
UAE യിൽ മെഡിക്കൽ റെസിഡൻസി പരിശീലനത്തിന് എംറീ (EMREE)
എന്താണ് EMREE പരീക്ഷ എന്ന് ആദ്യം അറിഞ്ഞിരിക്കാം
എമിറേറ്റ്സ് മെഡിക്കൽ റെസിഡൻസി എൻട്രി എക്സാമിനേഷൻ (Emirates Medical Residency Entry Examination) ആണ് എംറീ.
യുണൈറ്റഡ് അറബ് എമിറേറ്റ്സിൽ (UAE) ബിരുദാനന്തര മെഡിക്കൽ പഠനത്തിന് (പോസ്റ്റ് ഗ്രാജുവേറ്റ് മെഡിക്കൽ റെസിഡൻസി പ്രോഗ്രാം - സ്പെഷ്യലൈസേഷൻ ട്രെയിനിംഗ്) പ്രവേശനം നേടാൻ ആഗ്രഹിക്കുന്ന മെഡിക്കൽ ബിരുദധാരികൾ (MBBS അല്ലെങ്കിൽ തത്തുല്യ യോഗ്യതയുള്ളവർ) എഴുതേണ്ട ഒരു യോഗ്യതാ നിർണ്ണയ പരീക്ഷയാണിത്. റെസിഡൻസി പ്രോഗ്രാമിലേക്ക് കടക്കുന്നതിന് ആവശ്യമായ അടിസ്ഥാന മെഡിക്കൽ പരിജ്ഞാനം വിലയിരുത്തുകയാണ് ഈ പരീക്ഷയുടെ ലക്ഷ്യം.
* ആരാണിത് നടത്തുന്നത് യു.എ.ഇ യൂണിവേഴ്സിറ്റിക്ക് (UAEU) കീഴിലുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹെൽത്ത് സ്പെഷ്യാലിറ്റീസ് (NIHS) ആണ് ഈ പരീക്ഷയുടെയും യു.എ.ഇ-യിലെ ബിരുദാനന്തര മെഡിക്കൽ പരിശീലനത്തിൻ്റെയും മേൽനോട്ടം വഹിക്കുന്നത്.
എന്താണ് യോഗ്യത
- *അംഗീകൃത സർവ്വകലാശാലയിൽ നിന്ന് MBBS/മോഡേൺ മെഡിസിൻ അല്ലെങ്കിൽ തത്തുല്യമായ മെഡിക്കൽ ബിരുദം.
- യു.എ.ഇയിൽ നിന്നുള്ള ബിരുദധാരികൾക്കും അന്താരാഷ്ട്ര മെഡിക്കൽ ബിരുദധാരികൾക്കും (International Medical Graduates - IMGs) ഇതിന്നായി അപേക്ഷിക്കാം.
- കോഴ്സിൻ്റെ ഭാഗമായി നിർബന്ധിത ഇൻ്റേൺഷിപ്പ് പൂർത്തിയാക്കിയിരിക്കണം.
- അന്താരാഷ്ട്ര ബിരുദധാരികൾക്ക് അവരുടെ മെഡിക്കൽ ബിരുദം യു.എ.ഇ അധികാരികൾ അംഗീകരിച്ചിരിക്കണം. തുല്യത നേടിയിരിക്കണം. കൂടാതെ ഡിഗ്രി അറ്റസ്റ്റേഷൻ നടപടിക്രമങ്ങൾ പൂർത്തിയാക്കിയിരിക്കണം.
- ഏറ്റവും പുതിയ യോഗ്യതാ മാനദണ്ഡങ്ങൾക്കായി NIHS വെബ്സൈറ്റ് പരിശോധിക്കേണ്ടത് അത്യാവശ്യമാണ്.
പരീക്ഷാ രീതി: സാധാരണയായി കമ്പ്യൂട്ടർ അധിഷ്ഠിത മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾ (MCQs) ആയിരിക്കും. അടിസ്ഥാന മെഡിക്കൽ ശാസ്ത്ര വിഷയങ്ങളും ക്ലിനിക്കൽ വിഷയങ്ങളും ഉൾക്കൊള്ളുന്നു.
സമയം: വർഷത്തിൽ പല തവണ ഈ പരീക്ഷ നടത്താറുണ്ട്. കൃത്യമായ തീയതികൾ NIHS വെബ്സൈറ്റിൽ ലഭ്യമാണ്.
പരീക്ഷയുടെ പ്രാധാന്യം: EMREE പരീക്ഷ പാസാകുന്നത് യു.എ.ഇ-യിലെ റെസിഡൻസി പ്രോഗ്രാമുകളിലേക്ക് (വിവിധ ആശുപത്രികളിലും ഹെൽത്ത് അതോറിറ്റികളിലും) അപേക്ഷിക്കാനുള്ള ഒരു *അത്യാവശ്യ യോഗ്യത* മാത്രമാണ്.
