×
07 December 2022
0

നെറ്റും സി ടെറ്റും എന്തെന്നറിയാം.

നെറ്റും സി ടെറ്റും എന്തെന്നറിയാം.

അധ്യാപക യോഗ്യതളായി നിശ്ചയിച്ച 2 പരീക്ഷകളാണ് നെറ്റും സി-ടെറ്റും.

യു.ജി.സി നെറ്റ്:

കോളജുകളിൽ അസിസ്റ്റന്റ് പ്രഫസറാവുക എന്ന ലക്ഷ്യമുള്ളവർ  തീർച്ചയായും എൻ.ടി.എ നടത്തുന്ന യുജിസി നെറ്റ് (നാഷണൽ എലിജിബിലിറ്റി ടെസ്റ്റ് ) യോഗ്യത നേടേണ്ടത് അത്യാവശ്യമാണ്.ഒരു വർഷം 2 തവണ പരീക്ഷ നടത്താറുണ്ട് സാധാരണ ജൂലൈ, ഡിസംബർ മാസങ്ങളിലായാണ് പരീക്ഷകൾ ഉണ്ടാവുക.ബിരുദാനന്തര ബിരുദമാണ് ഈ പരീക്ഷ എഴുതാനുള്ള അടിസ്ഥാനയോഗ്യത. 82 വിഷയങ്ങളിൽ നെറ്റ് പരീക്ഷ നടത്തുന്നുണ്ട്. ജനറൽ വിഭാഗത്തിലും ഇഡബ്ല്യുഎസ് വിഭാഗത്തിലും ഉൾപ്പെടുന്നവർക്ക് പിജിക്ക് കുറഞ്ഞത് 55 ശതമാനം മാർക്കും മറ്റു സംവരണമുള്ളവർക്ക് 50 ശതമാനം മാർക്കും വേണം. പിജി അവസാനവർഷ വിദ്യാർഥികൾക്കും പരീക്ഷയെഴുതാം. അധ്യാപകരാകാനുള്ള യോഗ്യത നേടാനായി നെറ്റ് പരീക്ഷ എഴുതുന്നതിന് പ്രായപരിധി ഇല്ല. എന്നാൽ ജൂനിയർ റിസർച്ച് ഫെലോഷിപ് (ജെആർഎഫ്) നേടാൻ ജനറൽ വിഭാഗത്തിൽ 30ഉം റിസർവേഷൻ വിഭാഗത്തിൽ 35 വയസ്സുമാണ് പ്രായപരിധി. 

പരീക്ഷ:

300 മാർക്കിനുള്ള 3 മണിക്കൂർ ദൈർഘ്യമുള്ള ഒരു ഓൺലൈൻ പരീക്ഷയായാണ് യുജിസി നെറ്റ് നടത്തപ്പെടുന്നത്. 2 മാർക്ക് വീതമുള്ള 150 ചോദ്യങ്ങളുണ്ടാകും. ആദ്യത്തെ 50 ചോദ്യങ്ങൾ പൊതുവായ ചോദ്യങ്ങളാകും. പിന്നിടുള്ള 100 ചോദ്യങ്ങൾ പിജി വിഷയത്തെ ആസ്പദമാക്കിയുള്ളവയാകും. 
വിശദമായ സിലബസ് ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണ്. www.ugcmetonline.in/syllabus-new.php ഇംഗ്ലിഷിലോ ഹിന്ദിയിലോ പരീക്ഷയെഴുതാം, പരീക്ഷയിൽ നെഗറ്റീവ് മാർക്ക് ഇല്ല എന്നതും ശ്രദ്ധിക്കേണ്ട വസ്തുതയാണ്. 
യുജിസി നെറ്റ് പരീക്ഷയ്ക്ക് വിജയിക്കാനായി സ്ഥിരമായ ഒരു കട്ട് ഓഫ് ഇല്ല. ഓരോ തവണയും പരീക്ഷ എഴുതുന്നവരിൽ ഏറ്റവും ഉയർന്ന സ്കോർ നേടുന്ന 6 ശതമാനം പേർക്കാണ് നെറ്റ് പരീക്ഷയിൽ അധ്യാപനത്തിനു യോഗ്യത നൽകുക. ഏറ്റവും മികച്ച 1 ശതമാനം (ഏകദേശം) പരീക്ഷാർഥികൾക്ക് ജെആർഎഫ് യോഗ്യതയും നൽകുന്നു. ജെആർഎഫ് നേടുന്നതിലൂടെ ഗവേഷണത്തിന് 5 വർഷങ്ങളിലായി 20 ലക്ഷം രൂപയ്ക്ക് മുകളിൽ നേടാനുള്ള അവസരമുണ്ട്.

