×
02 February 2023
0

ജീവിതത്തിൽ ഉയർച്ചയുടെ പടവുകൾ താണ്ടാനാഗ്രഹിക്കുന്നവരോട്

ഓർക്കുക; നിങ്ങളുടെ ജീവിതം നിങ്ങളുടെ ഭവനമാണ്, അതിൻ്റെ ശില്പി നിങ്ങൾ തന്നെയാണ്. മറ്റുള്ളവർ വെറും ആസൂത്രകരും നോട്ടക്കാരും മാത്രമാണ് "

മാറിക്കൊണ്ടിരിക്കുന്ന ലോകത്ത് പിടിച്ചു നിൽക്കാൻ, അഭിരുചിയും താല്പര്യവും ഒത്തിണങ്ങുന്ന കോഴ്‌സുകൾ തിരഞ്ഞെടുത്തത് അനുകൂലമായ തൊഴിൽ മേഖലയിലേക്ക് തിരിയാൻ നമ്മളും നമ്മളുടെ മക്കളും തയ്യാറായേ പറ്റൂ..

കാലഘട്ടത്തിൻ്റെ അനിവാര്യതയായ  ചില ചിന്തകൾ ഈ വിഷയവുമായി ബന്ധപ്പെട്ട് നിങ്ങളുമായി പങ്കുവക്കുന്നു.

1. ആദ്യമേ മനസ്സിലാക്കുക ലോകത്തുള്ള എല്ലാ തൊഴിൽ മേഖലകൾക്കും അതിൻ്റേതായ പ്രാധാന്യവും തനിമയുമുണ്ട്. 

2. ഇന്ന് തൊഴിൽ സാഹചര്യങ്ങൾ  അനുകൂലമല്ല; അതികഠിനമായ പ്രതിസന്ധികളിലൂടെയാണു ഓരോ തൊഴിൽമേഖലയും കടന്നുപോകുന്നത് എന്ന യാഥാർത്ഥ്യം നാം ജാഗ്രതയോടെ വീക്ഷിക്കണം.

3. അതുപോലെ തന്നെ പലപ്പോഴും നമ്മുടെ പഠനയാത്രയിൽ എസ് എസ് എൽ സി, പ്ലസ്ടു പരീക്ഷകൾക്കു കുട്ടികൾ നൽകുന്ന പ്രാധാന്യം പിന്നീടു നൽകുന്നില്ല. ഓർക്കുക എസ് എസ് എൽ സി യും പ്ലസ്ടുവും നമ്മുടെ തുടർ വിദ്യാഭ്യാസ മേഖലയിലേക്കുള്ള പ്രഥമ വാതായനങ്ങൾ മാത്രമാണ്. 
നിങ്ങളുടെ ഭാവി തീരുമാനിക്കുന്നതു ഈ രണ്ടു പരീക്ഷകളുമല്ല. ഈ രണ്ടു പരീക്ഷകൾക്കും നൽകുന്ന അതേ പ്രാധാന്യം ഉന്നതവിദ്യാഭ്യാസത്തിനും നൽകേണ്ടതു ഇന്നിൻ്റെ അനിവാര്യതയാണ്. 
അവിടെ നിങ്ങൾ എങ്ങനെ പ്രശോഭിക്കുന്നുവോ അതുപോലെയായിരിക്കും നിങ്ങളുടെ മുന്നിൽ ഭാവിയും തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടുക.

4. മനസ്സിലാക്കുക, തുടർ വിദ്യാഭ്യാസത്തിനുള്ള കോഴ്സുകൾ തിരഞ്ഞെടുക്കുമ്പോൾ കൃത്യമായ ആസൂത്രണം ആവശ്യമാണ്. അഭിരുചിക്കനുസൃതമായ മേഖലകൾ മാത്രം തിരഞ്ഞെടുക്കുവാൻ പ്രത്യേകം ശ്രദ്ധിക്കുക.

5. എളുപ്പം വരുമാനമുണ്ടാക്കാവുന്ന കോഴ്സുകളും ട്രെൻഡിങ്ങായ കോഴ്സുകളും സ്റ്റാറ്റസു നോക്കിയുള്ള കോഴ്സുകളും പലപ്പോഴും മാതാപിതാക്കൾ മക്കളിൽ അടിച്ചേൽപ്പിക്കാറുണ്ട്. ഇതു വിപരീതഫലം ഭാവിയിൽ സൃഷ്ടിക്കാൻ സാധ്യതയേറെയാണ്.