* ഈ പരീക്ഷ പാസായി എന്നത് കൊണ്ടുമാത്രം റെസിഡൻസി സീറ്റ് ഉറപ്പാകുന്നില്ല. സീറ്റ് ലഭിക്കുന്നത് റെസിഡൻസി മാച്ചിംഗ് പ്രക്രിയ (ഉദാ: Tanseeq), അക്കാദമിക് റെക്കോർഡ്, ഇൻ്റർവ്യൂവിലെ പ്രകടനം തുടങ്ങിയ പല ഘടകങ്ങളെയും ആശ്രയിച്ചിരിക്കും.
മെഡിക്കൽ പഠന അവസരങ്ങൾ എന്തൊക്കെ (EMREE-ക്ക് ശേഷം)
റെസിഡൻസി പ്രോഗ്രാമുകൾ: EMREE പരീക്ഷ പാസാകുന്നവർക്ക് യു.എ.ഇ-യിലെ വിവിധ ആശുപത്രികളിൽ നടക്കുന്ന റെസിഡൻസി പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കാം.
ലഭ്യമായ സ്പെഷ്യാലിറ്റികൾ: ഇൻ്റേണൽ മെഡിസിൻ, ജനറൽ സർജറി, പീഡിയാട്രിക്സ്, ഒബ്സ്റ്റട്രിക്സ് & ഗൈനക്കോളജി, ഫാമിലി മെഡിസിൻ, സൈക്യാട്രി, റേഡിയോളജി, അനസ്തേഷ്യോളജി, ഓർത്തോപീഡിക്സ് തുടങ്ങി നിരവധി സ്പെഷ്യാലിറ്റികളിൽ പരിശീലനം നേടാം.
* ഏതൊക്കെയാവും പരിശീലന ആശുപത്രികൾ യു.എ.ഇ-യിലെ പ്രമുഖ സർക്കാർ, സ്വകാര്യ ആശുപത്രികളിലാണ് പരിശീലനം നടക്കുന്നത് (ഉദാ: അബുദാബിയിലെ DoH, ദുബായിലെ DHA, മറ്റ് എമിറേറ്റുകളിലെ MoHAP/EHS എന്നിവയ്ക്ക് കീഴിലുള്ള ആശുപത്രികൾ).
* സൗജന്യസേവനമാണോ, വേതനമുണ്ടാവുമോ? റെസിഡൻസി പരിശീലന കാലയളവിൽ (സാധാരണയായി സ്പെഷ്യാലിറ്റികൾ അനുസരിച്ച് 4 മുതൽ-6 വർഷ കാലാവധി വരെ) യോഗ്യത നേടിയ ഡോക്ടർമാർക്ക് മാന്യമായ നിരക്കിൽ പ്രതിമാസ ശമ്പളം/സ്റ്റൈപ്പൻഡ് ലഭിക്കും.
* പരിശീലനം കഴിഞ്ഞാൽ സർട്ടിഫിക്കേഷൻ ഉണ്ടോ? പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് യു.എ.ഇ-യിൽ അംഗീകാരമുള്ള സ്പെഷ്യാലിറ്റി സർട്ടിഫിക്കേഷൻ (ഉദാ: അറബ് ബോർഡ്) ലഭിക്കും. ഇത് ഇന്ത്യയിൽ നൽകുന്ന പോലുള്ള PG സർട്ടിഫിക്കേഷനല്ല.
റെസിഡൻസി പ്രോഗ്രാം കഴിഞ്ഞവരുടെ തൊഴിൽ സാധ്യതകൾ (യു.എ.ഇ-യിൽ):
സ്പെഷ്യലിസ്റ്റ് ഡോക്ടർ: റെസിഡൻസി പരിശീലനവും സ്പെഷ്യാലിറ്റി സർട്ടിഫിക്കേഷനും നേടിയ ശേഷം യു.എ.ഇ-യിലെ സർക്കാർ/സ്വകാര്യ ആശുപത്രികളിലോ ക്ലിനിക്കുകളിലോ സ്പെഷ്യലിസ്റ്റ് ഡോക്ടറായി ജോലി ചെയ്യാം.
കൺസൾട്ടൻ്റ്: സ്പെഷ്യലൈസേഷന് ശേഷം കൂടുതൽ പ്രവൃത്തിപരിചയവും യോഗ്യതകളും നേടുന്നതിലൂടെ കൺസൾട്ടൻ്റ് തസ്തികയിലേക്ക് ഉയരാം.
ജനറൽ പ്രാക്ടീഷണർ (GP): EMREE റെസിഡൻസിയിലേക്കുള്ളതാണെങ്കിലും, മെഡിക്കൽ ബിരുദധാരികൾക്ക് (പ്രത്യേകിച്ച് IMGs) റെസിഡൻസിക്ക് ശ്രമിക്കുന്നതിന് മുൻപോ അതിനു പകരമായോ യു.എ.ഇ-യിൽ ജനറൽ പ്രാക്ടീഷണറായി (GP) ജോലി ചെയ്യാൻ അവസരമുണ്ട്. ഇതിനായി അതത് എമിറേറ്റിലെ ഹെൽത്ത് അതോറിറ്റിയുടെ (ഉദാ: ദുബായിൽ DHA, അബുദാബിയിൽ ADH, മറ്റ് എമിറേറ്റുകളിൽ MoH) ലൈസൻസിംഗ് പരീക്ഷ പാസാകേണ്ടതുണ്ട്. ഇത് EMREE-യിൽ നിന്ന് വ്യത്യസ്തമാണ്.
