×
18 February 2023
0

എന്താണ് ഒക്യൂപഷണൽ തെറാപ്പി ? എവിടെ പഠിക്കാം

ഫിസിയോ തെറാപ്പിയെക്കുറിച്ച് കേരളത്തിൽ മിക്കവർക്കും അറിയാം. സ്പീച് തെറാപ്പിയെ ക്കുറിച്ചും പലരും കേട്ടിട്ടുണ്ടായിരിക്കും. എന്നാൽ OT അഥവാ ഒക്കുപ്പേഷനൽ തെറാപ്പിയെ ക്കുറിച്ചു വിശദമായി അറിഞ്ഞവർ വളരെ കുറവാണ്.നല്ല ക്ഷമാശീലവും അനുതാപവും കുറച്ചു ക്രിയാത്മകതയും ഉണ്ടെങ്കിൽ ആരോഗ്യ അനുബന്ധ മേഖലയിൽ താല്പര്യമുള്ള വിദ്യാർത്ഥികൾക്ക് നന്നായി ശോഭിക്കാൻ പറ്റുന്ന മേഖലയാണ് ഒക്യൂപേഷണൽ തെറാപ്പി.

അടിസ്ഥാന ഡിഗ്രി നാലര വർഷത്തെ . *BOT ( Bachelor of Occupational Therapy )*. വിദേശങ്ങളിൽ പ്രത്യേകിച്ച് യു കെ, യൂറോപ്യൻ രാജ്യങ്ങൾ, ഓസ്ട്രേലിയ, ന്യൂ സിലണ്ട്, ഗൾഫ് രാജ്യങ്ങൾ, കാനഡ, അമേരിക്ക എന്നിവിടങ്ങളിൽ OT കൾക്ക്  വലിയ ഡിമാന്റ് ആണ്.
ഇന്ത്യയിലടക്കം ലോകത്ത് അമ്പതിലേറെ രാജ്യങ്ങളിൽ ഇത് ഷോർട്ടേജ് പ്രൊഫഷൻ ലിസ്റ്റിലാണ്.
മൂന്ന് ലക്ഷം രൂപ മുതൽ മുകളിലോട്ട് ശമ്പളം വിദേശത്ത് ഓഫർ ഉള്ളപ്പോൾ നാട്ടിൽ ഫ്രഷ് ആയിട്ടുള്ളവർക്ക്‌ തന്നെ തുടക്കത്തിൽ മുപ്പത്തഞ്ചായിരം രൂപ  ശമ്പളം ലഭിക്കുന്നുണ്ട്. അത്ര കൊടുത്താൽ പോലും ആളെ കിട്ടാത്ത അവസ്ഥയാണ് ഇന്ന് കേരളത്തിൽ. ഇന്ത്യയുടെ മറ്റു ഭാഗങ്ങളിൽ ശമ്പളം ഇപ്പോൾ ഇതിലും അധികമാണ്. പരിചയം കൂടുന്നത്തോടെ വീണ്ടും വർധിക്കും. സ്വന്തമായി ക്ലിനിക് നടത്തുന്നവരും home സർവീസ് കൊടുക്കുന്നവരും ഉണ്ട്.

ഇനി എന്താണ് ഈ തെറാപ്പിയിലൂടെ ചെയ്യുന്നത് എന്നറിയണ്ടേ?

പ്രധാനമായും നാലു കാരണങ്ങൾ കൊണ്ട്  മനുഷ്യന് നിത്യവും ചെയ്യുന്ന പ്രവർത്തനങ്ങൾ (activities of daily life - ADL) ചെയ്യാൻ പ്രയാസം വരാം. ജന്മനായുള്ള ശേഷിക്കുറവ്, രോഗം കൊണ്ടുള്ള തളർച്ച, അപകടങ്ങൾ കൊണ്ടുണ്ടാകുന്ന അപര്യാപ്തതകൾ, പ്രായം കൊണ്ടു വന്നു ചേരുന്ന അസ്കിതകൾ.