6. ഒരിക്കലും ആരുടേയും നിർബന്ധങ്ങൾ കുട്ടികളിൽ അടിച്ചേൽപ്പിക്കാതെ അവരുടെ കഴിവും അഭിരുചിയും മനസ്സിലാക്കി അതിനെ പ്രോത്സാഹിപ്പിക്കത്തക്കതും വളർത്താൻ പാകത്തിലുള്ളതുമായ കോഴ്സുകൾ തിരഞ്ഞെടുക്കാൻ അവരെ മാതാപിതാക്കളും അധ്യാപകരും സഹായിക്കണം.

7. ഇഷ്ടമില്ലാത്ത കോഴ്സുകൾ അടിച്ചേൽപ്പിച്ചാൽ അതു നൽകുന്ന മാനസിക സമ്മർദം പലപ്പോഴും അവർക്കു താങ്ങാവുന്നതിലും അധികമാവും. പഠിച്ചിറങ്ങുമ്പോഴും ഇഷ്ടമുള്ള മേഖലയിൽ സന്തോഷത്തോടെ ജോലി ചെയ്യുവാൻ സാധിക്കണമെങ്കിൽ അഭിരുചിക്കും കഴിവിനും അനുശ്രുതമായ മേഖലകൾ തിരഞ്ഞെടുക്കപ്പെടണം. അതിനായി അവരെ വഴികാട്ടുക.

8. ഏറ്റവും പ്രധാനപ്പെട്ട കാര്യം, ഏതു മേഖല തിരഞ്ഞെടുത്താലും അതിൽ മികവ് തെളിയിക്കാൻ പരമാവധി പരിശ്രമിക്കുക എന്നുള്ളതാണ്. കാരണം ഒരു ശരാശരി രീതിയിൽ ഇനിയുള്ള കാലത്ത് നമുക്കു മുന്നേറാൻ വളരെ പ്രയാസമാണ് എന്ന വാസ്തവം മനസ്സിലാക്കി പൊരുതുവാൻ നമുക്കു തയ്യാറെടുക്കാം. കാരണം തൊഴിൽമേഖല ഇനി വരുന്ന നാളുകളിൽ അതികഠിന മത്സരത്തേയാണു നേരിടാൻ പോകുന്നത്.

9. ഏതു കോഴ്സു തിരഞ്ഞെടുക്കുന്നു എന്നതിനപ്പുറം തിരഞ്ഞെടുത്ത മേഖലയിലെ പ്രാവീണ്യം തെളിയിക്കാൻ സാധിച്ചാൽ ആർക്കും നമ്മെ പിന്തള്ളാൻ സാധിക്കില്ല. 
ഓർക്കുക നാം നമ്മോടു തന്നെയാണു പോരാടേണ്ടത്, മറ്റുള്ളവരുമായല്ല. കാരണം എൻ്റെ കഴിവുകളും കുറവുകളും നന്നായി അറിയാവുന്നതു എനിക്കുമാത്രമാണ്.

10. നിലവിലുള്ളതും പുതുതായി ഉയർന്നുവരുന്നതുമായ തൊഴിൽമേഖലകളേക്കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ ശേഖരിക്കുക. 
അതിൽ അനുയോജ്യമായ മേഖല തങ്ങളുടെ കഴിവിനനുസൃതം തിരഞ്ഞെടുക്കുക. അതിൽ മികവ് തെളിയിക്കുക.

11. പ്രിയപ്പട്ടവരേ ഓർക്കുക, ഒരു കാര്യം ആസ്വദിച്ചു ചെയ്യുന്നതും നിർബന്ധിച്ചു ചെയ്യുന്നതും രണ്ടും രണ്ടാണ്. 
അതു തരുന്ന ഫലവും വ്യത്യസ്തമാണ്.

12. ഏതു മേഖല തിരഞ്ഞെടുത്താലും പരമാവധി അതിൽ കഴിവു തെളിയിക്കാൻ പരിശ്രമിക്കുക. കുറവുകളെ മനസ്സിലാക്കി തിരുത്താൻ തയ്യാറാവുക.

