടെത്താൻ നമുക്ക് പ്രത്യേകിച്ചൊരു പ്രയത്നവും ആവശ്യമില്ല.
ജോലിസ്ഥലത്തെ സഹപ്രവർത്തകന്റെ വീഴ്ചകൾ, സുഹൃത്തുക്കളുടെ സ്വാർത്ഥത, അയൽക്കാരന്റെ അസൂയ, സമൂഹത്തിന്റെ കെടുകാര്യസ്ഥത... അങ്ങനെ നീളുന്നു നമ്മുടെ പരാതികളുടെ ഭാണ്ഡം. മറ്റുള്ളവരെ അളക്കാൻ നമ്മുടെയൊക്കെ കയ്യിൽ എപ്പോഴും ഒരു 'മാഗ്നിഫയിംഗ് ഗ്ലാസ്' കരുതിവെച്ചിട്ടുണ്ട് നാം.
അവരുടെ എത്ര ചെറിയ തെറ്റുകൾ പോലും അതിലൂടെ നോക്കുമ്പോൾ നമുക്ക് പർവ്വതസമാനമായി തോന്നും. എന്നാൽ സ്വന്തം കാര്യത്തിലേക്ക് വരുമ്പോൾ നാം ഉപയോഗിക്കുന്നത് വളരെ മനോഹരമായ ഒരു കണ്ണാടിയാണ്, അതും നമ്മുടെ സ്വന്തം ഇഷ്ടങ്ങളും ന്യായീകരണങ്ങളും മാത്രം പ്രതിഫലിപ്പിക്കുന്ന ഒന്ന്.
മറ്റുള്ളവരെ കുറ്റപ്പെടുത്തുക എന്നത് മനുഷ്യന്റെ ഏറ്റവും എളുപ്പമുള്ള, ഒരുപക്ഷെ ഏറ്റവും ആസ്വാദ്യകരമായ വിനോദങ്ങളിലൊന്നാണ്. സ്വയം മാറുക എന്നത് ശ്രമകരമായ ഒരു പ്രക്രിയയായതുകൊണ്ട്, ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒളിച്ചോടാൻ നമ്മുടെ ഈഗോ കണ്ടെത്തുന്ന ഏറ്റവും നല്ല കുറുക്കുവഴിയാണ് പഴിചാരൽ. കോർപ്പറേറ്റ് ലോകത്തായാലും കുടുംബത്തിലായാലും ഈ പ്രവണത ഒരുപോലെയാണെന്ന് കാണാം. ഒരു സുപ്രധാന പ്രൊജക്റ്റ് പരാജയപ്പെടുമ്പോൾ, അല്ലെങ്കിൽ ഒരു മീറ്റിംഗിൽ കാര്യങ്ങൾ കൈവിട്ടുപോകുമ്പോൾ ശ്രദ്ധിച്ചിട്ടുണ്ടോ? എല്ലാവരും തങ്ങളുടെ ഭാഗം എങ്ങനെ സുരക്ഷിതമാക്കാം എന്നും, മറ്റുള്ളവരുടെ വീഴ്ചകൾ എങ്ങനെ ചൂണ്ടിക്കാണിക്കാം എന്നുമാകും ചിന്തിക്കുന്നത്. "അവർ ആ റിപ്പോർട്ട് കൃത്യസമയത്ത് തരാത്തതുകൊണ്ടാണ്", അല്ലെങ്കിൽ "മാനേജ്മെന്റ് വേണ്ടത്ര പിന്തുണ നൽകാത്തതുകൊണ്ടാണ്" എന്നൊക്കെ വാദിക്കാൻ എളുപ്പമാണ്. എന്നാൽ, "എന്റെ ഭാഗത്തുനിന്നും ചില വീഴ്ചകൾ പറ്റിയിട്ടുണ്ട്, എന്റെ സമയം കുറച്ചുകൂടി നന്നായി ക്രാഫ്റ്റ് ചെയ്യാമായിരുന്നു" എന്ന് സമ്മതിക്കാൻ വലിയൊരു ആന്തരിക ധൈര്യം വേണം. സ്വന്തം കുറവുകളെ അംഗീകരിക്കുക എന്നത് ഒരു വ്യക്തിയുടെ പരാജയമല്ല, മറിച്ച് അതൊരു പുതിയ പാഠം പഠിക്കാനുള്ള, തന്നെത്തന്നെ നവീകരിക്കാനുള്ള ഏറ്റവും വലിയ അവസരമാണ്.