പരീക്ഷാ തയാറെടുപ്പ് സ്പ്രിന്റ് അല്ല, മാരത്തണാണ്:

ഈ പരീക്ഷയുടെ തയാറെടുപ്പ് ഒരിക്കലും 100 മീറ്റർ ഓട്ടം പോലെയല്ല, മറിച്ച് മാരത്തൺ പോലെയാണ്. മികച്ച രീതിയിൽ തയാറെടുക്കാനായി കുറഞ്ഞത് 6 മാസത്തെ പഠനമെങ്കിലും ആവശ്യമാണ്. ഒരു ദിവസം നന്നായി പഠിച്ച് പിന്നീട് ഇടവേള എടുക്കുന്നതിലും നല്ലത്, എല്ലാ ദിവസവും ഒരു നിശ്ചിത സമയം തയാറെടുപ്പിനായി മാറ്റിവയ്ക്കുന്നതാണ്. സിലബസ് 100 ശതമാനം പൂർത്തിയാക്കണം. ഒപ്പം 2019 ലെ മാറിയ സിലബസ് അടിസ്ഥാനമാക്കി നടന്നുവരുന്ന പരീക്ഷകളിലെ ചോദ്യപേപ്പറുകൾ പരിശീലിക്കേണ്ടതും അത്യാവശ്യമാണ്. പഠനസമയത്ത് ചെറുകുറിപ്പുകളായി നോട്സ് തയാറാക്കുന്നതും ആശയങ്ങൾ ചിത്രരൂപത്തിലാക്കി (ഡയഗ്രം) സൂക്ഷിക്കുന്നതും റിവിഷൻ സമയത്തു സഹായിക്കും. വിശാലമായ സിലബസ് ആയതിനാൽ  പഠനത്തിനായി ഒരു സമയക്രമം വേണം. ആഴ്ചയവസാനവും മാസാവസാനവുമുള്ള റിവിഷനും ഒഴിവാക്കാനാവാത്തതാണ്. പരീക്ഷയ്ക്കായി നീണ്ടകാലം തയാറെടുപ്പ് നടത്തേണ്ടതിനാൽ തുടർച്ചയായി ആത്മവിശ്വാസം നിലനിർത്തി ശുഭാപ്തി വിശ്വാസത്തോടെ മുന്നേറണ്ടത് അത്യന്താപേക്ഷിതമാണ്. 

പിജി പഠനകാലമാണ് ഈ പരീക്ഷയ്ക്കായി തയാറെടുക്കാൻ മികച്ച കാലഘട്ടമെങ്കിലും 60 വയസ്സ് പിന്നിട്ടവർ വരെ കഠിന പരിശ്രമത്തിലൂടെ വിജയത്തിലെത്തിയിട്ടുണ്ട് എന്നും അറിയുക. മനസ്സൊരുക്കത്തോടെ സിലബസ് മനസ്സിലാക്കി സ്ഥിരോത്സാഹത്തോടെ പഠനത്തിനായി 6 മാസം മാറ്റിവയ്ക്കാൻ സാധിക്കുമെങ്കിൽ നിങ്ങൾക്കും എൻടിഎ യുജിസി നെറ്റ് പരീക്ഷ വിജയിക്കാനാകും. ദേശീയ അന്തർദേശീയ സെമിനാറുകളിലും കോൺഫ്രൻസുകളിലും പങ്കെടുക്കാനും അക്കാദമിക്ക് ജേർണലുകളിൽ പബന്ധങ്ങൾ പ്രസിദ്ധീകരിക്കാനും ശ്രമിക്കുക കോളേജ് അധ്യാപക ജോലി വേഗത്തിൽ എത്തിപ്പിടിക്കാം.

▪▪▪▪▪▪

സിടെറ്റ് പരീക്ഷ:

ഒന്നു മുതൽ 8 വരെ ക്ലാസുകളിലെ അധ്യാപക നിയമനത്തിനു കേന്ദ്രസർക്കാർ ആവിഷ്കരിച്ച  യോഗ്യതാനിർണയ പരീക്ഷയാണ് സി ടെറ്റ്. വർഷത്തിൽ 2 തവണ നടക്കാറുണ്ട്. 2022 വർഷത്തെ പരീക്ഷ ഡിസംബർ–ജനുവരി മാസങ്ങളിൽ സിബിഎസ്‌ഇ നടത്തും. കേന്ദ്രീയ, നവോദയ വിദ്യാലയങ്ങളടക്കം കേന്ദ്രസർക്കാരിന്റെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും നിയന്ത്രണത്തിലുള്ള എല്ലാ സ്‌കൂളുകളിലെയും നിയമനത്തിന് ഈ പരീക്ഷയിൽ യോഗ്യത നേടണം. സംസ്ഥാനങ്ങളിലെ സർക്കാർ / എയ്ഡഡ് / അൺ–എയ്ഡഡ് സ്‌കൂളുകളിലും ഇതുപയോഗിക്കാം.
സി-ടെറ്റ് യോഗ്യതയ്‌ക്ക് ആജീവനാന്ത സാധുതയുണ്ട്. പരീക്ഷയ്‌ക്ക് എത്ര തവണയും പങ്കെടുക്കാം. 
സ്‌കോർ മെച്ചപ്പെടുത്താൻ വീണ്ടും എഴുതുകയും ചെയ്യാം.