ഈ നാലു മേഖലകളിലും വേണ്ടുന്ന ചികിത്സ, തെറാപ്പി,  കൗൺസിലിംഗ് തുടങ്ങി ഒരു വലിയ ക്യാൻവാസിൽ ആണ് OT വിദഗ്ദർ തങ്ങളുടെ സേവനം ചെയ്യേണ്ടത്.. ഒരു ഫിസിയോ തെറാപ്പിസ്റ്റ് അവയവങ്ങളിലും അതിന്റെ ചലനങ്ങളിലും ശ്രദ്ധ ഊന്നുമ്പോൾ ഒരു OT  രോഗിയുടെ ADL മായി ബന്ധപ്പെട്ട മുഴുവൻ ബലഹീനതകളെയും അഡ്രസ്സ് ചെയ്ത് സ്വന്തമായി എഴുന്നേൽക്കാനും ഭക്ഷണം കഴിക്കാനും പരസഹായമില്ലാതെ ടോയ്ലറ്റ് ഉപയോഗിക്കാനും സർവോപരി മറ്റുള്ളവരെ ആശ്രയിക്കാതെ ജോലി എടുക്കാനും സമ്പാദിക്കാനുമുള്ള ആത്മവിശ്വാസം ഒരാളിൽ ഉണ്ടാക്കുക എന്ന വിശാലമായ ഉത്തരവാദിത്തമാണ് ഏറ്റെടുക്കുന്നത്.

ഓരോ പ്രായക്കാരിലും വ്യത്യസ്ത രീതിയിലാണ് OT വർക്ക്‌ ചെയ്യുന്നത്.. കുഞ്ഞുങ്ങളെ സ്‌കൂളിലും കളി സ്ഥലത്തും നല്ല രീതിയിൽ ഇടപഴകാൻ പ്രാപ്തരാക്കുമ്പോൾ പ്രായമായവരുടെ കാര്യത്തിൽ ഓർമ്മയുടെയും ബുദ്ധിയുടെയും വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. സ്ട്രോക് പോലുള്ളവ സംഭവിച്ചവർക്ക് പൂർവ സ്ഥിതിയിൽ എത്താൻ ഇന്ന് ഡോക്ടർമാർ OT വിദഗ്ദരെ ചെന്ന് കാണുവാനാണ് നിർദ്ദേശിക്കുന്നത്.

ഇപ്പോൾ ജനിച്ച കുട്ടിക്ക് പോലും ചിലപ്പോൾ OT യുടെ സേവനം ആവശ്യമായി വരാം. മാസം തികയാതെ പ്രസവിച്ച കുട്ടിയെ അല്ലെങ്കിൽ ശാരീരിക വൈകല്യത്തോട് കൂടി ജനിച്ച കുട്ടികളിൽ മുലപ്പാൽ കുടിക്കാൻ പറ്റാത്ത ശിശുവിനും തന്റെ ചുറ്റുപാടു നിരീക്ഷിക്കാൻ കഴിയാത്തവർക്കും പ്രായത്തിനൊത്ത വളർച്ച കാണിക്കാത്ത കുട്ടികൾക്കും OT വേണ്ടുന്ന ചികിത്സ നൽകുന്നു.  Oral Motor Exercise, Multi Sensory Stimulation എന്നീ ടെക്‌നിക്കുകൾ ഉപയോഗിച്ചാണ് ഈ ചികിത്സ നൽകുന്നത്..

കുട്ടികളിൽ തന്നെ കാണുന്ന പഠന വൈകല്യം, ഹൈപ്പർ ആക്ടിവിറ്റി, ഓട്ടിസം, എന്നിവയ്ക്കു Play തെറാപ്പി, Sensory ഇന്റഗ്രേഷൻ, Recreation തെറാപ്പി മുതലായ നൂതന മാർഗ്ഗങ്ങളിലൂടെ സാധാരണ ജീവിത ശൈലിയിലേക്ക് കൊണ്ടു വരാൻ ഒരു OT ക്ക് കഴിയും..