കുടുംബബന്ധങ്ങളുടെയും പാരന്റിംഗിന്റെയും കാര്യമെടുത്താലും ഈ യാഥാർത്ഥ്യം കൂടുതൽ വ്യക്തമാകും.
പലപ്പോഴും മാതാപിതാക്കൾ മക്കളോട് വളരെ വാശിയോടെ പറയുന്നത് കേൾക്കാം, "നീ മാറണം, നിന്റെ ഈ അലസമായ സ്വഭാവം വെച്ച് ജീവിതത്തിൽ നീ ഒന്നുമാകാൻ പോകുന്നില്ല" എന്ന്. എന്നാൽ ആ കുട്ടിയുടെ സ്വഭാവരൂപീകരണത്തിൽ, അവരിലെ മാറ്റങ്ങളിൽ തങ്ങൾക്കുള്ള പങ്ക് എന്താണെന്ന് അവർ ഗൗരവമായി ചിന്തിക്കാറില്ല. കുട്ടികൾ നമ്മൾ നൽകുന്ന ഉപദേശങ്ങൾ കേട്ട് പഠിക്കുന്നതിനേക്കാൾ എത്രയോ മടങ്ങ് നമ്മളെ കണ്ടാണ് പഠിക്കുന്നത്. നമ്മൾ തന്നെ മൊബൈൽ സ്ക്രീനുകളിൽ മുഖം പൂഴ്ത്തിയിരുന്നിട്ട്, കുട്ടിയോട് പാഠപുസ്തകം വായിക്കാൻ പറഞ്ഞാൽ അതൊരിക്കലും ഫലപ്രദമാകില്ല. അവിടെ മാറേണ്ടത് ആ കുട്ടിയല്ല, ആദ്യം മാറേണ്ടത് രക്ഷിതാവിന്റെ ശീലങ്ങളാണ്. നമ്മുടെ ജീവിതത്തിന്റെ സിലബസിൽ നമ്മൾ പലപ്പോഴും മറന്നുപോകുന്ന, അല്ലെങ്കിൽ പഠിപ്പിക്കപ്പെടാതെ പോകുന്ന ഒരു പ്രധാന പാഠമാണിത് – മറ്റുള്ളവരിൽ നമ്മൾ ആഗ്രഹിക്കുന്ന മാറ്റത്തിന്റെ ആദ്യ മാതൃക നമ്മൾ തന്നെ ആകണം എന്നത്.
മനഃശാസ്ത്രത്തിൽ വളരെ കൃത്യമായി വിശദീകരിക്കുന്ന ഒരു കാര്യമുണ്ട്; നമ്മൾ മറ്റുള്ളവരെ വിലയിരുത്തുന്നതും നമ്മളെത്തന്നെ വിലയിരുത്തുന്നതും തികച്ചും വ്യത്യസ്തമായ രണ്ട് ത്രാസുകൾ ഉപയോഗിച്ചാണ്. മറ്റുള്ളവരെ അവരുടെ 'പ്രവൃത്തികളുടെ' (Actions) അടിസ്ഥാനത്തിൽ നാം വിചാരണ ചെയ്യുമ്പോൾ, നമ്മളെത്തന്നെ നമ്മൾ ന്യായീകരിക്കുന്നത് നമ്മുടെ 'ഉദ്ദേശ്യങ്ങളുടെ' (Intentions) അടിസ്ഥാനത്തിലാണ്.
