×
07 December 2022
0

പലരും ചോദിക്കുന്ന ചോദ്യമാണ്. ....OBC NCL സർട്ടിഫിക്കറ്റ് ഇത് പോലെ മറ്റ് റവന്യൂ സർട്ടിഫിക്കറ്റുകൾ എന്നിവയ്ക്ക് ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനുള്ള നടപടിക്രമങ്ങൾ എന്തൊക്കെയെന്ന്..

അതെപ്പറ്റി.....

നിത്യ ജീവിതത്തിൽ ഒരിക്കലെങ്കിലും വിദ്യാഭ്യാസം, ജോലി തുടങ്ങി പല ആവശ്യങ്ങള്‍ക്കുമായി നോണ്‍ ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റിനു വേണ്ടി റവന്യൂ ഓഫീസുകള്‍ കയറിയിറങ്ങാത്ത ആളുകളുണ്ടാവില്ല.
എന്നാല്‍ ഇനി അതിന്റെ ആവശ്യമില്ല. കാരണം വീട്ടിലെ കംപ്യൂട്ടറോ കൈയിലെ മൊബൈലോ ഉപയോഗിച്ച് ഓണ്‍ലൈനായി സര്‍ട്ടിഫിക്കറ്റിന് അപേക്ഷിക്കാന്‍ ഇപ്പോള്‍ അവസരമുണ്ട്. പക്ഷെ പലര്‍ക്കും ഇക്കാര്യം അറിയില്ലെന്നു മാത്രം.കേരള സര്‍ക്കാരിന്റെ ഇ ഡിസ്ട്രിക്റ്റ് പദ്ധതിയുടെ ഭാഗമായാണ് നോണ്‍ ക്രീമീലെയര്‍ സര്‍ട്ടിഫിക്കറ്റിനും മറ്റു സർട്ടിഫിക്കറ്റുകൾക്കും ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള സൗകര്യമൊരുക്കിയിരിക്കുന്നത്.

OBC NCL ലഭിക്കാൻ

ആദ്യം ഇ-ഡിസ്ട്രിക്റ്റ് വെബ്‌സൈറ്റ് ആയ
https://edistrict.kerala.gov.in എന്ന വെബ്‌സൈറ്റ് വഴി രിജിസ്റ്റര്‍ ചെയ്താല്‍ ലഭിക്കുന്ന യൂസര്‍ നെയിമും പാസ് വേഡും ഉപയോഗിച്ചാണ് സര്‍ട്ടിഫിക്കറ്റിന് അപേക്ഷിക്കേണ്ടത്.ഇംഗ്ലീഷിലും മലയാളത്തിലും അപേക്ഷിക്കാന്‍ ഇവിടെ സൗകര്യമുണ്ട്. ഒരു രജിസ്റ്റേഡ് യൂസര്‍ക്ക് തന്റെ എല്ലാ  കുടുംബാംഗങ്ങള്‍ക്കു വേണ്ടിയും സര്‍ട്ടിഫിക്കറ്റിന് അപേക്ഷിക്കാം. ഓരോരുത്തരുടെയും പ്രൊഫൈല്‍ വിവരങ്ങള്‍ പൂരിപ്പിച്ച ശേഷമാണ് ഇത് ചെയ്യേണ്ടത്. 
ഇതിന് സൗകര്യമില്ലാത്തവര്‍ക്ക് അക്ഷയ/ ജനസേവന കേന്ദ്രങ്ങള്‍ വഴി  സർവ്വീസ് ചാർജ് മുടക്കി അപേക്ഷിക്കാവുന്നതാണ്.

സ്റ്റെപ്പുകൾ:

സര്‍ട്ടിഫിക്കറ്റ് എന്ത് ആവശ്യത്തിന്?

ഏത് സര്‍ട്ടിഫിക്കറ്റ് എന്ന് തെരഞ്ഞെടുത്ത ശേഷം ആവശ്യം എന്താണെന്ന് രേഖപ്പെടുത്തണം. സംസ്ഥാനത്തെ വിദ്യാഭ്യാസം, സംസ്ഥാനത്തെ ജോലി, കേന്ദ്രത്തിലെ വിദ്യാഭ്യാസം/ജോലി എന്നിങ്ങനെ മൂന്ന് ആവശ്യങ്ങളില്‍ ഏതെങ്കിലും ഒന്ന് തിരഞ്ഞെടുക്കണം.

മാതാപിതാക്കളെ കുറിച്ചുള്ള വിവരങ്ങള്‍, വ്യക്തിയെ കുറിച്ചുള്ള വിവരങ്ങള്‍ എന്നിവ ഓട്ടോമാറ്റിക്കായി പേജില്‍ ഡിസ്‌പ്ലേ ആവും. അതിനു താഴെ മതം, ജാതി, ജന്‍മസ്ഥലം തുങ്ങിയ വിവരങ്ങള്‍ നല്‍കണം. സ്വന്തം ജന്‍മസ്ഥലത്തോടൊപ്പം മാതാപിതാക്കളുടെ ജന്‍മസ്ഥലവും വിശദാംശങ്ങളും ചേര്‍ക്കുന്നത് ബന്ധപ്പെട്ട അധികാരികള്‍ക്ക് കുടുംബ വരുമാനം കണക്കാക്കാന്‍ സഹായകമാവും.

