എടുത്ത് ചാടി എഞ്ചിനീയറിങ്ങിന് പോകല്ലേ
എഞ്ചിനീയറിങ്ങ് കോഴ്സിനെ കുറിച്ച് രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും അറിഞ്ഞിരിക്കേണ്ട അടിസ്ഥാനപരമായ ചില വസ്തുതകള്‍
.
.
അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന ഇന്നത്തെ ലോകത്തില്‍ ടെക്നോളജിയുടെ ഉപയോഗം മനുഷ്യര്‍ക്ക് പ്രാണവായു പോലെ അത്യന്താപേക്ഷിതമാണ്.
നാം ഉണരുമ്പോള്‍ കൈയ്യിലെടുക്കുന്ന മൊബൈല്‍ ഫോണ്‍ മുതല്‍ നമ്മുടെ ജീവിതത്തെ ബാധിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന എല്ലാ കാര്യങ്ങളും ടെക്നോളജിയുടെ ഗുണഫലങ്ങള്‍ ആണ്.
നൂതന സങ്കേതിക വിദ്യകള്‍ വികസിപ്പിക്കുക, ആധുനീക യന്ത്രസംവിധാനങ്ങള്‍ രൂപകല്പന ചെയ്യുക, അവ വ്യാവസായികമായി നിര്‍മ്മിക്കുക, വിപണനം ചെയ്യുക, പ്രവര്‍ത്തിപ്പിക്കുക, പ്രവര്‍ത്തനക്ഷമത നിലനിര്‍ത്തുക, അറ്റകുറ്റപ്പണി നടത്തുക, അംബര ചുംബികളായ കെട്ടിടങ്ങള്‍ നിര്‍മ്മിക്കുക, മികച്ച റോഡുകളും പാലങ്ങളും കെട്ടിപ്പടുക്കുക തുടങ്ങി മനുഷ്യജീവിതം സുഖകരവും ആയാസ രഹിതവുമാക്കുന്ന എല്ലാ കാര്യങ്ങളും സംവിധാനം ചെയ്ത് നടപ്പിലാക്കുന്നത് എഞ്ചിനീയര്‍മാരാണ് എന്നത് യാഥാർത്ഥ്യം.
എന്തിനേറെ, ഇക്കാലത്തെ ഡോക്ടര്‍മാര്‍ക്ക് പോലും ടെക്നോളജിയുടെ സഹായം ഇല്ലാതെ അവരുടെ ജോലി ചെയ്യാന്‍ സാദ്ധ്യമല്ല. രോഗനിര്‍ണ്ണയം നടത്തുന്നതിനുപയോഗിക്കുന്ന ആധുനിക യന്ത്രോപകരണങ്ങള്‍ മുതല്‍ കൃത്രിമ അവയവങ്ങള്‍ വരെ എഞ്ചിനീയറിങ്ങിന്‍റെ സംഭാവനയാണ്.
ഒരു ഡോക്ടറുടെ സാമീപ്യം പോലും ഇല്ലാതെ യന്ത്രമനുഷ്യരെ മാത്രം ഉപയോഗിച്ച് ശസ്ത്രക്രിയ ചെയ്യാന്‍ കഴിയുന്ന അത്യന്താധുനീകമായ സാങ്കേതിക വിദ്യകള്‍ എഞ്ചിനീയര്‍മാര്‍ യാഥാര്‍ത്ഥ്യമാക്കി കഴിഞ്ഞിരിക്കുന്നു.
എവിടെയൊക്കെ നിര്‍മ്മാണ പ്രവര്‍ത്തികള്‍, വൈദ്യുതി ഉപയോഗം, വാഹനഗതാഗതം, വാര്‍ത്താവിനിമയം, ഖനനം മുതലായ കാര്യങ്ങള്‍ നടക്കുന്നുണ്ടോ അവിടെയല്ലാം എഞ്ചിനീയര്‍മാരെ ആവശ്യമാണ്. അതുകൊണ്ടു തന്നെ ഈ ലോകത്തില്‍ ജോലി സാധ്യത ഏറെ വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്നതും എഞ്ചിനീയറിങ്ങ് മേഖലയിലാണ്.
ചുരുക്കിപ്പറഞ്ഞാല്‍ ഇന്ന് ലോകത്തെ മുന്നോട്ട് നയിക്കുന്നതും നിയന്ത്രിക്കുന്നതും തന്നെ എഞ്ചിനീയര്‍മാരാണ്. മാനേജ്മെൻ്റ് രംഗത്തും എഞ്ചിനീയറിങ്കാരാണ് തിളങ്ങുന്നതും
എഞ്ചിനീയറിങ്ങ് പഠിക്കാന്‍ വിഷമമുണ്ടോ?