ഉദാഹരണത്തിന്, ഒരാൾ നിങ്ങളെ കാണാൻ അര മണിക്കൂർ വൈകിയെത്തിയാൽ നിങ്ങൾ വേഗത്തിൽ ഒരു തീരുമാനത്തിലെത്തും; അയാൾക്ക് ഉത്തരവാദിത്തമില്ല, സമയനിഷ്ഠയില്ല, മറ്റുള്ളവരുടെ സമയത്തിന് വില കൽപ്പിക്കുന്നില്ല എന്ന്.
എന്നാൽ ഇതേ സാഹചര്യം നിങ്ങൾക്ക് സംഭവിച്ചാലോ? നിങ്ങൾ മറ്റൊരാളെ കാണാൻ വൈകിയാൽ നിങ്ങൾ നിങ്ങളെത്തന്നെ പൂർണ്ണമായും ന്യായീകരിക്കും, "വഴിയിൽ അപ്രതീക്ഷിതമായ ട്രാഫിക് ആയിരുന്നു, എന്റെ തെറ്റല്ല, ഞാൻ കൃത്യസമയത്ത് തന്നെ ഇറങ്ങിയതായിരുന്നു" എന്ന്.
മറ്റുള്ളവർക്ക് നൽകാത്ത ഒരു 'ബെനിഫിറ്റ് ഓഫ് ഡൗട്ട്' നമ്മൾ നമുക്ക് തന്നെ നൽകുന്നു. ഈയൊരു ഇരട്ടത്താപ്പാണ് പലപ്പോഴും നമ്മുടെ വ്യക്തിബന്ധങ്ങളുടെ സമാധാനം കെടുത്തുന്നത്. ഈ ചെറിയ മുൻവിധികളെ തിരുത്തുന്നതിലാണ് നമ്മുടെ വ്യക്തിപരമായ വളർച്ച കുടികൊള്ളുന്നത്.
മറ്റുള്ളവർ മാറട്ടെ എന്ന് കരുതി കാത്തിരിക്കുന്നത്, നമ്മുടെ ജീവിതത്തിന്റെ സന്തോഷത്തിന്റെയും സമാധാനത്തിന്റെയും റിമോട്ട് കൺട്രോൾ മറ്റൊരാളുടെ കയ്യിൽ ഏൽപ്പിക്കുന്നതിന് തുല്യമാണ്.
"എന്റെ പങ്കാളി എന്നെ മനസ്സിലാക്കുന്നില്ല, അതുകൊണ്ടാണ് ഞാൻ എപ്പോഴും സങ്കടപ്പെട്ടിരിക്കുന്നത്" എന്ന് ചിന്തിക്കുന്ന ഒരാളെ സംബന്ധിച്ച്, ആ പങ്കാളി മാറാതെ അയാൾക്ക് ജീവിതത്തിൽ ഒരിക്കലും സന്തോഷിക്കാൻ കഴിയില്ല.
അവിടെ സന്തോഷം എന്നത് പൂർണ്ണമായും മറ്റൊരാളുടെ ഔദാര്യമായി ചുരുങ്ങുകയാണ്. മറിച്ച്, "അവരുടെ പെരുമാറ്റത്തോട് ഞാൻ എങ്ങനെ പ്രതികരിക്കണം എന്നത് എന്റെ മാത്രം തീരുമാനമാണ്" എന്ന് ചിന്തിക്കാൻ കഴിഞ്ഞാൽ അവിടെ നമ്മൾ സ്വതന്ത്രരാകുന്നു. പ്രതിസന്ധികളെ നേരിടാനുള്ള നമ്മുടെ വൈകാരികമായ പ്രതിരോധശേഷി (Emotional Resilience) അവിടെ വർദ്ധിക്കുന്നു. നമ്മുടെ ചുറ്റുപാടുകളെയും സഹപ്രവർത്തകരെയും മാറ്റാൻ നമുക്ക് കഴിഞ്ഞില്ലെങ്കിലും, അവരോടുള്ള നമ്മുടെ സമീപനം മാറ്റാൻ നമുക്ക് വളരെ എളുപ്പം സാധിക്കും.