അക്കാദമിക് / ഗവേഷണം: മെഡിക്കൽ യൂണിവേഴ്സിറ്റികളിലും ഗവേഷണ സ്ഥാപനങ്ങളിലും അധ്യാപകരായോ ഗവേഷകരായോ പ്രവർത്തിക്കാൻ അവസരങ്ങളുണ്ട്.
ഡിമാൻഡ്: യു.എ.ഇ-യുടെ വളരുന്ന ജനസംഖ്യയും വികസിച്ചു കൊണ്ടിരിക്കുന്ന ആരോഗ്യപരിപാലന മേഖലയും കാരണം യോഗ്യതയുള്ള സ്പെഷ്യലിസ്റ്റ് ഡോക്ടർമാർക്ക് ഇവിടെ എല്ലായ്പ്പോഴും ഉയർന്ന ഡിമാൻഡ് ഉണ്ട്.
ഇന്ത്യൻ മെഡിക്കൽ ബിരുദധാരികൾക്കുള്ള പ്രത്യേക വിവരങ്ങൾ
- ഡിഗ്രി അംഗീകാരം: നിങ്ങൾ കോഴ്സ് പൂർത്തിയാക്കിയത് ഇന്ത്യയിൽ നിന്നോ ഇന്ത്യക്ക് പുറത്ത് നിന്നോ ആണെങ്കിൽ പോലും നിങ്ങളുടെ MBBS/മെഡിക്കൽ ബിരുദം യു.എ.ഇ അധികാരികൾ അംഗീകരിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണം.
- അറ്റസ്റ്റേഷൻ: ഡിഗ്രി സർട്ടിഫിക്കറ്റുകൾ ബന്ധപ്പെട്ട രാജ്യത്തിലെ സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ പൂർത്തിയാക്കി കോൺസുലേറ്റ് അറ്റസ്റ്റ് ചെയ്യേണ്ടത് നിർബന്ധമാണ്. തുടർന്ന് UAE യിൽ നിന്നും അറ്റസ്റ്റേഷൻ പൂർത്തിയാക്കണം.
- ഇൻ്റേൺഷിപ്പ് കോഴ്സിൻ്റെ ഭാഗമായി ഒരു വർഷത്തെ നിർബന്ധിത ഇൻ്റേൺഷിപ്പ് എല്ലാ മെഡിക്കൽ ബിരുദധാരികളും പൂർത്തിയാക്കിയിരിക്കണം.
- വഴി എളുപ്പമാണോ? റെസിഡൻസി പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിന്, പ്രത്യേകിച്ച് അന്താരാഷ്ട്ര ബിരുദധാരികൾക്ക്, മത്സരം കൂടുതലാണ്. യു.എ.ഇ പൗരന്മാർക്കും യു.എ.ഇയിൽ നിന്നുള്ള ബിരുദധാരികൾക്കും മുൻഗണന ലഭിക്കുന്നു. അതിനാൽ, മികച്ച അക്കാദമിക് റെക്കോർഡ്, ഉയർന്ന EMREE സ്കോർ, സാധ്യമെങ്കിൽ ഗവേഷണ പരിചയം/പ്രസിദ്ധീകരണങ്ങൾ, ഇൻ്റർവ്യൂവിലെ മികച്ച പ്രകടനം എന്നിവ ഇന്ത്യൻ ബിരുദധാരികൾക്ക് അനിവാര്യമാണ്.
അവസാനമായി പറയാനുള്ളത്
യു.എ.ഇ-യിൽ ഒരു സ്പെഷ്യലിസ്റ്റ് ഡോക്ടറാകാൻ ആഗ്രഹിക്കുന്നവർക്കുള്ള ആദ്യ കടമ്പയാണ് EMREE പരീക്ഷ. ഈ പരീക്ഷയെക്കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങൾ, പരീക്ഷാ തീയതികൾ, യോഗ്യതാ മാനദണ്ഡങ്ങൾ, അപേക്ഷാ ഫീസ് തുടങ്ങിയവയ്ക്ക് ഔദ്യോഗിക നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹെൽത്ത് സ്പെഷ്യാലിറ്റീസ് (NIHS) വെബ്സൈറ്റ് https://nihs.uaeu.ac.ae/en/emirates_medical_residency_entry_exam/info.shtml സന്ദർശിക്കുക. കൂടാതെ, റെസിഡൻസി പ്രോഗ്രാമുകളെക്കുറിച്ചും മാച്ചിംഗ് പ്രക്രിയയെക്കുറിച്ചും അറിയാൻ ബന്ധപ്പെട്ട ഹെൽത്ത് അതോറിറ്റികളുടെ (DHA, ADH, MoH, EHS) വെബ്സൈറ്റുകളും പരിശോധിക്കുന്നത് നന്നായിരിക്കും.
Article By: Mujeebulla K.M
CIGI Career Team