ഒരു ശരാശരി വിദ്യാര്‍ത്ഥിക്ക് എഞ്ചിനീയറിങ്ങ് പഠനം അതികഠിനമൊന്നുമല്ല. വിട്ടുവീഴ്ചയില്ലാതെ ക്ലാസില്‍ ഹാജരായി പാഠഭാഗങ്ങള്‍ മനസ്സിലാക്കുകയും, അവയൊക്കെ നിത്യേന പഠിക്കുകയും ചെയ്യുന്ന കുട്ടിക്ക് നിഷ്പ്രയാസം എഞ്ചിനീയറിങ്ങ് പഠനത്തില്‍ വിജയിക്കാന്‍ സാധിക്കും.
പക്ഷേ ഒന്നറിയുക... എഞ്ചിനീയറിങ്ങ് കോഴ്സില്‍ മിക്കവാറും വിദ്യാര്‍ത്ഥികള്‍ പരാജയപ്പെടുന്നു... എന്താവും കാരണം
ആര്‍ട്സ് വിഷയം പഠിക്കുന്ന ലാഘവത്തോടെ പഠനത്തെ സമീപിക്കുന്നതും, ക്ലാസ് കട്ട് ചെയ്ത് ഉഴപ്പി നടക്കുന്നതും, പഠനാവധിക്കാലത്ത് എല്ലാ വിഷയങ്ങളും ഒന്നായി പഠിച്ച് തീര്‍ക്കാമെന്ന അമിത ആത്മവിശ്വാസവുമാണ് കുട്ടികളെ പരാജയത്തിലേക്ക് നയിക്കുന്നത്. കൂടാതെ തൻ്റെ അഭിരുചി എഞ്ചിനീയറിങ്ങിനോട് തന്നെയാണോ എന്നറിയാതെ കോഴ്സിനെ തിരഞ്ഞെടുക്കുന്നവരും പരാജയത്തിൻ്റെ രുചി അറിയുന്നു.
എഞ്ചിനീയറിങ്ങ് പഠനത്തില്‍ ഗണിതശാസ്ത്ര പഠനത്തിന് പ്രാധാന്യം ഉണ്ടോ?
തീര്‍ച്ചയായും ഉണ്ട്. ഗണിതശാസ്ത്രം എഞ്ചിനീയറിങ്ങ് പഠനത്തില്‍ പ്രധാന വിഷയമാണ്. ഗണിത ശാസ്ത്രത്തില്‍ ശരാശരി നിലവാരമുള്ള വിദ്യാര്‍ത്ഥിക്ക് എഞ്ചിനീയറിങ്ങ് പഠനം ദുഷ്കരമാവില്ല.
എഞ്ചിനീയറിങ്ങ് കോഴ്സിനെ തിരഞ്ഞെടുക്കുന്നവർക്ക് നുമേരിക്കൽ, മെക്കാനിക്കൽ അഭിരുചികൾ ഉണ്ടോ എന്ന് കണ്ടെത്തി മാത്രമേ ആ മേഖലയിലേക്ക് പറഞ്ഞ് വിടാവൂ.
വിദ്യാഭ്യാസത്തിന് എന്നും വളരെയേറെ പ്രാധാന്യം നല്‍കിയിട്ടുള്ളവരാണ് മലയാളികള്‍. അതോടൊപ്പം തന്നെ മാറ്റങ്ങളെ അതിവേഗം ഉള്‍ക്കൊള്ളാനും, ആധുനിക സാങ്കേതിക വിദ്യകള്‍ എളുപ്പത്തില്‍ സ്വായത്തമാക്കാനും മറ്റാരേക്കാളും മുന്നിലുമാണ് മലയാളികൾ. അതുല്യമായ ബുദ്ധിശക്തി, വിവേകം, സഹിഷ്ണുത, കഠിനാദ്ധ്വാനം എന്നിവ കൊണ്ട് അനുഗ്രഹീതരാണ് മലയാളി വിദ്യാര്‍ത്ഥികള്‍.
ഈ ഗുണങ്ങളുള്ളതു കൊണ്ട് ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിലെ കുട്ടികളെക്കാളും, തൊഴിലിടങ്ങളില്‍ ശോഭിക്കാനും, മികച്ച നേട്ടങ്ങള്‍ കൈവരിക്കാനും മലയാളി ഉദ്യോഗാർത്ഥികൾക്ക് സാധിക്കുന്നു. മലയാളികളുടെ പ്രബുദ്ധതയോടൊപ്പം എഞ്ചിനീയറിങ്ങ് ബിരുദം കൂടി ഇഴ ചേര്‍ക്കുമ്പോള്‍ ഒരു യഥാര്‍ത്ഥ പ്രൊഫഷണല്‍ ഉരുത്തിരിഞ്ഞു വരുന്നു. ധവള വിപ്ലവത്തിന്‍റെ പിതാവായ വര്‍ഗ്ഗീസ് കുര്യനും, മെട്രോമാന്‍ ഇ.ശ്രീധരനും, മിസൈല്‍ വനിത എന്നറിയപ്പെടുന്ന ടെസ്സി തോമസ്സുമൊക്കെ ഇതിനുദാഹരണങ്ങളാണ്.
നമ്മുടെ മക്കളും ആ വഴികളിലൂടെ സഞ്ചരിക്കട്ടെ...
Article By: Mujeebulla K.M
CIGI Career Team