13. ഓർക്കുക; നിങ്ങളുടെ ഭാവി, നിങ്ങളുടെ തൊഴിൽമേഖലയിലെ പദവി ഒക്കെയും നിങ്ങൾ അവസാനം പടിയിറങ്ങുന്ന കോഴ്സാണു നിശ്ചയിക്കുന്നത്. പലപ്പോഴും SSLC, +2 പരീക്ഷകൾക്കു ശേഷം ദീർഘശ്വാസം വിട്ടു നന്നായി പിന്നീടു ഉഴപ്പുന്ന ഒരു പ്രവണത നാം കാണാറുണ്ട്. കാലഘട്ടത്തിൻ്റെ അനിവാര്യത മനസ്സിലാക്കി, വഴികളറിഞ്ഞ് പരിശീലിക്കാൻ നാം തയ്യാറാവണം.

14. ആദ്യ അവസരത്തിൽ തന്നെ നമ്മുടെ കോഴ്സുകൾ പൂർത്തിയാക്കുവാനും പ്രഗത്ഭ്യം തെളിയിക്കുവാനും പരിശ്രമിക്കാം. 
കാരണം ഓരോ വർഷം കഴിയുന്തോറും നമ്മുടെ അവസരങ്ങൾ കുറയുന്നു എന്ന അവബോധം നമ്മെ ശക്തിപ്പെടുത്തണം, പോരാട്ടത്തിനു കരുത്തു നൽകണം.

15. മറ്റൊരു പ്രധാന കാര്യം 
മക്കൾ നിർദേശിക്കുന്ന കോഴ്സുകളെ കൃത്യമായി അന്വേഷിക്കുവാനും അതിലെ സാധ്യതകൾ പരിശോധിക്കുവാനും മാതാപിതാക്കൾ ശ്രമിക്കണം. മികച്ച കരിയർ ഗൈഡിൻ്റെ സഹായം അതിന്നായി തേടാവുന്നതാണ്.

16. പുതിയ മേഖലകൾ തിരഞ്ഞെടുക്കുമ്പോൾ കോഴ്സിനെക്കുറിച്ചറിവുള്ള കരിയർ വിദഗ്ധരുമായി ആശയവിനിമയത്തിനു അവസരം ഉണ്ടാക്കിക്കൊടുക്കുന്നതു നല്ല ഫലം ചെയ്യും. 

17. എപ്പോഴും മക്കളുടെ കഴിവുകൾക്കും അഭിരുചികൾക്കുമാണു പ്രഥമ പരിഗണന നൽകേണ്ടത്.

18. മാതാപിതാക്കളുടെ താത്പര്യങ്ങൾ, നടക്കാതെ പോയ സ്വപ്നങ്ങൾ ഇവയൊന്നും മക്കളുടെ തലയിൽ അടിച്ചേൽപ്പിക്കപ്പെടരുത്. അവരുടെ സ്വപ്നങ്ങളെക്കുറിച്ചു മനസ്സിലാക്കി പ്രോത്സാഹിപ്പിക്കുന്നതു കൂടുതൽ മികവു തെളിയിക്കാൻ അവരെ പ്രാപ്തരാക്കും.

കാലഘട്ടത്തിനനിവാര്യമായ ചടുലതയിൽ, തിരുത്തലുകൾ വരുത്തി, തങ്ങളുടെ കഴിവുകളെ വളർത്തി, കുറവുകൾ പരിഹരിച്ചു നാളെയുടെ പോരാട്ടത്തിൽ തളരാതെ മുന്നേറാം നാം പ്രാപ്തരാകാം. സാഹചര്യങ്ങളെ സമചിത്തതയോടെ മനസ്സിലാക്കി അവ മുന്നിൽ വരുന്ന പ്രതിബന്ധങ്ങളെ കരുത്തോടെ പ്രതിരോധിക്കുവാനുള്ള നൈപുണ്യം ഓരോരുത്തർക്കും ആർജ്ജിക്കാം. അതിനുവേണ്ടതു ഇശ്ചാശക്തിയുള്ള മനസ്സും തളരാത്ത നിരന്തര പരിശ്രമവുമാണ്. നമ്മളുടെ പോരാട്ടവീര്യത്തിനും കഠിനാദ്ധ്വാനത്തിനും മുന്നിൽ അവസരങ്ങളുടെ വാതായനങ്ങൾ മലർക്കെ തുറക്കുമെന്ന് നൂറുക്ക് നൂറ് ശതമാനം ഉറപ്പ്.

മുജീബുല്ല KM
സിജി കരിയർ ടീം
www.cigi.org



Comments (0)

Write a Comment

Thank you for showing an interest in CIGI. You can reach out to us through multiple ways

Whatsapp or call us for any query

Visit us at

https://goo.gl/maps/wzt6ep5ZxTkiei8k9 Golf Link Rd, Chevayur, Kozhikode, Kerala 673017