ജീവിതത്തിൽ നാം നമ്മളോട് തന്നെ നിരന്തരം ചോദിക്കേണ്ട ചില ചോദ്യങ്ങളുണ്ട്: "ഞാൻ മറ്റുള്ളവരിൽ നിന്ന് പ്രതീക്ഷിക്കുന്ന സ്നേഹവും പരിഗണനയും ഞാൻ അവർക്ക് തിരികെ നൽകുന്നുണ്ടോ?", "എന്റെ സഹപ്രവർത്തകർ എന്നോട് എങ്ങനെ പെരുമാറണമെന്നാണോ ഞാൻ ആഗ്രഹിക്കുന്നത്, ആ ഒരു ബഹുമാനം ഞാൻ അവരോട് കാണിക്കുന്നുണ്ടോ?".
നമ്മൾ കൊടുക്കാതെ, ഒരു കാര്യവും തിരികെ ചോദിക്കാൻ നമുക്ക് യാതൊരു അർഹതയുമില്ല. ഒരാൾ നമ്മളോട് ദേഷ്യപ്പെടുമ്പോൾ അയാളെ തിരിച്ചു കുറ്റപ്പെടുത്തുന്നതിന് പകരം, എന്റെ ഏത് പ്രവൃത്തിയാണ് അയാളെ പ്രകോപിപ്പിച്ചത് എന്ന് ശാന്തമായി ചിന്തിക്കാൻ കഴിഞ്ഞാൽ അവിടെ സംഘർഷങ്ങൾ പകുതിയും അവസാനിക്കും. ചൂണ്ടുവിരൽ മറ്റുള്ളവർക്ക് നേരെ നീളുമ്പോൾ ബാക്കി മൂന്നു വിരലുകൾ സ്വന്തം നെഞ്ചത്തോട്ടേക്കാണ് ചൂണ്ടുന്നതെന്ന യാഥാർത്ഥ്യം നാം പലപ്പോഴും സൗകര്യപൂർവ്വം വിസ്മരിക്കുന്നു.
സ്വയം മാറുക എന്നത് ഒറ്റരാത്രികൊണ്ട് സംഭവിക്കുന്ന ഒരു മാന്ത്രികവിദ്യയല്ല. അതൊരു നിരന്തരമായ അപ്ഡേഷൻ പ്രക്രിയയാണ്. നമ്മുടെ കയ്യിലിരിക്കുന്ന സ്മാർട്ട്ഫോണുകൾ പോലും കൃത്യമായ ഇടവേളകളിൽ പുതിയ വേർഷനിലേക്ക് അപ്ഡേറ്റ് ആവശ്യപ്പെടുന്നുണ്ട്. കാലപ്പഴക്കം ചെന്ന സോഫ്റ്റ്വെയറുകളിൽ പ്രവർത്തിക്കുന്ന ഫോണുകൾ വേഗത കുറയുകയും ഹാങ്ങ് ആകുകയും ചെയ്യും. മനുഷ്യന്റെ കാര്യവും ഇതിൽ നിന്ന് ഒട്ടും വ്യത്യസ്തമല്ല. പുതിയ കാലത്തിനനുസരിച്ച്, മാറുന്ന പ്രൊഫഷണൽ ചുറ്റുപാടുകൾക്കനുസരിച്ച് നമ്മുടെ ചിന്തകളും മനോഭാവങ്ങളും സ്കില്ലുകളും നാം അപ്ഡേറ്റ് ചെയ്തുകൊണ്ടേയിരിക്കണം. പുതിയ തലമുറയുടെ ചിന്തകളെയും മാറ്റങ്ങളെയും ഉൾക്കൊള്ളാനും, പഴയതും തെറ്റായതുമായ ബോധ്യങ്ങളെ തിരുത്താനും നമ്മൾ തയ്യാറാകണം. വലിയ ഡിഗ്രി സർട്ടിഫിക്കറ്റുകളിലോ പ്രൊഫൈലുകളിലോ മാത്രം ഒതുങ്ങുന്ന ഒന്നല്ല യഥാർത്ഥ അറിവ്; അത് നിരന്തരമുള്ള ഒരു ആത്മപരിശോധനയാണ്. നിരന്തരം സ്വയം നവീകരിക്കാൻ തയ്യാറുള്ള ഒരാൾക്ക് മാത്രമേ സമൂഹത്തിൽ ഒരു തുള്ളി വെളിച്ചമെങ്കിലും പകരാൻ സാധിക്കൂ.