മിനിമം യോഗ്യത:
 ഹയർ സെക്കണ്ടറി വിജയവും രണ്ട് വർഷത്തെ അധ്യാപക പരീശിലന കോഴ്സുകളായ ബി.എഡ് അല്ലങ്കിൽ ഡി.എൽ.എഡ് ഉണ്ടായിരിക്കണം.

പ്രൈമറി സ്കൂൾ 1 – 5 ക്ലാസുകളിലേക്ക് അധ്യാപകരാവാൻ പ്ലസ്‌ടുവും രണ്ടു വർഷത്തെ ഡിപ്ലോമ ഇൻ എലമെന്ററി എജ്യുക്കേഷനും നേടിയവർക്ക് പേപ്പർ ഒന്ന് പരീക്ഷ എഴുതി യോഗ്യത നേടാം. 
ഡി എൽ എഡ് ഫൈനൽ ഇയർ വിദ്യാർഥികളെയും അപേക്ഷക്ക് പരിഗണിക്കും. 

എലമന്ററി സ്കൂളിൽ 6–8 ക്ലാസുകളിലേക്ക് അധ്യാപകരാവാൻ 45 ശതമാനം മാർക്കോടെ ബിരുദവും ബി.എഡും നേടിയവർക്ക് പേപ്പർ രണ്ട് പരീക്ഷ എഴുതി യോഗ്യത നേടാം. ബി.എഡ് ഫൈനൽ ഇയർ വിദ്യാർഥികൾക്കും അപേക്ഷിക്കാം.

പരീക്ഷ: 
ഡിസംബർ മുതൽ ജനുവരി വരെ പല ദിവസങ്ങളിലായി കംപ്യൂട്ടർ ഉപയോഗിച്ചുള്ള മൾട്ടിപ്പിൾ ചോയ്സ് ഒബ്ജക്ടീവ് പരീക്ഷ നടത്തും. ഓരോരുത്തർക്കുമുള്ള തീയതി അഡ്മിറ്റ് കാർഡിലുണ്ടാവും. രാവിലെ 9.30 മുതൽ 12 വരെയും ഉച്ചകഴിഞ്ഞ് 2.30 മുതൽ 5 വരെയും ആയി 2 ഷിഫ്റ്റ് ആയിക്കും പരീക്ഷ'. പരീക്ഷയുടെ സിലബസ് സൈറ്റിലുണ്ട്. www.ctet.nic.in

രണ്ടര മണിക്കൂർ വീതമുള്ള 2 പേപ്പറുകൾ. നെഗറ്റീവ് മാർക്കിങ് ഇല്ലാത്ത മൾട്ടിപ്പിൾ ചോയ്സ് ഒബ്‌ജക്‌ടീവ് ചോദ്യങ്ങൾ. 1–5 ക്ലാസുകളിലെ അധ്യാപകർക്ക് ഒന്നാം പേപ്പറും 
6–8 ക്ലാസുകാർക്കു രണ്ടാം പേപ്പറും. വേണമെങ്കിൽ 2 പേപ്പറിനും ഇരിക്കാം.

നിലവിൽ (2022) പരീക്ഷാഫീ ഒരു പേപ്പറിന് 1000 രൂപ, 2 പേപ്പറിന് 1200 രൂപ, പട്ടിക, ഭിന്നശേഷി വിഭാഗക്കാർ ഒരു പേപ്പറിന് 500  രൂപ, 2 പേപ്പറിന് 600 രൂപ ക്രമത്തിലടച്ചാൽ മതി. ജിഎസ്ടി പുറമേ. ഓൺലൈനായി പണമടയ്ക്കണം. കേരളത്തിൽ പത്തനംതിട്ടയൊഴികെ എല്ലാ ജില്ലകളിലും പരീക്ഷാകേന്ദ്രങ്ങളുണ്ട്. https://ctet.nic.in എന്ന സൈറ്റിൽ ഓൺലൈനായിട്ടാണ് അപേക്ഷ കൊടുക്കേണ്ടത്. എല്ലാ നിർദ്ദേശങ്ങളും സൈറ്റിലുണ്ട്. പരീക്ഷയെഴുതാവുന്ന 2 ഭാഷകൾ അപേക്ഷയിൽ കാണിക്കണം. 60% എങ്കിലും മാർക്കുള്ളവർക്ക് എലിജിബിലിറ്റി സർട്ടിഫിക്കറ്റ് കിട്ടും.

അധ്യാപന യോഗ്യതയുള്ളവരിൽ മിക്കവരും സി.ടെറ്റ് പരീക്ഷയെ വേണ്ട പോലെ കാണാറില്ല. സിടെറ്റ് ഉള്ളവർക്ക് കെടെറ്റ് എഴുതിയെടുക്കുന്നതിൽ ഇളവുമുണ്ട്.
 



Comments (0)

Write a Comment

Thank you for showing an interest in CIGI. You can reach out to us through multiple ways

Whatsapp or call us for any query

Visit us at

https://goo.gl/maps/wzt6ep5ZxTkiei8k9 Golf Link Rd, Chevayur, Kozhikode, Kerala 673017