അവയവങ്ങളുടെ ബലഹീനത ചികിൽസിച്ചു മാറ്റുന്ന Gross Motor, Fine Motor, കൂടാതെ Splinting, Neuro Development therapy തുടങ്ങിയ ആധുനിക സങ്കേതങ്ങൾ OT എന്ന മേഖലയെ ഇന്ന് സമൂഹത്തിൽ ഒരു അവശ്യ ഘടകമാക്കി തീർത്തിരിക്കയാണ്.

അധിക പഠനത്തിന് താല്പര്യമുള്ളവർക്ക് രണ്ടു വർഷത്തെ  MOT ക്ക് (വിവിധ സ്പെഷ്യലിസ‌ഷനുകളോടെ) ചേരാവുന്നതാണ്.

എവിടെ പഠിക്കാം
കേരളത്തിൽ സർക്കാർ നിയന്ത്രണത്തിലുള്ള രണ്ടു സ്വാശ്രയ കോളേജുകളിൽ കൂടി 40  സീറ്റ്‌ മാത്രമേ BOT ക്കുള്ളൂ. തിരുവനന്തപുരത്തെ NISH, ഇരിങ്ങാലക്കുടയിലെ NIPMR.
അഡ്മിഷൻ പ്ലസ് two മാർക്കിന്റെ അടിസ്ഥാനത്തിൽ LBS മുഖേന ഏക ജാലക സംവിധാനത്തിൽ ഓൺലൈൻ അപേക്ഷ.

ഫിസിക്സ്‌, കെമിസ്ട്രി, ബയോളജി പഠിച്ചിരിക്കണം.

ഇന്ത്യയിൽ ഏറ്റവും മികച്ച സർക്കാർ അഖിലേന്ത്യാ ഇന്സ്ടിട്യൂട്ടുകൾ 
SVNIRTAR(ഒറീസ്സ), PDUNIPPD ഡൽഹി, NILD കൊൽക്കത്ത, NIEPMD ചെന്നൈ.
ഈ നാല് സ്ഥലത്തേക്ക് പൊതു പ്രവേശന പരീക്ഷ മുഖേനയാണ് തെരഞ്ഞെടുപ്പ്.
BOT, BPT, BOP എന്നീ മൂന്ന് കോഴ്സുകൾക്ക് കൂടി ഒരുമിച്ചാണ് ഇവിടെ CET. 
ഈ മികച്ച സ്ഥാപനങ്ങളിൽ ചെറിയ ഫീസിൽ പഠിക്കാം.

തൊട്ടടുത്തു കർണാടകയിൽ മണിപാൽ MCHP, മംഗലാപുരം യെനെപോയ, മൈസൂർ JSS, Heritage city college എന്നിവിടങ്ങളിൽ പഠന സൗകര്യമുണ്ട്. 
തമിഴ് നാട്ടിൽ KMCT, കോയമ്പത്തൂർ, SRM യൂണിവേഴ്സിറ്റി ചെന്നൈ, ട്രിച്ചി, ശ്രീരാമചന്ദ്ര കോളേജ്, ചെന്നൈ മുതലായ കുറച്ചു കോളേജുകളിലും.

All India Occupational Therapists' Association ൽ രജിസ്റ്റർ ചെയ്യപ്പെട്ട അക്രെഡിറ്റഡ് സ്ഥാപനങ്ങളെ അറിയാൻ https://aiota.org/education/accredited_colleges ലിങ്കിൽ ക്ലിക്ക് ചെയ്യാവുന്നതാണ് 

നിസാർ പെറുവാഡ്



Comments (0)

Write a Comment

Thank you for showing an interest in CIGI. You can reach out to us through multiple ways

For career counseling and other Appointments - Book Now

Whatsapp or call us for any query