നമ്മൾ ഉള്ളിൽ നിന്ന് മാറാൻ തീരുമാനിക്കുന്ന ആ നിമിഷം മുതൽ നമ്മുടെ ചുറ്റുമുള്ള ലോകം മാറാൻ തുടങ്ങുന്നത് നമുക്ക് അത്ഭുതത്തോടെ കാണാം.
കാരണം
അപ്പോൾ നമ്മൾ ഈ ലോകത്തെ നോക്കിക്കാണുന്ന കണ്ണടയുടെ നിറം മാറിയിട്ടുണ്ടാകും. മറ്റുള്ളവരുടെ തെറ്റുകളിൽ മാത്രം സൂക്ഷ്മമായി ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന നമ്മുടെ കണ്ണുകൾ, അവരുടെ നല്ല വശങ്ങൾ കൂടി കാണാൻ തുടങ്ങും. ഈ ഭൂമിയിൽ ആരും പൂർണ്ണരല്ലെന്നും, എല്ലാവർക്കും അവരുടേതായ പരിമിതികളും സങ്കടങ്ങളും പോരായ്മകളും ഉണ്ടെന്നും നാം ആഴത്തിൽ തിരിച്ചറിയും. ഈ തിരിച്ചറിവ് നമ്മളിൽ അന്യരോടുള്ള അനുകമ്പയും സഹാനുഭൂതിയും പതിന്മടങ്ങ് വർദ്ധിപ്പിക്കും. ഒരാളുടെ മോശം പെരുമാറ്റത്തിന് പിന്നിൽ ചിലപ്പോൾ അയാൾ അനുഭവിക്കുന്ന പറയത്തീരാത്ത മാനസിക സംഘർഷങ്ങളോ കടുത്ത ജീവിത സാഹചര്യങ്ങളോ ആകാം എന്ന് മനസ്സിലാക്കാനുള്ള പക്വത നമുക്കുണ്ടാകും. അപ്പോൾ നമ്മൾ മറ്റുള്ളവരെ വിധിക്കുന്ന വിധികർത്താക്കളാകുന്നതിന് പകരം, അവരെ ചേർത്തുപിടിക്കുന്ന നല്ല കേൾവിക്കാരായി മാറും.
സമൂഹത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവന്ന ചരിത്രപുരുഷന്മാരെയൊക്കെ ഒന്ന് നിരീക്ഷിച്ചാൽ ഒരു കാര്യം വ്യക്തമാകും, ആ മാറ്റങ്ങളെല്ലാം അവർ ആരംഭിച്ചത് അവരിൽ നിന്ന് തന്നെയാണ്.
"ലോകത്തിൽ എന്ത് മാറ്റമാണോ നിങ്ങൾ കാണാൻ ആഗ്രഹിക്കുന്നത്, ആ മാറ്റം നിങ്ങളാകുക" എന്ന വാക്യം കേവലം ഒരു തത്വചിന്ത മാത്രമല്ല, പ്രായോഗിക ജീവിതത്തിലെ ഏറ്റവും വലിയ വിജയമന്ത്രം കൂടിയാണ്.