മാതാപിതാക്കളുടെ ജോലി:

മാതാപിതാക്കളുടെ ജോലിയെക്കുറിച്ചുള്ള വിവരങ്ങളാണ് പിന്നീട് ചേര്‍ക്കാനുള്ളത്. ഭരണഘടനാപദവി വഹിക്കുന്നവരാണോ, സര്‍ക്കാര്‍ ജീവനക്കാരാണോ, അന്താരാഷ്ട്ര ഏജന്‍സികളില്‍ ജീവനക്കാരനാണോ, പൊതു-സ്വകാര്യ മേഖലാ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നുണ്ടോ തുടങ്ങിയ വിവരങ്ങളാണ് ഇതില്‍ ചേര്‍ക്കേണ്ടത്. മാതാപിതാക്കളുടെ മതം, ജാതി, വിദ്യാഭ്യാസം തുടങ്ങിയവയും രേഖപ്പെടുത്തണം.
അവര്‍ പരമ്പരാഗത തൊഴിലില്‍ ഏര്‍പ്പെടുന്നവരാണെങ്കില്‍ അക്കാര്യം കൂടി വ്യക്തമാക്കണം.

സ്വത്ത് വിവരങ്ങള്‍:

കുടുംബത്തിന്റെ സ്വത്ത് വിവരങ്ങള്‍, വിവിധ സ്രോതസ്സുകളില്‍ നിന്നുള്ള വാര്‍ഷിക വരുമാനം, ആദായ നികുതിയോ വെല്‍ത്ത് ടാക്‌സോ നല്‍കുന്നവരാണെങ്കില്‍ അതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ തുടങ്ങിയവയാണ് പിന്നീട് രേഖപ്പെടുത്തേണ്ടത്. മാതാപിതാക്കളുടെ വരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് സര്‍ട്ടിഫിക്കറ്റ് നല്‍കുക എന്നതിനാല്‍ വിവരങ്ങള്‍ കൃത്യമായിരിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്.

അപേക്ഷക്കൊപ്പം അറ്റാച്ച് ചെയ്യേണ്ട രേഖകള്‍:

അപേക്ഷകന്റെ എസ്എസ്എല്‍സി ബുക്ക്, റേഷന്‍ കാര്‍ഡ്, സര്‍ക്കാര്‍ ജീവനക്കാരാണെങ്കില്‍ സാലറി സര്‍ട്ടിഫിക്കറ്റ്, സര്‍വീസ് സര്‍ട്ടിഫിക്കറ്റ്, ബിസിനസ്- പ്രഫഷനല്‍ ക്ലാസ് ജീവനക്കാരാണെങ്കില്‍ അവസാന മൂന്നുവര്‍ഷത്തെ ആദായ നികുതി റിട്ടേണ്‍, മാതാപിതാക്കളുടെ വരുമാനം, ഭൂസ്വത്ത് എന്നിവയെ കുറിച്ചുള്ള സത്യവാങ്മൂലം എന്നിവ അപ്ലിക്കേഷന്റെ കൂടെ ഓണ്‍ലൈനായി അറ്റാച്ച് ചെയ്യണം.

വിവരങ്ങളെല്ലാം പൂരിപ്പിച്ച ശേഷം, ഫീസടച്ച് അപേക്ഷ സബ്മിറ്റ് ചെയ്യുന്നതോടെ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറിലേക്ക് ഒടിപി വരും. ഇത് വെരിഫൈ ചെയ്യുന്നതോടെ നോണ്‍ ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റിനുള്ള നിങ്ങളുടെ അപേക്ഷ സമർപ്പിക്കപ്പെട്ടു. 96 മണിക്കൂറിനുള്ളിൽ അപേക്ഷയിൻമേൽ തീരുമാനമെടുത്ത് നിങ്ങൾക്ക് മെസേജ് വരും. വീണ്ടും Edictrict വെബ് സൈറ്റിൽ പോയി അപേക്ഷാ നമ്പർ രേഖപ്പെടുത്തിയാൽ സർട്ടിഫിക്കറ്റ് പ്രിൻ്റ് ചെയ്തെടുക്കാം. OBC NCL സർട്ടിഫിക്കറ്റ് കാലാവധി ഇഷ്യു ചെയ്ത ദിവസം മുതൽ ഒരു കൊല്ലമാണ്. ഇതേ പോലെ മറ്റ് 24 ആവശ്യങ്ങൾക്കും അപേക്ഷകൾ ഓൺലൈനായി നൽകാവുന്നതാണ്.

✍മുജീബുല്ല KM
സിജി കരിയർ  ടീം
www.cigi.org 



Comments (0)

Write a Comment

Thank you for showing an interest in CIGI. You can reach out to us through multiple ways

Whatsapp or call us for any query

Visit us at

https://goo.gl/maps/wzt6ep5ZxTkiei8k9 Golf Link Rd, Chevayur, Kozhikode, Kerala 673017