നമ്മൾ സ്വയം തിരുത്താൻ തയ്യാറാകാതെ ലോകത്തെ തിരുത്താൻ ഇറങ്ങിത്തിരിക്കുന്നത്, സ്വന്തം കണ്ണിലെ തടി കാണാതെ അന്യന്റെ കണ്ണിലെ കരടെടുക്കാൻ ശ്രമിക്കുന്നതുപോലെ അപഹാസ്യമാണ്. സ്വന്തം അറിവില്ലായ്മകളെയും മുൻവിധികളെയും ഈഗോയെയും മാറ്റിനിർത്തി, ഒരു വിദ്യാർത്ഥിയുടെ തുറന്ന മനസ്സോടെ ജീവിതത്തെ സമീപിക്കാൻ കഴിഞ്ഞാൽ ഓരോ ദിവസവും നമുക്ക് പുതിയ പാഠങ്ങൾ പഠിക്കാനാകും.
അതുകൊണ്ട്,
എല്ലാ മാറ്റങ്ങളും എപ്പോഴും നമ്മളിൽ നിന്ന് തന്നെ തുടങ്ങട്ടെ.
അന്യരിലെ മാറ്റങ്ങൾക്കായി വെറുതെ കാത്തുനിൽക്കാതെ, സ്വന്തം ചിന്തകളിലും പ്രവൃത്തികളിലും പോസിറ്റീവ് ആയ മാറ്റങ്ങൾ കൊണ്ടുവരാൻ നമുക്കിന്ന് തന്നെ ശ്രമിക്കാം.
അത് വലിയ വിപ്ലവങ്ങളൊന്നും ആകണമെന്നില്ല; ജോലിസ്ഥലത്ത് ഒരു ചെറിയ പുഞ്ചിരിയോടെ സഹപ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നതിലാകാം ആ മാറ്റം തുടങ്ങുന്നത്. അല്ലെങ്കിൽ ദിവസാവസാനം പങ്കാളിയോട് അവരുടെ പകലിനെക്കുറിച്ച് സ്നേഹത്തോടെ ചോദിച്ചറിയുന്നതിലാകാം. കുട്ടികളോടൊപ്പം അവരുടെ കൊച്ചു ലോകത്തേക്ക് ഇറങ്ങിചെന്ന് മുൻവിധികളില്ലാതെ കുറച്ചു സമയം ചെലവഴിക്കുന്നതിലാകാം. മറ്റുള്ളവർ സംസാരിക്കുമ്പോൾ, മറുപടി പറയാൻ വേണ്ടി മാത്രം കാത്തുനിൽക്കാതെ അവരുടെ വാക്കുകൾ പൂർണ്ണമായി ശ്രദ്ധിച്ച് കേൾക്കുന്നതിലാകാം ആ മാറ്റം.
സ്വന്തം ഉള്ളിലേക്ക് സത്യസന്ധമായി നോക്കാൻ തുടങ്ങുന്ന ആ നിമിഷം മുതൽ ജീവിതം കൂടുതൽ ലളിതവും മനോഹരമായി മാറും. നമ്മൾ നമ്മളെത്തന്നെ സ്നേഹിക്കാനും തിരുത്താനും പഠിക്കുമ്പോൾ, നമ്മുടെ മനസ്സിന്റെ കണ്ണാടിയിലെ പ്രതിബിംബം കൂടുതൽ തെളിച്ചമുള്ളതാകും. ആ പ്രതിബിംബം നമ്മൾ ആഗ്രഹിക്കുന്നത്ര സുന്ദരമാകുമ്പോൾ, നമുക്ക് ചുറ്റുമുള്ള ലോകവും അതിനേക്കാൾ സുന്ദരമായി മാറുന്നത് നാം കാണും.
ഓർക്കുക, വലിയ മാറ്റങ്ങളിലേക്കുള്ള ഏറ്റവും പ്രധാനപ്പെട്ട ആദ്യത്തെ ചുവടുവെപ്പ് എപ്പോഴും പുറത്തേക്കല്ല, സ്വന്തം ഉള്ളിലേക്ക് തന്നെയാണ് വേണ്ടത്.
Article By: Mujeebulla K.M
CIGI Career Team